TopTop
Begin typing your search above and press return to search.

ദിനനാഥ് ബത്ര എന്ന സംഘി അഥവാ സ്വയം പ്രഖ്യാപിത സെന്‍സര്‍

ദിനനാഥ് ബത്ര എന്ന സംഘി അഥവാ സ്വയം പ്രഖ്യാപിത സെന്‍സര്‍

രമാ ലക്ഷ്മി
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

എണ്‍പത്തഞ്ചുകാരനായ ആ റിട്ടയര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ അധികം പുറത്തു പോകാറില്ല. പതിയെയാണ് നടത്തം, ദിവസം മുഴുവന്‍ പുസ്തകങ്ങള്‍ വായിക്കും, രാത്രി ദേശസ്നേഹം നിറഞ്ഞ സീരിയലുകള്‍ കാണും. എന്നാല്‍ ഇന്ത്യയിലെ ലിബറല്‍ ബുദ്ധിജീവികള്‍ അദ്ദേഹത്തെ ജനാധിപത്യമെന്ന ആശയത്തിന് തന്നെ ഭീഷണി എന്നാണ് വിശേഷിപ്പിക്കുന്നത്.

ദിനനാഥ് ബത്ര എന്ന, ലോക്കല്‍ മീഡിയ “ബുക്ക് പോലീസ്” എന്നും “ബാന്‍ മാന്‍” എന്നും വിശേഷിപ്പിക്കുന്ന ഇദ്ദേഹം സ്വയം തെരഞ്ഞെടുക്കപ്പെട്ട ഒരു സെന്‍സര്‍ ആണ്. ഹിന്ദുവികാരം വ്രണപ്പെടുത്തി എന്നുപറഞ്ഞ് പബ്ലിഷിംഗ് ഹൌസുകള്‍ക്ക് അദ്ദേഹം ലീഗല്‍ നോട്ടീസുകള്‍ അയയ്ക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു.

നീണ്ട നിയമയുദ്ധങ്ങളും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ അക്രമവും പേടിച്ച് പ്രസാധകര്‍ പുസ്തകങ്ങള്‍ പിന്‍വലിക്കുകയും നശിപ്പിച്ചുകളയുകയും എഴുത്തുകാരോട് തിരുത്തി എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.അത്ര കണിശമായി എഴുതിയിട്ടില്ലാത്ത ഹേറ്റ് സ്പീച്ച്- ഈശ്വരനിന്ദ നിയമങ്ങള്‍ ഉപയോഗിച്ചാണ് ബത്ര പുസ്തകങ്ങളില്‍ നിന്ന് ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ബത്ര കാരണം ഡല്‍ഹി സര്‍വകലാശാലയ്ക്ക് അവരുടെ സിലബസില്‍ നിന്ന് ഒരു പ്രശസ്തപണ്ഡിതന്‍ പുരാതന ഹിന്ദു ഇതിഹാസത്തെപ്പറ്റി എഴുതിയ പ്രബന്ധം നീക്കംചെയ്യേണ്ടി പോലും വന്നിട്ടുണ്ട്. ഈയടുത്ത് ബത്രയുടെ ഇടപെടല്‍ കാരണം വെന്‍ഡി ഡോനിഗര്‍ എന്ന ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറുടെ ഹിന്ദുവിസത്തെപ്പറ്റിയുള്ള പുസ്തകം പെന്ഗ്വിന് പിന്‍വലിക്കേണ്ടി വന്നു.

സ്കൂളിലെ ഏകാന്തമായ ഒരു മുറിയില്‍ ഇരുന്നാണ് ബത്ര ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ വായനയ്ക്കും പ്രവര്‍ത്തനത്തിനും സ്കൂളിന്റെ പിന്തുണയുണ്ട്. ചരിത്ര പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പുസ്തകങ്ങളും പരിശോധിച്ച് ഹിന്ദു വിശ്വാസത്തിനു നിരക്കാത്തതെല്ലാം നീക്കം ചെയ്യുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് ഇത് നന്മതിന്മകളുടെ യുദ്ധമാണ്.

“അവര്‍ എന്നെ ബാന്‍മാന്‍ എന്ന് വിളിക്കുന്നു. എന്നാല്‍ തിന്മ പ്രചരിക്കാതിരിക്കാന്‍ പ്രതിരോധങ്ങള്‍ തീര്‍ക്കുകയാണ് എന്റെ ജോലി”, ശിക്ഷാ ബചാവോ ആന്ദോളന്‍ സമിതിയുടെ സ്ഥാപകന്‍ കൂടിയായ ബത്ര പറയുന്നു. സമാന ചിന്താഗതിക്കാരായ അധ്യാപകരുടെയും വക്കീലന്‍മാരുടെയും ഹിന്ദു ദേശീയവാദികളുടെയും സംഘടനയാണിത്‌. “ഹിന്ദുവിസത്തെയും ഞങ്ങളുടെ ദേവീദേവന്മാരെയും ഗവേഷണത്തിന്റെ പേരില്‍ അവഹേളിക്കാന്‍ എഴുത്തുകാരെ ഞങ്ങള്‍ സമ്മതിക്കില്ല.”

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ അധികാരത്തില്‍ വന്ന ഹിന്ദു ദേശീയവാദി സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ മുന്നേറുമെന്നാണ് പേടിക്കുന്നത്.സെന്‍സര്‍ഷിപ്പിനെപ്പറ്റിയുള്ള ഇന്ത്യന്‍ നിലപാടുകള്‍ പുതിയതല്ല: ഇസ്ലാം മത വിശ്വാസികള്‍ മതനിന്ദയാണെന്ന് വിളിച്ചതിനെതുടര്‍ന്ന് 1988ല്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ “ദി സാത്താനിക് വേര്‍സസ്‌” നിരോധിച്ചിരുന്നു.

എന്നാല്‍ പല മതവിഭാഗങ്ങളും പാട്ടുകളും സിനിമാപ്പേരുകളും കലാപ്രദര്‍ശനങ്ങളും പുസ്തകങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയതോടെ രാജ്യത്തിന്റെ സെന്‍സറിംഗ് അഭിരുചി വളര്‍ന്നു.

ബത്രയുടെ ഏറ്റവും പുതിയ വഴക്ക് ഓറിയന്റ്റ് ബ്ലാക്ക്സ്വാനുമായാണ്. ദശാബ്ദങ്ങളായി അച്ചടിച്ചുവരുന്ന ഒരു ചരിത്രപുസ്തകത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിനെപ്പറ്റി വ്രണപ്പെടുത്തുന്ന വാചകങ്ങളുണ്ട് എന്നാണ് ബത്രയുടെ വാദം. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ദേശീയ വാദസംഘടനയായ ആര്‍ എസ് എസില്‍ ബത്ര അംഗമാണ്.

ഈ ലീഗല്‍ നോട്ടീസ് കിട്ടിയ ഉടന്‍ തന്നെ ഇതെ പ്രതികരണമുണ്ടായേക്കാന്‍ സാധ്യതയുള്ള പല പുസ്തകങ്ങളെയും വീണ്ടും പരിശോധിച്ചുകൊണ്ട് പ്രസാധകര്‍ എഴുത്തുകാരെ ഞെട്ടിച്ചു. ഇതിലൊരു പുസ്തകം ഗുജറാത്ത് കലാപകാലത്ത് മുസ്ലിം സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികഅതിക്രമങ്ങളെപ്പറ്റി മേഘാ കുമാര്‍ എഴുതിയ പുസ്തകമാണ്.

ബത്ര എതിര്‍പ്പ് പ്രകടിപ്പിച്ച ചരിത്രപുസ്തകം പിന്‍വലിക്കില്ല എന്ന് ഒറിയന്റ് ബ്ലാക്ക്സ്വാന്റെ മിമി ചൌധരി ഒരു ഇമെയില്‍ മുഖാന്തരം അറിയിച്ചു. എന്നാല്‍ കുമാറിന്റെ പുസ്തകം ഇപ്പോഴുള്ള രീതിയില്‍ പ്രസിദ്ധീകരിച്ചാല്‍ വര്‍ഗീയപ്രശ്നങ്ങള്‍ ഉണര്ത്തുമെന്ന കാരണത്താല്‍ നിയമനടപടികള്‍ ക്ഷണിച്ചുവരുത്തിയേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലെ അക്കാദമികസ്വാതന്ത്ര്യത്തെപ്പറ്റി വളരെ വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത് എന്നാണ് മേഘാ കുമാര്‍ പറയുന്നത്. “എന്റെ പുസ്തകത്തിനെതിരെ ആരും നിയമപ്രശ്നങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. എങ്കിലും പ്രസാധകര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നു”, ലണ്ടനില്‍ നിന്നുള്ള ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ കുമാര്‍ പറയുന്നു. “ഇനി അക്കാദമിക പുസ്തകങ്ങള്‍ പണ്ഡിതര്‍ വായിക്കുന്നതിനുപകരം വക്കീലന്മാരാകുമോ വായിക്കുക? എന്റെ പുസ്തകത്തിന്‍റെ ഭാഷ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസാധകര്‍. എന്റെ പ്രസാധകരുടെ നടപടിയെ ഒരു സ്വയം സെന്‍സര്‍ഷിപ്പായാണ് കാണാന്‍ കഴിയുക.”

ഡോനിഗറുടെ പുസ്തകമായ “ദി ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി” എന്നതിനെപ്പറ്റി ബത്ര നല്‍കിയ പരാതിയും നാലുവര്‍ഷമാണ്‌ കോടതിയില്‍ നടന്നത്. ഫെബ്രുവരിയില്‍ പെന്‍ഗ്വിന്‍ ഇന്ത്യ നിശബ്ദമായി പ്രശ്നം കോടതിക്ക് വെളിയില്‍ പരിഹരിക്കാനും ഇന്ത്യയിലുള്ള കോപ്പികള്‍ നശിപ്പിക്കാനും തീരുമാനിക്കുകയാണുണ്ടായത്.

ഇന്ത്യന്‍ ഭരണഘടന ചില നിഷ്കര്‍ഷകളോടെ അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. രാജ്യസുരക്ഷ, അഭിമാനം, പൊതുസമാധാനം എന്നിവയാണ് പ്രശ്നങ്ങളാകുന്നവ. എന്നാല്‍ സംഘടനകള്‍ സ്ഥിരമായി മതനിന്ദ, സംഘര്‍ഷ പ്രേരണ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാറുണ്ട് എന്ന് ആള്‍ട്ടര്‍നേറ്റീവ് ലോ ഫോറത്തിലെ ഡാനിഷ് ഷെയിക്ക് പറയുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങള്‍ പഠിക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്. ചിലര്‍ ബത്ര എന്നൊരാളുടെ ലീഗല്‍ നോട്ടീസ് കിട്ടിയാല്‍ പേടിക്കേണ്ട എന്ന് പ്രസാധകരെ അനൌദ്യോഗികമായി അറിയിക്കുന്നുമുണ്ട്.

ബത്രയുടെ നടപടികള്‍ കോടതിയില്‍ മാത്രമാണെങ്കില്‍ ചില പ്രതിഷേധങ്ങള്‍ അക്രമാസക്തമാണ്. രണ്ടായിരത്തിനാലില്‍ പതിനേഴാംനൂറ്റാണ്ടിലെ ഒരു ഹിന്ദുരാജാവിനെപ്പറ്റി വിവാദപുസ്തകം എഴുതിയതിന് എഴുത്തുകാരന്‍ ജെയിംസ് ലെയിനിനെ സഹായിച്ചു എന്നതിന്റെ പേരില്‍ ഒരു ലൈബ്രറി ഹിന്ദുത്വവാദികള്‍ തകര്‍ക്കുകയുണ്ടായി. രണ്ടായിരത്തിയെട്ടില്‍ ചില വിദ്യാര്‍ഥികള്‍ ദല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ജനാലകള്‍ തകര്‍ക്കുകയും ഒരു അധ്യാപകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രശ്നത്തിനു കാരണമായ പാഠ ഭാഗം പിന്നീട് നീക്കം ചെയ്തു.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും,അതിന് തന്റെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ബത്ര മാനവവിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിയെ അറിയിച്ചുകഴിഞ്ഞു. ഇറാനി ഇതുവരെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. എന്നാല്‍ ബത്രയ്ക്ക് ഹിന്ദുദേശീയവാദി സര്‍ക്കാരുമായുള്ള അടുപ്പം പേടിപ്പിക്കുന്നതാണ് എന്നാണ് ആശയസ്വാതന്ത്ര്യത്തിന്റെ വക്താക്കളുടെ പക്ഷം.

“ദിനനാഥ് ബത്ര തനിച്ചല്ല എന്നതാണ് എന്റെ പേടി. ഈ സര്‍ക്കാരിന്റെ പിന്തുണ അയാള്‍ക്കുണ്ട്.”, LGBT പുസ്തകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോട ബുക്സ് പ്രസാധക അര്‍പിത ദാസ് പറയുന്നു. “സ്കൂള്‍-സര്‍വകലാശാല കരിക്കുലം തീരുമാനിക്കുമ്പോള്‍ ബത്രയുടെ അഭിപ്രായം പരിഗണിക്കപ്പെടും. ഇതിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു.”

ബത്രയുടെ ശക്തമായ ഹിന്ദുദേശീയവാദം ചെറുപ്പം മുതലുള്ളതാണ്. പാക്കിസ്ഥാന്റെ അതിര്‍ത്തിപ്രദേശത്ത് ജനിച്ച ബത്ര കൗമാരക്കാരനായിരുന്നപ്പോഴാണ് ഇന്ത്യാ-പാക്ക് വിഭജനവും ഹിന്ദു-മുസ്ലിം കലാപങ്ങളും സംഭവിച്ചത്. പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ആര്‍എസ്എസ് തെരഞ്ഞെടുത്തവരില്‍ ബത്രയുമുണ്ടായിരുന്നു.

പാകിസ്ഥാനിലെപള്ളികളില്‍ വേഷം മാറിച്ചെന്ന ബത്ര ഹിന്ദു അഭയാര്‍ഥികളെ ആക്രമിക്കാന്‍ മുസ്ലിമുകള്‍ പദ്ധതിയിടുന്നത് മനസിലാക്കി പാക്കിസ്ഥാനിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്.1955ല്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍ ആയതിനുശേഷം ചരിത്ര പുസ്തകങ്ങള്‍ക്ക് ഒരു കൊളോണിയല്‍ അനുകൂല സ്വഭാവം ഉണ്ടെന്നും പ്രാദേശിക യോദ്ധാക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ബത്ര കണ്ടെത്തി. ആ പാഠഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ബത്ര ശ്രമം തുടങ്ങി. അതിലൂടെയാണ് ബത്ര എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍റെ ജനനം.

എന്നാല്‍ ആശയങ്ങളുടെ ലോകത്തിലെ ബത്രയുടെ സമരം പുതിയ ടെക്നോളജിയുടെ കാലത്ത് ചിലപ്പോള്‍ വിലപ്പോകില്ല. ബാന്‍ ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഡോനിഗറുടെ പുസ്തകം ഓണലൈന്‍ ആയി പുറത്തുവന്ന്‍ ബത്രയുടെ ശ്രമങ്ങളെ തോല്‍പ്പിച്ചു.

“പുസ്തകം നിരോധിക്കപ്പെട്ട ഉടന്‍ തന്നെ എല്ലാവരും അത് ഡൌണ്‍ ലോഡ് ചെയ്യാനും വ്യാപകമായി പ്രചരിപ്പിക്കാനും തുടങ്ങി.” ദാസ് പറയുന്നു. “ബത്രയുടെ എതിര്‍പ്പുകള്‍ക്ക് പുതിയ ഒരു തലമുറ വായനക്കാരെ സൃഷ്ടിക്കാന്‍ കഴിയുകയാണ് ഉണ്ടായത്.”


Next Story

Related Stories