TopTop
Begin typing your search above and press return to search.

പച്ച ടിവിഎസ് മോപ്പെഡില്‍ വരുന്ന സൂപ്പര്‍സ്റ്റാര്‍

പച്ച ടിവിഎസ് മോപ്പെഡില്‍ വരുന്ന സൂപ്പര്‍സ്റ്റാര്‍

എന്‍ രവിശങ്കര്‍

പഴയ ടിവിഎസ് മോപ്പെഡില്‍ റോന്തടിച്ച് വേലൈയും കൂലിയുമില്ലാതെ വീട്ടിലെ അപമാനവും നാട്ടിലെ പുച്ഛവും തലയിലേറ്റു വാങ്ങുന്ന കാമുകനോട് കാമുകി പിറന്നാള്‍ സമ്മാനമായി ചോദിക്കുന്നത് ഒരു ഐഫോണ്‍! അവന്‍ കൊടുത്തത് ഗിഫ്റ്റ് റാപ്പറില്‍ പൊതിഞ്ഞ ഒരു ബൈനോക്കുലര്‍. അത് അവന്‍ അവളെ ഒളിഞ്ഞു നോക്കാനായി സ്വയം ഉണ്ടാക്കിയ യന്ത്രമായിരുന്നു. ഒളിഞ്ഞു നോക്കിയ കാര്യം അവളോട് പറഞ്ഞതും അവന്‍ തന്നെ. ഇത്തരം ഒരു നായകന്‍ മലയാള സിനിമയില്‍ അപൂര്‍വമായിരിക്കും. കാരണം, സത്യസന്ധത തീരെയില്ലാത്ത, മറ്റുള്ളവരോട് യാതൊരു പരിഗണനയും വെച്ചുപുലര്‍ത്താത്ത, അഹങ്കാരികളായ, കള്ളന്മാരായ, ഫ്രോഡ് നായകന്മാരെയാണ് ഇവിടുത്തെ സമൂഹം ആവശ്യപ്പെടുന്നതും അംഗീകരിക്കുന്നതും.

പരിപൂര്‍ണമായും ഒരു ധനുഷ് ചിത്രമാണ് 'വേലയില്ലാ പട്ടധാരി' (തൊഴിലില്ലാത്ത ബിരുദധാരി എന്ന് ഇംഗ്ലീഷ്). ധനുഷിന് മാത്രമേ ഈ നായക കഥാപാത്രത്തെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയൂ എന്നും പറയാം. 'ആടുകള'ത്തിലെ കോഴിപ്പോരുകാരന് ശേഷം ധനുഷിന് കിട്ടിയ ഒരു മികച്ച വേഷം കൂടിയാണിത്. ഏതാണ്ട് എല്ലാ ഫ്രെയ്മുകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമെന്ന നിലയില്‍ ധനുഷിന് കലശലായി അധ്വാനിക്കേണ്ടി കൂടി വന്നിട്ടുണ്ട് ഈ ചിത്രത്തില്‍.

ഒരു ചിന്ന സൂപ്പര്‍സ്റ്റാര്‍ എന്ന പരിവേഷമൊക്കെ മാറ്റിവെച്ച് ഒരു മധ്യവര്‍ഗ്ഗ യുവാവിന്റെ ആകാംഷകളും പരിഭ്രമങ്ങളും സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും തന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കാന്‍ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍, ചിത്രത്തില്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. തന്നെ പരിഗണിക്കാതെ ജോലിയുള്ള തമ്പിയെ മാത്രം പരിഗണിക്കുന്ന അപ്പനോട് ധനുഷ് പറയുന്നു: 'പേര് പോലും നിങ്ങള്‍ എന്നെ ചെറുതാക്കാന്‍ വേണ്ടി ഇട്ടതാണ്. തമ്പിക്ക് സ്റ്റാറിന്റെ പേരിട്ടു- കാര്‍ത്തിക്. എനിക്കോ, വില്ലന്റെ പേര്- രഘുവരന്‍.'ഇതയാളുടെ സ്ഥിരം പരാതിയാണ്. എങ്കിലും, എഞ്ചിനീയറിംഗ് ബിരുദധാരിയായ അയാള്‍ മറ്റ് പണിക്കൊന്നും പോകാതെ ബില്‍ഡിംഗ് കെട്ടുന്ന പണി മാത്രം മതിയെന്ന് ശഠിക്കുന്നതിനാലാണ് വേലയില്ലാത്തവനായത് എന്ന് കാമുകി തിരിച്ചറിയുന്നുണ്ട്. അമല പോള്‍ അവതരിപ്പിക്കുന്ന കാമുകി മാത്രമാണ് അവന് ഏക ആശ്വാസവും അവന്‍റെ അഭിമാനം ചോരാതെ സൂക്ഷിക്കുന്ന ഘടകവും.

'വൈ ദിസ് കൊലവെറി' എന്ന ലോകപ്രസിദ്ധ ഗാനത്തിലൂടെ കൈകോര്‍ത്ത അനിരുദ്ധും ധനുഷും 'വാട്ട് എ കരിവാട്' എന്ന ഗാനത്തിലൂടെ ആ ജനപ്രിയത പിടിച്ചു വാങ്ങാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. അത്ര വിജയിച്ചില്ലെങ്കിലും ഗാനനൃത്തരംഗം '3' എന്ന ചിത്രത്തിലേക്കാള്‍ ഗംഭീരമാണ്. പൊതുവേ തന്നെ ഗാനങ്ങല്‍ മികച്ചവയാണ്. നൃത്തരംഗങ്ങളും. ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങള്‍ കൂടി ധനുഷ് ആലപിച്ചിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഷാഹിദ് ആസ്മി: അഭ്രപാളിയില്‍ ഒരു നീതികാവ്യം
സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ചെന്നൈ എക്സ്പ്രസ് : മുംബൈക്കാരുടെ മദ്രാസീവാല
ഞാനും എന്റെ സിനിമയും ഇരയുടെ പക്ഷത്താണ് - ഷൈജു ഖാലിദ്
ജാഫ്ന കാണാത്ത മദ്രാസ് കഫെ


ആരാധകരെ തൃപ്തിപ്പെടുത്താന്‍ ധനുഷിന്റെ സിക്‌സ്-പാക്ക് പ്രദര്‍ശിപ്പിക്കുന്ന ഒരു സംഘട്ടന രംഗവും ചിത്രത്തിലുണ്ട്. ആ മെലിഞ്ഞ ശരീരത്തില്‍ കാണപ്പെടുന്ന മാംസക്കട്ടകള്‍ക്ക് ഒരു ചന്തമൊക്കെ ഉണ്ടുതാനും.

തൊഴിലില്ലാതെ നടന്നവന് അമ്മയുടെ മരണശേഷം അവരുടെ വൃക്കകള്‍ ദാനം കിട്ടിയ ധനികയായ പെണ്‍കുട്ടിയുടെ അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി കിട്ടുന്നതും സത്യസന്ധമായി കെട്ടിടം പണികള്‍ പൂര്‍ത്തിയാക്കാന്‍ തുനിയുന്ന അയാളെ ദ്രോഹിക്കാനായി ഒരു എതിര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരന്‍ നടത്തുന്ന ഉപജാപങ്ങളുമൊക്കെയാണ് രണ്ടാം പകുതിയില്‍. സോഷ്യല്‍ മീഡിയയാണ് അയാളെ സഹായിക്കാനെത്തുന്നത് എന്നതില്‍ ഫേസ്ബുക്ക് ചങ്ങാതികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. അങ്ങിനെ, മുല്ല വിപ്ലവത്തിന്റെ ഒരു തീപ്പൊരിയാണ് ചിത്രത്തില്‍ നന്മയുടെ പടക്കം പൊട്ടിക്കാനായി ഉപയോഗിക്കപ്പെടുന്നത്.എഴുത്തും സംവിധാനവും കൈകാര്യം ചെയ്ത വേല്‍രാജിന്, താന്‍ കൈകാര്യം ചെയ്യുന്ന പരിസരത്തെപ്പറ്റി നല്ല ബോധ്യമുണ്ട്. ഒരു പുതുസംവിധായകന്റെ അങ്കലാപ്പുകളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. ധനുഷിന് വേണ്ടി എഴുതപ്പെട്ട ഒരു തിരക്കഥ ധനുഷിന്റെ ഭാവചലനങ്ങളിലൂടെ എത്ര സൂക്ഷ്മമായി തിരശ്ശിലയിലേക്ക് പകര്‍ത്താമെന്ന് വേല്‍രാജ് കാണിച്ചു തരുന്നുണ്ട്. ചിത്രം അവസാനിപ്പിക്കുന്നതിലും ധനുഷിന് കാമുകിയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിലും ഇടര്‍ച്ചകള്‍ പറ്റുന്നുണ്ടെങ്കിലും ഈ ശ്രമം അഭിനന്ദിക്കപ്പെടേണ്ടതാണ്. തന്നോടൊപ്പം ആടുകളത്തില്‍ ചായാഗ്രാഹകന്‍ ആയിരുന്ന വേല്‍രാജിനെ ധനുഷാണ് സ്വന്തമായി ഒരു പടമെടുക്കാന്‍ പ്രേരിപ്പിച്ചത്. താന്‍ തന്നെ നായകന്‍ ആകാമെന്നും ഏറ്റിരുന്നു. പിന്നീട് ധനുഷ് ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയായി. വേര്‍രാജ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.

സ്വാമി, കോയില്‍, ഊര്, പോലീസ്, ഗണ്ണ് തുടങ്ങിയ പതിവ് തമിഴ് ഉരുപ്പടികളില്‍ നിന്നൊഴിഞ്ഞുമാറി തികച്ചും നഗരത്തിന്റേയും മധ്യവര്‍ഗ്ഗത്തിന്റേയും കഥപറയുന്നു 'വേലയില്ലാ പട്ടധാരി.' ആ പേരില്‍ തന്നെ ഒരഹന്തയുണ്ട്- വേലയില്ലെന്ന് പറയുന്നതിന്റേയും പട്ടം കിട്ടയതിന്റേയും. 'ഗള്‍ഫ്' എന്നൊരു വാക്കില്ലാതെ തൊഴിലില്ലാത്തവന്റെ ഒരു മലയാള പടം സങ്കല്‍പിക്കാന്‍ വയ്യ. ഇവിടെയോ, ടിവിഎസ് മോപ്പെഡിലാണ് അവന്റെ യാത്ര. അതൊന്നു സ്റ്റാര്‍ട്ട് ചെയ്തു കിട്ടാന്‍ അതിന്റെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു കിടക്കുന്ന സൂപ്പര്‍സ്റ്റാറും നമുക്ക് അന്യം.


Next Story

Related Stories