TopTop
Begin typing your search above and press return to search.

തൊഴിലാളികള്‍ ക്യൂവില്‍; തൊഴിലുടമകള്‍ കഷ്ടത്തില്‍

തൊഴിലാളികള്‍ ക്യൂവില്‍; തൊഴിലുടമകള്‍ കഷ്ടത്തില്‍

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനം ചെറുകിട-ഇടത്തരം വ്യവസായ മേഖലയേയും കാര്യമായി ബാധിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. വ്യവസായ മേഖലയിലെ തൊഴിലാളികള്‍ പഴയ നോട്ടുകള്‍ മാറുന്നതിനും ശമ്പളം വാങ്ങുന്നതിനുമായി ബാങ്കുകളില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത് മൂലം തൊഴില്‍ നഷ്ടം അനുഭവിക്കുമ്പോള്‍, കൃത്യമായി ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനാലും തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നത് മൂലമുള്ള ഉല്‍പാദന നഷ്ടത്തിലും വലയുകയാണ് തൊഴിലുടമകള്‍.

ബാങ്കുകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂവില്‍ നവംബര്‍ മാസത്തെ ശമ്പളം വാങ്ങാനും നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാനുമായി തൊഴിലാളികള്‍ കുടുങ്ങുന്നത് മൂലം അവര്‍ക്ക് തൊഴില്‍ദിനങ്ങളും ശമ്പളവും നഷ്ടപ്പെടുന്നതായുള്ള പരാതികള്‍ വ്യാപകമായിരിക്കുകയാണ്. ബുധനാഴ്ച രാവിലെ ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടി വന്നത് മൂലം അന്നത്തെ തൊഴിലും കൂലിയും നഷ്ടമായതായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മായാപുരിയിലെ ഒരു പോളിമര്‍ കമ്പനിയിലെ ജോലിക്കാരനായ പശുപതി സിംഗ് പറയുന്നു. പണ പ്രതിസന്ധി മൂലം ഫാക്ടറികള്‍ പലതും പൂര്‍ണശേഷിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ താമസിച്ചെത്തുന്ന തൊഴിലാളികളെ പോലും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

1,800 ചെറുകിട-ഇടത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന മായാപുരിയില്‍ ഏകദേശം രണ്ട് ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. ഇവരില്‍ ഭൂരിപക്ഷത്തിനും നിരോധിച്ച നോട്ടുകളാണ് കഴിഞ്ഞ മാസത്തെ ശമ്പളമായി ലഭിച്ചതെന്നതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. ഇവരെല്ലാം ബാങ്കുകളുടെ നീണ്ട ക്യൂവില്‍ നിന്ന് വിലപ്പെട്ട തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ഇവരെ ചൂഷണം ചെയ്യാന്‍ ഇടത്തട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് ലഭിച്ച 10,000 രൂപ കൂലി പഴയ നോട്ടുകളുടെ രൂപത്തിലായിരുന്നുവെന്ന് രാജേഷ് ഝാ എന്ന തൊഴിലാളി പറയുന്നു. കുറച്ച് പണം ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്കായി ബാക്കി കൈയില്‍ സൂക്ഷിക്കേണ്ടി വന്നു. നിരോധിച്ച അഞ്ചൂറ് രൂപ നോട്ടുകളായി സൂക്ഷിച്ചിരുന്ന ഈ പണം ഗതികെട്ട് ഓരോ നോട്ടിനും 200 രൂപ കമ്മീഷന്‍ നല്‍കി ഒരു ഏജന്റില്‍ നിന്നും മാറ്റിയെടുക്കേണ്ടി വന്നതായി ഝാ പറയുന്നു.വടക്കന്‍ ഡല്‍ഹിയിലെ വാസിര്‍പൂര്‍ വ്യവസായ മേഖലയില്‍ ഏഴാം തീയതിയാണ് ശമ്പള ദിവസമെങ്കിലും മിക്ക സ്ഥാപനങ്ങളും ഇന്നലെ തന്നെ ശമ്പളം നല്‍കി. എല്ലാം നിരോധിച്ച നോട്ടുകളുടെ രൂപത്തില്‍. പണം തങ്ങള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായും ഇനി പിന്‍വലിക്കലാണ് അടുത്ത വെല്ലുവിളിയെന്നും ഒരു ഗിയര്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹവ സിംഗ് പറയുന്നു. ഇനിമുതല്‍ കൂലിയായി നിരോധിച്ച നോട്ടുകള്‍ കൈപ്പറ്റരുതെന്ന് മിക്ക തൊഴിലാളി യൂണിയനുകളും തങ്ങളുടെ അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെക്കുകളായി ശമ്പളം ലഭിച്ചാലും രണ്ട് തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇവിടുത്തെ തൊഴിലാളികള്‍.

ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരുടെ അവസ്ഥ ഇതിലും മോശമാണ്. വീട്ടുടമ മതിയായ രേഖകള്‍ നല്‍കാത്തതിനാല്‍ ഇവരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിച്ചിട്ടില്ല. തന്റെ കൈയില്‍ 4000 രൂപയുടെ നിരോധിത നോട്ടുകള്‍ ഉണ്ടെന്ന് മായാപുരിയിലെ ഒരു ലോഹ സംസ്‌കരണ യൂണിറ്റിലെ കയറ്റിറക്ക് തൊഴിലാളി സഞ്ചയ് കുമാര്‍ യാദവ് പറഞ്ഞു. ഏഴായിരം രൂപയാണ് ഇദ്ദേഹത്തിന് മാസശമ്പളം. തനിക്ക് ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ അക്കൗണ്ടുള്ള ഒരു സുഹൃത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അത് ലഭിച്ചില്ലെങ്കില്‍ ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ നല്‍കി നോട്ടുകള്‍ മാറേണ്ടി വരുമെന്നും യാദവ് പറഞ്ഞു. നവംബര്‍ 26ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഒരു മേള സംഘടിപ്പിച്ചിരുന്നെങ്കിലും അത് വേണ്ട വിധത്തില്‍ ഫലപ്രദമായിട്ടില്ല. ഇവിടെ നിന്നും അക്കൗണ്ടെടുത്ത പലരും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.

ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടില്ലാത്ത അസംഘടിത തൊഴിലാളികള്‍ പണിയെടുക്കുന്ന അനുബന്ധ യൂണിറ്റുകളെയാണ് തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് നിരവധി ഫാക്ടറികളുടെ ഉടമയും മായാപുരി വ്യവസായ ക്ഷേമ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമായ നീരജ് ഷെഗാള്‍ പറയുന്നു. അവര്‍ക്ക് കൂലി കൊടുക്കാന്‍ കമ്പനി ഉടമകളുടെ കൈയില്‍ പോലും പണമില്ല. 'തൊഴിലാളികള്‍ കൂലിക്കായി ബുദ്ധിമുട്ടുമ്പോള്‍, വിലപ്പെട്ട തൊഴില്‍ സമയമാണ് തൊഴിലുടമകള്‍ക്ക് നഷ്ടമാകുന്നത്.'


Next Story

Related Stories