TopTop
Begin typing your search above and press return to search.

കറന്‍സി നിരോധനം: ഒരു പ്രൊജക്റ്റ് മാനേജ്മെന്‍റ് കേസ് സ്റ്റഡി

കറന്‍സി നിരോധനം: ഒരു പ്രൊജക്റ്റ് മാനേജ്മെന്‍റ് കേസ് സ്റ്റഡി

സജി മാര്‍ക്കോസ്

PMBOK (Project Management Body of Knowledge) ന്റെ നിര്‍വ്വചനപ്രകാരം തനതായ ഒരു ലക്ഷ്യമോ ഉത്പ്പന്നമോ സേവനമോ ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന തുടക്കവും ഒടുക്കവുമുള്ള ഒരു താല്‍ക്കാലിക സംരംഭമാണ് ഒരു പ്രോജക്ട് (പദ്ധതി). ഒരു കെട്ടിട നിര്‍മ്മാണം, ഒരു പ്രത്യേക സോഫ്‌റ്റ്വേര്‍ വികസിപ്പിക്കല്‍, ഒരു പ്രത്യേകദുരിതാശ്വാസപ്രവര്‍ത്തനം എന്നിവയെല്ലാം പ്രോജക്ടുകളാണ്. അതേസമയം ഒരു രാജ്യത്തിന്റെ വികസനം ഒരു പ്രോജക്ട് അല്ല, മറിച്ച് ഒരു പ്രോഗ്രാം ആണ്. തുടര്‍ച്ചയായി നടക്കുന്നതും പുനരാവര്‍ത്തിക്കപ്പെടുന്നതും പ്രത്യേക കാലയളവിനുള്ളില്‍ പൂര്‍ത്തിക്കരിക്കാത്തതും പ്രോജക്റ്റിന്റെ നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ പെടുന്നില്ല.

ആ നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം ഒരു ഗവണ്മെന്റ് പ്രോജക്ട് ആണ്. വിജകരമായി ഒരു പ്രോജക്ട് ആരംഭിച്ച് നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കുന്നതിനും പദ്ധതിയുടെ പ്രയോഗഘട്ടത്തിലെ പരിശോധയ്ക്കും വിലയിരുത്തിലിനും തെറ്റ് തിരുത്തലിനും പൊതുവേ അംഗീകരിച്ച സാങ്കേതികജ്ഞാനശാഖയാണ് പ്രോജക്ട് മാനേജ്‌മെന്റ്.

പ്രോജക്ട് മാനേജ്‌മെന്റ് പ്രക്രിയയുടെ പ്രധാനഘട്ടങ്ങളും ഡിമോണ്‍റ്റൈസേഷന്‍ പദ്ധതിയുടെ ഇതുവരെ കഴിഞ്ഞ ഘട്ടങ്ങളുടെ വിശകലനവുമാണ് നടത്തുവാന്‍ ശ്രമിക്കുന്നത്.

1. Project Concept & Initiation
ഒരു പദ്ധതികൊണ്ട് നേടുവാന്‍/ പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം നിശ്ചയിക്കുക എന്നതും ആ ലക്ഷ്യം ലാഭകരവും ഗുണകരവുമാണോ എന്ന് വിലയിരിത്തുകയും ചെയ്യുക എന്നിവയാണ് ഒന്നാമത്തെ ഘട്ടമായ Project Concept & Initiation നവംബര്‍ എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടേയാണ് കറന്‍സി നിരോധനത്തെപ്പറ്റി ഔപചാരികമായി രാജ്യം അറിയുന്നത് എങ്കിലും പദ്ധതി ആരംഭിച്ചത് അപ്പോഴല്ല. മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതികൊണ്ട് നേടുവാന്‍ ഉദ്ദേശിച്ചിരുന്ന ലക്ഷ്യം നിശ്ചയിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്നും പ്രാഥമികമായും പദ്ധതികൊണ്ട് രണ്ട് പ്രത്യക്ഷലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് മനസിലാകുന്നത്.

Project Concept & Initiation ഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍
1. കള്ളനോട്ടുകള്‍ ഇല്ലാതെയാക്കുന്നതിന് പദ്ധതി എത്ര കണ്ട് വിജയിക്കും എന്ന് വിലയിരിത്തുക

500 & 1000 രൂപയുടെ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന കള്ളനോട്ടുകള്‍ അപ്രത്യക്ഷമാകും എന്നത് ഏതാണ്ട് പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ, അതുകൊണ്ട് കള്ളനോട്ടുകള്‍ ഇല്ലാതെയാകുമോ? കള്ളനോട്ട് പ്രിന്റ് ചെയ്യുന്നവര്‍ അപ്പോഴും മാര്‍ക്കറ്റില്‍ സജീവമായിരിക്കും. അവര്‍ക്ക് മാറ്റങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് ഇതേ സംഘങ്ങള്‍ പുതിയതായി ഇറങ്ങുന്ന നോട്ടുകളുടെ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിനെ തടയുന്നതിന് എന്ത് സംവിധാനമാണ് സര്‍ക്കാരിന്റെ പക്കലുള്ളത് എന്ന് പരിശോധിക്കപ്പെടേണ്ടതായിരുന്നു. പുതിയ നോട്ടിന്റെ അച്ചുകൂടം ഉണ്ടാക്കുന്നതിനും സാങ്കേതികവിദ്യ കരസ്ഥമാക്കുന്നതിനും അല്പം കാലതാമസം ഉണ്ടാകുമെങ്കിലും പുതിയ കള്ളനോട്ടുകളിറങ്ങുന്നതിനെ തടയുന്ന നടപടികള്‍ സര്‍ക്കാര്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് നിരോധിക്കപ്പെട്ട നോട്ടുകളുടെ കള്ളനോട്ടുകള്‍ അപ്രത്യക്ഷമായാലും ആത്യന്തികമായി 'കള്ളനോട്ടുകള്‍' മാര്‍ക്കറ്റില്‍ ഇല്ലാതെയാക്കുവാന്‍ നോട്ടു നിരോധനം ഫലപ്രദമല്ല. മാത്രവുമല്ല, വലിയ കറന്‍സിയുടെ കള്ളനോട്ടുകളിറങ്ങുന്നത് കൂടുതല്‍ ദോഷകരമായി തീരുകയും ചെയ്യും.

2. കള്ളപ്പണം തടയുക
ആകെയുള്ള കള്ളപ്പണത്തിന്റെ 6 ശതമാനം മാത്രമാണ് കറന്‍സി രൂപത്തിലുള്ളത് എന്ന് ഏകദേശകണക്കുകള്‍ (കൃത്യമായ കണക്കുകള്‍ ഉണ്ടാവുക സാധ്യമല്ലല്ലോ) പറയുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ധവളപത്രം അനുസരിച്ച് രാജ്യത്തിന്റെ ജിഡിപിയുടെ 11 ശതമാനം റിയല്‍ എസ്‌റ്റേറ്റുകളായും ജിഡിപ്പിയുടെ 2/3 സ്വര്‍ണ്ണവും വിലകൂടിയ ലോഹങ്ങളുമായും (അതിന്റെ 7080 ശതമാനം കള്ളപ്പണം) ബാക്കി സിംഹഭാഗവും വിദേശനിക്ഷേപങ്ങളായും സൂക്ഷിക്കപ്പെടുന്നു. ആ കള്ളപ്പണത്തിനെ നിയന്ത്രിക്കുവാന്‍ 500 & 1000 നോട്ടുകളുടെ നിയന്ത്രണം കൊണ്ട് സാധിക്കുന്നില്ല. നോട്ട് ഡിസൈനിംഗ്, അച്ചടി, വിതരണം, അതിനുള്ള ചിലവുകള്‍ (ഉദ്ദേശം 15,000 കോടി രൂപ), ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, മാര്‍ക്കറ്റിനുണ്ടാവുന്ന ഇടിവ്, രൂപയ്ക്ക് ഉണ്ടാകാവുന്ന മൂല്യവ്യതിയാനും എന്നിങ്ങനെ സമസ്ത മേഖലകളിലും ഉണ്ടാകുന്ന ആഘാതവും ആറു ശതമാനം കള്ളപ്പണ നിയന്ത്രണമെന്ന ചെറിയ നേട്ടവും തമ്മില്‍ കോസ്റ്റ് എഫെക്ട് അനാലിസിസ് നടത്തി പദ്ധതിയുടെ പ്രയോജനം വിലയിരുത്തേണ്ടതായിരുന്നു.

ആത്യന്തികമായി കള്ളനോട്ട് ഇല്ലാതെയാക്കല്‍ വിജയിക്കില്ല എന്നും കള്ളപ്പണ നിയന്ത്രണം ഗുണകരകമല്ല എന്നുമുള്ള കാരണങ്ങളാല്‍ Project Concept & Initiation ഘട്ടത്തില്‍ ഈ പ്രോജക്ട് ഉപേക്ഷിക്കേണ്ടതായിരുന്നു.

അതോടൊപ്പം രണ്ടു പ്രത്യക്ഷലക്ഷ്യങ്ങളും രാജ്യത്തിനു വളരെ പ്രയോജനപ്പെടുന്നതായതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ടതും ഫലപ്രദവുമായ മറ്റു പദ്ധതികള്‍ തയ്യാര്‍ ചെയ്യുന്നതിനും അംഗീകാരത്തിനായി പുന:സമര്‍പ്പണം ചെയ്യുന്നതിനും പ്രോജക്ട് മാനേജര്‍ (ഈ കേസില്‍ പ്രധാനമന്ത്രി) പ്രോജക്ട് ടീമിനോട് നിര്‍ദ്ദേശിക്കേണ്ടതായിരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇത് രണ്ടും ചെയ്യാതെ പ്രോജക്ടുമായി മുന്നോട്ട് പോകുവാന്‍ പ്രോജക്ട് മാനേജര്‍ അനുവാദം നല്‍കി. അതായത് കണ്‍സെപ്റ്റില്‍ തന്നെ ലക്ഷ്യം തെറ്റിയ ഒരു പ്രോജക്ടുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്.

2. Project Planing

ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. പ്രോജക്ട് പൂര്‍ത്തീകരിക്കുവാന്‍ നടത്തേണ്ടിവരുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും (Activities) ക്രമമായി എഴുതി ആവശ്യമെങ്കില്‍ ഘട്ടങ്ങളായി (Phases) തിരിച്ച് PMBOK അനുശാസിക്കുന്ന Knowledge Area-കളായി തരംതിരിക്കുക. പത്ത് Knowledge Area-കളിലെ മാനേജ്‌മെന്റ് ആണ് പ്‌ളാനിംഗ് ഘട്ടത്തില്‍ PMBOK നിഷ്‌കര്‍ഷിക്കുന്നത്. അവ:

Project Integration Management

Project Scope Management

Project Time Management

Project Cost Management

Project Quality Management

Project Human Resource Management

Project Communications Management

Project Risk Management

Project Procurement Management

Project Stakeholder Management.

ചില പ്രോജക്ടുകളില്‍ ഇവയില്‍ ചിലവ പ്രസക്തമല്ല. പക്ഷേ, കറന്‍സി നിരോധനപദ്ധതിയില്‍ പത്ത് ഗിീംഹലറഴല അൃലമ കളിലും കൃത്യമായ പ്‌ളാനിംഗ് ആവശ്യമാണ്. രണ്ട് സബ് പ്രോജക്ടുകളായി ഈ ഘട്ടത്തില്‍ പദ്ധതിയെ തരംതിരിക്കാവുന്നതാണ്.

1. കറന്‍സി ഡിസൈനിംഗ്, & അച്ചടി
2. പുതിയ 500, 1000 & 2000 നോട്ടുകളുടെ സമയബന്ധിതമായ വിതരണം

മാര്‍ക്കറ്റില്‍ ഉള്ള പണത്തിന്റെ 86 ശതമാനം വരുന്ന കറന്‍സികള്‍ ഇല്ലാതെയാകുന്നതുകൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പകരം കറന്‍സികള്‍ തിരികെ പമ്പ് ചെയ്യേണ്ടതുണ്ട്. രാജ്യത്ത് . 76 ശതമാനം ജനങ്ങളും കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതുകൊണ്ട്, കറന്‍സി പ്രിന്റിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണം ഇവ സമയബന്ധിതമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും നടത്തപ്പെടേണ്ടതാണ്. വിതരണം പരാജയപ്പെടുവാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടക്കുന്നതിനുള്ള പ്ലാനുകള്‍ ഉണ്ടാക്കേണ്ടത് ഈ ഘട്ടത്തിലാണ്.

ഈ മേഖലകളിലെല്ലാം കൃത്യമായ പ്‌ളാനിംഗ് നടന്നുവോ എന്ന് അടുത്ത ഘട്ടത്തില്‍ കാണാവുന്നതാണ്.

3. Execution
തൊട്ടുമുമ്പുള്ള ഘട്ടത്തില്‍ പ്‌ളാന്‍ ചെയ്തത് അതാതിന്റെ ക്രമത്തില്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്ന ഘട്ടമാണിത്. കറന്‍സി നിരോധന പദ്ധതിയില്‍ പ്രധാനമായും നാലു പ്രവര്‍ത്തികളാണ് നടക്കുന്നത്.

1. കറന്‍സി ഡിസൈന്‍ ചെയ്യുകയും പ്രിന്റിങ് ആരംഭിക്കുകയും ചെയ്യുക
2. കറന്‍സി നിരോധനം നിശ്ചിത സമയത്ത് പ്രഖ്യാപിക്കുക.(Milestone Activity- കാലദൈര്‍ഘ്യമില്ലാത്ത പ്രവര്‍ത്തി)
3. നിരോധിക്കപ്പെട്ട കറന്‍സികള്‍ നിയന്ത്രിമായി സര്‍ക്കാര്‍ തിരികെ സ്വീകരിക്കുക
4. വിതരണ ശൃംഖല സജ്ജമാക്കുകയും പുതിയ കറന്‍സി വിതരണം ആരംഭിക്കുകയും ചെയ്യുക

രണ്ടാമത്തെ പ്രവൃത്തിമുതലാണ് രാജ്യം ഔപചാരികമായി ഈ പദ്ധതിയേപ്പറ്റി അറിയുന്നത്. നോട്ട് നിരോധന പ്രോജക്ടില്‍ ഈ പ്രവൃത്തി (Milestone Activity) ഏറ്റവും ഭംഗിയായി നവംബര്‍ എട്ടിന് നടത്തപ്പെട്ടു.

മൂന്നാമത്തെ പ്രവൃത്തിമുതലാണ് പ്രധാന സ്‌റ്റേക് ഹോള്‍ഡേഴ്‌സ് ആയ പൊതുജനം ഈ പദ്ധതിയുടെ ആഘാതം (Impact) പ്രത്യക്ഷത്തില്‍ നേരിടാന്‍ തുടങ്ങിയത്. രണ്ടുദിവസത്തെ എടിഎം നിരോധനത്തിനു ശേഷം പുതിയ കറന്‍സി വിതരണത്തിനു തയ്യാറാകുമെന്ന് പ്രഖ്യാപ്പിക്കപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട കറന്‍സി മാറുന്നതിന് പരിധി നിശ്ചയിക്കപ്പെട്ടിരുന്നു,
പുതിയ 2000 കറന്‍സി വിതരണത്തിനു പറ്റുന്നവിധം എടിഎമ്മിന്റെ ഹാര്‍ഡ് വെയറും സോഫ്‌റ്റ്വെയറും പരിഷ്‌ക്കരിക്കുമെന്ന് അറിച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുവാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

വാര്‍ത്തകള്‍ അനുസരിച്ചും അനുഭവങ്ങള്‍ വച്ചും പരിശോധിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഇതൊന്നും നടപ്പായില്ല എന്ന് കാണാം.

എക്‌സിക്യൂഷന്‍ ഘട്ടത്തിലെ പരാജയം പ്ലാനിംഗ് ഘട്ടത്തിലെ പരാജയത്തിന്റെ പ്രത്യക്ഷ പ്രതിഫലനമായിരുന്നു. പത്ത് Knowledge Area-യില്‍ ആറ് എണ്ണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 55 മനുഷ്യര്‍ ക്യൂവില്‍ നിന്നു മരിച്ചു. ആവശ്യത്തിനു കറന്‍സിയില്ലാതെ കച്ചവടങ്ങള്‍ മന്ദഗതിയിലായി.

4. Monitoring & Controlling
ഇപ്പോള്‍ കറന്‍സി നിരോധന പദ്ധതി ഈ ഘട്ടത്തിലാണ്. നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ ചിലവും ഗുണമേന്മയും കുറയാതെ പദ്ധതി പുരോഗമിക്കുന്നുവോ എന്ന് നിരീക്ഷിക്കുകയും പിഴവുകള്‍ക്ക് പരിഹാരം കണ്ടെത്തുകയും റിക്കവറി പ്‌ളാന്‍ ഉണ്ടാക്കുകയും ആവശ്യമെങ്കില്‍ പുതുക്കിയ ടാര്‍ജെറ്റുകള്‍ നിശ്ചയിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

ടൈം മാനേജ്‌മെന്റില്‍ പിഴവ് പറ്റിയതുകൊണ്ട് പ്രോജക്ട് പൂര്‍ത്തീകരണ കാലാവധി 50 ദിവസമാകും എന്ന് അറിയിച്ചു. കറന്‍സി വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ സ്‌റ്റേക് ഹോള്‍ഡേഴിസിനോട് സഹകരണം ആവശ്യപ്പെട്ടു. എങ്കിലും കൃത്യമായ റിക്കവറി പ്‌ളാനുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മുന്‍ നിശ്ചയിച്ച തീയതികളും ഇടക്കാല ടാര്‍ജെറ്റുകളും പുന:നിര്‍ണ്ണയിക്കേണ്ടിവന്നു.

5. Project Closing
ഇത് അവസാന ഘട്ടമാണ്. ഇവിടെ വരേക്കും കറന്‍സി നിരോധന പദ്ധതി ഇപ്പോള്‍ എത്തിയിട്ടില്ല.

ഇതുവരെ കഴിഞ്ഞ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ഒന്നാം ഘട്ടം പൂര്‍ണമായും പരാജയമായിരുന്നു, രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഘട്ടങ്ങള്‍ ഭാഗികമായി പരാജയമായിരുന്നു എന്ന് കാണാം.

യുദ്ധസമാനമായ അന്തരീക്ഷം രാജ്യത്തുണ്ടാക്കി ദൂരവ്യാപകമായ ദുര്‍ഫലങ്ങള്‍ ഉണ്ടാക്കുന്ന നോട്ട് നിരോധന പദ്ധതി തുടക്കം മുതല്‍ പരാജയപ്പെട്ട, ഗുണകരമല്ലാത്ത ഒരു പ്രോജക്ട് ആയിരുന്നു.

പ്ലാനിംഗും എക്‌സിക്യൂഷനും മോണിട്ടറിംഗും തെറ്റിയ മറ്റൊരു പ്രോജക്ട് (സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണല്ലോ ഇപ്പോഴുള്ള ഓമനപ്പേര്‍) ജിമ്മി കാര്‍ട്ടര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചിരുന്നു. 1980 ലെ ഓപ്പറേഷന്‍ ഈഗിള്‍ ക്ലൊവ് എന്ന ഇറാന്‍ മിഷനില്‍ 8 സൈനികര്‍ കൊല്ലപ്പെടുകയും പദ്ധതി പരാജയപ്പെടുകയും ചെയ്തു. കൂടാതെ രണ്ടാംവട്ടം പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ തോറ്റു എന്നത് ചരിത്രം. വേണ്ടത്ര തയ്യറെടുപ്പുകളും പ്ലാനിംഗും ഇല്ലാതെ കാര്യമായ പ്രയോജനമില്ലാത്ത ഈ പദ്ധതി നടപ്പാക്കിയ നരേന്ദ്ര മോദിക്ക് ഈ സാമ്പത്തിക അടിയന്തരാവസ്ഥയുടേ ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകുന്നതിന് സാധിക്കില്ല,

വരും കാലങ്ങളില്‍ വലിയ വില കൊടുക്കാതിരിക്കാനാകില്ല.

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories