TopTop
Begin typing your search above and press return to search.

അത്താഴപ്പട്ടിണിക്കാരോട് ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്

അത്താഴപ്പട്ടിണിക്കാരോട് ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്

കോലലംപൂരില്‍ ഈയിടെ നടന്ന ഒരു ലോക സാമ്പത്തിക വേദി യോഗത്തില്‍ ആദ്യ ചര്‍ച്ച നമ്മുടെ കാലത്തെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു- സാങ്കേതികവിദ്യയും ഡിജിറ്റല്‍ തടസങ്ങളും (digital disruption) തെക്കു കിഴക്കന്‍ ഏഷ്യയുടെ വിധി നിര്‍ണയിക്കുന്ന മാര്‍ഗം.

ഒരു ആഗോള മാധ്യമ നിലയത്തിന്റെ അവതാരകന്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഈ പുതിയ മതത്തിന്റെയും അതിന്റെ വേദാന്തങ്ങളുടെയും വാഴ്ത്തുപാട്ടുകള്‍ നിഷ്ഠയോടെ ആലപിച്ചു. അതേ സമയം, മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച്, എങ്ങനെയാണ് നാമിവിടെ എത്തിപ്പെട്ടത്, ഇന്‍റര്‍നെറ്റിന്റെ അനന്തവ്യാപാരങ്ങളെക്കുറിച്ച്, മറ്റ് ബദലുകളെക്കുറിച്ച് ഒന്നും ഒരു ചോദ്യവും ഉയര്‍ന്നില്ല.

ഭാവിയെക്കുറിച്ചുള്ള അവരുടെ ഏക ആശങ്ക സൈബര്‍ കുറ്റകൃത്യങ്ങളായിരുന്നു. എത്ര ബാങ്ക് അക്കൌണ്ട് പാസ് വേര്‍ഡുകള്‍, എത്ര ഓണ്‍ലൈന്‍ രേഖകള്‍ സംരക്ഷിക്കും അല്ലെങ്കില്‍ ഇഷ്ടാനുസരണം തിക്കിത്തിരക്കി വരുന്ന അശ്ലീല വീഡിയോകളുടെ സ്വാധീനത്തില്‍ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കാം, തൊഴിലുകള്‍ നഷ്ടപ്പെടുന്ന കാലത്ത് യന്ത്രമനുഷ്യര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ആര് വാങ്ങും എന്നൊന്നും അവരുടെ ആകുലതയേ ആയിരുന്നില്ല.

ഈ ഡിജിറ്റല്‍ പ്രതിസന്ധികള്‍/തടസങ്ങള്‍ എന്ന അസാധാരണമായ വങ്കത്തത്തെ ചോദ്യം ചെയ്യേണ്ട സമയമായി. യാഥാര്‍ത്ഥ്യവിശകലനം ആവശ്യമാണ്. ഒരു തടസ്സവാദം നോക്കുക; ഒരുപക്ഷേ ഈ വേദി തെക്ക്‌കിഴക്കന്‍ ഏഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാകാം. അല്ലെങ്കില്‍ തലസ്ഥാനത്തുനിന്നും ഒരു മണിക്കൂര്‍ വണ്ടിയോടിക്കാവുന്ന ദൂരത്തില്‍. അവിടെ സാമ്പത്തിക സൌകര്യങ്ങള്‍ ഏറെയില്ലാത്ത, അടിസ്ഥാന നിയമപരിരക്ഷകള്‍ ലഭ്യമല്ലാത്ത, സുരക്ഷ, ശുചിത്വ, പൊതുജനാരോഗ്യ സേവനങ്ങള്‍ ലഭിക്കാത്ത, നല്ല പാര്‍പ്പിടമോ വിദ്യാഭ്യാസ സൌകര്യങ്ങളോ ഇല്ലാത്ത മഹാഭൂരിപക്ഷത്തിനും ഈ ഇന്റര്‍നെറ്റ് വലകളും, മറ്റ് സാങ്കേതികാകുലതകളും ഒട്ടും ബാധകമല്ലാത്തതാണെന്ന് പെട്ടന്നു പിടികിട്ടും.

ലോകത്തിലെ നഗരകേന്ദ്രങ്ങളില്‍ ശീതീകരിച്ച കുമിളകളില്‍ കഴിയുന്നവര്‍ക്ക് ഒരു മൂന്നാമത്തെയോ നാലാമത്തെയോ വ്യാവസായികവിപ്ലവം ലോകത്തിന്റെ സകല ദുരിതങ്ങളും പരിഹരിക്കുമെന്ന് സിദ്ധാന്തിക്കാം. പക്ഷേ ലോകത്ത് മിക്കയിടത്തും അതല്ല യാഥാര്‍ത്ഥ്യം. ഭൂരിഭാഗം സമ്പദ്വ്യവസ്ഥകളും വ്യാവസായിക പൂര്‍വകാല പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നമ്മള്‍ നാലാം വ്യാവസായിക യുഗം ഇതാ എത്തി എന്നു ഘോഷിക്കുന്നതില്‍ എന്താണര്‍ത്ഥം?പത്ത് അംഗങ്ങളുള്ള ആസിയാന്‍ (ASEAN-Association of Southeast Asian Nations) രാജ്യങ്ങളുടെ പരിവര്‍ത്തന പ്രതിസന്ധികള്‍ പരിശോധിച്ചാല്‍ അവ നേരിടുന്നത് വ്യാവസായിക പൂര്‍വകാല പ്രശ്നങ്ങളോ വ്യാവസായികവത്കരണ പ്രശ്നങ്ങളോ ആണെന്ന് കാണാം. സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങളുടെ വര്‍ഷം തോറുമുള്ള പുകമൂടല്‍ (haze) പ്രശ്നം നോക്കുക. ഇവയെ ആസിയാന്‍, ഭാവി വെല്ലുവിളികളുടെ കൂട്ടത്തില്‍പ്പെടുത്താറേയില്ല. ഇത് എന്തെങ്കിലും വ്യാവസായിക പ്രശ്നമല്ല. വ്യാവസായികപൂര്‍വ കാര്‍ഷിക രീതിയായ വെട്ടിക്കൂട്ടി കത്തിക്കുന്നതില്‍ നിന്നുമുണ്ടാകുന്നതാണ്. ഇപ്പോഴത് വ്യാവസായികാടിസ്ഥാനത്തിലാണ് നടത്തുന്നതെന്ന് മാത്രം.

തെക്കന്‍ ചൈനയിലെ കടല്‍ക്കൊള്ളയാണ് മറ്റൊരുദാഹരണം. അമിത ഉപഭോഗവും അമിത വിഭവചൂഷണവും അതിനെ സഹായിക്കുന്ന സാങ്കേതികവിദ്യയും കൂടിയായപ്പോള്‍ ലോകത്തെങ്ങും മത്സ്യസമ്പത്ത് കുത്തനെ ഇടിഞ്ഞുപോയിരിക്കുന്നു. ഒരു തലമുറ മുമ്പുവരെ ലോകത്തിലെ ഏറ്റവും സമ്പന്നമായ മീന്‍പിടിത്ത മേഖലയായിരുന്ന ആസിയാനിലെ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് ഇപ്പോള്‍ മീനും തേടി അകലങ്ങളിലേക്ക് പോകേണ്ടി വരികയാണ്. ഇത്രയും ദൂരം താണ്ടുന്ന ബോട്ടുകള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത മീന്‍പിടിത്തക്കാരുടെ ഉപജീവനമാര്‍ഗമാണ് മുട്ടിപ്പോയത്. അവരില്‍ ചിലര്‍ കടല്‍ക്കൊള്ളയിലേക്കും തിരിയുന്നു.

രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതാണ് മറ്റൊരു പ്രശ്നം. വിസ്ഫോടനാത്മകമായ ജനസംഖ്യയും വീര്‍പ്പുമുട്ടുന്ന നഗരകേന്ദ്രങ്ങളിലും ഗ്രാമസമൂഹങ്ങളിലും വ്യാവസായിക പൂര്‍വകാലത്തെ തരത്തിലുള്ള ശുചിത്വരാഹിത്യവും ഇതിനെ പതിന്‍മടങ്ങു വര്‍ദ്ധിപ്പിക്കുന്നു. അഴുക്കുചാലുകളോ ശുചീകരണ സേവനങ്ങളോ ഇല്ലാത്ത, തിക്കിത്തിരക്കി പെരുകുന്ന ജനസമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മൃഗങ്ങളുമായുള്ള (വീട്ടുമൃഗങ്ങളും അല്ലാത്തവയും) നേരിട്ടുള്ള സമ്പര്‍ക്കം കൂടുന്നയിടങ്ങളില്‍, രോഗങ്ങള്‍ എളുപ്പം പടര്‍ന്നുപിടിക്കും.

‘വ്യാവസായികപൂര്‍വ’ രോഗങ്ങള്‍ ദരിദ്രമായ ഗ്രാമീണ സമൂഹങ്ങളില്‍ പടര്‍ന്നുപിടിക്കും. മോശം ശുചീകരണ സേവനങ്ങള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗങ്ങള്‍ക്കുവരെ കാരണമാകുന്നു. ഡോക്ടര്‍മാര്‍ പലപ്പോഴും വിലകുറഞ്ഞ (വ്യാജവും) ആന്റിബയോട്ടിക്കുകള്‍ കുറിച്ചുകൊടുക്കുന്നു. ഇത് രോഗാണുക്കളെ കൂടുതല്‍ ശക്തിയുള്ളതാക്കാനേ സഹായിക്കുന്നുള്ളൂ. ഇന്ത്യയില്‍ പതിനായിരക്കണക്കിന് നവജാതശിശുക്കളാണ് ഇക്കാരണത്താല്‍ വര്‍ഷംതോറും മരിക്കുന്നത്.

ആസിയാനിലേക്ക് തിരികേ വന്നാല്‍, ഡെങ്കൂ പനിയുടെ വ്യാപനം ഒരു മുന്നറിയിപ്പാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പറഞ്ഞത് എല്‍നിനോ പ്രതിഭാസം ഡെങ്കൂ പനിയുടെ വ്യാപനത്തിന് കാരണമാകുന്നു എന്നാണ്. 2016-ലെ എല്‍ നിനോ ആയിരിക്കും ഇതുവരെ കണ്ടതില്‍ ഏറ്റവും രൂക്ഷം എന്നും. ഈ വര്‍ഷം ആദ്യ എട്ടുമാസങ്ങളില്‍ 2,30,000 ഡെങ്കൂ ബാധ റിപ്പോര്‍ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് ഇത് 1,70,000 ആയിരുന്നു.

വികസിത ലോകത്തിന് ഈ കണ്ടുപിടിത്തങ്ങള്‍ അത്ഭുതകരമായിരിക്കുമെന്ന് സാങ്കേതിക വിദ്യയുടെ ആരാധകര്‍ പറയും. റൊബോറ്റിക്സ്, കൃത്രിമ ബുദ്ധി പോലുള്ളവ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയേക്കാം. ആ സ്വാധീനം എപ്പോഴും നല്ലതായിരിക്കണമെന്നില്ല എന്നാണ് കാലിയാകുന്ന മധ്യവര്‍ഗവും കുറഞ്ഞ കൂലി തൊഴിലുകളും സൂചിപ്പിക്കുന്നത്.

പക്ഷേ അവികസിത രാജ്യങ്ങള്‍ക്കും ഇതേ മാറ്റങ്ങളാണ് അഭികാമ്യം എന്ന അന്ധമായ അടിച്ചേല്‍പ്പിക്കലിനെ എതിര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അമേരിക്കന്‍ സൈദ്ധാന്തികനും എഴുത്തുകാരനുമായ ലാങ്ഡോണ്‍ വീണര്‍ ‘mythinformation’ എന്ന പുതിയ വാക്കുപയോഗിക്കുന്നു. ‘കമ്പ്യൂട്ടറുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വിവരവിനിമയത്തിനുള്ള വിശാല ലഭ്യത എന്നിവ വ്യാപകമായി സ്വീകരിക്കുന്നത് മനുഷ്യകുലത്തിന് സ്വാഭാവികമായി ഒരു നല്ല ലോകം സൃഷ്ടിക്കും എന്ന ഏതാണ്ട് മതാത്മകമായ തരം വിശ്വാസം’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.എണ്‍പതുകളുടെ അവസാനമാണ് വിന്നര്‍ ഇതെഴുതുന്നത്. പക്ഷേ ഇന്നിപ്പോള്‍ ഈ നിരീക്ഷണം ഏതാണ്ട് സത്യമാവുകയാണ്. സാങ്കേതിക വിദ്യാരാധകരില്‍ നിന്നും നിങ്ങള്‍ എപ്പോഴും കേള്‍ക്കുന്നത് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വികസന പ്രശ്നം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പ്രാപ്യത ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലമാണ് എന്നാണ്.

ഈ സാങ്കേതിക വിദ്യയുടെ ഉട്ടോപ്യന്‍ സ്വപ്നങ്ങളില്‍ നിന്നും നാം പല കാരണങ്ങളാലും അകലം പാലിക്കേണ്ടതുണ്ട്. ആദ്യമായി ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ വ്യാപക ഉപയോഗത്തില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവരാണ് സാങ്കേതികവിദ്യയുടെ വിപ്ലവ സാധ്യതകളെപ്പറ്റി പലപ്പോഴും വാചാലരാകുന്നത്. അവരാണ് ഈ സമ്മേളനങ്ങളുടെ പ്രായോജകര്‍. വിദഗ്ദ്ധര്‍ക്കു പ്രതിഫലം നല്‍കുന്നത്. എന്നിട്ടും ഭാവിയുടെ വസ്തുനിഷ്ട പ്രവാചകരായി നടിക്കാന്‍ ആഗ്രഹിക്കുന്നതും.

രണ്ടാമതായി, ലോകത്തെ മഹാഭൂരിപക്ഷത്തിന്റെയും ജീവിതാവസ്ഥകളെക്കുറിച്ച് അവര്‍ക്ക് ഒരനുഭവവുമില്ല. ഒരു കക്കൂസ് പോലുമില്ലാത്ത ലോകത്തെ മഹാഭൂരിപക്ഷത്തോട് ‘സംഗതികളുടെ ഇന്റര്‍നെറ്റ് കിടപ്പിനെക്കുറിച്ച്’ എന്താണിവര്‍ പറയുന്നത്?

അത്താഴപ്പട്ടിണി ഒഴിവാക്കാന്‍ അന്നന്ന് അധ്വാനം വില്‍ക്കേണ്ടവരോട് ഡ്രോണ്‍ വഴി സാധനം വീട്ടിലെത്തുന്നതിനെക്കുറിച്ചാണോ പറയുന്നത്? ലോകത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരോ ഇല്ലെന്ന് നടിക്കുന്നവരോ ആണ് ഈ സാങ്കേതികവിദ്യ പ്രഘോഷകര്‍.

അവസാനമായി, സാങ്കേതികവിദ്യ ഗുണവും ദോഷവും ഉണ്ടാക്കാം എന്നാണ് വസ്തുത. തടസങ്ങള്‍ (disruption) എന്നാല്‍ എന്തിനെ, ആരെയാണ് തടസപ്പെടുത്തുന്നത് എന്നതുകൂടി പ്രധാനമാണ്.

എല്ലാറ്റിനുമപ്പുറം വിതയ്ക്കാനും കൊയ്യാനും യന്ത്രമനുഷ്യരെയാണോ നമുക്കാവശ്യം? അപ്പോള്‍ കര്‍ഷകരോ? 3D അച്ചടിയും ഓണ്‍ ഡിമാന്‍ഡ് ഇ-കൊമേഴ്സും നിര്‍മ്മാണ ചെറുകിട വില്‍പ്പന മേഖലയെ വിപ്ലവകരമായി മാറ്റുമോ? അപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളോ? കുറഞ്ഞ കൂലിക്കായി കടുത്ത ജോലികള്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതോ?

ഈ സംശയങ്ങള്‍ക്ക് എല്ലാം ശരിയാകുമെന്നോ ധാര്‍മികതയും മൂല്യങ്ങളും തങ്ങളുടെ ജോലിയാണെന്നോ ഒക്കെയാകും സാങ്കേതിക വിദ്യ വേദികളിലെ മറുപടി. മുഖം തിരിച്ചറിയല്‍ വിദ്യ ദുരുപയോഗം ചെയ്താലോ എന്നു മൈക്രോസോഫ്റ്റിനോട് ചോദിച്ചപ്പോള്‍, ‘അത് ഭാവിയില്‍ ആകുലരായവര്‍ക്കുള്ള ചോദ്യമാണ്, ഒരു സാങ്കേതിക വിദ്യ വിദഗ്ദ്ധനുള്ളതല്ല,’ എന്നായിരുന്നു മറുപടി. വികസന വിരോധിയായി നിങ്ങള്‍ മുദ്രകുത്തപ്പെടാം എന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട്.

വികസനത്തിനും സുസ്ഥിരതയ്ക്കുമായി സാങ്കേതിക വിദ്യയെ ഉപയോഗിക്കാം എന്നത് വസ്തുതയാണ്. ഉദാഹരണത്തിന് പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ അതുപയോഗിക്കാം. ഇനി കാടുകള്‍ നശിപ്പിക്കില്ലെന്നും നശിപ്പിക്കപ്പെട്ട ഭൂമി വീണ്ടെടുക്കുമെന്നും ഒരുത്പ്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ ഭൂമിയിലെ എത്ര പ്രധാനപ്പെട്ട ഏത് ആവാസവ്യവസ്ഥയുടെ തകര്‍ച്ചയിലാണ് പങ്കാളിയാകുന്നതെന്ന് ഉപഭോക്താവിനെ ധരിപ്പിക്കാനും സാങ്കേതിക വിദ്യയെ ഉപയോഗിക്കാം.

വികസിത രാജ്യങ്ങളില്‍ പെരുകുന്ന ഇലക്ട്രോണിക് മാലിന്യത്തിന് ഉത്പാദകര്‍ ഉത്തരവാദികളാകുന്ന തരത്തില്‍ സാങ്കേതിക വിദ്യ പ്രയോഗിക്കാം.

പക്ഷേ ഇതൊന്നും ഈ വേദികളില്‍ ചര്‍ച്ച ചെയ്യില്ല. ഇതൊക്കെ വ്യാപാര വിരുദ്ധമായാണ് കാണുന്നത്. സാമ്പത്തിക വ്യവഹാരങ്ങളെ അവയുടെ പ്രത്യാഘാതങ്ങളുടെ മേല്‍ കൂടുതല്‍ ഉത്തരവാദികളാക്കുന്ന, സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന് പാരിസ്ഥിതിക ചര്‍ച്ചകള്‍ക്കപ്പുറം ന്യായമായ വാണിജ്യം എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന, ആഗോള മത്സ്യബന്ധന വ്യവസായം പോലെയുള്ള കൊള്ളകളെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള സാമ്പത്തിക, പൊതുനയ മേഖലകളില്‍ ചലനമുണ്ടാക്കാനാകും.

ഏതെങ്കിലും നവസാങ്കേതികവിദ്യ ഉപകരണം കയ്യിലുണ്ടായാലും ലോകത്തിന്റെ വലിയ ഭാഗത്തും വ്യാവസായികപൂര്‍വലോക പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നതെന്ന സത്യസന്ധമായ ഏറ്റുപറച്ചിലാണ് ആവശ്യം. അവിടെ അടിസ്ഥാനാവശ്യങ്ങള്‍ പോലും ലഭ്യമല്ല. ആ പ്രശ്നങ്ങളെക്കുറിച്ചാണ് നാം ആശങ്കപ്പെടേണ്ടത്. അല്ലാതെ സൈബര്‍ സംവിധാനങ്ങളുടെ വികസിപ്പിക്കലിലൂടെ ഒരു ചെറുന്യൂനപക്ഷത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചല്ല.

ഡാനി റോഡ്രികിനെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ആഗോളീകരണവും ‘തൊഴില്‍ ചെലവ് കുറയ്ക്കുന്ന തരം സാങ്കേതിക വിദ്യാപുരോഗതിയും’ ‘വളരെ വേഗത്തില്‍ വളരെ താഴ്ന്ന വരുമാനത്തോടെ’ രാജ്യങ്ങളുടെ വികസന സാധ്യതകളെ ഇല്ലാതാക്കുന്ന ‘അകാലത്തിലുള്ള അപവ്യവസായവത്കരണത്തിനെ’ക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴേ പരസ്യമാക്കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories