നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നോട്ട് പിന്‍വലിച്ചതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നിറവേറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടിയുടെ ലക്ഷ്യങ്ങള്‍ പാളി.
ജനങ്ങളെ ദുരിതത്തിലാക്കിയത് മാത്രമാണ് ഈ ന ടപടി കൊണ്ടുണ്ടായത്. കള്ളപ്പണം തടയല്‍ ഉള്‍പ്പെടെ ഇതുകൊണ്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ച ഉറപ്പുകളെല്ലാം പാഴ് വാക്കുകളായി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം പിന്‍വലിക്കുന്നതിനും സഹകരണ ബാങ്കുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ നടപടിയിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ സിപിഎം രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തും. ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഏത് സംഘടനയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിവിധ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും യെച്ചൂരി ആരോപിച്ചു.