UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം; മുന്നൊരുക്കമില്ലാത്ത ഒരു വിധി

Avatar

അഴിമുഖം പ്രതിനിധി

അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഫ് (ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയര്‍നെസ് ഫോറം) സെക്രട്ടറി അഡ്വ. കീര്‍ത്തി സോളമന്‍ നല്കിയ ഹര്‍ജിയിന്മേല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്ന് കേരളത്തിലാകെ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരപരിധിയില്‍ ഉപയോഗിക്കരുത് എന്നുള്ള വിധി വ്യക്തമായ കണക്കുകൂട്ടല്‍ ഇല്ലാത്ത ഒരു എടുത്തുചാട്ടം മാത്രമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതുഗതാഗതത്തിനുപയോഗിക്കുന്നതും സര്‍ക്കാരിന്റെതും ഒഴികെ 2000 സിസിയ്ക്ക് മുകളില്‍ ഉള്ള വാഹനങ്ങള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ നല്‍കേണ്ടതില്ല എന്നും ട്രിബ്യൂണല്‍ ഉത്തരവിറക്കിയിട്ടുണ്ട്. വിധി ലംഘിക്കുന്നവരില്‍ നിന്നും 5000 രൂപ പിഴയാണ് ഈടാക്കുക. വിധി നടപ്പിലാക്കാന്‍ 30 ദിവസത്തെ കാലാവധിയാണ് സര്‍ക്കാരിനു ട്രിബ്യൂണല്‍ നല്‍കിയിരിക്കുന്നത്.

ഹരിത ട്രൈബ്യൂണലിന്റെ ഈ ഉത്തരവിനെതിരെ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയും രംഗത്തെത്തിയിരുന്നു. 2000 സിസിക്ക് മുകളിലുളള പത്തു വര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന കോടതി ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വിധി പറയുന്നതിന് മുമ്പ് ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ഗതാഗത വകുപ്പിന്റെ വാദം കേട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വ്യക്തമായ പഠനം പോലും നടത്താതെയാണ് സര്‍ക്യൂട്ട് ബെഞ്ച് ആദ്യ സിറ്റിങ്ങില്‍ തന്നെ ഈ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ വിഷയത്തെക്കുറിച്ച് പ്രമുഖര്‍ പ്രതികരിക്കുന്നു.

വി എസ് വിജയന്‍
പരിസ്ഥിതി പ്രവര്‍ത്തകന്‍ 
മുന്‍ ചെയര്‍മാന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്

വിധി നടപ്പിലാക്കപ്പെടുകയാണെങ്കില്‍ അത് വളരെ നല്ലൊരു തീരുമാനമായിരിക്കും. മലിനീകരണം നല്ല രീതിയില്‍ കുറയും എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതിന് മറ്റൊരു വശം കൂടിയുണ്ട്.  വാഹനം കൊണ്ട് ഉപജീവനം നടത്തുന്ന ഒരു വിഭാഗത്തെക്കൂടിയാവും വിധി ബാധിക്കുക, പ്രത്യേകിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നവരെ. അതിനാല്‍ അവര്‍ക്ക് റിലാക്‌സേഷന്‍ നല്‍കുകയാണെങ്കില്‍ കുറച്ചു കൂടി ഫലപ്രദമായി വിധി നടപ്പിലാക്കാം.

വലിയ വാഹന ഉടമകള്‍ക്ക് അവ മാറ്റണമെങ്കില്‍ വലിയ പ്രയാസമില്ലാതെ സാധിക്കുന്നതാണ്. പക്ഷേ ലോണും മറ്റുമെടുത്ത് വളരെ പ്രയാസപ്പെട്ട് കഴിയുന്ന ഇവരെപ്പോലെയുള്ളവര്‍ക്ക് വലിയൊരു ആഘാതമായിരിക്കും ഈ വിധി. ഡീസലില്‍ നിന്നും ബാറ്ററിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാവുന്ന ഓപ്ഷന്‍ ഇപ്പോള്‍ നിലവിലുണ്ട്. സബ്‌സിഡി അതിനായി നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാന്‍ സാധിക്കും. പരിസ്ഥിതിക്ക് വേണ്ടി നമ്മള്‍ പിന്നീട് ചെലവാക്കേണ്ടി വരുന്ന തുക കണക്കിലെടുത്താല്‍ ആ തുക വളരെ ചെറുതാണ്. മാത്രമല്ല നല്ലൊരു ശതമാനം മലിനീകരണം കുറയ്ക്കാനും സാധിക്കും. മറ്റു വാഹനങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്യുന്നതിനും എന്തെങ്കിലും സബ്‌സിഡി നല്‍കുകയാണെങ്കില്‍ അതും പരിസ്ഥിതിക്ക് ഗുണകരമായേ വരൂ. എത്രയും ഡീസല്‍ എഞ്ചിന്‍ കുറയുന്നോ അത്രയും പരിസ്ഥിതിക്ക് നല്ലതാണ്.

എസ് ഉഷാകുമാരി 
എക്‌സിക്യുട്ടീവ് ഡയറക്ടര്‍, തണല്‍

ഗ്രീന്‍ ട്രിബ്യൂണലിന്റെ ഈ വിധികൊണ്ട് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല, ജനങ്ങളുടെ വിരോധം ഏറ്റുവാങ്ങാം എന്നല്ലാതെ. തികച്ചും സിസ്റ്റമാറ്റിക് ആയി നടപ്പിലാക്കേണ്ട ഒന്നാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍. ഓരോന്നും വ്യക്തമായ കണക്കുകൂട്ടലോടെ വേണ്ടവ. എന്നാല്‍ ഇപ്പോള്‍ ഉണ്ടായത് അങ്ങനെ ഒന്നായി കണക്കാക്കാന്‍ സാധിക്കില്ല. മലിനീകരണം കുറയുക എന്നതിലുപരി ഇതുമൂലം ഉണ്ടാവുന്നത് വാഹനക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുക എന്നതാവും. കൂടുതല്‍ പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങും, കൂടുതല്‍ മലിനീകരണം ഉണ്ടാവും. 

മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നത് 15 വര്‍ഷത്തേക്കാണ്. അത്ര കാലത്തേക്കുള്ള ടാക്‌സ് കൂടി അടച്ച് പുതിയ വാഹനം വാങ്ങുന്ന ഒരാളോട് പത്ത് വര്‍ഷം ഉപയോഗിച്ചാല്‍ മതി എന്ന് പറയുന്നത് എങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത് എന്ന് ഉത്തരവിറക്കുമ്പോള്‍ അത് ഏതൊക്കെ തരത്തില്‍ ബാധിക്കപ്പെടും എന്ന് കൂടി പരിശോധിക്കണമായിരുന്നു.

ഷിബു കെ നായര്‍
പ്രോഗ്രാം മാനേജ്മെന്റ് ടീം, തണല്‍

ഇതൊരു മണ്ടന്‍ വിധിയാണന്നേ പറയാനാകൂ. ഒന്ന്, മോട്ടോര്‍ വാഹന നിയമം പ്രമാണിച്ച് ഒരു വാഹനത്തിന്റെ ലൈഫ് 15 വര്‍ഷമാണ്. അത് ഇവിടെ കണക്കിലെടുത്തിട്ടില്ല. 15 വര്‍ഷത്തേക്ക് ടാക്‌സ് അടച്ച് എടുക്കുന്ന വാഹനം 10 വര്‍ഷം കഴിയുമ്പോള്‍ കളയണം എന്നാണ് ഇപ്പോള്‍ പറയുന്നത്. രണ്ട്, കാര്‍ബണ്‍ എമിഷന്‍ കണക്കാക്കുമ്പോള്‍ ഈ പത്ത് വര്‍ഷം എന്നുള്ളത് മാത്രം കണക്കിലെടുത്താല്‍ പോര. ടോട്ടല്‍ കാര്‍ബണ്‍ എമിഷന്‍ എത്ര എന്ന് കണക്കാക്കണം. അങ്ങനെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ എമിഷന്‍ നടത്തുന്നത് നഗരത്തിലെ ഷോപ്പിംഗ് മാളുകളാണ്. അവിടെ ഡീസല്‍ കൂടിയ അളവില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ ഏറെ കാര്യങ്ങള്‍ കണക്കിലെടുത്ത് നടപ്പിലാക്കേണ്ട ഒരു നിയന്ത്രണം എടുത്തു ചാടി നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്നത് വെറുതെ ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുവാന്‍ മാത്രമേ സാധിക്കൂ.

 

ഇത് ബാധിക്കാന്‍ പോകുന്നത് വാഹനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ഒരു വിഭാഗത്തെയാണ്. ഇത്തരത്തില്‍ ഒരു നിയന്ത്രണം വരുമ്പോള്‍ ഒന്നും ചെയ്യാനാകാത്ത ഒരു അവസ്ഥയിലാകും അവര്‍. കൂടുതല്‍ സാമ്പത്തിക സ്ഥിതി ഉള്ളവര്‍ക്ക് രാജിസ്ട്രേഷന്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയാല്‍ തീരാവുന്നതേ ഉള്ളൂ ഈ വിഷയം.

 

പ്രായോഗികമായി ഇത് പ്രത്യേകിച്ച് ഗുണം ഉണ്ടാക്കാന്‍ പോകുന്നില്ല. ഇത് നിയമം കൊണ്ട് ഒറ്റയടിക്ക് നടപ്പിലാക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. ചെയ്യാന്‍ സാധിക്കുമായിരുന്നത് സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പിന് ഒരു ടൈം ഫ്രെയിം നല്‍കി നഗരങ്ങളിലെ പൊല്യൂഷന്‍ നിരക്കും മറ്റ് ആക്റ്റിവിറ്റീസും പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഒരു റെക്കമെന്‍ഡേഷന്‍ കൊണ്ടുവരികയുമായിരുന്നു വേണ്ടത്. നിരോധിക്കുമ്പോള്‍ പൊതുഗതാഗതത്തിന് ഒരു ആള്‍ട്ടര്‍നേറ്റീവ് കൂടി കണ്ടെത്തണം. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ബാറ്ററി ഓട്ടോറിക്ഷ ഉണ്ട്. അതുപോലെ കേരളത്തിലും നടപ്പിലാക്കാവുന്നതേ ഉള്ളൂ.

ഇത് ഒരു തരത്തിലും ബുദ്ധിപൂര്‍വ്വമായ ഒരു തീരുമാനമായി കാണാന്‍ സാധിക്കില്ല. കുറച്ചു പേര്‍ നല്‍കിയ ഒരു ഹര്‍ജിയിന്മേല്‍ ഉണ്ടായ ഒരു നടപടിയാണിത്. ഒരു ലാര്‍ജര്‍ കോണ്‍ടെക്സ്റ്റില്‍ വിശകലനം ചെയ്താല്‍ തീര്‍ച്ചയായും ഇതൊരു ബുദ്ധിശൂന്യമായ നടപടിയാണ്.

അഡ്വ. ഹരീഷ് വാസുദേവന്‍ 
പരിസ്ഥിതി പ്രവര്‍ത്തകന്‍

ഡീസല്‍ വാഹനങ്ങളെ സംബന്ധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇന്നത്തെ വിധിയോട് 1% പോലും എനിക്ക് യോജിപ്പില്ല, ആ വിധിയെപ്പറ്റി ഫേസ് ബുക് കമന്‍റിലൂടെ നാട്ടുകാരെ അറിയിച്ചുവെന്നേയുള്ളൂ. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ എന്നത് ഒരു നല്ല മാനദണ്ഡമല്ല. വാഹനത്തിന്റെ എഞ്ചിന്‍ എഫിഷ്യന്‍സിയായിരിക്കണം മാനദണ്ഡം. എന്നുമാത്രമല്ല, ഏഴ് മുതല്‍ എട്ടു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനം കയ്യിലുള്ളവര്‍ അത് വിറ്റ് പുതിയ വണ്ടി വാങ്ങുമ്പോള്‍, കൂടുതല്‍ ഡിമാന്റ് ഉണ്ടാകും. കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലിറങ്ങുക വഴി കൂടുതല്‍ ഇരുമ്പ് ഖനനം, കൂടുതല്‍ മലിനീകരണം എന്നിങ്ങനെ ഫലത്തില്‍ പരിസ്ഥിതിനാശം കൂടാനാണ് സാദ്ധ്യത. ഒരു വസ്തു ഉത്പാദിപ്പിക്കപ്പെട്ടാല്‍, പരമാവധി ഉപയോഗം ഉറപ്പുവരുത്തുക, പുനരുപയോഗം സാദ്ധ്യമാക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു പ്രാഥമികപാഠം. അതിനെതിരാണീ വിധി. പ്രകൃതി വാതകത്തിലേയ്ക്ക് മാറാന്‍ നഗരങ്ങള്‍ക്ക് സമയം കൊടുത്തിട്ടാണീ വിധി ഇട്ടതെങ്കില്‍ ഇതൊരു ഭേദപ്പെട്ട ഉത്തരവായി മാറുമായിരുന്നു.

കേസിന്റെ മെറിറ്റില്‍ ഒരു മിനിറ്റ് പ്രാഥമിക വാദം പോലുമില്ലാതെ ഇടുന്ന ഇത്തരം വിധികള്‍ കോടതിയുടെ തന്നെ വിശ്വാസ്യതയെ ബാധിക്കും. ഈ കീഴ്വഴക്കം ശരിയല്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍