TopTop
Begin typing your search above and press return to search.

സമയമായില്ല എന്നു ജേക്കബ് തോമസിനോട് പിണറായിക്കു പറയേണ്ടി വന്നിരിക്കുന്നു

സമയമായില്ല എന്നു ജേക്കബ് തോമസിനോട് പിണറായിക്കു പറയേണ്ടി വന്നിരിക്കുന്നു
ഡി ജി പി (ലോ & ഓര്‍ഡര്‍ ) ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് നറുക്കു വീണത് വീണ്ടും ലോക് നാഥ് ബെഹ്‌റയ്ക്ക്. ആകാശം ഇടിഞ്ഞുവീണ മട്ടില്‍ എന്തോ ഒന്നാണിതെന്ന മട്ടില്‍ ചിലരൊക്കെ ഉറഞ്ഞു തുള്ളുന്നു. ചാനലുകള്‍ ഊഹാപോഹങ്ങള്‍ പരതുന്നു. ഒരു പക്ഷെ നാളെ ഇറങ്ങാന്‍ പോകുന്ന ദേശാഭിമാനി പത്രത്തിലെ ഒരു പ്രധാന വാര്‍ത്ത ഇതായിരിക്കുമെന്നു സി പി എം വിരുദ്ധനായ ഒരു സുഹൃത്ത് പറഞ്ഞു വെച്ചത് ഇങ്ങനെയാണ് . ടിയാന്‍ വെറും സിപിഎം വിരുദ്ധനല്ല, സിപി എമ്മിലെ പിണറായി വിരുദ്ധന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. എന്നുവെച്ചു വി എസ് ഭാഗത്താണ് എന്ന് തീര്‍ത്തും പറയാന്‍ ആവില്ല . കറതീര്‍ന്ന കമ്മ്യൂണിസ്‌റ് എന്ന് സ്വയം അഭിമാനിക്കുമ്പോഴും അയാളുടെ പ്രശനം പാര്‍ട്ടി ഭരണത്തിലെത്തുമ്പോള്‍ പൊട്ടിവീഴുന്ന നൂറ്റാണ്ടു പ്രശ്‌നങ്ങളെക്കുറിച്ചും അതിനെ അതിജീവിക്കാനാവാത്ത തന്റെ സ്വന്തം പാര്‍ട്ടിയെക്കുറിച്ചുമാണ്.

അല്ലെങ്കിലും സഖാവ് ദാമു (അത് അയാളുടെ പേരല്ല ) ഇങ്ങിനെയാണ്. താന്‍ കൂടി ചോര ചിന്തി പോറ്റി വളര്‍ത്തിയ ഒരു പാര്‍ട്ടിക്ക് എന്തെങ്കിലും ഏനക്കേട് വരുന്നുവെന്ന് കാണുമ്പോള്‍ അയാള്‍ക്ക് പിരാന്തുകയറും. അങ്ങനെ സംഭവിക്കുന്നതുകൊണ്ടുകൂടിയാവണം ഇന്നലെ രാത്രയിലും അയാള്‍ പാര്‍ട്ടിയിലെ പുത്തന്‍കൂറ്റുകാരെക്കുറിച്ചു ഏറെ ആശങ്കപ്പെട്ടു എന്നെ വിളിച്ചതും ട്രോട്‌സ്‌കിയെക്കുറിച്ചൊക്കെ സംസാരിച്ചതും. കേട്ട് പഴകിയ കഥ പോലെ, അല്ലെങ്കില്‍ ഉള്‍ഭയം ഇത്തിരി ജാസ്തിയായ ഒരാളുടെ ജല്‍പനംപോലെ എവിടെയൊക്കെയോ അത് ഉടക്കി നില്‍ക്കും; ചിലപ്പോള്‍ കൊളുത്തി വലിക്കും.

മോദിയും ട്രംപും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു' രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി' എന്ന മിനിഞ്ഞാന്നത്തെ പ്രയയോഗത്തില്‍ നിന്നും സഖാവിന്റെ ഭീതിയുടെ തോത് ഏതറ്റം വരെ പോകും എന്ന് ഏകദേശ രൂപം കിട്ടിയിരുന്നു. സഖാവ് പറഞ്ഞത് ശരിയല്ലായെന്നല്ല ഈ പറഞ്ഞതിന് അര്‍ഥം. രണ്ടു ഫാസിസിസ്റ്റുകള്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് അയാളെപ്പോലെ ഒരാള്‍ക്ക് പറയാനുള്ളത് പറഞ്ഞു എന്ന് ഈ കുറിമാനക്കാരനും മനസ്സിലാക്കി എന്നുള്ളതും നൂറ്റിഒന്നെങ്കില്‍ അത്രയും ആവര്‍ത്തി ഏറ്റുപറയേണ്ടതുണ്ട്. പക്ഷെ സെന്‍കുമാര്‍-ബെഹ്‌റ പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു .

ആശങ്ക പൂണ്ട, സ്വയം പ്രതിരോധം തീര്‍ക്കാനാവാത്ത ഒരാളെക്കുറിച്ചു ഇങ്ങനെ വിഷണ്ണന്‍ ആവണോ ചോദ്യം കൊണ്ടുചെന്നെത്തിച്ചത് മനുഷ്യരെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പഴയ ഐപിഎസ് ഉദോഗസ്ഥനിലേക്കാണ്. പേര് വേണമെങ്കില്‍ കൊടുത്തോ എന്ന് ധൈര്യം കൂടുന്ന മേല്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് സുഹൃത്തിനെപോലെ ഒരു ബ്ലാങ്കറ്റു പുതപ്പിച്ചു നിര്‍ത്താനാണെക്കിഷ്ടം. ഒറ്റുകാരുടെ സുവിശേഷമല്ലല്ലോ ഇവിടെ ചര്‍ച്ചാവിഷയം; എന്റെ ഐപിഎസ് സുഹൃത്ത് ഒറ്റുകാരനല്ലാത്ത നല്ല ഒരു മനുഷ്യ സ്‌നേഹി എന്ന് പൂര്‍ണ ബോധ്യം ഉള്ളതിനാല്‍. ഏതു തോന്ന്യവാസിക്കും ഇങ്ങനെ ചില സഹൃദങ്ങള്‍ ഉണ്ടാകാം .അപ്പോഴാണ് കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുന്ന പഴയ നാടന്‍ രീതി ശാസ്ത്രം അഥവ വിഷവൈദ്യം ഓര്‍മവന്നത്. എന്നുകരുതി സഖാവ് പിണറായിയെ വിളിച്ചു കാര്യങ്ങള്‍ തിരക്കാം എന്ന് നിര്‍ണയിക്കുന്നത് ശരിയാവില്ലല്ലോ എന്ന് കരുതി ഡയല് ചെയ്തത് കൂട്ടത്തില്‍ അത്യവശ്യം മാന്യന്‍ ആയ ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ. പേര് അദ്ദേഹത്തിന് ബുദ്ധിമുട്ടില്ല എന്ന് പറഞ്ഞെങ്കിലും തിരിഞ്ഞുകൊത്താന്‍ ഇടയുള്ള പോലീസ്സ് സര്‍പ്പങ്ങളെ ആലോചിച്ചും ഈയുള്ളവനും പോലീസ്സ് സേനക്കും ഇടയില്‍ ഉള്ള ഒരു പാലം വെറും ഒരു ഏനാത്തുപാലം പോലെ ആകെണ്ടന്നുകരുതിയും ആ നല്ല മനുഷ്യനെയും തല്‍ക്കാലം ഒളിപ്പിച്ചുവെക്കുന്നു.

എല്ലാവരും ചോദിക്കുന്ന ഒരേ ഒരു ചോദ്യം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത്. മറുപടി കിറു കൃത്യമായിരുന്നു. പോലീസ് സേനയില്‍ ആരെ തലപ്പത്തു നിയമിക്കാനും കേരള സര്‍ക്കാരിന് അനുമതി നല്‍കുന്ന ഒരു നിയമം നിലവില്‍ ഉണ്ട്. കേരള പോലീസ്സ് ആക്ട് സെക്ഷന്‍ 18, 97 അനുസരിച്ചു അത് അങ്ങനെത്തന്നെയാണ്. അതില്‍ സീനിയര്‍ മോസ്റ്റ് ആയ ഉദ്യോഗസ്ഥനെ വെറും കാഴചക്കാരന്‍ ആക്കിനിറുത്താന്‍ പോന്ന വകുപ്പുകകള്‍ ഒക്കെ ഉണ്ട് . ഇതൊക്കെ എഴുതിച്ചേര്‍ത്തു നിയമത്തില്‍ വെള്ളം ചേര്‍ത്തത് മറ്റാരുമല്ല, ദൈവങ്ങളെപോലെ ഇന്നും പലരും കരുതിപ്പോരുന്നു ഐപിഎസ് സിംഹത്താന്മാര്‍ തന്നെ.

എങ്കിലും ഒരു വലിയ ചോദ്യം ബാക്കിനിന്നു. സത്യത്തില്‍ ഒന്നല്ല രണ്ടു ചോദ്യങ്ങള്‍. ഒന്ന,് സീനിയര്‍ മോസ്റ്റ് ആയ ജേക്കബ് തോമസിനെ എന്തുകൊണ്ട് രക്ഷിച്ചെടുത്ത പിണറായി ഒതുക്കി എന്നത് തന്നെ. മറ്റൊന്ന് ടോമിന്‍ തച്ചങ്കരിയുടെ വിളയാട്ടത്തെക്കുറിച്ചും. രണ്ടാമത്തേതിന് ഉത്തരം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ' എവിടെയും ഇടിച്ചു കേറും. എന്തും ചെയ്യും. ശരിയാണ് കൈരളി ചാനല്‍ രൂപീകരണ വേളയില്‍ തുടങ്ങി കേട്ട് മടുത്ത അതേ കാര്യം തന്നെ. പള്ളിയിലെ ക്വയര്‍ (പാട്ടുകച്ചേരി സംഘം) ഉമ്മന്‍ ചാണ്ടി സംഘത്തിന് മാത്രമല്ല കമ്മ്യൂണിസ്‌റുകാര്‍ക്കും ചിലപ്പോള്‍ ഇണങ്ങും.

എങ്കിലും ആദ്യ ചോദ്യം ബാക്കി നില്‍ക്കുന്നു എന്ന് ഒരാവര്‍ത്തികൂടി ചോദിച്ചപ്പോള്‍ എന്റെ ഐപി എസ് സുഹൃത്തിനും പറയേണ്ടി വന്നു; ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറക്കുമെന്ന്. അതേ; ജേക്കബ് തോമസിനെ തലോടിയ അതേ കൈകൊണ്ടു തന്നെ പിണറായിക്കു സമയമായില്ല എന്ന് പറയേണ്ട ഗതികേട് വന്നിരിക്കുന്നു. പ്രശ്‌നങ്ങള്‍ പലതാണ്. ഒന്ന് പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള എതിര്‍പ്പ്. മറ്റൊന്ന് അമിതാവേശം മൂലം സ്വയം വരുത്തിവെച്ച വിന. ഇതില്‍ കോടതി വഹിക്കുന്ന പങ്കിനെയും കുറച്ചു കാണാന്‍ ആവില്ല. അല്ലെങ്കിലും ചക്കിക്കൊത്ത ചങ്കരന്‍ ആവുന്ന നിയമജ്ഞര്‍ നാടുവാഴുന്ന നാട്ടില്‍ ജേക്കബ് തോമസ്സിനെപ്പോലുള്ളവര്‍ക്കു എന്ത് പ്രസക്തി !

എങ്കിലും പ്രശനം അവിടെ തീരുന്നില്ല. ഒരു അന്യ സംസ്ഥാന ഐ പി എസ് സിംഹത്തിനെ വീണ്ടും ചുമതല ഏല്‍പ്പിക്കുമ്പോള്‍ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ തച്ചനെയും ഒതുക്കാം സെന്‍കുമാറിനെപോലെ സുപ്രീം കോടതി തെണ്ടി മറുവിധിയുമായി വന്നു തലപ്പത്തു കയറി ഇരുന്നു കൊഞ്ഞനം കുത്തില്ലായെന്നു ഉറപ്പു വരുത്തുകയും ആവാം എന്നുകൂടി ഉണ്ടാവാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories