TopTop
Begin typing your search above and press return to search.

അര്‍ജുന വന്ന ദിജുവിന്റെ വലിയ വീട്ടില്‍ ഇത്തവണ വലിയ ഓണം

അര്‍ജുന വന്ന ദിജുവിന്റെ വലിയ വീട്ടില്‍ ഇത്തവണ വലിയ ഓണം

കെ.പി.എസ്.കല്ലേരി

കോഴിക്കോട് രാമനാട്ടുകരയിലെ വലിയ വീട്ടില്‍ ഇത്തവണ വലിയ ഓണം തന്നെയാണ്. രാജ്യത്തെ ഏതു കായികതാരവും സ്വപ്നം കണുന്ന അര്‍ജുന കടന്നുവന്ന വലിയവീട്ടില്‍ ഓണാഘോഷം കെങ്കേമമാക്കാനുള്ള ശ്രമത്തിലാണ് വി.ദിജുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം.നാട്ടിലേക്ക് കായികമികവിന്റെ കിരീടം കൊണ്ടുവന്ന അര്‍ജ്ജുനനെ അഭിനന്ദിക്കാന്‍ വരുന്നവരുടെ തിരക്ക് ഇതുവരേയും നിലച്ചിട്ടില്ല അവിടെ. അതിനിടെയാണ് ഓണവും. തിരക്കൊഴിഞ്ഞൊരു നേരം കാത്തിരുന്നാല്‍ ദിജുവിനെ അടുത്ത് കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് വലിയവീട്ടിലേക്ക് ചെന്നത്.

അര്‍ജുനയുടെ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത വീട്ടില്‍ വരുന്ന അതിഥികളേയെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കുന്ന അച്ഛന്‍ കരുണാകരന്‍, അമ്മ ലളിത, ഭാര്യ ഡോ.സീമ....അവര്‍ക്കിടയില്‍ വിനയത്തിന്റെ ആള്‍രൂപമായി ദിജുവും.

ഇത്തവണത്തെ ഓണ വിശേഷം...?
(നീണ്ട ചിരി) ഞാനെന്തുപറയും. ഇത്രയും വര്‍ഷത്തിനിടെ ഇതുപോലൊരു ഓണം എനിക്കുണ്ടായിട്ടുണ്ടാവുമോ..! എന്റെ വീട്ടുകാര്‍ മാത്രമല്ല. നാട്ടുകാര്‍തന്നെ ആഘോഷത്തിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വീകരണം ഒഴിഞ്ഞുള്ള നേരമില്ല. കഴിഞ്ഞ തവണ ഓണത്തിന് ഞാന്‍ ക്യാംപിലായിരുന്നു. ഇത്തവണ പക്ഷെ വീട്ടുകാരും സുഹൃത്തുക്കളും വിടുന്നില്ല. അതുകൊണ്ട് അവര്‍ക്കൊപ്പം ഇത്തവണ ഓണം ആഘോഷിച്ചിട്ടുതന്നെ കാര്യം. ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം മണിപ്പാലില്‍ ട്രെയിനിങ്ങിന് പോണം. പിന്നീട് അടുത്തമാസം ഹൈദരബാദില്‍ ക്യാമ്പിലേക്കും. കല്യാണം കഴിഞ്ഞ ശേഷത്തെ ആദ്യ ഓണമായിരുന്നു കഴിഞ്ഞ തവണത്തേത്. അന്ന് വീട്ടിലില്ലാത്തിന്റെ സങ്കടങ്ങളെല്ലാം ഈ ഓണത്തിന് തീരുമല്ലോ...പ്രതീക്ഷിച്ചിരുന്നോ ഈ പുരസ്‌ക്കാരം...?
രണ്ടു തവണ മാത്രമാണ് അര്‍ജ്ജുനാ അവാര്‍ഡിന് അപേക്ഷിച്ചത്. 2012ല്‍ അപേക്ഷിച്ച വര്‍ഷം തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം വിദേശത്തും മറ്റുമായുള്ള കളിയുടെ തിരക്കു കാരണം അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ലഭിച്ചില്ലായിരുന്നെങ്കില്‍ അടുത്ത തവണയും അപേക്ഷിക്കുമായിരുന്നു. രണ്ടാമൂഴത്തില്‍ പുരസ്‌ക്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. വൈകിയെന്നു പറയുന്നതില്‍ കാര്യമില്ല. ബഹ്‌റൈന്‍ ഓപ്പണ്‍ ടൂര്‍ണ്ണമെന്റില്‍ ജംമ്പിങ് സ്മാഷിനിടെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയും ട്രെയ്‌നിങുമായി കഴിയുമ്പോഴാണ് അര്‍ജുന ലഭിച്ച വിവരം തേടിയെത്തുന്നത്.

അര്‍ജ്ജുനാ അവാര്‍ഡും വിവാദങ്ങളും..?
അര്‍ജ്ജുനാ അവാര്‍ഡ് വിവാദങ്ങളിലൊന്നും കഴമ്പില്ല. അഞ്ച് മലയാളികള്‍ക്ക് പുരസ്‌ക്കാരം കൊടുത്തതില്‍ എന്താണ് പ്രശ്‌നം..? കൂടുതല്‍ പേര്‍ക്ക് അര്‍ജ്ജുന നല്‍കിയിരുന്നെങ്കില്‍ ഇനിയും മലയാളികള്‍ അര്‍ഹരാവുമായിരുന്നു. വ്യത്യസ്ത കായിക രംഗത്തുള്ളവര്‍ക്കാണ് ഇത്തവണ അര്‍ജ്ജുന നല്‍കിയിരിക്കുന്നത്. ഒരേ വിഭാഗത്തിലെ കൂടുതല്‍ പേര്‍ക്ക് പുരസ്‌ക്കാരം നല്‍കിയിരുന്നെങ്കില്‍ ആരോപണത്തില്‍ കാര്യമുണ്ടാകുമായിരുന്നു. മികവ് പുലര്‍ത്തിയത് കൊണ്ടാണ് മലയാളികള്‍ക്ക് അര്‍ജ്ജുന ലഭിച്ചത്. കളിമികവ് പുലര്‍ത്തുന്ന താരങ്ങള്‍ കൂടുതലുള്ളത് കൊണ്ടാണ് എല്ലാ വര്‍ഷവും ബാഡ്മിന്റണ്‍ മേഖലയില്‍ നിന്നും അര്‍ജ്ജുന ജേതാക്കള്‍ ഉണ്ടാകുന്നത്. അല്ലാതെ ഒരു കായിക വിഭാഗത്തിനും പ്രത്യേക പരിഗണനയൊന്നും ലഭിക്കാറില്ല. ആന്ധ്രപ്രദേശിലും മറ്റും ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവും ബാഡ്മിന്റണ് കേരളത്തില്‍ ലഭിക്കുന്നില്ല. കളിയില്‍ പരുക്കേറ്റാല്‍ വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പോലും നമ്മുടെ സംസ്ഥാനത്തില്ലാത്തത് കായികതാരങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.സായി വളര്‍ത്തിയ താരം
സ്‌പോര്‍ട്‌സ് അഥോറിറ്റി ഒഫ് ഇന്ത്യ(സായ്) യിലൂടെ വളര്‍ന്ന് കായികതാരമാണ് ദിജു. പത്താം വയസ് മുതല്‍ തൃശൂരിലെ സായി സെന്ററിലില്‍ നിന്നാണ് ദിജു ബാഡ്മിന്റണില്‍ പരിശീലനം നേടുന്നത്. തൃശൂര്‍ ഗവ. മോഡല്‍ സ്‌കൂളില്‍ പഠനവും ഇതോടൊപ്പം നടത്തി. 15 വര്‍ഷത്തെ തുടര്‍ച്ചയായ സായിയിലെ വിദഗ്ധ പരിശീലനമാണ് ബാഡ്മിന്റണ്‍ മികവിനുള്ള ഊര്‍ജ്ജമെന്ന് ദിജു. ഫറൂഖ് കോളെജില്‍ ബി എ സോഷ്യോളജിയ്ക്ക് പഠിക്കുമ്പോഴും സായിയിലെ പരിശീലനം തുടര്‍ന്നു. ഇതിനിടെ സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണില്‍ തിളങ്ങി. 1996ല്‍ 16-ആം വയസില്‍ ദേശീയ മത്സരങ്ങളിലും പങ്കെടുത്ത് കഴിവ് തെളിയിച്ചു. ഹോംങ്‌ഗോങില്‍ നടന്ന പ്രിന്‍സ് ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ദിജു കരിയര്‍ മികച്ചതാക്കി. 1998,1999 വര്‍ഷങ്ങളിലെ ജൂനിയര്‍ ബോയ്‌സ് ഡെബിള്‍സ് ചാംപ്യനും 2002ല്‍ ദേശീയ പുരുഷ ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് ചാംപ്യനുമായി. തുടര്‍ന്നങ്ങോട്ട് ദിജുവിന്റെ ദേശീയ അന്തര്‍ദേശീയ മത്സര വിജയങ്ങളുടെ കാലമായിരുന്നു. രാമനാട്ടുകരയിലെ വ്യാപാരിയായ വലിയവീട്ടില്‍ കരുണാകരന്റെയും ലളിതയുടെയും രണ്ട് മക്കളില്‍ ഇളയവനായ ദിജു യാദൃശ്ചികമായാണ് ബാഡ്മിന്റണ്‍ മേഖലയിലെത്തുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

പന്ത് പിളരുന്ന ആ സ്മാഷ് കണ്ടില്ലെന്നു നടിക്കാന്‍ ഇനി അവര്‍ക്കാവുമായിരുന്നില്ല
ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു
സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ

മിക്‌സഡ് വിജയങ്ങള്‍
ബാഡ്മിന്റണ്‍ മിക്‌സഡ് മത്സരങ്ങളില്‍ തിളങ്ങിയാണ് ദിജു ചരിത്രം കുറിച്ചത്. ദിജു-ജ്വാല ഗുട്ട സഖ്യം ലോകപ്രസിദ്ധങ്ങളായ പല മത്സരങ്ങളിലും രാജ്യത്തിനായി ആദ്യമായി ജേഴ്‌സി അണിഞ്ഞു. പല മത്സരങ്ങളിലൂടെയും ഇന്ത്യയ്ക്ക് ആദ്യമായി വിജയം സമ്മാനിക്കുന്നതും ഈ കൂട്ടുകെട്ടാണ്. 2010ല്‍ മലേഷ്യയില്‍ നടന്ന സൂപ്പര്‍ സീരിസ് മാസ്റ്റേഴ്‌സ് ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാര്‍ ദിജുവും ജ്വാലയുമായിരുന്നു. ജര്‍മ്മനിയില്‍ നടന്ന ബിറ്റ്ബര്‍ഗര്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പ് ആദ്യമായി രാജ്യത്തിന് നേടി കൊടുക്കുന്നതും ഇവരാണ്. 2010ല്‍ ഡാക്കയില്‍ നടന്ന സാഫ് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണവും മെന്‍സ് ഡബിള്‍സില്‍ വെള്ളിയും ദിജു നേടി. കളിയുടെ മികവില്‍ ദിജു-ജ്വാല സഖ്യം മിക്‌സഡ് ഡബിള്‍സ് വേള്‍ഡ് റാങ്കിങില്‍ ഏഴാം സ്ഥാനത്ത് വരെയെത്തി. 2009ലെ ചൈനീസ് തായ്‌പെയ് ഗ്രാന്റ് പ്രിക്‌സ് ഗോള്‍ഡും 2008ലെ ബള്‍ഗേറിയന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സ് എന്നിവ നേടിയതോടെ ഈ വിജയക്കൂട്ടിനെ ലോകശ്രദ്ധനേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ദേശീയ മിക്‌സഡ് ചാംപ്യനുമാണ് ദിജു. ഒരു തവണ അപര്‍ണ്ണ ബാലനും നാല് തവണ ജ്വാലയുമായിരുന്നു ദിജുവിന്റെ വിജയസഖ്യം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണ ജേഴ്‌സി അണിഞ്ഞ് ബാറ്റ്മിന്റണ്‍ കളത്തില്‍ ദിജു ഉണ്ടായിരുന്നു.

കേരളത്തില്‍ നടക്കുന്ന അടുത്ത നാഷണല്‍ ഗെയിംസില്‍ മികച്ച മത്സരം പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ദിജു. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ കളിക്കാനായില്ല. ഒരു മാസത്തെ മണിപ്പാലിലെ ചികിത്സയും ട്രെയിനിങ്ങും കഴിഞ്ഞാല്‍ ദിജു മത്സരങ്ങള്‍ക്കായുള്ള പരിശീലനം ആരംഭിക്കും.

Next Story

Related Stories