തിരഞ്ഞെടുപ്പിന് മുന്‍പേ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സൂചിക സംബന്ധിച്ച കണക്കുകള്‍ വിവാദമായതാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കഴിഞ്ഞ മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പഠനമാണ് ഇതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത്. 2011-12 കാലത്തും 2016-17 കാലത്തും ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകള്‍ പര്‍വതീകരിച്ചതാണെന്ന് തന്റെ പഠനത്തില്‍ കണ്ടെത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുളള കണക്കുകളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലമായി പടര്‍ന്ന അവിശ്വാസം ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.
തന്റെ പഠനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അരവിന്ദ് സുബ്രഹ്മണ്യം ഇങ്ങനെ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കയാണെന്ന വാദം കൂടുതല്‍ യാഥാര്ത്ഥ്യബോധത്തോടെയുളളതാകേണ്ടതുണ്ട്. അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ചയല്ല ഉണ്ടായത്. മറിച്ച് സ്ഥിരമായ സാമ്പത്തിക വളര്‍ച്ച മാത്രമാണ് ഇന്ത്യയ്ക്ക് കൈവരിക്കാന്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. ഔദ്യോഗിക കണക്ക് പ്രകാരം 2011-12 ലും 2016-17 ലും ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച രാജ്യം കൈവരിച്ചുവെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 4.5 ശതമാനം മാത്രമായിരുന്നു സാമ്പത്തിക വളര്‍ച്ചയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 17 സൂചികകളെടുത്ത് പരിശോധിച്ചാണ് ഔദ്യോഗിക നിഗമനങ്ങളില്‍ 2.5 ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് വ്യക്തമായതെന്നും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും ഉണ്ടാകുമെന്നത് ഉറപ്പാണ്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് രാജ്യത്തെ വളര്‍ച്ചയുടെ പാതയില്‍ നിലനിര്‍ത്താന്‍ പറ്റിയെന്നതായിരുന്നു യു പി എ സര്‍ക്കാര്‍ അവരുടെ പ്രധാന നേട്ടമായി അവതരിപ്പിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ സമിതികള്‍ തയ്യറാക്കുന്ന റിപ്പോര്‍ട്ടിനെ ആദ്യം വിവാദത്തിലെത്തിച്ചത് ഒന്നാം മോദി സര്‍ക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുപിഎ കാലത്തെ മൊത്തം ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട കണക്കുകള്‍ തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ശരാശരി വളര്‍ച്ച നിരക്ക് ഒമ്പത് ശതമാനമാണെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2018 ഓഗസ്റ്റില്‍ വരുത്തിയ തിരുത്ത് പ്രകാരം 2006 മുതല്‍ 12 വരെ ശരാശരി വളര്‍ച്ച 6.82 ശതമാനമായി. നേരത്തെ അത് 7.75 ശതമാനമാണെന്നായിരുന്നു കണക്കാക്കിയത്. എന്ന് മാത്രമല്ല, കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തെ 7.35 ശതമാനം നിരക്കിനെ അപേക്ഷിച്ച് കുറവുമായി.
മോദി സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറഞ്ഞതിനെ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പഴയ കണക്കുകള്‍ തിരുത്തിയതെന്ന ആരോപണം ഉണ്ടായിരുന്നു. ഇപ്പോള്‍ അരവിന്ദ് സുബ്രഹ്മണ്യം തന്നെ പല കണക്കുകളിലും വന്നിട്ടുള്ള 'തെറ്റുകള്‍' ചൂണ്ടികാണിക്കുക വഴി മോദിയുടെ തിരുത്തലുകള്‍ക്ക് ഒരു സാങ്കേതിക പിന്‍ബലം നല്‍കുകയാണ് ചെയ്യുന്നത്.
നീതി ആയോഗ് നടത്തിയ തിരുത്തലുകള്‍ക്കെതിരെ അന്ന് പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 2017 ല്‍ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തന്നെ നടത്തിയ പഠനത്തില്‍ 2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെ ജിഡിപി വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകള്‍ക്ക് ആധാരമാക്കിയ 36 ശതമാനം കമ്പനികളുടെയും വിവരങ്ങള്‍ പോലും ലഭ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് ജിഡിപി വളര്‍ച്ചയെ ബാധിക്കില്ലെന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ കൈക്കൊണ്ടത്. അന്ന് അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.
2016-17 വര്‍ഷ കാലത്തെ മൊത്തം ആഭ്യന്തര വളര്‍ച്ച നിരക്ക് 6.7 ശതമാനത്തില്‍നിന്ന് 8.2 ശതമാനമാക്കി വളര്‍ച്ച പുതുക്കിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് വലിയ മുരടിപ്പ് ഉണ്ടാക്കിയ കാലമായിരുന്നു ഇത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യഘാതമുണ്ടാക്കിയ നോട്ട് നിരോധനകാലത്ത് മോദി സര്‍ക്കാരിന്റെ ഭാഗമായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം സ്വമേധയാ വിരമിച്ചതിന് ശേഷമാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. 'ഓഫ് കോണ്‍സല്‍ ദി ചാലഞ്ചസ് ഓഫ് ദി മോഡി ജെയ്റ്റ്ലി ഇക്കോണമി' എന്ന പുസ്തകത്തില്‍ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ നടത്തിയ അതിരൂക്ഷമായ അക്രമണമായിരുന്നുവെന്ന് പറഞ്ഞത്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതില്‍ തന്നെ നേരത്തെ അറിയിച്ചില്ലെന്ന സൂചനയും അദ്ദേഹം പുസ്തകത്തില്‍ നല്കി.
രാജ്യത്തെ വളര്‍ച്ച നിരക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണക്കുകള്‍ തിരുത്തുന്ന മോദി സര്‍ക്കാരിനുള്ള ന്യായീകരണമായി മാറാനാണ് സാധ്യത. അരവിന്ദ് സുബ്രഹ്മണ്യം അങ്ങനെ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും.
Read More: പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മറച്ചു പിടിക്കുന്ന ഇടതുഭരണ യാഥാര്‍ത്ഥ്യങ്ങള്‍