TopTop
Begin typing your search above and press return to search.

ദീപന്‍; ഹിംസയുടെ കാലത്ത് അഭയാര്‍ത്ഥികളുടെ വ്യാജ ജീവിതം

ദീപന്‍; ഹിംസയുടെ കാലത്ത് അഭയാര്‍ത്ഥികളുടെ വ്യാജ ജീവിതം

മണമ്പൂര്‍ സുരേഷ്

ശ്രീലങ്കയില്‍ നിന്നും, മരിച്ചു പോയ ഒരാളുടെ പാസ്പോര്‍ട്ടില്‍ അഭയാര്‍ഥികളായി പാരീസില്‍ എത്തുന്ന മൂന്നു പേരുടെ കഥയാണ്‌ 'ദീപന്‍' പറയുന്നത്. പരസ്പര ബന്ധമില്ലാത്ത ദീപനും യാലിനിയും ഇളയാള്‍ എന്ന പെണ്‍കുട്ടിയോടൊപ്പം അഭയാര്ത്ഥികള്‍ എന്ന നിലയില്‍ ഒരു കുടുംബമെന്ന വ്യാജേന ഫ്രാന്‍സിലേക്ക് പോകുകയാണ്. കാന്‍‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ വര്‍ഷം പാം ഡിഓര്‍ നേടിയ ദീപന്‍ (Dheepan) ഇപ്പോള്‍ അന്തര്‍ദേശീയമായി തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

അന്യമായ ഒരു സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന "അഭയാര്‍ത്ഥികള്‍" എന്ന് പേരുള്ള ഈ മനുഷ്യരുടെ വരിഞ്ഞു മുറുക്കുന്ന കഥ പറയുകയാണ് ഒരു ത്രില്ലറിന്റെ ജോനരില്‍ ഫ്രഞ്ച് സംവിധായകന്‍ ജാക്വിസ് ഔദിയാര്‍ദ്. ഇതൊരു ഫ്രഞ്ചു ചിത്രമാണെങ്കിലും ഇതിലെ സംഭാഷണങ്ങള്‍ ഒട്ടുമിക്ക ഭാഗവും തമിഴില്‍ തന്നെ.

യാതൊരു പരിചയവും ഇല്ലാത്ത ചുറ്റുപാടില്‍ അറിയാത്തൊരു ഭാഷയും അന്യമായ സംസ്കാരവും ഉള്ള ജനങ്ങളുടെ നടുവിലേക്ക് വലിച്ചെറിയപ്പെടുന്ന മൂന്നു മനുഷ്യ ജീവികളുടെ കഥ. പ്രശ്നങ്ങള്‍ കത്തിമുനയിലൂടെയും തോക്കിന്‍ കുഴലിലൂടെയും മാത്രം പരിഹരിക്കപ്പെടുന്ന സമൂഹത്തിലെ താഴെ തട്ടിലെ, ലാവ പോലെ തിളച്ചു മറിയുന്ന, ഒരു പറ്റം ആളുകളുടെ ഒത്ത നടുവിലേക്ക് അവര്‍ എത്തിപ്പെടുന്നു. യൂറോപ്പ് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന രീതി ഇവിടെ ദര്‍ശിക്കാം!!

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മൂന്നു പേര്‍ അച്ഛനും അമ്മയും മകളും ആണെന്ന കുടിയേറ്റ സൗകര്യത്തിനായി ഒരുക്കിയ നാടകം ജീവിതത്തിലേക്ക് പകര്‍ന്നാടുകയാണ്. ഇവിടെ നാടകം ജീവിതവുമായി കെട്ടിപ്പിരിയുന്നു. സ്കൂള്‍ ഗേറ്റില്‍ വച്ചു മറ്റു കുട്ടികളെപ്പോലെ തന്നെയും ഉമ്മ വച്ച് യാത്ര ആക്കണം എന്ന സ്നേഹത്തിന്റെ യാചന നടത്തുകയാണ് ആ 'വ്യാജ' മകള്‍. ഈ ചിത്രത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായി ഇതു മാറുന്നു.

സ്കൂളില്‍ മറ്റുള്ളവരെല്ലാം കളിക്കുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടിയുടെ വേദനയും പ്രതികരണവും എല്ലാം ഇന്നും എന്നും ഒരു പുതിയ കുടിയേറ്റക്കാരന്‍/കാരി യൂറോപ്പില്‍ അനുഭവിക്കുന്നത് തന്നെ. യൂറോപ്പില്‍ അഭയാര്ത്ഥി കുടിയേറ്റ വിഷയം കത്തി നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ഒരു ഫ്രഞ്ചു സംവിധായകന്റെ ചലച്ചിത്ര ആവിഷ്കാരത്തിന് ഏറെ പ്രസക്തിയുണ്ട്.സംവിധായകന്‍ ഈ ചിത്രത്തിന്റെ ആഖ്യാനരീതി ത്രില്ലറിന്റെ ജോനരിലേക്ക് മാറ്റുമ്പോള്‍ യാലിനി തന്റെ ജോലിയുടെ ഭാഗമായി പരിചരിക്കുന്ന വൃദ്ധന്റെ വീട്ടിലെ സ്വീകരണ മുറി ആ ഏരിയയിലെ ഗ്യാങ്ങുകളുടെ താവളം ആയി തീരുന്നു. അവസാനം സ്വീകരണ മുറിയില്‍ തന്നെ ദുരന്തം പതിയിരിക്കുന്നു. കാണിയെ തന്റെ കസേരയുടെ അരികില്‍ അമര്‍ത്തിപ്പിടിച്ച് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ് 'ദീപന്‍'.

ഒരു ലക്ഷം പേര്‍ കൊല്ലപ്പെട്ട് 1983 മുതല്‍ കാല്‍ നൂറ്റാണ്ടിലധികം നീണ്ടു നിന്ന ശ്രീലങ്കയിലെ തമിഴ് പോരാട്ടവും അതിനേക്കാളുപരി യൂറോപ്പിലെ ഇന്നത്തെ അഭയാര്ത്ഥി പ്രശ്നവും മുന്നോട്ടു വയ്ക്കുന്ന ചിത്രമാണ് 'ദീപന്‍'. അഭികാമ്യമായ ഒരു പരിഹാരത്തിന് വേണ്ടി കേഴുന്ന വിഷയങ്ങളായി ഇത് രണ്ടും മനുഷ്യ മനസ്സാക്ഷിക്കു മുന്നിലുണ്ട്.

ഇവിടെ ഈ ചിത്രത്തില്‍ 'ദീപന്‍' ആയി അഭിനയിക്കുന്ന മുന്‍ തമിഴ് പുലിയും ഇപ്പോള്‍ നോവലിസ്റ്റും ആയ ആന്‍റണിദാസന്‍ ജെസുദാസന്‍ ഒരു ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ചോദ്യത്തിനു മറു ചോദ്യം ചോദിച്ചു കൊണ്ട് തന്റെ രാഷ്ട്രീയം വരച്ചിടുന്നുണ്ട്.

നിങ്ങള്‍ എന്നാണു അക്രമത്തിനു എതിരായി തിരിഞ്ഞത്? എന്നായിരുന്നു പത്ര പ്രതിനിധിയുടെ ചോദ്യം. “നിങ്ങള്‍ ബ്രിട്ടനില്‍ നിന്നും വരിക ആണ് അല്ലേ? നിങ്ങളുടെ രാജ്യം ശ്രീലങ്കയെ സഹായിച്ചു. നിങ്ങള്‍ ഒരു പക്ഷെ അക്രമമില്ലാത്ത സ്ഥലത്ത് നിന്നായിരിക്കാം വരുന്നത്. പക്ഷെ നിങ്ങളുടെ .ഗവണ്‍മെന്റ് അക്രമകാരി ആണ്.” അടുത്തതായി അയാള്‍ പറഞ്ഞത് ബ്രിട്ടന്‍ നേരിട്ടും അല്ലാതെയും ആക്രമിച്ചു നാശത്തിന്റെ വക്കില്‍ എത്തിച്ച രാജ്യങ്ങളെക്കുറിച്ചായിരുന്നു. “ഇറാക്ക് , സിറിയ. അക്രമം ഇല്ലാത്ത ഒരു സ്ഥലവും ഇല്ല. ... ശ്രീലങ്കയിലെ യഥാര്‍ത്ഥ ജീവിതം എനിക്കറിയില്ല. യുദ്ധം മാത്രം. എല്ലാറ്റിനും രൂപം കൊടുത്തത് അതാണ്‌. ഞാനിപ്പോഴും യുദ്ധത്തിലാണ്. എപ്പോഴും അങ്ങനെ ആയിരിക്കും.”

ശ്രീലങ്കന്‍ പുലികള്‍ സ്വീകരിച്ച പാത ശരി ആണോ അല്ലയോ എന്നത് മറ്റൊരു വിഷയം. പക്ഷെ അവര്‍ എന്തിനു വേണ്ടിയാണോ പോരാടിയത് ആ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു എന്നതാണ് ഇന്നത്തെ ദുരന്തം.ചിത്രത്തില്‍ ദീപനെ വീണ്ടുവിചാരം ഇല്ലാതെ അക്രമത്തിലേക്ക് നയിക്കുന്ന, യുദ്ധാനന്തര കാലത്തെ മാനസിക സംഘര്‍ഷങ്ങളുടെ ഒരു പ്രമേയ തലവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

യാലിനി ആയി അഭിനയിച്ച ഇന്ത്യയില്‍ നിന്നുള്ള നടി കാളീശ്വരി ശ്രീനിവാസന്‍, ദീപന്റെ വേഷമിട്ട ആന്‍റണിദാസന്‍ ജെശുദാസന്‍ കൊച്ചു പെണ്‍കുട്ടി ആയി വന്ന ക്ലോദീന്‍ വിനസി തമ്പി, പിന്നെ വിന്‍സെന്റ് റൊട്ടിയെഴ്സ് തുടങ്ങിയ ഫ്രഞ്ച് അഭിനേതാക്കള്‍ എല്ലാം തന്മയത്വത്തോടു കൂടി അഭിനയിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെപ്പോലെ ആന്‍റണിദാസന്‍ ജെശുദാസന്‍ അഭയാര്‍ത്ഥികളുടെ പദവി കിട്ടാന്‍ വേണ്ടി 20 വര്ഷം മുന്‍പ്, ഉദ്യോഗസ്ഥന്മാര്‍ വിശ്വസിക്കുന്ന കള്ളത്തരം പറഞ്ഞു പാരീസില്‍ എത്തിയ ആളാണ്.

അഭയാര്‍ത്ഥികളുടെ പ്രശ്നം വളരെ കാലിക പ്രസക്തിയുള്ള ഇന്ന് 'ദീപന്‍' ശ്രദ്ധേയമാകുന്നു, ഒപ്പം ഹൃദ്യമായ ഒരു ചലച്ചിത്ര അനുഭവവും.

(കേരള കൌമുദിയുടെ ലണ്ടന്‍ കറസ്പോണ്ടന്‍റ് ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories