TopTop
Begin typing your search above and press return to search.

താങ്കളുടെ അകൗണ്ട് വിവരങ്ങളൊന്നും വേണ്ട സാര്‍, പക്ഷേ തെരുവില്‍ നില്‍ക്കുന്നവരെ പരിഹസിക്കരുത്‌

താങ്കളുടെ അകൗണ്ട് വിവരങ്ങളൊന്നും വേണ്ട സാര്‍, പക്ഷേ തെരുവില്‍ നില്‍ക്കുന്നവരെ പരിഹസിക്കരുത്‌

ഇന്ദു

തിരോന്ത്വോരത്തൂന്നോ മറ്റൊ വന്നു സിനിമയില്‍ കോമഡി താരമായി മാറിയ ഒരു നടന് ഈയടുത്തിടയ്ക്ക് ഒരബദ്ധം പറ്റി. മൂവാറ്റുപുഴയിലാണോ കോതമംഗലത്താണോയെന്നറിയില്ല, നടന്‍ ഒരു കോടി രൂപ കൊടുത്ത് എസ്‌റ്റേറ്റ് വാങ്ങി. ഡ്രൈവറുടെ പേരിലാണ് വാങ്ങിയത്. തന്നെക്കാള്‍ നന്നായി നടിക്കാന്‍ ഡ്രൈവര്‍ക്ക് കഴിവുണ്ടെന്നു നടന്‍ കരുതിയില്ല. ഫലം, ഒരു കോടി രൂപയ്ക്ക് വാങ്ങിയ എസ്റ്റേറ്റിന്റെ ഉടമ ഡ്രൈവറായി. പണി കിട്ടിയെന്നു മനസിലായപ്പോള്‍ ചില നമ്പരൊക്കെ ഇറക്കിനോക്കിയെങ്കിലും ക്വട്ടേഷന്‍കാരുമൊക്കെയായി അസാരം അടുപ്പുമുള്ള ഡ്രൈവറുടെ അടുക്കല്‍ ഏറ്റില്ല.


നാലെണ്ണം വീശിക്കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടറോടാണ് തന്റെ സങ്കടം നടന്‍ പറഞ്ഞത്. സിനിമാക്കാരല്ലേ രഹസ്യം സൂക്ഷിക്കുന്നതിനു പരിധിയില്ലേ. അതുകൊണ്ട് എസ്റ്റേറ്റ് കഥ പുലിമുരുകനെക്കാള്‍ ഹിറ്റായി.

കോടികളുടെ കാറും ഭൂസ്വത്തുമൊക്കെ തന്റെ പേരിലും ബിനാമി പേരിലുമൊക്കെ വാങ്ങിക്കൂട്ടാന്‍ കഴിയുന്ന ആ ഹാസ്യനടന്‍ സിനിമയില്‍ സജീവമായിട്ട് പത്തുവര്‍ഷത്തിനു മേല്‍ ആയിക്കാണില്ല. അങ്ങനെയെങ്കില്‍ 25 ഉം 30 വര്‍ഷമായി സൂപ്പര്‍താരങ്ങളായി തിളങ്ങി നില്‍ക്കുന്നവരുടെ കാര്യമോ? അച്ചാറ് തൊട്ട് ഭൂമി കച്ചോടം വരെ നടത്തി അവരൊക്കെ ഏതുനിലയിലായിരിക്കും ജീവിക്കുക???

ഈയൊരു ചിന്തയില്‍ ഇരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ ബ്ലോഗ് കണ്ണില്‍പെടുന്നത്. ലാലേട്ടന്റെ സിനിമ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന അതേ ആവേശമാണ് അദ്ദേഹത്തിന്റെ ബ്ലോഗ് കുറിപ്പുകള്‍ വായിക്കാനും മലയാളി കാണിക്കുന്നത്. കൊല്ലാനാണോ വളര്‍ത്താനാണോ എന്നതില്‍ മാത്രമാണ് സംശയം. മറ്റേ ഫാന്‍സുകാരെപോലെ. ആരാധകരെക്കാള്‍ എതിരാളികളായിരിക്കുമല്ലോ ആദ്യദിവസത്തെ ഷോ കാണാന്‍ കേറുക. ലക്ഷ്യം ഒന്നേയുള്ളൂ; കൂവുക, മോശമെന്ന് പറയിപ്പിക്കുക. കുറച്ചുദിവസങ്ങളായി ചിലരൊക്കെ ഇളകിയിരിക്കുന്നതു കാണാന്‍ തുടങ്ങിയിട്ട്.

രാജ്യം അതിനിര്‍ണായകമായൊരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യമാകയാല്‍ ലാലേട്ടന്‍ എഴുതുന്നതില്‍ ചിന്തോദ്ദീപകമായ എന്തെങ്കിലും ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കേവലമൊരു നടന്‍ മാത്രമല്ല, ലെഫ്റ്റനന്റ് കേണല്‍ കൂടിയാണദ്ദേഹം.

പ്രതീക്ഷ തെറ്റിയില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച നടപടി എങ്ങനെ ഇന്ത്യയെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹം ത്യാഗത്തിന്റെ വഴിയിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ശ്രീ മോഹന്‍ലാല്‍ വ്യക്തിയാരാധനയില്‍ ലവലേശം താത്പര്യമില്ലാത്തയാളാണ്. ജീവിതം വളരെ താത്വികമായി അവലോകനം ചെയ്യുന്നൊരാളെന്ന നിലയില്‍ വിഗ്രഹപൂജകളോട് അദ്ദേഹത്തിനുള്ള നിരാസത്തില്‍ സംശയം തോന്നേണ്ടതില്ല. പക്ഷെ നോട്ട് ബ്ലോഗിന്റെ രണ്ടാം ഖണ്ഡികയില്‍ തന്നെ ലാല്‍ തന്റെ സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്തില്ലേ എന്നു സംശയിക്കുന്നവരുടെ കണ്ണില്‍ ആനക്കൊമ്പ് കൊണ്ട് കുത്തേണ്ടതില്ല. ഭാരതത്തിന്റെ പ്രധാനമന്ത്രി ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിട്ടാണ് അദ്ദേഹം നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. വളരെ ശരിയാണ് ജനങ്ങളുടെ മേല്‍ ഒരു ഭരണാധികാരി നടത്തിയ മിന്നലാക്രമണം തന്നെയായിരുന്നു നോട്ട് പിന്‍വലിക്കല്‍. നല്ലതിനായിരിക്കാം. പക്ഷേ ആ ആക്രമണത്തില്‍ ഇതിനകം 50ലേറെ പേര്‍ കൊല്ലപ്പെടുകയും ലക്ഷണക്കണക്കിനുപേര്‍ സാരമായി പരിക്കേറ്റു ജീവിക്കുകയും ചെയ്യുമ്പോള്‍ അത്തരമൊരു അക്രമണത്തെ കുറിച്ച് നല്ല വായില്‍ മാത്രം സംസാരിക്കണമെങ്കില്‍ അല്‍പ്പമൊക്കെ വ്യക്തിയാരാധന മനസില്‍ ഉണ്ടായേ പറ്റു.ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ച ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നു മനസിലാകുമെന്നും ലാല്‍ പറയുന്നു. വളരെ ശരിയാണ്, ഇന്ത്യയെയും ഈ രാജ്യത്തെ ജനങ്ങളെയും വളരെ നന്നായിട്ട് പഠിച്ചവരാണു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. അതുകൊണ്ടാണല്ലോ മൂന്നുവട്ടം ഒരു സംസ്ഥാനവും ഇപ്പോളീ രാജ്യവും ഭരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മാത്രമെ ഒരു രാജ്യത്തിനു മുന്നേറാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു തരുന്നൂ എന്നും മോഹന്‍ലാല്‍ എഴുതിയിട്ടുണ്ട്. പത്തറുപത്തെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രാര്‍ത്ഥനസമയത്ത് വെടികൊണ്ട് മരിക്കേണ്ടി വന്നൊരു വൃദ്ധനും ഇതേ കാര്യം പറഞ്ഞിരുന്നു. ചെറിയ വ്യത്യാസം; വൃദ്ധന്‍ പ്രസംഗത്തിലല്ല, പ്രവര്‍ത്തിയിലായിരുന്നു വിശ്വസിച്ചത്. അതേ വൃദ്ധന്‍ ജനിച്ച നാട്ടില്‍ കുറേ ആയിരങ്ങള്‍ വയറുകീറിയും തീയിലെരിഞ്ഞും ചത്തൊടുങ്ങിയിരുന്നു. അഭിമാനമുള്ളൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കെല്‍പ്പുള്ള ഒരു ഭരണാധികാരിയെ അരിയിട്ട് വാഴിക്കാനുള്ള ചടങ്ങിന്റെ ഭാഗമായി. പക്ഷേ ഇല്ലാതായിപ്പോയ ആ മനുഷ്യരുടെ സഹനവും ത്യാഗവും അഭിമാനപൂരിതയായി മാറുന്ന ഇന്ത്യ സ്മരിക്കുമോയെന്നറിയില്ല. അതേക്കുറിച്ച് മോഹന്‍ലാലിനും വലിയ ആശങ്ക കാണില്ല.

മറ്റൊന്ന് ലാല് പറഞ്ഞതിനോട് പൂര്‍ണമായി യോജിക്കുന്നു. ആത്മാഭിമാനമുള്ള പാവപ്പെട്ടവന്റെ ഇന്ത്യയെ നോക്കി പരിഹസിക്കുന്ന കള്ളപ്പണക്കാരന്റെയും കള്ളനോട്ടടിക്കാരന്റെയും സമാന്തര സാമ്പത്തിക ലോകം ഇവിടെയുണ്ട്. അതേ ലാല്‍, അങ്ങനെയൊന്ന് കാലങ്ങളായി ഉണ്ട്. പക്ഷേ ആ ലോകത്ത് താങ്കള്‍ പറഞ്ഞപോലെ രാഷ്ട്രീയക്കാരും തീവ്രവാദികളും ബിസിനസുകാരും മാത്രമല്ല, കുറെ സിനിമാക്കാരുമുണ്ട്.

ഇന്ത്യന്‍ സിനിമാലോകം തന്നെ കള്ളപ്പണത്തിന്റെ വലിയൊരു കേന്ദ്രമല്ലേ? കോടികള്‍ പ്രതിഫലം പറ്റുന്ന എത്രയോ സിനിമാക്കാര്‍. അവരെല്ലാം കൃത്യമായി നികുതി അടയ്ക്കുന്നവരാണോ ലാല്‍? ബോളിവുഡും കോളിവുഡും ടോളിവുഡും ഒന്നും നമുക്കിവിടെ ചര്‍ച്ച ചെയ്യേണ്ട, നമ്മുടെ ഇന്‍ഡസ്ട്രിയില്‍ തന്നെ എത്രപേര്‍ യഥാര്‍ത്ഥമായ നികുതി സര്‍ക്കാരിലേക്ക് കൊടുക്കുന്നുണ്ട്? എത്രപേര്‍ അവരുടെ യഥാര്‍ത്ഥ പ്രതിഫലം പുറത്തു പറയുന്നുണ്ട്? എത്രപേര്‍ പ്രതിഫലം ചെക്കായി വാങ്ങുന്നുണ്ട്? പ്രതിഫലം അല്ലാതെ ഏതൊക്കെ വകയില്‍ ഓരോ സിനിമയില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ട്? എത്ര സിനിമാക്കാര്‍ക്ക് ബിനാമി പേരില്‍ ബിസിനസുണ്ട്? എത്രപേരുടെ പേരിലാണ് ഭൂമി കയ്യേറിയതിനും നിയമം തെറ്റിച്ച് കെട്ടിടം നിര്‍മിച്ചതിനും കേസുള്ളത്? ആരു തരും ഉത്തരം? കോടികള്‍ പ്രതിഫലം, അതുകൂടാതെ ഇത്ര ജില്ലകളില്‍ വിതരണാവകാശം, സാറ്റ്‌ലൈറ്റ് റൈറ്റും ഓവര്‍സീസ് റൈററും പങ്കായോ മുഴുവനായോ, തിയേറ്റര്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക്; ഇങ്ങനെയെല്ലാം ഒരു സിനിമയില്‍ നിന്നു തന്നെ കോടികള്‍ സമ്പാദിക്കുന്ന സൂപ്പര്‍താരങ്ങള്‍ നമുക്കില്ലേ? അവരെയാരെയെങ്കിലും ഏതെങ്കിലും ബാങ്കിനു മുന്നിലെ ക്യൂവില്‍ അങ്ങേയ്ക്ക് കാണാന്‍ കഴിഞ്ഞോ? ഡ്രൈവറെ ബിനാമിയാക്കിയയാള്‍, ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്നയാള്‍, ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നയാള്‍ എന്നൊക്കെ താങ്കളെ മോശം പറയുന്നവരുടെ കൂട്ടത്തില്‍ ഏതായാലും നില്‍ക്കുന്നില്ല. പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ അങ്ങേയ്ക്ക് ഒന്നു ചെയ്യാമായിരുന്നു; ഇന്നത്തെ ബ്ലോഗില്‍ അങ്ങയുടെ സാമ്പത്തിക വിവരത്തിന്റെ ഒരേകദേശ കണക്കെങ്കിലും സൂചിപ്പിക്കാമായിരുന്നു. അങ്ങേയ്ക്കു കിട്ടുന്ന പണത്തില്‍ നിന്നും രാജ്യപുരോഗതിക്കായി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ താങ്കളെ ഭള്ള് പറയുന്നവന്റെ വായടഞ്ഞേനേ. അങ്ങയുടെ സാമ്പത്തികനിലയെന്താണെന്നു സാധാരണക്കാരനെ ബോധ്യപ്പെടുത്താന്‍ നിയമബാധ്യതയൊന്നും ഇല്ലെന്നറിയാം, അതൊക്കെ അറിയിക്കേണ്ടവരെ അറിയിച്ചാല്‍ മതി. എങ്കിലും ബ്ലോഗിലൂടെ എന്താണോ അങ്ങ് ലക്ഷ്യംവച്ചത് അതിനെ സാധൂകരിക്കാന്‍ കഴിഞ്ഞേനേ.

നോട്ടു പിന്‍വലിക്കല്‍ മൂലം സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു, എടിഎമ്മുകളിലും ബാങ്കുകളിലും നീണ്ട വരികള്‍ രൂപപ്പെടുന്നൂ ജനങ്ങള്‍ വരി നിന്നു തളരുന്നൂവെന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും വരുന്നതായി അങ്ങ് എഴുതി കണ്ടു. വെറും വിമര്‍ശനങ്ങളല്ല സാര്‍, യഥാര്‍ത്ഥ്യമാണ്. താങ്കളെ കുറ്റം പറയുന്നതല്ല, അങ്ങിപ്പോള്‍ സൂരത് നഗറിലായതുകൊണ്ടാണ് കേരളത്തിലെ പല കാഴ്ച്ചകളും നഷ്ടപ്പെടുന്നത്. അങ്ങിവിടെ നിന്നും പോകുമ്പോള്‍ സൗഖ്യവും പച്ചപ്പും മാത്രം നിറഞ്ഞ ഈ കേരളത്തില്‍ ജനം രാവിലെ മുതല്‍ രാത്രിവരെ ക്യൂ നില്‍ക്കുകയാണ്. പലരും തളര്‍ന്നു വീണു. ഇതെഴുതി കൊണ്ടിരിക്കുമ്പോള്‍ കേട്ട വാര്‍ത്തയാണ്, സഹകരണബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടില്ലെന്നു ഭയന്ന് എഴുപതുകാരന്‍ ആത്മഹത്യ ചെയ്‌തെന്ന്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന ഹൃദയവുമായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂനില്‍ക്കുന്നവരേറേയുണ്ട് കഴിഞ്ഞ പതിമൂന്നു ദിവസമായി കേരളത്തില്‍. ചാവ് അടുത്തവന്‍ ക്യൂവില്‍ നിന്നും ചത്താല്‍ എന്തു ചെയ്യാനാണെന്ന് രാജഭക്തര്‍ ചോദിക്കുന്നതുപോലെ അങ്ങ് കാര്യങ്ങള്‍ കാണില്ലെന്ന ഉറപ്പോടെ പറയട്ടേ; ഏതു സഹനത്തിന്റെ പേരിലായാലും എന്ത് അഭിമാനമുണ്ടാക്കാനാണെങ്കിലും മനുഷ്യനെ കൊന്നിട്ടാകണോ അതെന്ന് ആലോചിച്ചു നോക്കൂ.ഇന്നാട്ടില്‍ നൂറുപേരുണ്ടെങ്കില്‍ അവരില്‍ നൂറുപേരും കള്ളപ്പണക്കാരാണെന്ന് താങ്കള്‍ പറയില്ലല്ലോ! തൊണ്ണൂറ്റിയൊമ്പതുപേരും എന്നു ചിലപ്പോള്‍ പറയുമായിരിക്കും. പക്ഷേ ഒരു സാധാരണക്കാരിയെന്ന നിലയില്‍ ഞാന്‍ പറയും നൂറില്‍ തൊണ്ണൂറുപേരും നിരപരാധികളായൊരു രാജ്യമാണ് എന്റേതെന്ന്. അങ്ങനെയുള്ള തൊണ്ണൂറുപേരെയാണു സാര്‍ വെയിലത്തു നിര്‍ത്തിയും ഹൃദയം പൊട്ടിച്ചും കൊല്ലുന്നത്. ഇതെങ്ങനെയാണ് അഭിമാനമാകുന്നത്?

പുലിമുരുകന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ടയാളാണ്. സാര്‍ ഇവിടെ സംഘികള്‍ പറയുന്ന ന്യായമായിരുന്നു സിനിമാ തിയേറ്ററിലും ബിവറേജിലും ക്യൂനില്‍ക്കാന്‍ മടിയില്ലാത്ത മലയാളിക്ക് കുറച്ചുനേരം ബാങ്കിന്റെയോ എടിഎമ്മിന്റെയോ മുന്നില്‍ ക്യൂ നില്‍ക്കാനാണ് വിഷമമെന്ന്. അതേ ന്യായം സാറും ആവര്‍ത്തിച്ചതുകൊണ്ട് മോഹന്‍ലാല്‍ ഒരു സംഘിയാണെന്നു ഞാനൊരിക്കലും പറയില്ല. പക്ഷേ ഒരേ കാഴ്ചപ്പാട് അങ്ങയെക്കുറിച്ച് ചിലരിലെങ്കിലും സംശയമുണ്ടാക്കും. പുലിമുരുകന്‍ കാണാന്‍ മണിക്കൂറുകളോളം ക്യൂ നിന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. സാര്‍, ഒരാള്‍ ബിവറേജില്‍ ക്യൂ നിന്നു മദ്യം വാങ്ങുന്നതും ആരുടെയും നിര്‍ബന്ധം കൊണ്ടല്ല. പക്ഷേ ബാങ്കിനു മുന്നിലും എടിഎമ്മുകള്‍ക്കു മുന്നിലും ക്യൂ നില്‍ക്കേണ്ടി വരുന്നതു ഭരണകൂടത്തിന്റെ നിര്‍ബന്ധം കൊണ്ടാണ്. ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്നും അതില്‍ പൗരന്റെ അവകാശങ്ങളെക്കുറിച്ച് എഴുതിവച്ചിട്ടുണ്ടെന്നും അങ്ങേയ്ക്കറിവുള്ളതാണ്. ആ ബോധം ഇവിടെയൊന്നു പ്രയോഗിച്ചു നോക്കൂ. സിനിമാ തിയേറ്ററിലെ ക്യൂവും ബാങ്കിലെ ക്യൂവും തമ്മില്‍ അങ്ങേയ്ക്ക് അതിനുശേഷവും താരതമ്യം ചെയ്യാന്‍ തോന്നുന്നുവെങ്കില്‍, താങ്കളുടെ ശരിയെ ഞാന്‍ കൗണ്ടര്‍ ചെയ്യാന്‍ മുതിരുന്നില്ല.

അങ്ങ് ഏതോ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഇന്ത്യന്‍ ജീവിതം, ഇപ്പോള്‍ ഈ രാജ്യത്തെ തെരുവുകളില്‍ നീളുന്ന വരികളില്‍ നിന്നും സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ആ നില്‍ക്കുന്നവരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വന്നവരാരും ഉണ്ടാകുമെന്നു തോന്നുന്നില്ല. കല്യാണാവശ്യത്തിനും ചികിത്സാചെലവിനും വിദ്യാഭ്യാസ ആവശ്യത്തിനുമൊക്കെയായി പണം കിട്ടാതെ വലയുന്നവരായിരിക്കും, ഒരു ദിവസത്തെ പണി കളഞ്ഞു നില്‍ക്കുന്നവര്‍. സാര്‍, ഭക്ഷണം കഴിക്കാനില്ലാതെ മാറികിട്ടാത്ത നോട്ടുമായി വാവിട്ടു നിലവിളിക്കന്നവന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരതിയാല്‍ കിട്ടും. ആത്മാഭിമാനമുള്ളവന്റെ ഇന്ത്യ പണിയാന്‍ പാവങ്ങള്‍ തന്നെ ത്യാഗം സഹിക്കണമെന്നാണോ സാര്‍? ആരുടെയും ഭിഷ വാങ്ങിക്കാനല്ല, അധ്വാനിച്ചുണ്ടാക്കിയ പണമാണവര്‍ ചോദിക്കുന്നത്. പക്ഷെ അതവര്‍ക്കു കിട്ടണമെങ്കില്‍ യാചകനെപ്പോലെ ഇരക്കണം. സാധാരണക്കാരന്റെ ആത്മാഭിമാനത്തെ ഈ വിധത്തില്‍ ചവിട്ടിത്തേയ്ക്കുന്നത് അങ്ങേയ്ക്ക് മനസിലാകുന്നേയില്ലല്ലോ!രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ഭാരം പലരൂപത്തില്‍ താങ്കളും സഹിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്. പക്ഷേ അങ്ങേയ്‌ക്കൊരിക്കലും ഒരു ചികിത്സാകാര്യത്തിനായോ ഭാര്യയുടെയോ മക്കളുടെയോ ഏതെങ്കിലും ആവശ്യം നിവര്‍ത്തിക്കാനായിട്ടോ പണം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വരില്ല, ഉറക്കം കിട്ടാതെ പോവില്ല, ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതെ വരില്ല. അങ്ങയുടെ നഷ്ടങ്ങള്‍ ഒരിക്കലും അങ്ങയുടെ ജീവിതനിലവാരത്തെ ബാധിക്കില്ല. പക്ഷേ ഇവിടെ, ഈ തെരുവുകളില്‍ വരി നില്‍ക്കുന്നവന്റെ അവസ്ഥ അതല്ല, പതിമൂന്നു ദിവസമായി അവന്‍ അനുഭവിക്കുന്ന ദുരിതം, ഒരിക്കലും അങ്ങയ്ക്ക് മനസിലാകില്ല. ആകുമായിരുന്നെങ്കില്‍ ഈ ബ്ലോഗിലെ ഒരു വരിയിലെങ്കിലും ആ വേദന പ്രതിഫലിക്കുമായിരുന്നു.

ഇപ്പോഴും അങ്ങേയോട് യോജിക്കുന്നു; താങ്കള്‍ വ്യക്തിയാരാധനയില്‍ വിശ്വസിക്കാത്തവന്‍ തന്നെ. പക്ഷെ രാജാവ് നഗ്നനാണെന്നറിഞ്ഞിട്ടും വായ് പൊത്തി നില്‍ക്കുന്ന ഭീരുവിനെ ഭക്തനെന്നു വിളിക്കാന്‍ കഴിയില്ലെങ്കിലും അടിമയായി കണക്കാക്കാം.

പലവട്ടം ആവര്‍ത്തിച്ച ഒന്ന് അങ്ങയോടും പറഞ്ഞ് ഇതവസാനിപ്പിക്കാം; നോട്ട് അസാധുവാക്കല്‍ നടപടിയെ രാജ്യത്തോട് കൂറുള്ള (ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റാല്‍ നിശ്ചയിക്കപ്പെട്ടതല്ല) ആരും എതിര്‍ക്കുന്നില്ല. അതിന്റെ പിന്നിലെ ആത്മാര്‍ത്ഥതെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയെ ശരിക്കും പഠിച്ചൊരു ഭരണാധികാരിക്ക് അറിയില്ലായിരുന്നോ ഇത് സാധാരണക്കാരന്റെ രാജ്യമാണെന്ന്. ഇവിടെയുള്ളവരെല്ലാം അംബാനിയും അദാനിയുമല്ലായെന്ന്. അവിടെയാണ് സാര്‍ ഈ വിമര്‍ശനങ്ങളും ചോദ്യം ചെയ്യലുകളും ഉണ്ടാകുന്നത്. എന്തുകൊണ്ടോ താങ്കള്‍ക്കത് മനസിലാകുന്നില്ല. അവിടെയാണ് മോഹന്‍ലാല്‍ താങ്കളോട് വിയോജിക്കേണ്ടി വരുന്നതും.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories