TopTop
Begin typing your search above and press return to search.

തീവ്രദേശീയതയുടെ കാലത്തെ ദേശരാഷ്ട്രങ്ങള്‍

തീവ്രദേശീയതയുടെ കാലത്തെ ദേശരാഷ്ട്രങ്ങള്‍

ജോര്‍ജ്ജ്കുട്ടി എം.വി

പുസ്തകം: ദേശദേശാന്തര രാഷ്ട്രീയ വിചാരം
ഡോ. മാത്യു ജോസഫ്‌ സി, ഒരുമ പബ്ലികേഷന്‍സ്

കഴിഞ്ഞ രണ്ട് ദശബ്ദക്കാലങ്ങള്‍ക്ക് ഉള്ളില്‍ നടന്ന വിവിധ ദേശീയ-സാര്‍വദേശീയ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെകുറിച്ചുള്ള അവലോകനങ്ങളും പഠനങ്ങളുമാണ് ഡോ. മാത്യു ജോസഫ്‌ സിയുടെ 'ദേശദേശാന്തര രാഷ്ട്രീയ വിചാരം' എന്ന ലേഖനസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഒരുമ പബ്ലികേഷന്‍സ് (തിരുവനന്തപുരം) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. MMAJ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയയില്‍ അസോസിയേറ്റ് പ്രഫസറാണ് ഗ്രന്ഥകാരന്‍.

ചരിത്ര ബോധത്തോടെയുള്ള അവലോകനങ്ങളില്‍ വംശീയത, ജാതി, ദേശരാഷ്ട്രം, പൌരസമൂഹം, മൌലികാവകാശങ്ങള്‍, ഇടതുപക്ഷം, അധിനിവേശം, വിദ്യാഭാസം, അധിനിവേശാനന്തര പഠനങ്ങള്‍, മത-സാംസ്‌കാരിക ദേശീയവാദം തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരുന്നു. 'ദേശം', 'ദേശാന്തരം' എന്നീ ശീര്‍ഷകങ്ങളാല്‍ വിഭജിക്കപ്പെട്ട ഇരുപത്തിയാറ് ലേഖനങ്ങളാന് ഈ പുസ്തകത്തിലുള്ളത്. പഠനങ്ങളുടെ സ്വഭാവവും ഉള്ളടക്കവും പരിഗണിച്ച്, കേരളവും ഇടതുപക്ഷവും, ദക്ഷിണേഷ്യന്‍ രാഷ്ട്രീയം, അന്തര്‍ദേശീയ രാഷ്ട്രീയം എന്നിങ്ങനെ ലേഖനങ്ങളെ മൂന്നായി തരംതിരിക്കാം.

ഏകമുഖമെന്ന്‍ വിശ്വസിക്കപ്പെടുന്ന 'ഇടതുപക്ഷം' എന്ന സംജ്ഞയുടെ ബഹുസ്വരതയും വൈവിധ്യങ്ങളെയും കേരളീയ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ്‌ ഇതര ഇടതുപക്ഷം കേരളത്തില്‍' എന്ന ലേഖനമാണ് പുസ്തകത്തില്‍ ആദ്യം ചേര്‍ത്തിട്ടുള്ളത്. "ദേശീയതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി അതിനനുരോധമായി സാര്‍വ്വദേശീയതയെ നോക്കിക്കാണുന്ന" ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്‍റെയും രാഷ്ട്രീയ–സാമൂഹിക മണ്ഡലങ്ങളില്‍ അവയുടെ സംഭാവനകളെയും വിശകലനം ചെയ്യുന്നതോടൊപ്പം 'കമ്മ്യൂണിസ്റ്റിതര ഇടതുപക്ഷ'ത്തിന്‍റെ സംഭാവനകളെ തമസ്കരിച്ചുകൊണ്ടുള്ള കേരള രാഷ്ട്രീയ ചരിത്രം അപൂര്‍ണ്ണമായിരിക്കും എന്നുകൂടി ഈ ലേഖനം ഓര്‍മ്മിപ്പിക്കുന്നു. കേരള നവോത്ഥാനത്തെ വീണ്ടും ആര്‍ജ്ജവപ്പെടുത്തേണ്ട, രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കേണ്ട കേരളത്തിലെ വിദ്യാഭാസരംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ മറ്റൊരു ലേഖനത്തില്‍ ആശങ്കയോടെ വീക്ഷിക്കുന്നു. ഉദാരവല്‍ക്കരണത്തിന്‍റെയും കച്ചവട താല്പര്യങ്ങളുടെയും കുത്തൊഴുക്കില്‍പ്പെട്ട്, "ആഗോള തൊഴില്‍ കമ്പോളത്തിലേക്ക് തൊഴിലാളികളെ കയറ്റുമതിചെയ്യുന്ന തൊഴില്‍ കൃഷിയിടമായി കേരളം പരിണമിച്ചിരിക്കുന്നു" എന്നും വിദ്യാഭ്യാസം തൊഴിലും സാമ്പത്തിക ഭദ്രതയും നേടാനുള്ള ഒരു ഉപാധിയായി ചുരുങ്ങിയതോടെ "ശുദ്ധശാസ്ത്രങ്ങളും മാനവവിജ്ഞാനീയവും സാഹിത്യവും കലകളും വിദ്യാഭാസത്തിന്‍റെ വിശാലഭൂമികയില്‍ നിന്നു പടിയിറക്കപ്പെട്ടു. പകരം പ്രയോഗ വിജ്ഞാനീയങ്ങളുടെ [നഴ്സിംഗ്, എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍ മേഖല] അനന്തനിര സ്ഥാനംപിടിച്ചു" എന്നും ഇതില്‍ വിശദമാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ഈ രിതിയിലുള്ള അധഃപതനവും പുതുതലമുറയുടെ ഉള്ളില്‍ ഉടലെടുത്തിരിക്കുന്ന അരാഷ്ട്രീയബോധവും തമ്മിലുള്ള പരോക്ഷബന്ധം സൂചിപ്പിക്കാന്‍ ലേഖകന്‍ വിട്ടുപോയപോലെതോന്നി.


മതേതര കേരളത്തിന്‍റെ പൊതുബോധത്തില്‍ ഒളിച്ചിരിക്കുന്ന ന്യൂനപക്ഷവിരുദ്ധത, പ്രത്യേകിച്ച് മുസ്ലിം വിരുദ്ധത 'അഞ്ചാംമന്ത്രി' വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മറ്റൊരു ലേഖനത്തില്‍ ചരിത്രപരമായി പരിശോധിക്കുന്നു. 'സമുദായ സൗഹാര്‍ദ്ദം' എന്ന പൊതുവ്യവഹാരത്തില്‍ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ പ്രതിനിധാനം തിരസ്കാരത്തിന്‍റെയും മുസ്ലിം വിരുദ്ധതയുടെയും രാഷ്ട്രീയം തുറന്നുകാട്ടുന്നു. കാല്‍നൂറ്റാണ്ട് കാലത്തെ കേരള രാഷ്ട്രീയ ചരിത്രം ചര്‍ച്ചാവിഷയമാക്കുന്ന 'കേരളം: രാഷ്ട്രീയമാറ്റങ്ങളുടെ കാല്‍നൂറ്റാണ്ട്' എന്ന ലേഖനം എങ്ങനെ കേരള നവോത്ഥാന പ്രക്രിയയില്‍ മറഞ്ഞിരിക്കുന്ന പോരായ്മകള്‍ നവസാമൂഹികപ്രസ്ഥാനങ്ങളും സത്യവാദപ്രസ്ഥാനങ്ങളും നടത്തിയ/നടത്തുന്ന സമരങ്ങളിലുടെ അനാവരണം ചെയ്യപ്പെടുന്നു എന്ന്‍ വിശദമാക്കുന്നു.

ഈ കാലത്തിനിടയില്‍ പ്രത്യയശാസ്ത്രാധീശത്വം നിലനിര്‍ത്താന്‍ കഴിയാതെ പോയ ഇടതുപക്ഷം "സംഘടനവൈഭവം കൊണ്ട് രാഷ്ട്രിയാധിശത്വം നിലനിര്‍ത്താന്‍ കഴിയും എന്ന മിഥ്യധാരണയില്‍" അകപ്പെട്ട് നവസാമൂഹികപ്രസ്ഥാനങ്ങളും സത്യവാദപ്രസ്ഥാനങ്ങളും മുന്നോട്ടുവെച്ച വിമര്‍ശനങ്ങളെയും ആവശ്യങ്ങളെയും "അപ്രായോഗികവും വികസനവിരുദ്ധവു"മായ നിലപാടായി ചുരുക്കിക്കണ്ടു. 'വിലാപഗാനം നിറുത്താറായി' എന്ന ലേഖനം ഇന്ത്യന്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെ കൃത്യമായി പരിശോധിക്കുന്നു. ഇടതുപക്ഷത്തിലെ ബഹുസ്വരതയും വിവിധ ഇടതുപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഐക്യത്തിന്‍റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം അവയും നവസാമൂഹിക-സത്യവാദ പ്രസ്ഥാനങ്ങളുമായുള്ള ജനാധിപത്യപരമായ സഹകരണത്തിന്‍റെ അനിവാര്യത ഇന്നിന്‍റെ ആവശ്യകതയാണെന്ന്‍ ചൂണ്ടിക്കാണിക്കുന്നു.

അടിയന്തരാവസ്ഥക്കാലം മുതല്‍ 2004-ലെ പൊതുതെരെഞ്ഞടുപ്പ് വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സുപ്രധാന സംഭവവികാസങ്ങളും ചര്‍ച്ചാ വിഷയമാക്കുന്നുണ്ട് ലേഖകന്‍. 1980-കളില്‍ കോണ്‍ഗ്രസ്‌ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം, നെഹ്‌റുവിയന്‍ മതേതര നിലപാടുകളില്‍ ഉള്ള വിട്ടുവീഴ്ച്ച ന്യൂനപക്ഷങ്ങളെയും ദളിതുകളെയും അതില്‍ നിന്ന്‍ അകറ്റുകയും അധികാരത്തിന് വെളിയില്‍ നിന്നിരുന്ന തിവ്രഹിന്ദുത്വവാദത്തിന് ഇന്ത്യന്‍ രാഷ്ട്രീയഘടനയ്ക്കുള്ളില്‍ രംഗപ്രവേശനം ചെയ്യാനുള്ള വേദി ഒരുക്കുകയും ചെയ്തു. 1989 മുതല്‍ പിന്നീട് ഇങ്ങോട്ട് മൂന്ന്‍ സുപ്രധാന സംഭവങ്ങളുടെ – മണ്ഡല്‍, മസ്ജിദ്, മാര്‍ക്കറ്റ്‌ - ചരിത്രപരമായ ഒരുമിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്‍പെങ്ങും കാണാത്ത രീതിയില്‍ മാറ്റിമറിക്കുന്നതിന് കാരണമായി. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്‍റെ ആരംഭം, അതിനെതിരെ ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വത്തില്‍ അരങ്ങേറിയ അക്രമണോത്സുകമായ തീവ്രഹിന്ദുത്വവാദം, കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍മ്മികത്വത്തില്‍ നടപ്പിലാക്കിയ സാമ്പത്തികഘടന പുന:ക്രമീകരണം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ രീതിയിലും ശൈലിയിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. മണ്ഡല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനം "പുതിയ വര്‍ഗങ്ങള്‍"ക്ക് ഉപരി രാഷ്ട്രീയവല്കരിക്കപ്പെട്ട പുതിയ ജാതിസമൂഹങ്ങളുടെ രാഷ്ട്രീയ രംഗപ്രവേശത്തിന് കാരണമായി. 1989 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തെ യോഗേന്ദ്ര യാദവ്, സോയ ഹസന്‍ പോലെയുള്ള രാഷ്ട്രീയ ചിന്തകര്‍ "രണ്ടാം ജനാധിപത്യ മുന്നേറ്റം" എന്നാണ് വിശേഷിപ്പിക്കുന്നത്.

കാശ്മീര്‍ പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണതയും അന്തര്‍ധാരകളും അതിര്‍ത്തി രാഷ്ട്രീയത്തിനും ദേശീയ സുരക്ഷയ്ക്കും അതീതമായി കാശ്മീരിലെ ജനപക്ഷത്ത് നിന്നുകൊണ്ട് മനസിലാക്കുവാന്‍ ആത്മാര്‍ഥമായ ശ്രമം ലേഖകന്‍ നടത്തിയിട്ടുണ്ട്. കാലങ്ങളായി മാറിവരുന്ന ഇന്ത്യയിലെ സര്‍ക്കാറുകള്‍, കാശ്മീരിലെ അന്തരീക്ഷത്തെ ഒരു ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കാണുകയും, രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്.2014- ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എഴുതപ്പെട്ട ലേഖനമാണ് 'എന്തുകൊണ്ട് മോദിയെ എതിര്‍ക്കണം?'. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ്‌ നേതൃത്യത്തിലുള്ള ഭരണത്തിലെ അഴിമതി, കെടുകാര്യസ്ഥത എന്നിവയ്ക്കെതിരെ ഇന്ത്യയിലെ "മധ്യവര്‍ഗം" കണ്ടെത്തിയ രക്ഷകനാണ് മോദി. ഭുരിപക്ഷ മത-സംസ്കാര ദേശീയതയും നവ ഉദാരവാദവും അസഹിഷ്ണതയുടെ രാഷ്ടീയവും എല്ലാം മോദി എന്ന രാഷ്ട്രീയവ്യക്തിത്വത്തില്‍ ഒന്നിക്കുന്നു. "ഇന്ത്യയിലെ മതേതര-പുരോഗമന-ജനാധിപത്യശക്തികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഈ കൈകോര്‍ക്കല്‍ വിപല്‍ സൂചനയാണ് നല്‍കുന്നത്" എന്ന ലേഖകന്‍റെ നിരീക്ഷണത്തെ ശരിവെക്കുന്നത് തന്നെയാണ് വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വംശീയതയും വംശീയ സംഘര്‍ഷങ്ങളും. വംശീയ രാഷ്ട്രീയത്തിന്‍റെ അടിവേരുകള്‍ സൈദ്ധാന്തികമായി അവതരിപ്പിക്കുന്നതിനൊപ്പം, വ്യത്യസ്ത ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വംശീയ പ്രശ്നങ്ങളെ ഗ്രന്ഥകാരന്‍ ആഴത്തില്‍ ചര്‍ച്ചചെയ്യുന്നു. രാജവാഴ്ച്ച നിലനിന്ന ഭൂട്ടാനിലെ ജനാധിപത്യവല്ക്കരണത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളുടെ ചരിത്രം 'ഭുട്ടാന്‍: മാറ്റത്തിന്‍റെ പാതയില്‍' എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നു. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ചരിത്രസങ്കീര്‍ണതകള്‍ പരിശോധിക്കുന്നതിനൊപ്പം, "നേപ്പാളി ഭാഷയിലും ഹിന്ദുധര്‍മ്മത്തിലും അധിഷ്ടിതമായ ഏകശിലാരൂപിയായ നേപ്പാളി ദേശീയവാദതിനും വര്‍ണ്ണ-ജാതിവ്യവസ്ഥയ്ക്കും" എതിരെ തദ്ദേശീയരായ ടിബറ്റോ-ബര്‍മ്മീസ് ജനതകള്‍ ഉയര്‍ത്തിയ കീഴാള വിമര്‍ശനം "വര്‍ത്തമാനകാല നേപ്പാളിലെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ കേന്ദ്രപ്രമേയമാണ്" എന്ന്‍ ലേഖകന്‍ സൂചിപ്പിക്കുന്നു. ശ്രീലങ്കയിലെ തമിഴ് വംശീയ പ്രശ്നം പരാമര്‍ശിക്കുന്ന ലേഖനത്തില്‍, തമിഴ് വംശജരുടെ നേതൃത്വത്തിലുണ്ടായിരുന്ന മിതവാദ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും അക്രമണോത്സുകമായ സിംഹള ദേശീയതയുടെ വളര്‍ച്ചയും തമിഴ് തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിക്കുന്നതിന് കാരണമായതായി ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. അധികാര വികേന്ദ്രീകരണത്തിലും തമിഴ് ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിലും ഊന്നിയ ശ്രിലങ്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ പുന:ക്രമീകരണം മാത്രമാണ് തമിഴ് വംശീയ പ്രശ്നത്തിനുള്ള ഏകമാര്‍ഗം എന്ന്‍ ലേഖകന്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥ വ്യതിയാനംപോലെ മാറിമറയുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധങ്ങള്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും രാഷ്ട്രീയ ഘടനകള്‍ തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് വേരുന്നി നില്‍ക്കുന്നത്. പാകിസ്ഥാന്‍റെ രാഷ്ട്രീയ ഘടനയില്‍ സൈന്യത്തിനുള്ള പ്രാധാന്യം, "ദേശസുരക്ഷാവാദവും ഇസ്ലാമിക വലതുപക്ഷവും ആടിത്തിമര്‍ക്കുന്ന പാകിസ്ഥാനിലെ പൊതുമണ്ഡലം" എന്നിവ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാകുന്നതിന് തടസമാണ്. അതുപോലെ ഇന്ത്യയില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ പിടിമുറുകുന്നതും ആക്രമോത്സുകമായ ദേശീയവാദം പുഷ്ടിപ്പെടുന്നതും പാകിസ്ഥാനിലെ ഇന്ത്യാ വിരുദ്ധര്‍ക്ക് സൗകര്യപ്രദമാണ്. "മതേതരവും ജനാധിപത്യവല്‍കൃതവുമായ ഇന്ത്യയാണ് പാകിസ്ഥാനുള്ള ശരിയായ മറുപടി" എന്ന്‍ ലേഖകന്‍ വ്യക്തമാക്കുന്നു.

2013-ലെ ഷാബാഗ് ചത്വരത്തിലെ പ്രക്ഷോഭം, ബംഗ്ലാദേശിന്‍റെയും ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെയും നിര്‍ണായക സംഭവമായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്ത് ബ്രിട്ടീഷുകാരോട് ഒപ്പം ചേര്‍ന്ന ആര്‍.എസ്.എസിനെ പോലെ, 1971- ലെ ബംഗ്ലാദേശ് വിമോചനസമരകാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന്‍ മനുഷ്യാവകാശ ലംഘനത്തിന് കൂട്ടുനിന്ന സംഘടനയാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി. ദക്ഷിണേഷ്യയിലെമ്പാടും ഭൂരിപക്ഷ വര്‍ഗ്ഗീയതയും മതമൌലികവാദവും ശക്തിപ്രാപിക്കുന്ന ഈ ചരിത്രസന്ദര്‍ഭത്തില്‍, ഷാബാഗ് ചത്വരത്തിലെ പ്രക്ഷോഭത്തില്‍ നിന്ന്‍ മതേതര ജനാധിപത്യശക്തികള്‍ക്ക് ഏറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉണ്ടെന്ന്‍ ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.'മാനസിക അടിമത്തത്തിന്‍റെ ഭൂമിശാസ്ത്രം' എന്ന ലേഖനം യൂറോപ്യന്‍ അധിനിവേശത്തിന്‍റെയും, നവ അധിനിവേശത്തിന്‍റെയും മന:ശാസ്ത്രം പരിശോധിക്കുന്നു. തങ്ങളുടെ ആധിപത്യം ശാസ്ത്രീയമായും നൈതികമായും സാധൂകരിക്കാനുതകുന്ന വിജ്ഞാന മണ്ഡലങ്ങള്‍ തിര്‍ത്തും പുതിയ വിദ്യാഭാസ രീതികള്‍ ആവിഷ്കരിച്ചും അധിനിവേശിത സമൂഹത്തിനുമേല്‍ പ്രത്യയശാസ്ത്രാധീശത്വം സ്ഥാപിക്കാന്‍ അധിനിവേശകര്‍ക്ക് സാധിച്ചു. അധിനിവേശാനന്തര സമൂഹങ്ങളിലും ജ്ഞാനോത്പാദന-വിതരണ രീതികള്‍ അധിനിവേശ കാലഘട്ടത്തിലെപ്പോലെ തുടര്‍ന്നു. ഏറെ വൈകാതെ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ അധിനിവേശാനന്തര സമൂഹങ്ങളില്‍ ജനാധിപത്യ പ്രക്രിയകള്‍ താളംതെറ്റി. രാഷ്ടീയ അസ്ഥിരതയും പൌരസമൂഹങ്ങളുടെ ദൌര്‍ഭല്ല്യവും നിമിത്തം ഭരണം സൈന്യത്തിനും ഉദ്യോഗസ്ഥ മേധാവിത്വത്തിനും വഴിമാറി. ഈ പൊതുസാഹചര്യത്തിലാണ് മ്യാന്‍മറില്‍ ജനാധിപത്യ-പൌരാവകാശ പോരാട്ടങ്ങളുടെ പ്രതീകമായി ആംഗ് സാന്‍ സൂചി ഉയര്‍ന്നുവന്നത് എന്ന്‍ ലേഖകന്‍ സൂചിപ്പിക്കുന്നു.

സങ്കീര്‍ണ്ണമായ രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തിലെ രാഷ്ട്രീയ ഗതിവിഗതികള്‍ ലേഖകന്‍ ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലായി വിശദമായി ചര്‍ച്ചചെയ്യുന്നു. സോവിയറ്റ്‌ യൂണിയന്‍റെയും സോഷ്യലിസ്റ്റ്‌ ചേരിയുടേയും തകര്‍ച്ച, ശീതയുദ്ധത്തിന്‍റെ അന്ത്യവും അമേരിക്കയുടെ നേതൃത്വത്തിലുള്ള പുതിയ ലോകക്രമത്തിന്‍റെ തുടക്കവും ലേഖകന്‍ രേഖപ്പെടുത്തുന്നതുപോലെ "ഹണ്ടിങ്ങ്ടനും ഫുക്കുയാമയും വ്യത്യസ്തമായ രീതികളില്‍ അടിവരയിട്ടത് ഉദാരജനാധിപത്യം നേടിയ ലോകവിജയവും അമേരിക്കന്‍ സാമ്രാജ്യത്ത മേല്‍ക്കോയ്മയുടെ കൊടിയേറ്റവുമാണ്." എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ തന്നെ അമേരിക്കയുടെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെട്ടു. സെപ്റ്റംബര്‍ 11- ന് ശേഷം ഒരു ദശകം പിന്നിടുമ്പോള്‍, "അമേരിക്കയുടെയും പാശ്ചാത്യചേരിയുടെയും നാനാപ്രകാരത്തിലുള്ള സ്വാധീനവും വ്യാപ്തിയും ദുര്‍ബലമായി വരികയാണ്."

"ദേശദേശാന്തര രാഷ്ട്രീയ വിചാരം" എന്ന ലേഖനസമാഹാരം, മലയാളി പൊതുമണ്ഡലത്തിന് വേറിട്ട രീതിയില്‍ ദേശീയ- സാര്‍വദേശീയ രാഷ്ട്രീയ ഗതിവിഗതികള്‍ പരിചയപ്പെടുത്തുന്നു എന്നുള്ളത് നിസ്തര്‍ക്കമാണ്. അതോടൊപ്പം അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്ന പഠനമേഖലയെ അതിന്‍റെ സത്ത ചോര്‍ന്ന്‍ പോകാതെ മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ചുരുക്കം കൃതികളില്‍ ഒന്നാണിത്.

(ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories