TopTop
Begin typing your search above and press return to search.

മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്?

മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. നാലാമത്തെ ചോദ്യം; മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്? (ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?,കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ? എന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം? എന്നിവയായിരുന്നു മുന്‍ ചോദ്യങ്ങള്‍)

സണ്ണി എം കപിക്കാട്

ദളിത് അക്ടിവിസ്റ്റ്

സവിശേ സമ്പന്ന മധ്യവര്‍ഗ സാന്നിധ്യത്തില്‍ ജീവിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. വിദേശ മലയാളികള്‍, വ്യാപാരികള്‍ തുടങ്ങിയ ലേബലുകളില്‍ അമിതമായി സമ്പത്ത് കൈവശംവയ്ക്കുന്നവര്‍ക്കാണ് ഇവിടെ പ്രഥമസ്ഥാനം. ഇത്തരക്കാരുടെ താത്പര്യങ്ങളാണ് വികസനമെന്ന കാഴ്ചപ്പാടില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. വലിയ കെട്ടിടങ്ങള്‍, മാളുകള്‍, മെട്രോ, വിശാലമായ റോഡുകള്‍ എന്നിവയെല്ലാം ഈ സമ്പന്നമധ്യവര്‍ഗ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്. ഈ മധ്യവര്‍ഗ സ്വഭാവം ചിലപ്പോഴെങ്കിലും പ്രത്യക്ഷമല്ല. രാജ്യത്തെ നിയമങ്ങള്‍ക്കു വിരുദ്ധമായി കോടികള്‍ കൈവശം വച്ചിരിക്കുന്ന ധാരാളം വ്യക്തികളും സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇവര്‍ക്കുവേണ്ടിയാണ് ഇവിടെ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത് അല്ലെങ്കില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്. റോഡുകളും മാളുകളും ഇവരുടെ താത്പര്യങ്ങളാണ്. ഇത്തരം ഗ്രൂപ്പുകളാണ് തെരഞ്ഞെടുപ്പിലെ വികസന അജണ്ടകള്‍ നിശ്ചയിക്കുന്നത്. ഇവര്‍ തന്നെയാണ് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വന്‍തോതില്‍ ഫണ്ടുകള്‍ നല്‍കുന്നത്. രണ്ടു മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നു തിരുവനന്തപുരത്തെത്താന്‍ റോഡു വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. വലിയ തുക നല്‍കി ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയുന്നവര്‍ ഇവിടെയുണ്ട്. ഇത്ര വേഗതയില്‍ എന്തിനു വേണ്ടിയെന്ന ചോദ്യം സാധാരണക്കാരില്‍ നിന്നുപോലും ഉയരുന്നില്ല. ഇത്തരം ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ജാതിമത സ്ഥാപനങ്ങള്‍ മുന്നിലുണ്ട്. പശ്ചിമഘട്ടത്തെ പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നതില്‍ പള്ളിയാണ് മുന്നില്‍ നിന്നത്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതിനു മെത്രാന്മാരാണ് നേതൃത്വം നല്‍കിയത്. വിഭവങ്ങള്‍ കൊള്ളയടിക്കുകയാണിവിടെ. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വിസ്മരിച്ചാണ് ഇവിടെ ഭരണം. ദളിതര്‍ ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ വികസന പരിപ്രേഷ്യത്തില്‍ നിന്നും പുറത്തു നില്‍ക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇടമില്ല. വികസന അജണ്ടയില്‍ നിന്നും ഇവര്‍ പുറത്താണ്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭരണരാഷ്ട്രീയ സംവിധാനങ്ങളുടെ പ്രതികരണം അത് തെളിയിക്കുന്നുണ്ട്. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിലും അഭ്യന്തര മന്ത്രിയുടെ നിലപാടിലും അടിസ്ഥാന ജനവിഭാഗത്തോടുള്ള അവരുടെ മനോഭാവം വ്യക്തമാണ്. പുറമ്പോക്കുകളിലെ മനുഷ്യജീവിതത്തെ ഗൗരവത്തോടെ പരിഹരിക്കാന്‍ ഇവര്‍ ഒരുക്കമല്ല. വികസനമല്ല ഇവിടെ നടക്കുന്നത് വിഭവങ്ങളുടെ കൊള്ളയാണ്.ദളിതര്‍/ ആദിവാസികള്‍/ സ്ത്രീകള്‍ ഇവരെയെല്ലാം അഡ്രസ് ചെയ്യുന്ന രാഷ്ട്രീയദര്‍ശനം ഉയര്‍ന്നു വരേണ്ടതുണ്ട്. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇതിനു കഴിയില്ലെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഇന്ന് ബിജെപിയാണ് കേരളത്തിലെ വിപ്ലവപാര്‍ട്ടിയെന്നത് വൈരുദ്ധ്യമാണ്. ആദിവാസികളുടെയും ദളിതരുടെയും ഭൂമിയുടെ ആവശ്യത്തിനുമേല്‍ ഇവിടെ പ്രകടിപ്പിക്കുന്ന ഐക്യം ബിജെപിക്ക് ഭരണനിയന്ത്രണം ഉള്ളയിടങ്ങളില്‍ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നില്ല എന്നു മനസിലാക്കണം. ജനാധിപത്യത്തിലെ പുതിയ ദര്‍ശനത്തിലൂടെ പ്രകൃതിയും ദുര്‍ബലരും സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് വികസനത്തിനും താഴോട്ടു നോക്കാനാകും.

പി ഇ ഉഷ
മഹിള സമഖ്യ ഡയറക്ടര്‍
സമ്പത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നമുക്കുള്ള തെറ്റിദ്ധാരണയാണ് വികസനത്തിനുമേലുള്ളത്. വിഭവങ്ങള്‍ കൈവശം വയ്ക്കുന്നവനാണ് ഏറ്റവും വലിയ ധനികന്‍ എന്നാണ് ഇവിടെയുള്ള വിശ്വാസം. എല്ലാമുണ്ടാക്കുക എന്നതല്ല. ഉള്ളത് എല്ലാവര്‍ക്കും ഇനിവരുന്ന തലമുറയ്ക്കു വേണ്ടിക്കൂടിയും ഉപയോഗിക്കുക, അല്ലെങ്കില്‍ സംരക്ഷിച്ചുവയ്ക്കുക എന്ന സങ്കല്‍പ്പമാണ് വികസനത്തിനുമേല്‍ നമുക്ക് വേണ്ടത്.

ഒട്ടും പ്രൊഡക്ടീവല്ലാത്തവയ്ക്കു വേണ്ടി പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുകയും വളരെ കുറച്ചുപേരില്‍ മാത്രം ഇതെത്തിച്ചേരുകയും ഈ ഉപയോഗം തന്നെ യഥാര്‍ത്ഥത്തിലുള്ള ഉപയോഗം അല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വികസനമല്ല. കേരളത്തിലെ ഭൂമി മുഴുവന്‍ മാറ്റിയെടുക്കപ്പെടുന്നത് ആര്‍ക്കും ഉപയോഗമില്ലാത്ത കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ്. ഇവയില്‍ നിരവധി വീടുകളുണ്ട്. ഇതൊക്കെ ഡെഡ് ഇന്‍വെസ്റ്റ്‌മെന്റാണ്. വിദേശ മലയാളികളായവരുടെ ഉള്‍പ്പെടെ എത്രയോ വീടുകളാണ് കേരളത്തില്‍ പൂട്ടിക്കിടക്കുന്നത്. എത്രയോ ഫ്ലാറ്റുകള്‍ ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുന്നു. പക്ഷേ ഇതൊക്കെ ഉടമകള്‍ അവരുടെ സമ്പാദ്യമായാണ് കണക്കാക്കി വച്ചിരിക്കുന്നത്. ഈ സമ്പാദ്യം തന്നെയാണ് അവരെ ധനികരായി നിലനിര്‍ത്തുന്നത്. സമൂഹം ഇതാണ് വികസനമായി കാണുന്നതും.

അതേസമയം വലിയ നഷ്ടം സഹിച്ചാണെങ്കിലും നെല്‍വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകന് ഒരു വിലയും കൊടുക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നഷ്ടം സഹിച്ചും ആ കര്‍ഷകന്‍ നെല്‍വയല്‍ സംരക്ഷിക്കുകയാണ്. മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഭക്ഷണപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും അതേസമയം ഭൂമി സംരക്ഷിക്കയും ചെയ്യുന്ന കര്‍ഷകനാണ് പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്‍പ്പിനു വേണ്ടി യത്‌നിക്കുന്നത്. അത് വികസനമാണ്. പക്ഷേ നമ്മള്‍ കാണുന്ന വികസനം നേരത്തെ പറഞ്ഞ വലിയ കെട്ടിടങ്ങളും മാളികകളുമാണ്.

മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനത്തിന് പല നിയമങ്ങളും തടസമാകുമ്പോള്‍ ആ നിയമങ്ങളില്‍ ആവശ്യമായ സുഷിരങ്ങളിട്ട് തങ്ങളുടെ താതപര്യം സംരക്ഷിക്കാനാണ് പ്രബലമായ വിഭാഗം ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം ഉണ്ടാക്കിയപ്പോള്‍ നാം ഏറെ ആശ്വസിച്ചു. എന്നാല്‍ ആര്‍ക്കൊക്കെ അതു ലംഘിക്കണോ അവര്‍ക്ക് ഒരു തടസവും ഉണ്ടാക്കാത്തവിധം ലൂപ്‌ഹോള്‍സ് ആ നിയമത്തില്‍ ചേര്‍ക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറായി. ഇതാണ് ഇവിടുത്തെ 'വികസന തന്ത്രം'.

വനഭൂമി/ ആദിവാസി ഭൂമിയുടെ കാര്യങ്ങളിലെല്ലാം ഇത്തരം ഗൂഡാലോചനകളാണ് ഇവിടെ നടന്നിട്ടുള്ളത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങളുണ്ടാക്കി നമ്മളെ സമാധാനിപ്പിച്ചവര്‍ തന്നെ ആ വിഭവങ്ങള്‍ ചൂഷകരുടെ കൈവശം എത്തിച്ചുകൊടുക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വച്ചിട്ടുണ്ട്.

കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി കാണുമ്പോള്‍ നെല്ലുത്പാദനം കുറയും എന്നതുമാത്രമല്ല നമ്മളെ ചിന്തിപ്പിക്കേണ്ടത്, നെല്ല് ഉണ്ടാക്കുന്നതിനപ്പുറം അതു നമ്മുടെ ജൈവവ്യവസ്ഥയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. കുടിവെള്ളത്തിന്റെ കാര്യമെടുക്കൂ. വികസനത്തിന്റെ പേരില്‍ ഭൂമിയും പുഴകളും നശിപ്പിക്കുമ്പോള്‍ ഇല്ലാതാകുന്നത് കുടിവെള്ളമാണ്. പ്രകൃത്യാലുള്ള ജലസ്രോതസുകള്‍ നമുക്കൊരിക്കലും പുനര്‍നിര്‍മിക്കാന്‍ കഴിയില്ല. കെട്ടിപ്പൊക്കല്‍ വികസനം മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹങ്ങളിലൊന്നാണത്. ഇതേപോലെയാണ് കുന്നുകള്‍ ഇടിച്ചു നിരത്തുന്നത്. ഒരു കുന്നിരിക്കുന്ന പ്രദേശം മുഴുവന്‍ ചൂഷണത്തിനു വിധേയമാക്കുകയാണ്.ഉടനെ ലാഭം കിട്ടുന്ന പദ്ധതികളോടാണ് നമ്മുടെ താത്പര്യം. ആ രീതിയിലൊരു പോളിഷ്ഡ് ഡവലപ്‌മെന്റ് പ്ലാന്‍ തന്നെ നമ്മളുണ്ടാക്കി. ഒരേക്കര്‍ വയല്‍ നികത്തിയാല്‍ പറയും ഞങ്ങളവിടെ അമ്പതാള്‍ക്കു ജോലി കൊടുക്കുമെന്നു. എന്തു ജോലി? പ്രത്യക്ഷത്തില്‍ കേള്‍ക്കുമ്പോള്‍ വലിയ കാര്യമാണെന്നു തോന്നുമെങ്കിലും ഇവര്‍ കൊടുക്കുന്ന ജോലി ഏതു മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും? ഒരു ഹോട്ടല്‍ പണിതാല്‍ അവിടെ കിട്ടുന്ന ജോലി പാത്രം കഴുകുന്നതോ സാധനം എടുത്തു കൊടുക്കുന്നതോ. അതിലുമൊക്കെ എത്രയോ വലിയ സേവനമാണ് ഒരു നെല്‍വയല്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്. പെട്ടെന്നു ഗുണം കിട്ടിന്നതും ആകര്‍ഷകവുമായ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന വികസനങ്ങള്‍ സത്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടുള്ളതാണ്.

പശ്ചിമഘട്ടത്തെ കുറിച്ച് ഏറ്റവും നന്നായി പഠിച്ചിട്ടുള്ളൊരാളാണ് മാധവ് ഗാഡ്ഗില്‍. അദ്ദേഹത്തിന്റെ സമഗ്രമായ റിപ്പോര്‍ട്ടിനെ ഒരു സ്‌പേസ് സയന്റിസ്റ്റിനെ കൊണ്ട് ചെറുതാക്കിച്ചു. അതിന്റെ മുകളില്‍ ഒരു ഉമ്മനെ കൊണ്ടുവന്നുവച്ചു. ഇത്തരത്തില്‍ വാസ്തവങ്ങളെ/സത്യങ്ങളെ ചെറുതാക്കി ഇല്ലാതാക്കുന്ന കള്ളത്തരമാണ് കേരളത്തില്‍ നടക്കുന്നത്. ആ കള്ളത്തരങ്ങളുടെ പുറത്താണ് ഇവിടുത്തെ വികസനം കെട്ടിപ്പൊക്കുന്നത്.

പുരുഷന്‍ ഏലൂര്‍
പരിസ്ഥിതി പ്രവര്‍ത്തകന്‍

സാധാരണക്കാരന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കാതെയുള്ള ഒരു വികസനവും വികസനമാണെന്നു പറയാന്‍ കഴിയില്ല. കേരളത്തിലെ കഴിഞ്ഞ എഴുപതു വര്‍ഷത്തെ ജനാധിപത്യഭരണം ഇപ്പോഴും ഭൂരഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ദളിതനും ആദിവാസിയുമടക്കം നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെടുന്നു. മലമുകളില്‍ താമസിക്കുന്ന ഗോത്രവര്‍ഗക്കാരും ഗിരിവര്‍ഗക്കാരുമടക്കം തീരദേശങ്ങളില്‍ താമസിക്കുന്ന മുക്കുവ വിഭാഗത്തില്‍ പെടുന്ന മത്സ്യബന്ധനം ഉപജീവനമാക്കിയവരുമെല്ലാം വികസനത്തിന്റെ പേരില്‍ തൂത്തെറിയപ്പെടുകയാണ്. വലിയ വികസനം എന്ന പേരില്‍ വരുന്ന വിഴിഞ്ഞമടക്കം ഇതാണു ചെയ്യുന്നത്. ഇവിടെയുള്ളൊരു ആദിമ ജനതയെ ഇല്ലാതാക്കലാണ് ഇന്നത്തെ വികസനത്തിന്റെ പ്രധാന അജണ്ട.

ഇന്നത്തെ വികസനം എന്തുകൊണ്ടുവന്നു എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു കാര്യം. 5,600 കോടി രൂപമുടക്കി സര്‍ക്കാര്‍ ഇവിടെ കൊണ്ടുവന്ന വല്ലാര്‍ പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയിലൂടെ എന്തു വികസനമാണ് നടന്നത്? എത്രപേര്‍ക്ക് തൊഴില്‍ കൊടുത്തു? നഷ്ടമായ ആയിരക്കണക്കിനേക്കര്‍ കൃഷിഭൂമിയുടെയും കായലിന്റെയും പുഴയുടെയും കണക്കുമാത്രമാണ് പറയാനുള്ളത്. മത്സ്യത്തൊഴില്‍ മേഖല വലിയ തിരിച്ചടി നേരിടുകയാണ്. എല്ലാ പഠന റിപ്പോര്‍ട്ടുകളും മത്സ്യലഭ്യതയില്‍ വന്ന വന്‍ കുറവനെ കുറിച്ചു പറയുന്നുണ്ട്. വല്ലാര്‍പാടം അടക്കം തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടു വന്ന പദ്ധതികള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാക്കിയത്. വല്ലാര്‍പാടം പദ്ധതി എങ്ങനെ ദോഷമായി തീര്‍ന്നോ അതു തന്നെയാണ് വിഴിഞ്ഞത്ത് ആവര്‍ത്തിക്കാന്‍ പോകുന്നത്. മെട്രോ റെയില്‍ അടക്കമുള്ള സോ കോള്‍ഡ് വികസനങ്ങളും കൊണ്ടുവരുന്ന സന്ദേശം എന്താണെന്നും പരിശോധിക്കണം. നിര്‍മാണമേഖലയിലുള്ളവര്‍ക്ക് കുറെ നാളത്തേക്ക് ജോലി കിട്ടുന്നുവെന്നല്ലാത സാധാരണക്കാരന്റെ എന്തുപ്രശ്‌നമാണ് ഇല്ലാതാക്കുന്നത്? ഗതാഗതപ്രശ്‌നം ഒഴിവാക്കുമെന്നാണു പറയുന്നതെങ്കിലും അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം.ഏലൂര്‍-ഇടയാര്‍ മേഖലയിലെ വികസനത്തിന്റെ അവസ്ഥകൂടി പറയാം. 282 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളിലെല്ലാം കൂടി ജോലിയെടുക്കുന്നത് ആകെ 8786 പേരാണ്. പരോക്ഷമായി കോണ്‍ട്രാക്ട് മേഖലയില്‍ അയ്യായിരം പേര്‍ക്കു കൂടി ജോലി കൊടുക്കുന്നുണ്ടെന്നു കരുതിയാല്‍ പോലും താഴെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ 22,000 ത്തോളം തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട് എന്നു മനസിലാക്കണം. ഈ രണ്ടു തൊഴിലാളി വിഭാഗങ്ങളും തമ്മിലുള്ള അന്തരം മനസിലാക്കണം. ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ലാതെ യാതൊരു പരിസര മലിനീകരണവും ഇല്ലാതെ ഇത്രയും പേര്‍ ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പണിയെടുക്കുന്നുണ്ട്. അതേസമയം ആയിരക്കണക്കിനു കോടി രൂപമുടക്കിയുള്ള എഫ് എ സി ടി അടക്കമുള്ള വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയെ മുഴുവന്‍ നശിപ്പിക്കുന്നതായി കണ്ടെത്താം. ഇന്നു ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട മേഖലയായി ഏലൂര്‍-ഇടയാര്‍ മേഖല മാറിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഇരുപത്തിനാലാമാത്തെ ഗുരുതരമായ മലിനീകരണ പ്രദേശമാണ് ഏലൂര്‍. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഈ മാലിന്യങ്ങള്‍ ഇവിടെ കിടക്കും. ഏലൂരിലെ ആണവമാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന് ആര്‍ക്കും അറിയില്ല.

സംരഭങ്ങളാണ് വികസനമെന്നു പറയുമ്പോള്‍ എത്ര സംരംഭങ്ങളില്‍ ഉള്ളതില്‍ നിന്നും പുതിയ തൊഴില്‍ ലഭ്യതകള്‍ ഉണ്ടാകുന്നുണ്ടെന്നും നോക്കണം. നമ്മള്‍ ഇതുവരെ പരിഗണിച്ച വികസനങ്ങളെല്ലാം തന്നെ സാധാരണക്കാരന്റെയും ദരിദ്രന്റെയും നട്ടെല്ലൊടിക്കുന്നതായിരുന്നു.കൊച്ചിയില്‍ നൂറുകണക്കിന് കെട്ടിടങ്ങളാണ് പൊങ്ങുന്നത്. ഈ കെട്ടിടങ്ങളുടെ പൊക്കം കണ്ട് അത്ഭുതപ്പെടാമെന്നല്ലാതെ ഇവ എന്താണ് സംസ്ഥാനത്തിനു നേട്ടമുണ്ടാക്കി തന്നിട്ടുള്ളതെന്നോര്‍ത്താല്‍ ഒന്നുമില്ല. ഈ ആകാശഗോപുരങ്ങളെല്ലാം ദുരന്തങ്ങള്‍ സമ്മാനിക്കാനെ സാധ്യതയുള്ളു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇല്ലാത്തവയാണ് പല കെട്ടിടങ്ങളും. ഇതുമൂലം ഇവിടുത്തെ ഖരമാലിന്യങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും സമീപസ്ഥലങ്ങളിലെ പുഴകളിലും പാടങ്ങളിലും തോടുകളിലും കൊണ്ടുവന്നു തള്ളുകയാണ്. കേരളത്തിലെമ്പാടും ഈ കാഴ്ച കാണാം. ഇതു ശുദ്ധജലത്തിന്റെ ലഭ്യത കുറച്ചിരിക്കുകയാണ്. കാരീയിംഗ് കപ്പാസിറ്റി പഠനം നടത്തിയാണോ ഈ കെട്ടിടങ്ങളെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നതു നോക്കിയാലും നിരാശയായിരിക്കും ഫലം. കൊച്ചി പോലൊരു സ്ഥലത്ത് എത്ര ഫ്ലാറ്റുകളാവാം എന്നതുമായി ബന്ധപ്പെട്ട് ഒരു പഠനവും നടത്താതെയാണു കായലും തണ്ണീര്‍ത്തടങ്ങളുമടക്കം നികത്തി ഫ്ലാറ്റുകള്‍ കെട്ടുന്നത്. ഇവയെല്ലാം നഗ്നമായ കൈയ്യേറ്റങ്ങള്‍ നടത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരന് ഒരു കൂരവയ്ക്കാന്‍ നിയമങ്ങളുടെ നൂലാമാലകള്‍ മുറുക്കുന്നവര്‍ കോര്‍പ്പറേറ്ററുകള്‍ക്കു വേണ്ടി എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. കാശുള്ളവന് വികസനത്തിന്റെ പേരില്‍ നിയമങ്ങള്‍ ലംഘിച്ച് എന്തു തോന്ന്യാസവും കാണിക്കാമെന്നാണ് നാം കണ്ടുപോരുന്നത്. അതേസമയം ഇതേ നിയമങ്ങള്‍ തന്നെ സാധാരണക്കാരന് അവന്റെ മൂന്നുസെന്റില്‍ ഒരു കൂരവയ്ക്കാന്‍ തടസമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഇവിടെ നടക്കുന്ന വികസനം സാധാരണക്കാരനെയും പ്രകൃതിയെയും നശിപ്പിക്കാനുള്ള സമ്പന്നന്റെ കീ പാസ് വേര്‍ഡ് ആയി മാറിയിരിക്കുകയാണ്.


Next Story

Related Stories