TopTop
Begin typing your search above and press return to search.

ദേശത്തിന്റെ നേട്ടങ്ങള്‍ എന്തുകൊണ്ടാണ് എപ്പോഴും ദരിദ്രരുടെ മൃതശരീരങ്ങളില്‍ ചവിട്ടിക്കൊണ്ടാകുന്നത്?

ദേശത്തിന്റെ നേട്ടങ്ങള്‍ എന്തുകൊണ്ടാണ് എപ്പോഴും ദരിദ്രരുടെ മൃതശരീരങ്ങളില്‍ ചവിട്ടിക്കൊണ്ടാകുന്നത്?

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓരോ ദിവസവും ചികിത്സയ്ക്ക് എത്തുന്നത് ആയിരക്കണക്കിന് പേരാണ്; രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ കുറഞ്ഞ ചെലവില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് ഇവിടം. നവംബര്‍ എട്ടിനുണ്ടായ നോട്ട് നിരോധനം എങ്ങനെയാണ് രോഗികളെ ബാധിക്കുന്നതെന്ന്, എന്താണ് നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതെന്ന് എയിംസിലെ അസ്ഥിരോഗ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. ഷാ ആലം ഖാന്‍ കൌണ്ടര്‍ കറന്‍റ്സില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ദേശസ്‌നേഹത്തിന്റെ രതിമുര്‍ച്ഛയ്ക്ക് അപ്പുറം, ദേശീയതയുടെ വാചാടോപങ്ങള്‍ക്ക് വളരെ ദൂരെ യഥാര്‍ത്ഥ ഇന്ത്യ ശ്വസിക്കുകയാണ്, രക്തവും മാംസവുമുള്ള ഇന്ത്യ. നെഞ്ചില്‍ നമ്മള്‍ എത്ര തവണ തന്നെ മുഷ്ടി ചുരുട്ടിയിടിച്ചാലും, 2016 നവംബര്‍ എട്ടിന് സര്‍ക്കാര്‍ നോട്ട് നിരോധന തീരുമാനം പ്രഖ്യാപിച്ച ശേഷം ആ യഥാര്‍ത്ഥ ഇന്ത്യയാണ് കൂടുതല്‍ രക്തം വാര്‍ക്കുന്നതെന്ന് ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അത് എടിഎമ്മുകളെയോ ബാങ്കുകളെയോ ജിഡിപിയെയോ അല്ലെങ്കില്‍ വളര്‍ച്ചാ നിരക്കുകളെക്കുറിച്ചോ അല്ല, അത് ജനങ്ങളെക്കുറിച്ചുള്ളതാണ്. യഥാര്‍ത്ഥ ഇന്ത്യയുടെ കഥകള്‍ പൂര്‍ണമായും രക്തവും മാംസവും കലര്‍ന്നതാണെന്നതില്‍ ഒരു അത്ഭുതത്തിനും അവകാശമില്ല.

കാലും ഒപ്പം ജീവനും രക്ഷിക്കുന്നതിന് ഒഴിവാക്കാനാവാത്ത ഒരു ശസ്ത്രക്രിയയ്ക്കായാണ് ഝാന്‍സിയിലെ ഒരു വിദൂര ഗ്രാമത്തിലുള്ള കൃഷ്ണ (യഥാര്‍ത്ഥ പേരല്ല) തന്റെ ആറു വയസ്സുള്ള കുട്ടിയുമായി ഞങ്ങളുടെ അടുത്തെത്തിയത്. കുഞ്ഞിന്റെ തുടയെല്ലില്‍ കാന്‍സറായിരുന്നു. കീമോത്തെറാപ്പി പൂര്‍ത്തിയാക്കിയ അവളുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. നോട്ട് നിരോധനം മൂലം കൃഷിയിറക്കാന്‍ വൈകിയ കൃഷ്ണയും മകളും ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീണ്ടും താമസിച്ചു. കീമോതെറാപ്പിക്ക് ശേഷം എല്ലിലെ കാന്‍സറിനുള്ള ശസ്ത്രക്രിയ ഓരോ ആഴ്ച വൈകുമ്പോഴും രോഗം പതിന്മടങ്ങ് ശേഷിയോടെ മടങ്ങിയെത്താനുള്ള സാധ്യത അധികമാണെന്ന് ഞങ്ങള്‍ മുമ്പ് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടുമാസം വൈകിയതിന് ശേഷമാണ് കൃഷ്ണയുടെ മകളുടെ ശസ്ത്രക്രിയ നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചത്! കുടുംബം സന്തുഷ്ടരായിരുന്നു. പക്ഷെ ഞങ്ങളല്ല; കാരണം വരുന്ന മാസങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

പക്ഷെ എങ്ങനെ നോക്കിയാലും കൃഷ്ണയുടെ ആറ് വയസുകാരി ഭാഗ്യവതിയാണ്. പരിശോധനകളില്‍ അതേ രോഗം കണ്ടെത്തിയ മധ്യപ്രദേശിലെ ബാലഗാട്ടില്‍ നിന്നുള്ള പന്ത്രണ്ടുകാരി പ്രിയയ്ക്ക് (യഥാര്‍ത്ഥ പേരല്ല) ഡല്‍ഹിയില്‍ എത്തിപ്പെടാനേ സാധിച്ചില്ല. ദിവസക്കൂലിക്കാരനായ അവളുടെ അച്ഛന്‍ ലഭ്യമായ എല്ലാ സാമ്പത്തിക സാധ്യതകളും പരിഗണിച്ച ശേഷം ഡല്‍ഹിയിലേക്ക് വരുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. നോട്ട് ക്ഷാമം മൂലം തൊഴിലില്ലാതായ സാഹചര്യത്തില്‍ ഞങ്ങളുടെ അടുത്ത് തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരുന്നത് അദ്ദേഹത്തെയും മറ്റ് നാല് കുട്ടികളെയും അപകടത്തിലാക്കുമായിരുന്നു. കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു; പ്രിയയുടെ ട്യൂമര്‍ വലുതാവുകയാണെങ്കിലും അവള്‍ക്ക് വേദന വളരെ കുറവുണ്ടെന്ന് ഒട്ടു പ്രസന്നമല്ലാത്ത ഒരു ക്ഷമാപണ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സഹോദരങ്ങളോടൊപ്പം കഴിയാന്‍ സാധിച്ചതില്‍ അവള്‍ വളരെ സന്തോഷവതിയാണ്. വിധിക്ക് കീഴടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു! ഡല്‍ഹിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളുടെ ഫോണ്‍ ബന്ധം വിച്ഛേദിച്ചു. പിന്നീടൊരിക്കലും ഞങ്ങളുടെ വിളികള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.

demonitisation4

മൊറാദാബാദില്‍ നിന്നുള്ള 20-കാരനായ അസ്ലാം (യഥാര്‍ത്ഥ പേരല്ല) ഉയരമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഒരു കാലിന് ശേഷിയില്ലാത്തതിനാല്‍ അദ്ദേഹത്തിന് നിവര്‍ന്ന് നടക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ എപ്പോഴെങ്കിലും നിവര്‍ന്ന് നടക്കാന്‍ സാധിച്ചേക്കും എന്നൊരു സ്വപ്‌നവുമായി അയാള്‍ ജീവിച്ചു. അദ്ദേഹത്തിന്റെ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് രണ്ടുകാലില്‍ നടക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് മനസിലായി. പക്ഷെ അയാളില്‍ വച്ചുപിടിപ്പിക്കേണ്ട വസ്തുക്കള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ അല്‍പം ചിലവേറിയ ഒന്നായിരുന്നു. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായ അദ്ദേഹം ഗ്രാമത്തിലെ ഒരു പലിശക്കാരനില്‍ നിന്നും മുപ്പതിനായിരം രൂപ കടം വാങ്ങിച്ചു. നവംബര്‍ എട്ടാം തീയതി ഉച്ചതിരിഞ്ഞാണ് അസ്ലാം കടം വാങ്ങിയത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ പണവും അസ്ലാമിന്റ സ്വപ്‌നങ്ങളും വെറും ചാരമായി മാറി. ഇപ്പോള്‍ തന്റെ കടം വീട്ടാനായി അയാള്‍ ജോലി ചെയ്യുന്നു. ഭാവിയില്‍ എപ്പോഴെങ്കിലും ശസ്ത്രക്രിയ നടത്താം എന്നാണ് അദ്ദേഹം ഇപ്പോള്‍ കരുതുന്നത്; പക്ഷെ ഭാവിയെ പതുക്കെ ഇരുട്ട് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ ഞരമ്പുകളില്‍ നിന്നും കള്ളപ്പണത്തെ പൂര്‍ണമായും പിഴുത് കളയാന്‍ നോട്ട് നിരോധനം സഹായിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ദരിദ്ര ഇന്ത്യയെ തകര്‍ക്കാന്‍ ആ നടപടിക്ക് സാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യക്കാരെ ഒരു രാജ്യമെന്ന നിലയില്‍ നാം വീണ്ടും തോല്‍പിച്ചിരിക്കുന്നു. രാജ്യമെന്ന് പറയുന്നത് ഭൂപടങ്ങളും അതിര്‍ത്തികളും മാത്രമല്ല. മഹത്തായ ഹിമാലയമോ വിശാലമായ താര്‍ മരുഭൂമിയോ അല്ല. അത് ഒരു മൂവര്‍ണക്കൊടിയോ അല്ലെങ്കില്‍ ഒരു ദേശീയഗാനമോ മാത്രമല്ല. തുടിക്കുന്ന ഹൃദയങ്ങളും ചൂടുള്ള നിശ്വാസവുമാണ്; സാധാരണ ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. അതിന്റെ ജനങ്ങളെക്കാള്‍ ഒരിക്കലും പ്രധാനപ്പെട്ടതാവാന്‍ ദേശത്തിന് കഴിയില്ല. ദേശം നമ്മളെയല്ല, നമ്മള്‍ ദേശത്തെയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തികരംഗം ശുദ്ധീകരിക്കാന്‍ എന്ന പേരില്‍ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണെങ്കില്‍ കൃഷ്ണയ്ക്കും പ്രിയയ്ക്കും അസ്ലാമിനുമൊക്കെ ദേശം കൊണ്ട് എന്ത് പ്രയോജനം? ദേശത്തിന്റെ വിശാല നേട്ടങ്ങള്‍ എന്തുകൊണ്ടാണ് എപ്പോഴും ദരിദ്രരുടെ മൃതശരീരങ്ങളില്‍ ചവിട്ടിക്കൊണ്ടാകുന്നത്? നമ്മുടെ ഭരണാധികാരികളുടെ ദുര്‍ഭേദ്യമായ ഭാവനകളിലേക്ക് നമ്മുടെ ദരിദ്രര്‍ എന്താണ് ഒരിക്കലും കടന്നുവരാത്ത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories