TopTop
Begin typing your search above and press return to search.

ദിൽവാലെ; കല്യാണവും പാലുകാച്ചലും കണ്ട് പിടയുകയാണ്..പിടയുകയാണ്..

ദിൽവാലെ; കല്യാണവും പാലുകാച്ചലും കണ്ട് പിടയുകയാണ്..പിടയുകയാണ്..

മൈ നെയിം ഈസ്‌ ഖാനിനു ശേഷം ഷാരൂഖ്‌ ഖാനും കജോളും നായികാ നായകന്മാരായി ഒന്നിക്കുന്നു എന്നതായിരുന്നു ദിൽവാലെയെ പറ്റിയുള്ള ഏറ്റവും വലിയ പ്രതീക്ഷ. സിംഗം റിട്ടേണ്‍സിനും ചെന്നൈ എക്സ്പ്രെസ്സിനും ലഭിച്ച സമ്മിശ്ര പ്രതികരണം രോഹിത്ത് ഷെട്ടി എന്ന സംവിധായകനെ കുറിച്ച് ആശങ്ക ഉണ്ടാക്കി. വരുണ്‍ ധവാൻ, കൃതി സാനോണ്‍, ജോണി ലിവർ തുടങ്ങിയ വമ്പൻ താര നിരയും 90 കളിലെ ഹിന്ദി പ്രണയ സിനിമകളെ ഓർമിപ്പിക്കുന്ന ഗാനരംഗങ്ങളും ട്രെയിലറും ഒരു ഷുവർ ഹിറ്റ്‌ ആകും ദിൽവാലെ എന്ന തോന്നല്‍ ഉണ്ടാക്കി. പക്ഷെ ഇറങ്ങിയതു മുതൽ സിനിമയെ പറ്റിയുള്ള പരിഹാസ പ്രചാരണങ്ങൾ നിറയുകയാണ് ഇന്ത്യയിൽ ഉടനീളം.

ഷാരുഖിന്റെ രാജും കജോളിന്റെ മീരയും തമ്മിലുള്ള പതിനഞ്ച് വർഷത്തെ പ്രണയവും, വിരഹവും, ശത്രുതയും തെറ്റിദ്ധാരണകളും ഒക്കെയാണ് ദിൽവാലെയുടെ വിഷയം. ഇതിനിടയിൽ അധോലോകവും കടുത്ത സാഹോദര്യവും സാധാരണക്കാർ കണ്ടു പോലും പരിചയിച്ചിട്ടില്ലാത്ത കാറുകളും കണ്ടു മതിയായ ട്വിസ്റ്റുകളും ഒക്കെ വന്നിട്ടുണ്ട്. ഷാരുഖിന്റെ സഹോദരൻ വീർ ആയി വരുണ്‍ ധവാനും അയാളുടെ കാമുകി ഇഷിത ആയി കൃതിയും ഇവർക്ക് ചുറ്റും വട്ടം കറങ്ങുന്നവരായി മറ്റെല്ലാ .കഥാപാത്രങ്ങളും. സിനിമയിലെ 80 ശതമാനം കഥാപാത്രങ്ങളും നായകന്റെയോ നായികയുടെയോ അടിമകൾ ആണ്‌. തമാശകൾ എന്ന് പറഞ്ഞു കാട്ടുന്ന 'രാംലാൽ പോഗോ' കഥ, ജോണി ലിവെറിന്റെ വിചിത്ര ശബ്ദത്തിൽ ഉള്ള സംസാരം, അഭിനയം എന്താണെന്ന് അറിയില്ലെന്ന് തോന്നിക്കുന്ന വരുണ്‍ ധവാന്റെ പഞ്ചാരയടി, കാർ മോഷണ കഥകൾ ഒക്കെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ പ്രേക്ഷകർ പതറി പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല. കജോൾ ഒഴികെ ഉള്ള എല്ലാവരും അമിതാഭിനയം കൊണ്ട് മടുപ്പിക്കുന്നുണ്ട്.20 കൊല്ലമായി തുടരുന്ന ഷാരുഖ്-കജോൾ രസതന്ത്രം മാത്രമാണ് ഈ സിനിമയെ രസിപ്പിക്കുന്ന ഒരേയൊരു ഘടകം. ദിൽവാലെ ദുല്‍ഹനിയ ലെ ജായേംഗയുടെയും കുച്ച് കുച്ച് ഹോത്താ യുടെയും ഒക്കെ ആരാധകരെ രസിപ്പിക്കുന്ന വിധത്തിൽ മിക്കവാറും രംഗങ്ങളിൽ ഇവർ സ്വാഭാവികമായി സ്ക്രീനിൽ നിറയുന്നുണ്ട്. പക്ഷെ ചില രംഗങ്ങളിൽ പഴയ ഷാരുഖും കജോളും ആകാൻ വേണ്ടി കൃത്രിമമായി അപക്വത കാട്ടാൻ രണ്ടു പേരോടും ആവശ്യപ്പെടുന്നുണ്ട് സിനിമ. വരുണ്‍ ധവാൻ-കൃതി ജോടികളുടെ പ്രണയ രംഗങ്ങൾ മുഴുവൻ ഏച്ചുകൂട്ടി എവിടെയൊക്കെയോ കുത്തി നിറച്ച പോലെ ഉണ്ട്. ഞങ്ങൾ പുതിയ തലമുറക്കാരാണ്, ഞങ്ങളുടെ പ്രണയം വളരെ ആധുനികമാണ് എന്നൊക്കെ പറഞ്ഞു അവസാനം ശാദി ശാദി എന്ന് പറഞ്ഞ കരയുന്ന ആ രണ്ടു കഥാപാത്രങ്ങളും ചിരിപ്പിക്കുന്നുണ്ട്. ഒരു കോമഡി രംഗം അല്ലാതായിട്ടുകൂടി.

ചില മലയാള സിനിമകളുമായി വിചിത്രമായ സാമ്യങ്ങളും തോന്നി ദിൽവാലേക്ക്. കാലിയുടെ ഇരുട്ടടി മായാവിയും ഇരട്ട മുഖം ഉസ്താദും വര്‍ക്ക് ഷോപ്പിലെ ചില രംഗങ്ങൾ ലോലിപോപ്പും ഓർമിപ്പിച്ചു. രാജും വീറുമായുള്ള സാഹോദര്യം ഷാരുഖിന്റെ തന്നെ മേം ഹു ന യിലും കഭി ഖുശി കഭി ഘംമിലും കണ്ട രംഗങ്ങളുടെ ഒരു പുതുമയും ഇല്ലാത്ത ആവർത്തനങ്ങൾ ആണ്. ഒരു കമേർഷ്യൽ ഹിന്ദി സിനിമ ആകുമ്പോൾ ഒരു ഷെഡ്യൂൾ എങ്കിലും വിദേശ രാജ്യത്ത് ചിത്രീകരിക്കണം എന്ന നിർബന്ധം കൊണ്ട് മാത്രം സിനിമയിൽ വന്നു പോകുന്ന കുറെ ദൃശ്യങ്ങൾ ഉണ്ട്. പ്രീതം ചക്രബർത്തിയുടെ പാട്ടുകളും അമർ മോഹൈലിന്റെ പശ്ചാത്തല സംഗീതവും ഒന്നും യാതൊരു ഓളവും ഉണ്ടാക്കുന്നില്ല. ഒരു ആചാരം പോലെ എല്ലാവരെയും കൊണ്ടുവന്നു അവസാനം നൃത്തം ചെയ്യിക്കുന്നതും ചലനമുണ്ടാക്കുന്നില്ല. ബഡെ ബഡെ ദേശോം മേം എന്ന തന്റെ ഹിറ്റ് ഡയലോഗ് ഷാരൂഖ്‌ ഇത്ര മോശമായി പറയുന്നതും ആദ്യമായി കാണുകയാണ്.

90 കളിലെ ഹിന്ദി പ്രണയ സിനിമകളുടെ ബാധ പിന്തുടരുമ്പോൾ തന്നെ പുതു തലമുറയെ തനിക്ക് നന്നായി അറിയാം എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് രോഹിത്ത് ഷെട്ടി. പക്ഷെ കല്യാണവും പാലുകാച്ചലും ഇടകലർന്നു കണ്ട് പ്രേക്ഷകർ പിടയുകയാണ്..പിടയുകയാണ്..ഷാരുഖിനെയും കജോളിനെയും കണ്ട് നിങ്ങളുടെ ബല്യ കൗമാര യൗവന വാർദ്ധക്യ ഗൃഹാതുരതകൾ അയവിറക്കാം എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി കളയാൻ സമയവും പണവും ക്ഷമയും ഉണ്ടെങ്കിൽ ഇത്തിരി ധൈര്യം സംഭരിച്ച് ദിൽവാലെക്കു കയറാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories