TopTop
Begin typing your search above and press return to search.

25 കൊല്ലത്തെ സൗഹൃദം; ദിലീപിന് പിന്നാലെ നാദിര്‍ഷായും ജയിലിലെത്തുമോ?

25 കൊല്ലത്തെ സൗഹൃദം; ദിലീപിന് പിന്നാലെ നാദിര്‍ഷായും ജയിലിലെത്തുമോ?

ദിലീപും നാദിര്‍ഷയും സിനിമയില്‍ എത്തുന്നതിന് മുമ്പേ മലയാളികളുടെ മനസ്സില്‍ കയറിയ കൂട്ടുക്കെട്ടായിരുന്നു. മിമിക്രി വേദികളിലും സിനിമകളിലും നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഇവര്‍ ഇപ്പോള്‍ മലയാളി സമൂഹത്തിന് മുന്നില്‍ വില്ലന്മാരായിരിക്കുകയാണ്. ദിലീപ്-നാദിര്‍ ഷാ സൗഹൃദത്തിന് കാല്‍ നൂറ്റാണ്ടിലെ ചരിത്രം പറയാനുണ്ട്. ഒന്നിച്ച് തുടങ്ങി, ഒന്നിച്ച് വളര്‍ന്നു, ഒന്നിച്ച് ജനങ്ങളുടെ മനസ്സില്‍ ഇടം നേടി ഇപ്പോള്‍ ഒന്നിച്ച് ജനങ്ങളുടെ മുമ്പില്‍ വെറുക്കപ്പെട്ടവരുമായി. ആലുവകാരന്‍ ഗോപാലകൃഷ്ണന്‍ ഇന്നത്തെ ജനപ്രിയ നായകന്‍ ദിലീപായി എത്തിയതിന് നാദിര്‍ ഷായ്ക്കും, മിമിക്രിക്കാരനായനാദിര്‍ ഷാ സംവിധായകനും ഗായകനുമൊക്കെയായതില്‍ ദിലീപിനും പങ്കുണ്ട്. പരസ്പരം സഹായിച്ച് വളര്‍ന്നവരായിരുന്നു ഇവര്‍.

1990-ല്‍ എറണാകുളത്ത് മഹാരാജാസ് പഠിക്കുമ്പോഴായിരുന്നു അന്നേ അല്‍പ സ്വല്‍പം പ്രശസ്തനായിരുന്നനാദിര്‍ ഷായുമായി ദിലീപ് (അന്നത്തെ ഗോപാലകൃഷ്ണന്‍) സൗഹൃദത്തിലാവുന്നത്. പഠനത്തിന് ശേഷം മിമിക്രിയുടെ ഈറ്റില്ലമായ കലാഭവനിലേക്ക് ദിലീപിന് വാതില്‍ തുറന്നുകൊടുക്കാന്‍ സഹായിച്ചത് നാദിര്‍ ഷായായിരുന്നു. അന്ന് പാട്ടെഴുത്തും സ്‌ക്രിപ്റ്റിംഗും സ്‌കിറ്റ് സംവിധാനവുമായി നാദിര്‍ ഷായ്ക്ക് കലാഭവന്റെ മിമിക്രി ട്രൂപ്പില്‍ നല്ലൊരു സ്ഥാനമുണ്ടായിരുന്നു. ഇരുവരുമുള്ള കോമ്പിനേഷന്‍ ഹിറ്റായപ്പോള്‍, കലാഭവന്റെ മുഖ്യ താരങ്ങളായി. 1991-ല്‍ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തില്‍ കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

1992-ല്‍ കമലിന്റെ 'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തില്‍ ദിലീപ് ചെറിയ ഒരു വേഷത്തിലെത്തിയപ്പോള്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'കാസര്‍ഗോഡ് കാദര്‍ ഭായി' എന്ന ചിത്രത്തിലൂടെ നാദിര്‍ ഷായും സിനിമയിലെത്തി. 93-ലെ സൈന്യത്തിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിലൂടെ ദിലീപ് 'മാനത്തെ കൊട്ടാരം' എന്ന ചിത്രത്തില്‍ നാദിര്‍ഷയോട് ഒപ്പം പ്രധാന കഥാപാത്രമായി. ഏഷ്യനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെ നാദിര്‍ ഷായും ദിലീപും പ്രേക്ഷകരെ ശരിക്കും കൈയിലെടുത്തതും ഈക്കാലത്താണ്. നായകന്‍ എന്ന നിലയില്‍വന്ന ചിത്രം ഏഴരക്കൂട്ടം (1995) ആയിരുന്നു. പിന്നീട് നാദിര്‍ഷയും ദിലീപും ചെറിയ ചെറിയ ചിത്രങ്ങളിലൂടെ വളര്‍ന്നപ്പോഴും മിമിക്രി വേദി വിട്ടിരുന്നില്ല. 1998-ല്‍ നാദിര്‍ ഷായും ദിലീപും മറ്റ് പ്രമുഖ മിമിക്രി കലാകാരന്മാരും ഒരുമിച്ച് ഓണക്കാലത്ത് അണിയിച്ചൊരുക്കിയ 'ദേ മാവേലി കൊമ്പത്ത്' എന്ന ഓഡിയോ കാസറ്റിലൂടെ ഇരുവരും കേരളത്തില്‍ കൂടുതല്‍ ശ്രദ്ധയരായി. ദേ മാവേലി കൊമ്പത്തിന്റെ പതിനഞ്ചോളം ഭാഗങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

1996-ലെ മഞ്ജു വാര്യരും ഒരുമിച്ചുള്ള സല്ലാപം എന്ന ചിത്രം ദിലീപിന് നായക വേഷം ഉറപ്പിച്ച് കിട്ടി. പിന്നീടങ്ങോട്ട് ചെറിയ മുതല്‍ മുടക്ക് ചിത്രങ്ങളില്‍ നായകനായും സൂപ്പര്‍താര ചിത്രങ്ങളില്‍ രണ്ടാം നായകനായും ദിലീപ് മലയാള സിനിമയില്‍ തന്റെ ചുവട് ഉറപ്പിച്ചു. പക്ഷെ നാദിര്‍ ഷായ്ക്ക് അപ്പോഴും അഭിനയത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മിമിക്രിയില്‍ സൂപ്പര്‍ സ്റ്റാറായി തിളങ്ങി തന്നെ നില്‍ക്കുകയായിരുന്നു. കല്യാണ സൗഗന്ധികം, മീനത്തില്‍ താലിക്കെട്ട്, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന് മലയാളത്തില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയതായിരുന്നു. ഒരു സൂപ്പര്‍താരത്തിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച 1999-ലെ ലാല്‍ജോസ് സംവിധാനം ചെയ്ത കാവ്യമാധവനൊപ്പമുള്ള ' ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലൂടെയായിരുന്നു.

ഈക്കാലത്ത് നാദിര്‍ ഷ മിമിക്രിയും ടിവി പ്രോഗ്രാമികളും ചെറിയ തോതില്‍ സിനിമകളിലെ പിന്നണി ഗാന രംഗത്തും ചുവടുറപ്പിക്കുകയായിരുന്നു. പിന്നണി ഗാനരംഗത്ത് നാദിര്‍ ഷാ സജീവമായത്ത് 2004 വെട്ടം ചിത്രത്തിലൂടെയായിരുന്നു. 2003 സിഐഡി മൂസയിലെ ഗാനങ്ങള്‍ക്ക് വരികളെഴുതി ആ രംഗത്തും നാദിര്‍ഷ എത്തിയിരുന്നു. 1998-ലെ മീനാക്ഷി കല്യാണം എന്ന ചിത്രം മുതല്‍ നാദിര്‍ഷ സംഗീതസംവിധാനവും കൈക്കാര്യം ചെയ്തു തുടങ്ങി. പിന്നീട് 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെ സിനിമ സംവിധാനത്തിലൂടെ നാദിര്‍ഷയും സ്റ്റാറായി. നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍' നിര്‍മ്മിച്ചത് ദിലീപായിരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷമായിരുന്നു പരസ്യമായി നാദിര്‍ഷ-ദിലീപ് കോമ്പിനേഷന്‍ വീണ്ടും സിനിമരംഗത്ത് വന്നത്. അടുത്ത ചിത്രത്തില്‍ ദിലീപായിരിക്കും നായകനെന്ന് പ്രഖ്യാപനവുമുണ്ടായിരുന്നു. തുടരെ ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെടുന്നത്‌കൊണ്ട് സുഹൃത്തിന് ഒരു വിജയം സമ്മാനിക്കാനായിട്ടായിരുന്നു നാദിര്‍ഷയുടെ ഈ പ്രഖ്യാപനമെന്നാണ് മോളിവുഡിലെ സംസാരം.

ദിലീപിന്റെ ആദ്യ വിവാഹത്തിനും രണ്ടാം വിവാഹത്തിനും പൂര്‍ണ പിന്തുണ നല്‍കിയതും നാദിര്‍ഷയായിരുന്നു. ദിലീപിനെതിരെയുണ്ടാക്കുന്ന ആരോപണങ്ങളില്‍ നിശ്ശബ്ദമായി ഇടപെട്ട് പരിഹരിക്കാനും നാദിര്‍ഷക്ക് കഴിഞ്ഞിരുന്നു. മിമിക്രി, സിനിമ മേഖലകളിലും മാത്രമല്ല ഈ കൂട്ടുക്കെട്ട് ഇവര്‍ തുടര്‍ന്നത്. ദിലീപിന്റ ഫര്‍ണ്ണിച്ചര്‍ ബിസിനസിലും ഹോട്ടല്‍ വ്യവസായത്തിലും ടൂറിസ്റ്റ് ബോട്ടിലും, തിയേറ്ററും മള്‍ട്ടി പ്ലക്‌സുകളുമെല്ലാം നാദിര്‍ഷയും പങ്കാളിയാണെന്നാണ് പറയുന്നത്. ഇതില്‍ ഹോട്ടല്‍ ബിസിനസ് ഒഴിച്ച് മറ്റ് മേഖലകളില്‍ ദിലീപിനൊപ്പം നാദിര്‍ഷയുടെ റോള്‍ പരസ്യമായി പുറത്തുവന്നിട്ടില്ല. ഇവര്‍ക്ക് കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസു മുണ്ടെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളിലും വിവാദങ്ങളിലും ഇരുവരുടെയും പേര് ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലും നാദിര്‍ഷയുടെ പേര് ഉയര്‍ന്ന് വരുകയും രണ്ടാം വട്ട ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുകയും ചെയ്തു. ദിലീപിനൊപ്പം നാദിര്‍ഷയും അറസ്റ്റിലാകും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഒന്നിച്ച് വളര്‍ന്നുവന്ന ഇവര്‍ക്കിനി അസ്തമയത്തിന്റെ നാളുകളൊന്നുമല്ല. കാരണം, ഇതുപോലെ നിരവിധി കേസുകള്‍ ഒന്നുമല്ലായി പോയത് കണ്ടവരാണ് നമ്മള്‍. പക്ഷെ ഒന്നുണ്ട് പഴയതുപോലെ സുഗമമായ വഴികളൊന്നും ഇരുവര്‍ക്കും ഉണ്ടാവുകയില്ല. നിയമം എന്തു പറഞ്ഞാലും ഇരുവരെയും വില്ലന്‍ സ്ഥാനത്തേക്ക് പ്രേക്ഷകര്‍ വിധിച്ച് കഴിഞ്ഞു. ഈ വിധിക്ക് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ചില്ലറ വര്‍ഷങ്ങള്‍ മതിയാവില്ല ഇവര്‍ക്ക്. കാല്‍നൂറ്റാണ്ട് കെട്ടിപൊക്കിയ ദിലീപ്- നാദിര്‍ഷ പ്രതിച്ഛായയാണ് ഒറ്റയടിക്ക് തകര്‍ത്ത് കളഞ്ഞത്.


Next Story

Related Stories