TopTop
Begin typing your search above and press return to search.

കുരുടനും, പൊട്ടനും, മുടന്തനും... പിന്നെ നമ്മുടെ സര്‍ക്കാരും

കുരുടനും, പൊട്ടനും, മുടന്തനും... പിന്നെ നമ്മുടെ സര്‍ക്കാരും

അഡോൾഫ് ഹിറ്റ്ലർ, കൊല്ലാനുള്ള ജൂത ജനതയുടെ പട്ടിക ഉണ്ടാക്കിയപ്പോൾ അതിൽ ആദ്യം ഇടം പിടിച്ചത് ശാരീരികമായും മാനസികമായും വൈകല്യം ഉള്ളവരാണ്. നാസികളുടെ അഭിപ്രായത്തിൽ സമൂഹത്തിന് യോജിക്കാത്തവരാണ് വൈകല്യം ഉള്ളവർ. അതുകൊണ്ടുതന്നെ അവരെ ആദ്യം വാതക ചേംബറിൽ അടച്ചു കൊല്ലാൻ നാസികൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. രാജ്യത്തെ ഉത്പാദന വ്യവസ്ഥയിൽ കാര്യമായി പങ്കെടുക്കാൻ ഇവർക്ക്‌ കഴിയില്ല എന്ന കാരണംകൊണ്ടും, അതുകൂടാതെ ഇവരെ സഹായിക്കാൻ സർക്കാർ പണം ചെലവാക്കുന്നത്‌ നഷ്ടമാണ് എന്ന ഒരു കാഴ്ചപ്പാട് ഉള്ളതുകൊണ്ടും കൂടിയാണ് നാസികൾ ഭിന്നശേഷിയുള്ളവരെ പ്രത്യേകം തെരഞ്ഞുപിടിച്ചു കൊന്നത്. ലോകം ഭരിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന വംശീയ ബോധത്തിൽ വിശ്വസിക്കുന്ന നാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം മനുഷ്യർ ജീവിക്കാൻ അര്‍ഹതയുള്ളവരല്ല.

അവർക്ക് വേണ്ടി സർക്കാർ പണം ചെലവഴിച്ചാലും അതുകൊണ്ട് രാജ്യത്തിന് ഒരു നേട്ടവും ഉണ്ടാകില്ല എന്നത് തന്നെയാണ് അടിസ്ഥാന പ്രശ്നം. ഇതൊരു ഫാസിസ്റ്റ് കാഴ്ചപ്പാടും അതോടൊപ്പം സർക്കാർ എന്നാൽ സമുഹത്തിലെ ഉന്നത വിഭാഗത്തിന് വേണ്ടിയുള്ളതാണ് എന്ന സാമൂഹിക ബോധത്തിൽ നിന്നും ഉണ്ടാകുന്നതുമാണ്. ഇതു കൂടാതെ സമൂഹമെന്നാൽ ഇത്തരം 'കഴിവും' 'സൌന്ദര്യവും' പിന്നെ 'സമ്പത്തും' ഉള്ളവരുടെതാണ് എന്ന ഒരു കാഴ്ചപ്പാട് കേരളം പോലെ ശക്തമായ വിപണി മുല്യങ്ങൾ നിലനില്ക്കുന്ന ഒരു സമൂഹത്തിൽ പുതുമയൊന്നും അല്ല. നമ്മുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് നമ്മൾ സംവേദിക്കുന്ന ഒരു ജീവിത വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഭിന്നശേഷിയുള്ളവർ എന്ന പ്രയോഗം പോലും നീണ്ട സമരങ്ങളുടെയും നിരവധി ആളുകളുടെ പ്രയത്നത്തിന്‍റെയും ഭാഗമായി പ്രയോഗത്തിൽ വന്നതാണ്. അംഗവൈകല്യം അഥവാ വികലാംഗർ എന്ന വാക്ക് ഒരുതരത്തിൽ ഇത്തരം മനുഷ്യരെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഭിന്നശേഷിയുള്ളവർ എന്ന പ്രയോഗം തന്നെ ഉണ്ടായത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പ്രയത്നത്തിന്റെ ഫലമായി മുഖ്യധാരാ മാധ്യമങ്ങളും, സർക്കാർ രേഖകളും അതോടൊപ്പം അക്കാദമിക്ക് രംഗത്തും ഭിന്നശേഷിയുള്ളവർ എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്.

നമ്മുടെ സമൂഹം ഭിന്നശേഷിയുള്ളവരെ ഒരു ബാധ്യതയായി കണക്കാക്കിയിരുന്നു എന്നത് വസ്തുതയാണ്. ഇവിടെ ചില വ്യക്തികളേയും കുടുംബങ്ങളേയും മാറ്റിനിർത്തിയാൽ ചരിത്രപരമായി തന്നെ ഇത്തരം മനുഷ്യർ ഒരു ബാധ്യത ആയിട്ടാണ് കണക്കാക്കിയിരുന്നത്. സാമൂഹിക മുഖ്യധാരയിൽ ഇത്തരം മനുഷ്യരെ ഇന്നും വികലാംഗർ ആയി കാണുന്ന രീതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സമൂഹം പണവും മറ്റ് വിഭവങ്ങളും ചിലവാക്കി നിലനിര്‍ത്തേണ്ട ഒരു വിഭാഗമാണ് എന്ന ഒരു കാഴ്ച്ചപ്പാട് ഇന്നും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവർ ഒരു ബാധ്യതയായി കരുതപ്പെടുന്നത്.

ഭിന്നശേഷിയുള്ളവരെ മുന്‍ വ്യവസായ മന്ത്രിയും, സി പി എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും കൂടിയായ എളമരം കരീം സംബോധനചെയ്ത രീതിയും അതിനു കണ്ടെത്തിയ ന്യയീകരണവും പ്രത്യക വിശകലനം അർഹിക്കുന്നതാണ്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ നോക്കിയാൽ ഇത് വ്യക്തമാകും. കണ്ണുപൊട്ടൻ (കാഴ്ച ശേഷിയില്ലാത്തവർ), മുടന്തൻ (നടക്കാൻ പ്രയാസം ഉള്ളവർ), പൊട്ടൻ (കേള്‍വി ശേഷി ഇല്ലാത്തവർ). ഇത്തരം വാക്കുകൾ ഭിന്നശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹിക ജീവിതത്തിന്റെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. കാരണം പൊതുസമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല എന്ന അർത്ഥവും അതിനുണ്ട്.

എളമരം കരീം മാത്രമല്ല ഇത്തരം വാക്കുകള്‍ പ്രയോഗിക്കാറുള്ളത്. ഒരു വലിയ വിഭാഗം അവരുടെ സ്വകാര്യ വർത്തമാനത്തിൽ പലപ്പോഴും ഈ വാക്കുകള്‍ ഉപയോഗിച്ചുകാണാറുണ്ട്, അമർത്യ സെൻ Violence and Identity എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നത്, താൻ ഒരു ഇന്ത്യക്കാരനും, സാമ്പത്തിക വിദഗ്ധനും, സംസ്കൃത പണ്ഡിതനും ഒക്കെയാണ്, എന്നാൽ ഇതിൽ ഏത് വ്യക്തിത്വമാണ് മുന്നിൽ നില്‍ക്കുന്നത് എന്നത് ഒരു രാഷ്ട്രീയപ്രശ്നം കുടിയാണ് എന്നാണ്. ഈ വിശദീകരണം, കരീമിന്റെ കാര്യത്തിലും ബാധകമാണ്. ഒരു സമൂഹത്തെ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്നം. നമ്മുടെ പൊതു ഇടങ്ങളിൽ ഇവർക്ക് കിട്ടുന്ന സഹായം ഞാനും എന്നെ പോലെയുള്ള വ്യക്തികളുടെയും ദയയാണ് എന്നും അതൊരു നഷ്ടമാണ് എന്നും തോന്നുന്ന ഒരു സാമൂഹിക-മാനസിക അവസ്ഥയിൽ മാത്രമേ ഇത്തരം വാക്കുകള്‍ നിലനിൽക്കുകയുള്ളു.മുന്‍മന്ത്രി പൊതുനന്മയെ കരുതി പറഞ്ഞ വാക്കുകൾക്കിടയിൽ അറിയാതെ കടന്നു കൂടിയതാണ് ഈ പ്രയോഗം എന്നാണ് അദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലും, നേതാവിനെ ന്യായീകരിച്ചുകൊണ്ട് സി പി എം പ്രവർത്തകരും പറയുന്നത്. അതായത് പൊതുനന്മയെക്കുറിച്ച് പറയാൻ, പ്രത്യേകിച്ചും കെ എസ് ആർ ടി സി ബസുകൾ നഷ്ടത്തിലാകാൻ കാരണം 'കണ്ണുപൊട്ടനും', 'മുടന്തനും' പിന്നെ 'പൊട്ടനും' ആണ്. അതായത് കേരളത്തിലെ 2.7 ശതമാനം വരുന്ന ഭിന്നശേഷിക്കാരാണ് കുറ്റക്കാർ. എന്നാൽ 2.7 ശമാനത്തിൽ, വളരെ കുറച്ചുപേർക്ക് മാത്രമാണ് ബസ് യാത്ര സാധ്യമാകുന്നത് എന്ന വസ്തുത ഇവര്‍ക്കൊന്നും അറിയില്ല. കേരളത്തിലെ ബസുകൾ ഭിന്നശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം പ്രയോജനകരം അല്ല എന്ന വസ്തുതയും ഇവിടെ മനസിലാക്കേണ്ടതുണ്ട്. പൊതു ഇടങ്ങൾ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമുള്ളതാക്കുക എന്ന ആവശ്യത്തെ നിരാകരിച്ച ഒരു സംസ്ഥാനമാണ് കേരളം.

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതരെ ഭിന്നശേഷിയുള്ളവരായിക്കണ്ട്, 1995 ലെ വികലാംഗ പുനരധിവാസ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അവര്‍ക്ക് വേണ്ട സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ ഉത്തരവ് ഇടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കൽ ഞാൻ കേരള സംസ്ഥാന വികലംഗ കമ്മീഷണർക്ക് ഒരു നിവേദനം കൊടുത്തിരുന്നു, എന്നാൽ അതിന് കിട്ടിയ മറുപടി കമ്മീഷന് ഇത്തരം അധികാരം ഇല്ല എന്നായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാനും അവയെ വിലയിരുത്താനുമാണ് 1995 ലെ നിയമത്തിൽ ഇത്തരം ഒരു കമ്മീഷന് രൂപം കൊടുത്തത് തന്നെ. കമ്മീഷന്റെ ഇടപെടൽ അനിവാര്യമാണ് എന്ന് ആവശ്യപ്പെടാൻ കാരണം 1995 ലെ നിയമവും അതോടൊപ്പം ഞാനും എന്റെ സഹപ്രവർത്തകയായ ജാക്വിലിൻ ജോസഫും ചേർന്ന് എൻഡോസൾഫാൻ ബാധിതരെ കുറിച്ച് നടത്തിയ ഒരു പഠനമായിരുന്നു. (ഈ ലിങ്കിൽ ആ പഠനം കിട്ടും http://www.epw.in/system/files/pdf/2015_50/11/An_Invisible_Disaster.pdf). ഇത്തരം നിയമം പോലും നടപ്പിലാക്കാൻ ശ്രമിക്കാത്ത ഒരു രാഷ്ട്രീയ സംവിധാനത്തിലാണ് കേരളം സാമൂഹിക മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

നമ്മുടെ സമുഹത്തിൽ ഭിന്നശേഷിയുള്ള മനുഷ്യരെക്കുറിച്ച് നിലനിൽക്കുന്ന പല ധാരണകളും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. ഉദാഹരണത്തിന് നമ്മൾ സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്നതാണ് അഞ്ച് കുരുടൻമാർ ആനയെ കാണാൻ പോയ കഥ. സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് എങ്ങനെയാണ് എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് ഈ പാഠം പഠിപ്പിക്കുന്നത് തന്നെ. അതോടൊപ്പം ഒരു ഗുണപാഠം എന്ന നിലക്കും ഇത് പഠിപ്പിക്കാറുണ്ട്, എന്നാൽ ഇതിലെ ഗുണപാഠം എന്താണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചിന്തിക്കുമ്പോഴാണ് ഇതിന്റെ സാമൂഹിക പ്രശ്നം മനസിലാവുക. കണ്ണ്‍ കാണാത്തവർ ആനയെ കാണുന്നത് തെറ്റായിട്ടാണ് എന്ന പ്രശ്നം മാത്രമല്ല, മറിച്ച് അവർ അങ്ങനെ ആനയെ കാണുന്നത് അവരുടെ കുഴപ്പംകൊണ്ടാണ് എന്നും, നമ്മൾ കാണുന്നതാണ് ശരി എന്നും ഉള്ള ഒരു നിലപാടാണ് ഗുണപാഠമായി പഠിപ്പിക്കുന്നത്. എന്നാൽ കണ്ണ്‍ കാണാത്തവർ എന്തുകൊണ്ട് അങ്ങനെ കാണുന്നു എന്ന് ആരും പഠിപ്പിക്കാറില്ല.എളമരം കരീമും സി പി എം പ്രവർത്തകരും എന്തൊക്കെ പറഞ്ഞാലും ഈ പ്രശ്നത്തിന്റെ സാമൂഹിക പ്രസക്തി നഷ്ടപ്പെടുന്നില്ല. ഭിന്നശേഷിയുള്ളവരെക്കുറിച്ച് കരീം പറഞ്ഞത് തെറ്റാണ് എന്നത് മാത്രമല്ല പ്രശ്നം, മറിച്ച് കെ എസ് ആർ ടി സി ബസുകൾ നഷ്ടത്തിലാകാൻ കാരണം എന്താണ് എന്ന് എളമരം കരീമിന് വ്യക്തമായ ഒരു ധാരണയും ഇല്ല എന്ന പ്രശ്നവും ഇതിലുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ സൌജന്യ സേവനം നിര്‍ത്തണം അഥവാ വിപണിയുടെ നിയമത്തിന് കീഴ്പ്പെടണം എന്ന വാദമാണ് ഇതിൽ ഉള്‍ചേര്‍ന്നിരിക്കുന്നത്. വിപണിയുടെ സാമ്പത്തികരാഷ്ട്രീയമാണ് ഇത്. ഇടതുപക്ഷ രാഷ്ട്രീയ നിലപാടല്ല. കെ എസ് ആർ ടി സി റൂട്ടുകൾ സ്വകാര്യവല്‍ക്കരിക്കണം എന്ന ആവശ്യത്തിന് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം ഇതിന്റെ മറുവശം ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ കേവലം ലാഭം ഉണ്ടാക്കാൻ ഉള്ളതല്ല അവ സേവനത്തിനുള്ളതാണ്. അതിന്റെ ചിലവിലേക്കാണ് പൊതുജനം സര്‍ക്കാരിന് നികുതി നല്കുന്നത്. ഇത്തരം ഒരു സാമൂഹിക കാഴ്ചപ്പാട് കേരളത്തിന് നഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് എളമരത്തിന്റെ വാക്കുകളിൽ ഉള്ളത്. അദ്ദേഹം മാത്രമല്ല, ഒരു വലിയ മദ്ധ്യവര്‍ഗ്ഗം തന്നെ ഇന്ന് ഇങ്ങനെ ചിന്തിക്കുന്നുണ്ട്.

ഒറ്റപ്പെട്ട സമൂഹങ്ങളെ മുഖ്യധാര സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കാണാൻ കഴിയുന്ന ഒരു ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അഭാവവും അതിന് കിട്ടുന്ന മദ്ധ്യവർഗ പിന്തുണയുമാണ് ഇന്ന് കേരളത്തിന്റെ പ്രശ്നം. അതിന് ഒരു തെളിവ് എന്ന നിലക്ക് മാത്രം എളമരം കരീമിന്റെ വാക്കുകളും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള സാമുഹിക നവമാധ്യമങ്ങളിലെ സി പി എം പ്രവര്‍ത്തകരുടെ പോസ്റ്റുകളും കണ്ടാൽ മതി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories