TopTop
Begin typing your search above and press return to search.

പച്ചക്കറി ചുമട്ടുകാരനായ ഒരു ക്രിക്കറ്റ് പരിശീലകന്‍റെ ജീവിതം

പച്ചക്കറി ചുമട്ടുകാരനായ ഒരു ക്രിക്കറ്റ് പരിശീലകന്‍റെ ജീവിതം

ജി വി രാകേശ്

രാവിലെ തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന ദേവാനന്ദ് എന്ന 46-കാരനായ ചുമട്ടുതൊഴിലാളിയെ വൈകീട്ടൊന്ന് കാണണമെന്നുവെച്ച് മാര്‍ക്കറ്റില്‍ പോയി അന്വേഷിച്ചാല്‍ കാണാനാവില്ല. ദേവാനന്ദിനെ കാണണമെങ്കില്‍ തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോവണം. അവിടെ നിങ്ങള്‍ ദേവാനന്ദിനെ മറ്റൊരു വേഷത്തിലാവും കാണുക. കര്‍ക്കശക്കാരനായ ലവണ്‍ വണ്‍ ക്രിക്കറ്റ് പരിശീലകന്റെ വേഷത്തില്‍. വിസ്മയകരമായ ഒരു വേഷപ്പകര്‍ച്ച.

ആര്‍.ശ്രീധര്‍, ഭാരത് അരുണ്‍, ദിനേശ് നാനാവതി, ഡോ.സൂറത്ത് വാല എന്നീ പ്രശസ്തരായ ദേശീയ ക്രിക്കറ്റ് കോച്ചുമാരുടെ ശിക്ഷണം നേടിയിട്ടുള്ള ക്രിക്കറ്റ് പരിശീലകനാണ് ദേവാനന്ദ്. 2007 മുതല്‍ 2009 വരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായും,30 കൊല്ലമായി ലീഗിലും കളിച്ചു കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ 30 കൊല്ലമായി ഒരേ ക്ലബ്ബിനുവേണ്ടി കളിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഏക കളിക്കാരനും ദേവാനന്ദ് മാത്രമാണ്. ചുമട്ടുതൊഴിലാളിയാവുന്നത് കുടുംബം പുലര്‍ത്താനാണെങ്കില്‍ ക്രിക്കറ്റ് കോച്ചാവുന്നത് നാളേയ്ക്ക് മികച്ച കളിക്കാരെ വാര്‍ത്തെടുത്ത് ക്രിക്കറ്റ് ലോകത്തിന് നല്കാനാണ്. ദേവാനന്ദിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ രാവിലെത്തേത് എനിക്കു വേണ്ടി, വൈകീട്ടേത് കായിക ലോകത്തിനു വേണ്ടി. ഇപ്പോള്‍ സി.ഡിവിഷന്‍ കളിക്കാരനാണ് ദേവാനന്ദ്. പഠിക്കുന്ന കാലം മുതല്‍ ക്രിക്കറ്റിനെ പ്രണയിച്ച എം.സി.ദേവാനന്ദ് ചുമട്ടുതൊഴിലാളിയായതിന്റെയും ക്രിക്കറ്റ് കളിക്കാരനായതിന്റെയും കഥ പറയുന്നു.

തലശ്ശേരി എന്‍.സി.സി.റോഡിലാണ് തറവാട്. അവിടെ നിന്നും 15 വര്‍ഷം മുന്‍പ് മുഴപ്പിലങ്ങാടേക്ക് താമസം മാറ്റി. കഴിഞ്ഞ രണ്ട് വര്‍ഷമായി പിണറായി ഗ്രാമ പഞ്ചായത്തിലെ എടക്കണ്ടി മുക്കിലാണ് താമസം. തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം പഠനം ആറാം ക്ലാസില്‍ അവസാനിപ്പിച്ചു. അച്ഛന്‍ ഗണേഷ് ബീഡിക്കമ്പനിയുടെ മാനേജരായിരുന്നു. അമ്മ ചെറുപ്പത്തിലേ മരണപ്പെട്ടു. രണ്ട് സഹോദരങ്ങളുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്രണ്ണന്‍ ഹൈസ്‌കൂളിലെ സ്‌പോര്‍ട്‌സ് അദ്ധ്യാപകന്‍ സഹദേവന്‍ മാഷ് സെലക്ഷന് വിളിച്ചു. എന്റെ പെര്‍ഫോമന്‍സ് കണ്ട് ജൂനിയര്‍ ടീമില്‍ എന്നെ സെലക്ട് ചെയ്തു. ഞാന്‍ ഒരു മാച്ച് മാത്രം കളിച്ചു. ഫൈനലില്‍ ഞങ്ങള്‍ തോറ്റു. പിറ്റേ വര്‍ഷം അതായത് ആറാം ക്ലാസില്‍ പഠിക്കുന്നകാലം എനിക്കും, എന്റെ ക്ലാസിലുള്ള ഫിറോസിനും സെലക്ഷന്‍ കിട്ടി. പക്ഷെ ആ വര്‍ഷം കാര്യമായ കളിയുണ്ടായില്ല. ഇതാണ് എന്റെ ക്രിക്കറ്റിലേക്കുള്ള കടന്നുവരവായി ഞാന്‍ ഓര്‍ക്കുന്നത്.അതിനു മുമ്പ് വീട്ടു പറമ്പില്‍ നിന്നും റബ്ബര്‍ ബോള്‍ ഉപയോഗിച്ചുള്ള കളിമാത്രം.പഠിക്കുന്ന കാലം മുതല്‍ മാര്‍ക്കറ്റില്‍ പോവും. ഹാജര്‍ കുറഞ്ഞതു കൊണ്ടാണ് ഞാന്‍ ആറാം ക്ലാസ് തോറ്റത്. പഠിക്കാനുള്ള താല്‍പര്യക്കുറവാണ് സ്‌കൂളില്‍ പോവാത്തതിന്റെ പ്രധാന കാരണം. പിന്നെ കുറേക്കാലം കഴിഞ്ഞ് 1986- 87കാലം മുതലാണ് ഞാന്‍ ക്രിക്കറ്റില്‍ പ്രൊഫഷണലായി വരുന്നത്. അന്ന് ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് 'ലക്കി എംബ്ലം' എന്ന പേരില്‍ ഒരു ക്ലബ് രൂപീകരിച്ചു. അഫിലിയേഷന്‍ കിട്ടാനായി കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പിന്നാലെ അഞ്ചാറ് മാസം നടന്നു. അതിന് ശേഷമാണ് അഫിലിയേഷന്‍ കിട്ടിയത്. അസോസിയേഷന്‍ അന്ന് ഒരു കൂട്ടം പ്രമാണിമാരുടെ കൈയ്യിലായിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നല്ല അതിന്റെ യഥാര്‍ത്ഥ പേര് കാനന്നൂര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ്. ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് ഒരിക്കലും അതിന്റെ പേര് മാറ്റാനാവില്ല. അതിന് 150 വര്‍ഷത്തെ പഴക്കമുണ്ട്.

തലശ്ശേരിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തുടക്കം എന്നത് ഞാനൊരിക്കലും വിശ്വസിക്കില്ല. ഞാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്.അവിടെയല്ലാം ക്രിക്കറ്റിന്റെതായ ചരിത്രം പറയാനുണ്ട്. സാധാരണക്കാരായ ആളുകള്‍ ആ കാലഘട്ടത്തില്‍ ക്രിക്കറ്റ് ആദ്യമായി കളിച്ചത് തലശ്ശേരിയില്‍ വെച്ചിട്ടാണ്. അതിനിവിടെ രേഖകളുമുണ്ട്. സാധാരണക്കാരായ ആളുകള്‍ എന്നത് കടലില്‍ പോകുന്നവര്‍, കൂലിപ്പണിക്കാര്‍ അങ്ങനെയുള്ള സാധാരണക്കാര്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത് തലശ്ശേരിയിലാണ്. അക്കാലത്ത് സായിപ്പിനും, ശിങ്കിടികള്‍ക്കും മാത്രമായുള്ള കളിയായിരുന്നു ക്രിക്കറ്റ്. അതില്‍ നിന്ന് മാറി സാധാരണക്കാരന്റെ കളിയായി മാറുന്നത് തലശ്ശേരിയില്‍ നിന്നാണ്. അതിനൊരുപാട് രേഖകളുമുണ്ട്.

ഞാന്‍, ഇര്‍ഷാദ്, അഷ്‌വാക്ക് എന്നിവര്‍ ചേര്‍ന്നാണ് ലക്കി എംബ്ലം തുടങ്ങുന്നത്. അസോസിയേഷന്‍ ഡി ഡിവിഷനില്‍ എന്‍ട്രി തന്നു. ആ വര്‍ഷം തന്നെ ആറ് കളിയിലും നമ്മള്‍ ജയിച്ചു. ചാമ്പ്യന്‍മാരായി. ഇത് നമുക്ക് ആവേശമായി. തലശ്ശേരി പഴയ സ്റ്റേഡിയത്തില്‍ (മുന്‍സിപ്പല്‍ സ്റ്റേഡിയം ) നമ്മള്‍ പ്രാക്ടീസ് തുടങ്ങി. നമ്മുടെ പ്രാക്ടീസ് കാണാന്‍ വേണ്ടി മാത്രം ഒരു കൂട്ടം പ്രായമുള്ള ആളുകള്‍ സ്റ്റേഡിയത്തിലെത്തും. അവര്‍ നമുക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും തരും. അവര്‍ പഴയ കളിക്കാരാണെന്ന് പിന്നീടാണ് നമുക്ക് മനസ്സിലായത്. അത് 1989-90 കാലത്താണ്. അപ്പോഴേയ്ക്കും നമ്മള്‍ ഡി ഡിവിഷനില്‍ നിന്നും ചാമ്പ്യന്‍മാരായി സി ഡിവിഷനിലെത്തി. അതിന്റെ പിറ്റേ വര്‍ഷം ഞങ്ങള്‍ സിയില്‍ ചാമ്പ്യന്‍സായി സിയില്‍ നിന്നും ബി യിലേക്ക് കളിച്ചു. അക്കാലത്താണ് അഞ്ചാറ് വര്‍ഷം കൂത്തുപറമ്പില്‍ ടൂര്‍ണ്ണമെന്റ് നടത്തിയിരുന്നു. നാല് വര്‍ഷം തുടര്‍ച്ചയായി നമ്മുടെ ക്ലബ് ചാമ്പ്യന്‍മാരായി.1993-94 കാലഘട്ടത്തിലാണ് കെ.സി.എ യുടെ ഭാരവാഹിയായിരുന്ന പി.വി.സിറാജ്ജുദ്ദീനെ പരിചയപ്പെടുന്നത്. അതോടൊപ്പം ലക്കി എംബ്ലം ക്ലബ് ജില്ലക്കകത്തും പുറത്തും അറിയപ്പെട്ടുതുടങ്ങി. സിറാജ്ജുദ്ദീനുമായുള്ള ബന്ധം എന്റെ ക്രിക്കറ്റ് ജീവതത്തിലെ വഴിത്തിരിവായിമാറി. അദ്ദേഹത്തിന് ഞാന്‍ ഗുരുസ്ഥാനമാണ് നല്കിയിട്ടുള്ളത്. എന്റെ ഉയര്‍ച്ചക്ക് കാരണം സിറാജ്ജുദ്ദീനാണെന്ന് എപ്പോഴും അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹമാണ് എന്നെ ലവണ്‍ വണ്‍ പരീക്ഷയ്ക്ക് അയക്കുന്നത്. അതിനിടെ നമ്മുടെ ക്ലബിലെ നല്ലൊരു കളിക്കാരനായ ഇര്‍ഷാദ് കണ്ണൂരിലെ ബ്രദേഴ്‌സ് ക്ലബിലേക്ക് മാറി. അതോടെ ക്ലബ്ബിന്റെ മുഴുവന്‍ ചുമതലയും എന്റെ തലയിലായി.പക്ഷെ എന്റെ ക്ലബ്ബില്‍ കളിക്കാന്‍ എപ്പോഴും ആളെ കിട്ടിയിരുന്നു. അത് എന്റെയും ക്ലബ്ബിന്റെയും ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. അന്ന് ഞങ്ങളുടെയും അവസ്ഥ വളരെ മോശമായിരുന്നു. നല്ല പാഡും, ക്യാപ്പും പോലും ഉണ്ടായിരുന്നില്ല. ഇന്നേവരെ എന്റെ ക്ലബ് കണ്ണൂര്‍ ജില്ലാ ലീഗ് മത്സരത്തില്‍ ഇറങ്ങാതിരുന്നിട്ടില്ല. ഇന്നും ക്രിക്കറ്റിന്റെ എല്ലാ മാന്യതയും പുലര്‍ത്തി ലീഗില്‍ പങ്കെടുക്കുന്ന അപൂര്‍വ്വം ക്ലബ്ബുകളിലൊന്നാണ് എന്റെ ക്ലബ്ബ്. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലക്കി എംബ്ലം എന്ന പേര് മാറ്റി തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്നാക്കുന്നത്. ഇപ്പോള്‍ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

കണ്ണൂര്‍ ജില്ലാ അസോസിയേഷനെതിരെ ഒരു പാട് പരാതിയുണ്ടെങ്കിലും ഒരു കാര്യം ഞാനുറപ്പിച്ചു പറയാം. യഥാര്‍ഥ സെലക്ഷനും യഥാര്‍ഥ പരിശീലനവും, യഥാര്‍ഥ രീതിയിലുള്ള മാച്ചുകളും നടന്നാല്‍ കണ്ണൂര്‍ ജില്ല ക്രിക്കറ്റ് ടീമിനെ വെല്ലുവിളിക്കന്‍ പറ്റുന്ന ഒരു ടീമും ഇന്ന് കേരളത്തിലില്ലെന്ന് എനിക്കുറപ്പ് പറയാനാവും. കുറച്ചു കാലമായി അല്പം പിന്നോട്ടാണ് ജില്ലാ ടീം. അതിനു കാരണം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടാണ്. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.ഇസാക്ക് ഫുട്‌ബോള്‍ കളിക്കാരനാണ്. ഏറണാകുളത്തെ പ്രീമിയം ടയേഴ്‌സിനെ പ്രതിനിധീകരിച്ച ഒരുപാടുകാലം ഫുട്‌ബോള്‍ കളിച്ചതാണ്. ഇപ്പോഴത്തെ പ്രസിഡന്റും, കല്ലിക്കണ്ടി എന്‍.എ.എം.കോളജ് സ്‌പോര്‍ട്‌സ് മാഷുമായ മധു മാഷ് ക്രിക്കറ്ററല്ല. അയാള്‍ക്ക് ക്രിക്കറ്ററിയില്ല. അയാള് കബഡി കളിക്കാരനാണ്. പിന്നെ കെ.സി.എന്‍ അംഗവും കണ്ണൂര്‍ എസ്.എന്‍.കോളജ് കായികാധ്യാപകനുമായ അജയന്‍ മാഷും ക്രിക്കറ്ററല്ല. അയാളും ഫുട്‌ബോളറാണ്. മറ്റൊരു കെ.സി.എ.അംഗമായ ചിറക്കുനിയിലെ അശോകന്‍ ക്രിക്കറ്ററല്ല. പക്ഷെ അയാള്‍ക്ക ക്രിക്കറ്റിനെക്കുറിച്ചറിയാം. സ്വന്തമായി പ്രാദേശിക ക്ലബ്ബുണ്ട്. അതുകൊണ്ട് അസോസിയേഷനെ അംഗീകരിക്കാനാവില്ല. ഇതൊക്കെ ഞാന്‍ വിളിച്ചു പറയാറുണ്ട് അതിനാല്‍ അവര്‍ എന്നെ പലപ്പോഴായും തഴയുകയാണ് പതിവ്.

കെ.സി.എ യുടെയും അവസ്ഥ വളരെ മോശമാണ്. പ്രസിഡന്റ് ടി.സി.മാത്യു ക്രിക്കറ്ററല്ല. അയാള്‍ പഠിക്കുന്ന കാലത്തും ഇപ്പോഴും ക്രിക്കറ്റ് കളിച്ചിട്ടില്ല. സെക്രട്ടറി അനന്തു ക്രിക്കറ്ററാണ്. അയാളെ അംഗീകരിക്കാം.കെ.സി.എ. ക്രിക്കറ്റിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുറെ ഡ്രാമ കളിക്കുന്നു.ബി.സി.സി ക്ക് പണമുണ്ടാക്കലാണ് പ്രധാനം. അവര്‍ക്ക് ക്രിക്കറ്റിനോടൊന്നും താല്പര്യമില്ല.തലശ്ശേരി ക്രിക്കറ്റ് അക്കാദമി കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തെന്ന വിവരം പത്രത്തിലൂടെ അറിഞ്ഞു. ഞാനും അക്കാദമി അംഗമാണ്. ക്രിക്കറ്റ് പ്ലയേഴ്‌സിനെന്തിനാ സൈക്കിള്‍? ആ തുക ക്രിക്കറ്റിന് വേണ്ടിയാണ് ചിലവഴിക്കേണ്ടത്. അല്ലാതെ സൈക്കിളിനല്ല. തലശ്ശേരി കോണോര്‍ വയലിലെ ക്രിക്കറ്റ് സ്റ്റഡിയം നല്ല സ്റ്റേഡിയമാണ്. ഇതിനു വേണ്ടി ഒരുപാട് പരിശ്രമിച്ച ഒരാളാണ് ഞാന്‍. തലശ്ശേരി നഗരസഭയും, കേരളാ ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന 25 വര്‍ഷത്തേയ്ക്കുള്ള കരാറിലാണ് ഈ സ്‌റ്റേഡിയം നിര്‍മ്മിച്ചത്. അതിന്റെ കാലാവധി കഴിയാന്‍ കുറച്ചു കൂടിയേയുള്ളൂ. ധാരണ പ്രകാരം സ്റ്റേഡിയം അസോസിയേഷന് വിട്ടു കൊടുത്തില്ലെങ്കില്‍ ഗുരുതരാവസ്ഥയാണ് ഉണ്ടാവുക.സ്‌ റ്റേഡിയം നശിച്ചു പോകും സംശയമില്ല. സ്‌റ്റേഡിയം വന്നതോടെ തലശ്ശേരി ക്രിക്കറ്റിന്റെ പഴയകാല പ്രൗഢി തിരിച്ചു വന്നിട്ടുണ്ട്.

അസോസിയേഷനുമായി അകല്‍ച്ച വന്ന ശേഷം ഞാന്‍ എന്റെ ക്ലബ് അംഗങ്ങള്‍ക്ക് മാത്രമേ പരിശീലനം നല്‍കുന്നുള്ളൂ. ഞാന്‍ ഓരോ കൊല്ലവും രണ്ടും, മൂന്നും കുട്ടികളെ പുതുതായി കൊണ്ടു വരും. ആ കുട്ടികള്‍ നല്ല നിലവാരം പുലര്‍ത്താറുമുണ്ട്.എന്റെ കുട്ടികള്‍ സോണല്‍ ലവലില്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോഴുള്ള സജീര്‍ ബാംഗ്ലൂരില്‍ കിര്‍മ്മാണിയുടെ ക്യാമ്പില്‍ പങ്കെടുത്തതാണ്. പുതിയ കുട്ടികള്‍ ക്രിക്കറ്റിലേക്ക് വരവ് കുറവാണ്. അതിന് കാരണം വിദ്യാഭ്യാസപരമായി അവര്‍ക്ക് യാതൊരു അംഗീകാരവും കിട്ടുന്നില്ല. ക്രിക്കറ്റ് അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍റ് ലഭിക്കും. അപ്പോള്‍ വിവരാവകാശത്തിന്റെ കീഴില്‍ വരും. അപ്പോള്‍ പല കള്ളക്കളികളും പുറത്താവും. അതുകൊണ്ടാണ് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാത്തത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ. അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്.

കെ.സി.എ.യുടെ കീഴിലാണ് നിലവില്‍ അക്കാദമികളുള്ളത്. ജില്ലാ അസോസിയേഷന്റെ കീഴില്‍ അക്കാദമികള്‍ വരണം. വിദ്യാര്‍ഥികള്‍ക്ക് കളിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ മാത്രം പോര. അവരുടെ ടാലന്റ് കണ്ടെത്തണം. അവരെ സംസ്ഥാന ദേശീയ തല കളിക്കാരാക്കി മാറ്റാന്‍ മുന്‍കൈയ്യെടുക്കണം. കൂടുതല്‍ കോച്ചുമാരെയുണ്ടാക്കണം.നല്ല ഉപദേശകരും, നല്ല ട്രേയിനേഴ്‌സും, നല്ല കമ്മിറ്റിയും വേണം. ഒരു ചെടി കുഴിച്ചിട്ടാല്‍ മാത്രം പോര. അതിന് വെള്ളവും, വളവും നല്ല പരിചരണവും കൊടുക്കണം എന്നാലെ നല്ല കായ്ഫലമുണ്ടാവൂ. അസോസിയേഷന്‍ ചെടി വെയ്ക്കുന്നേയുള്ളു. പിന്നെ തിരിഞ്ഞു നോക്കാറില്ല. കേരള ക്രിക്കറ്റ് മറ്റ് സംസ്ഥാനങ്ങളെ എടുത്തു നോക്കിയാല്‍ 10 കൊല്ലം പിറകിലാണ്. അതിനെ 15 കൊല്ലം മുന്നോട്ടാക്കി എടുക്കാനുള്ള നടപടികളാണ് കെ.സി.എയും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ചെയ്യേണ്ടത്. അതിന് നല്ല പ്രയത്‌നം വേണം.


ദേവാനന്ദ് ഇന്നേവരെ ക്രിക്കറ്റില്‍ നിന്ന് ഒന്നും സമ്പാദിച്ചിട്ടില്ല. ഒരിക്കല്‍ 500 രൂപ കിട്ടി. അത് പിന്നീട് ഒരു അനാഥാലയത്തില്‍ നല്കുകയാണ് ചെയ്തത്. സ്വന്തം ചിലവില്‍ രണ്ട് മാസം മലേഷ്യയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഞാന്‍ തനി കൂലിക്കാരനാണ്. കളിക്കളത്തിലെത്തിയാല്‍ ക്രിക്കറ്ററും.


Next Story

Related Stories