TopTop
Begin typing your search above and press return to search.

യാത്രികരും ബുദ്ധ ഭിക്ഷുവും: ധര്‍മ്മശാല- അനുഭവങ്ങളുടെ ഒരു യാത്ര

യാത്രികരും ബുദ്ധ ഭിക്ഷുവും: ധര്‍മ്മശാല- അനുഭവങ്ങളുടെ ഒരു യാത്ര

മക്-ലിയോഡ് ഗഞ്ച് കയറിയ ബസ്‌ കുലുങ്ങിക്കുലുങ്ങി നില്ക്കുമ്പോള്‍ എഴുതാന്‍ പോകുന്ന ഈ അനുഭവം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. അനുഭവങ്ങള്‍ ഹൃദയത്തെ തട്ടുമ്പോള്‍ എഴുതുന്നതിലാണ്‌ കാര്യം. കാരണം അനുഭവങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഒരു ഫാക്ടറിയല്ല ഓരോ യാത്രകളും.

1959 ല്‍ ഇപ്പോഴത്തെ ദലൈലാമ ആസ്സാമിലെ തേസ്പുര്‍ വഴി ചൈനയുടെ കണ്ണു വെട്ടിച്ചു എത്തിയ ഹിമാചലിലെ ധര്‍മ്മശാല എന്ന ടിബറ്റന്‍ പ്രവാസ ഗവന്മെന്റിന്‍റെ ഇരിപ്പടം കാണാനും ഘടനയും ചരിത്രവും പഠിക്കാനുമായിരുന്നു യാത്ര. അഥവാ ദൌലാധാര്‍ നിരകള്‍ക്ക് താഴെ പരന്നുകിടക്കുന്ന 'ലിറ്റില്‍ ലാസ' എന്നറിയപ്പെടുന്ന പതിനായിരത്തിലധികം പേര്‍ അധിവസിക്കുന്ന ധര്‍മ്മശാല കാണാന്‍.

അവലോകിതേശ്വര്‍ എന്ന ബോധിസത്വനെക്കുറിച്ചോര്‍ത്തു തിബത്തന്‍ അമ്പലം ചുറ്റി വന്നിട്ട് മരചുവട്ടില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ തൊട്ടടുത്ത്‌ ഒരു ബുദ്ധഭിക്ഷു ഇരിക്കുന്നു. അദ്ദേഹം ഒരു മാല കൈയിലിട്ടു കൊന്ത ചൊല്ലും കണക്കെ ഏതോ മന്ത്രം ജപിക്കുകയായിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ മന്ത്രം ചൊല്ലല്‍ നിലച്ചു. ഞങ്ങള്‍ ടിബറ്റന്‍ ചരിത്രം അയവിറക്കുമ്പോള്‍ സുഹൃത്ത്‌ പറഞ്ഞു.

"...അന്ന് അഞ്ച് വയസ്സില്‍ അപ്രത്യക്ഷനായ പാഞ്ചന്‍ ലാമയെ ഇതേവരെയാരും കണ്ടിട്ടില്ല. എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല."

"ഞാനൊന്ന്‍ തിരുത്തിക്കോട്ടെ ?" അടുത്തിരുന്ന ബുദ്ധഭിക്ഷു ചോദിച്ചു.

ഞാന്‍ തിരിഞ്ഞു ഇടയ്ക്കു കയറിയ ബുദ്ധഭിക്ഷുവിന്‍റെ മുഖത്തേക്ക് നോക്കി.

"അഞ്ചാം വയസിലല്ല അത് നടന്നത്. ആറാം വയസിലാണ്‌. ആരാണ് അതിന് പിന്നിലെന്നും ടിബറ്റന്‍ ജനതയ്ക്ക് അറിയാം."

എനിക്കേത് തിബത്തന്‍ ബുദ്ധഭിക്ഷുവിനെ കണ്ടാലും ദലൈലാമയുടെ മുഖച്ഛായ തോന്നും.

ഞാന്‍ ചിരിച്ചു. അദ്ദേഹവും ഒരു വിടര്‍ന്ന ചിരി ചിരിച്ചു കൊണ്ട് അമ്പലത്തിന് ചുറ്റുമുള്ള മണികള്‍ ചൂണ്ടിക്കാട്ടി ഹിന്ദിയില്‍ ചോദിച്ചു.

"ആ മണികള്‍ ഉരുട്ടിയോ ?" ഉരുട്ടിയില്ലെന്ന് ഞങ്ങള്‍ തല വെട്ടിച്ചു.

"ഓം മണി പദ്മേ ഹും എന്ന് പറഞ്ഞാവണം കറക്കേണ്ടത്. ഒന്നും വിടരുത്."

"എന്താണതിന്റെ അര്‍ഥം? എന്തിനാണ് ഇത് ചെയ്യുന്നത് ?"

"താമരയിലെ രത്നമെന്നര്‍ത്ഥം. ഇത് രത്നാക്ഷരങ്ങളില്‍ അതിന്‍റെ പുറത്തു കൊത്തിവെച്ചിരിക്കും. മുന്നോട്ട് കറക്കണം പിന്നോട്ട് തിരിഞ്ഞു കറക്കരുത്. അതിനകത്ത് മന്ത്രങ്ങള്‍ എഴുതിയ ആയിരക്കണക്കിന് ഓലച്ചുരുളുകളും ചെമ്പുതകിടുകളുമുണ്ട്. ഒരു തവണ നിങ്ങളിത് കറക്കുമ്പോള്‍ നിങ്ങള്‍ക്ക് ആ മന്ത്രങ്ങള്‍ ജപിച്ച ഫലം ഉണ്ടാവുമെന്നാണ് വിശ്വാസം.ഭാഷ അതിരുകള്‍ ഭേദിച്ച് അലയാന്‍ തുടങ്ങി. പതുക്കെ അദ്ദേഹം സംസാരം ഇടമുറിയാത്ത ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷിലേക്ക് മാറ്റി.

കണ്ടുമുട്ടുന്നവരുടെ കഥ കേള്‍ക്കാന്‍ കൊതിയുള്ള ഞാന്‍ ലാങ്ങ്പസോയുടെ ഗ്രാമത്തിന്‍റെ കഥ കേട്ടു. അഥവാ ടിബറ്റിലെ കൊച്ചു ഗ്രാമമായ കൈനസിയാംഗിന്‍റെ കഥ. ലാങ്ങ്പസോ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും പഠിച്ചിറങ്ങി നില്കുന്ന കാലം. ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം വിദേശത്തു പോയി ജോലി ചെയ്യണം.

തിബത്തന്‍ സ്വാതന്ത്ര്യത്തിനായി ആത്മാഹുതി നടത്തുന്ന നൂറുക്കണക്കിന് തിബത്തന്‍ യുവാക്കളുടെ കഥകള്‍ ലാങ്ങ്പസോയുടെ ഉറക്കം കെടുത്തിയിരുന്നു അക്കാലത്ത്. അതുകൊണ്ട് തന്നെ ജോലി ചെയ്തു കുറേ പണമുണ്ടാക്കിയ ശേഷം കുറേക്കാലം കഴിഞ്ഞ് തിബത്തന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കാനായിരുന്നു ലാങ്ങ്പസോയുടെ തീരുമാനം.

പക്ഷേ പുറത്തു പോയി പഠിക്കാന്‍ കൊതിച്ച 1989 ല്‍ ലാങ്ങ്പസോയെ കൈനസിയാംഗ് ഗ്രാമത്തിന്‍റെ അധിപനായി നിയമിച്ചു. ഗ്രാമവാസികള്‍ക്ക് സന്തോഷമായെങ്കിലും ലാങ്ങ്പസോ മടിച്ചുമടിച്ച് അധികാരം ഏറ്റെടുത്തു. കയറി ഒരു മാസം കഴിഞ്ഞപ്പോഴേക്കും മിടുക്കനായ യുവരക്തം ഗ്രാമത്തെ ഉടച്ചു വാര്‍ത്തു. കാരണം ലാങ്ങ്പസോയുടെ ഭാഷയില്‍ ശുക്രദശയുടെ അവസാനദശയിലായിരുന്നു അപ്പോള്‍ താന്‍.

താന്‍ പഠിച്ച പാശ്ചാത്യനിയമങ്ങള്‍ അവലംബിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. വിദ്യാഭാസം, ആരോഗ്യം, സാക്ഷരത, കുടിവെള്ളം, കൃഷി, ജലസേചനം എന്നിവയിലെല്ലാം പ്ലാനുകള്‍ തയ്യാറാക്കി വെച്ച് നടപ്പിലാക്കാനുള്ള അക്ഷമമായ കാത്തിരിപ്പ്.

പക്ഷേ വിധി വീണ്ടും വിരുന്ന് വന്നു. ശുക്രന്‍റെ ഉദിച്ചുയരലിനു ശേഷം ആദിത്യദശ. അധികാരം മറ്റൊരാളെ ഏല്പിച്ചു പലായനം. കാരണം ആദിത്യദശക്കാര്‍ സൂര്യനെ പോലെ അലയുമത്രേ; ഗ്രഹങ്ങളെ പോലെ ചുറ്റിക്കറങ്ങും.

അന്ന് തുടങ്ങിയ പര്യടനമാണ്. കണ്ട സ്ഥലങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അതിനിടയില്‍ രാഹുവും കേതുവും മാറി വന്നു. ഇനി വ്യാഴമാണ്. അഥവാ രാജയോഗം. അധികാരം ഏറ്റെടുക്കാനുള്ള വിളി വന്നു. ഗ്രാമത്തിലേക്ക് തിരിച്ച് പോകുന്നതിന് മുന്‍പ് ധര്‍മശാലയിലെ അവലോകിതേശ്വനെ കണ്ട് തൊഴാന്‍ വന്നതാണ്."ഇതൊക്കെ താങ്കള്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടല്ലേ? അതിനെന്തിനാ വിധിയെയും ദശയേയും കുറ്റം പറയുന്നേ?", എനിക്ക് ചോദിക്കാതിരിക്കാനായില്ല.

"ഞാന്‍ കഴിഞ്ഞ 24 വര്‍ഷമായി അലയുകയായിരുന്നു. ഒരു പക്ഷേ നിങ്ങളും സ്വയം അലയുമ്പോള്‍ മാത്രമേ ഇത് വിശ്വസിക്കുള്ളൂ. ഗാലറിയില്‍ ഇരുന്നു കളി കണ്ടിട്ട് വാര്‍ത്ത എഴുതിയയാളല്ല ഞാന്‍. ഒട്ടേറെ ഏറു കൊണ്ടിട്ടുള്ള ബാറ്റ്സ്മാനാണ് ഇപ്പറയുന്നത്."

ഒരു പക്ഷേ നാളെ തിബത്തന്‍ രാഷ്ട്രം നിലവില്‍ വരുമ്പോള്‍ അതിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആയിരിക്കും ലാങ്ങ്പസോ. അതിന് തക്ക ബിരുദങ്ങളുണ്ട്. 3 ഡോക്ടറേറ്റുണ്ട്. 4 സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. കണ്ടാലൊരു ഗ്ലാമര്‍ ഇല്ലെന്നേയുള്ളൂ.

"ഞങ്ങളുടെ ഇന്ത്യ നിങ്ങള്‍ ബുദ്ധഭിക്ഷുക്കളെ സ്വീകരിച്ച ആ മതസഹിഷ്ണുതയുടെ പേരിലാവുമോ നാളെ അങ്ങയുടെ ചരിത്രത്തില്‍ ഇന്ത്യ ഇടം നേടുക?" എന്‍റെ കൂടെയുണ്ടായിരുന്ന പ്രൊബേഷണര്‍ ചോദിച്ചു.

"അല്ല.ബംഗാളിഗലികളില്‍ റിക്ഷ വലിക്കുന്ന അബ്ബാസും ബനാറസില്‍ ഗംഗാതീരത്ത് ആരതി യൊഴുക്കുന്ന ദേവീന്ദറും ഡല്‍ഹൌസിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ മുയല്‍ക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സാമുവേലച്ചനും സുവര്‍ണ്ണക്ഷേത്രത്തില്‍ ടര്‍ബൈനുമായി കയറുന്ന ജോഗീന്ദര്‍പാലും ഒരൊറ്റ ആത്മീയതയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് എന്നും ഇന്ത്യയുടെ ശക്തി. അത് എന്നെ വീണ്ടും വീണ്ടും കഴിഞ്ഞ 24 വര്‍ഷമായി ഇന്ത്യ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു."പിരിയാന്‍ നേരം ഞാന്‍ ചോദിച്ചു.

"സാര്‍, സൂര്യന്‍റെയും ഗ്രഹങ്ങളുടേയും നില്‍പ്പില്‍, ദശകളില്‍, ഭാഗ്യങ്ങളില്‍ നോക്കിയിരിക്കുന്നവര്‍ സ്വന്തം കഴിവിനെ അവിശ്വസിക്കുകയല്ലേ ചെയ്യുന്നത് ?"

"ഇവയൊക്കെ സര്‍വ്വേക്കല്ലുകളാണ്. നിങ്ങള്‍ അളന്നു നിര്‍ത്തുന്നിടം വരെ ജീവിതം കുതിച്ചു പാഞ്ഞു കൊണ്ടേയിരിക്കണം. ഈ സര്‍വേക്കല്ലുകള്‍ നോക്കി അളവുകള്‍ കുറിച്ചു വെയ്ക്കാന്‍ പ്രകൃതിയ്ക്കുള്ള ഉപകരണങ്ങളാണ് ഗ്രഹങ്ങളും സൂര്യനും ദശകളും. അല്ലാതെ അവ വെറും തലവരകളല്ല. പക്ഷേ ഒന്നുണ്ട്. നിങ്ങള്‍ സകലഊര്‍ജ്ജവും ഒരു സ്ഥലത്തേക്ക് സംഭരിച്ച് അതിനായി മാത്രം നില്‍കുകയാണെങ്കില്‍ എത്ര അലഞ്ഞാലും തിരിഞ്ഞാലും അത് നിങ്ങളുടെ അടുത്തേക്ക് വരും. കൂട്ടത്തില്‍ ഒന്ന് പറഞ്ഞോട്ടെ, ഞാന്‍ സാറല്ല. വെറുമൊരു ബുദ്ധഭിക്ഷു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി. ഇനിയും എത്രയോ അറിയാന്‍ കടലു പോലെ കിടക്കുന്നു."

എനിക്കും ഇപ്പോള്‍ ആത്മാര്‍ത്ഥതയില്ലാത്ത ഓരോ 'സാര്‍ വിളി'കളും മുഷിപ്പനായി തോന്നിത്തുടങ്ങിയിരിക്കുന്നു.

പഞ്ച് ലൈന്‍ : ഒരു അമ്മച്ചി പറഞ്ഞ അനുഭവം
അമ്മച്ചിക്ക് വാര്‍ധക്യകാലപെന്‍ഷന്‍ കൊടുക്കാന്‍ പലപ്പോഴും പോസ്റ്റ്‌മാന് മടി.
പെന്‍ഷന്‍ പല തവണയും നേരത്തും കാലത്തും കൊടുക്കില്ല.
ഒടുവില്‍ കാരണം തിരക്കിയപ്പോള്‍ പോസ്റ്റ്മാന്‍ മറ്റൊരാളോട് പറഞ്ഞത്രേ “അവരെന്നെ ദാമോദരാ എന്നാ വിളിക്കുന്നേ”.

സാര്‍ എന്ന് വിളിക്കാത്തതിന്‍റെ പേരിലുള്ള ഈഗോ. അമ്മച്ചി കണ്ട കാലം മുതലേ പോസ്റ്റ്മാന്‍ സാറല്ല ; ദാമോദരനാണ്.

ഒരു പോസ്റ്റ്‌മാന്‍ പോലും സാധാരണക്കാരനാല്‍ സാര്‍ എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


Next Story

Related Stories