TopTop
Begin typing your search above and press return to search.

സിനിമയും ജീവിതവും സുന്ദരമായൊരു ഫ്രെയിമില്‍- വിന്‍സെന്റ് മാഷിനെ കുറിച്ച് സംവിധായകന്‍ ഹരിഹരന്‍

സിനിമയും ജീവിതവും സുന്ദരമായൊരു ഫ്രെയിമില്‍- വിന്‍സെന്റ് മാഷിനെ കുറിച്ച് സംവിധായകന്‍ ഹരിഹരന്‍

(പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ വിന്‍സെന്‍റിനെ പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ഓര്‍മ്മിക്കുന്നു. തയ്യാറാക്കിയത്: മുഹ്‌സീന കൈതകോട്‌ )

വിന്‍സെന്റ് മാഷും ഞാനും ഒരേ നാട്ടുകാരായിരുന്നു. കുട്ടികാലത്ത് മാഷിന്റെ അസിസ്റ്റന്റ് ആകാന്‍ ശ്രമം നടത്തിയെങ്കിലും ആ ആഗ്രഹം നടന്നില്ല. പിന്നീട് ഞാന്‍ സംവിധായകനായതിന് ശേഷം യു രാജഗോപാലന്റെ അഭാവത്തിലും മറ്റുമായി ഛായാഗ്രഹണത്തില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വിന്‍സെന്റ് മാഷ്, ഞാനുള്‍പ്പെടെയുള്ള ഒരു തലമുറയ്ക്ക് ഗുരുവായിരുന്നു.

ഇന്ത്യന്‍ സിനിമയുടെ ഭീഷ്മാചാര്യനാണ് വിന്‍സെന്റ് മാഷ്. കാമറയില്‍ അതിവിദഗ്ധന്‍. ഇന്നു കാണുന്ന ടെക്‌നോളജികള്‍ വരുന്നതിനൊക്കെ മുമ്പ് കാമറ എഫക്റ്റ്‌സും, ക്രാഫ്റ്റും മറ്റും ഉപയോഗിച്ച് പിക്‌സെല്‍ ക്യാമറയില്‍ അദ്ദേഹം അത്ഭുതങ്ങള്‍ ചമച്ചു. അദ്ദേഹത്തിന്റെ കാലത്തിനു മുമ്പ് മലയാള സിനിമ നാടകത്തെ കാമറയില്‍ പകര്‍ത്തുകയായിരുന്നു എന്നുവേണം പറയാന്‍. പക്ഷെ ലൈറ്റിങ്ങിലും കംപോസിങ്ങിലുമൊക്കെ പുതിയ ഡയമന്‍ഷ്യസ് കൊടുത്തുകൊണ്ട്, സിനിമയ്ക്ക് അദ്ദേഹം പുതിയ വ്യാകരണം തീര്‍ത്തു. അന്നുണ്ടായിരുന്ന ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിംഗ് സംവിധാനങ്ങളെ റിയാലിറ്റിയിലേക്ക് കൊണ്ടു വന്നു. ഇത്തരത്തില്‍ മലയാള സിനിമയെ സ്റ്റുഡിയോയില്‍ നിന്ന് മാത്രമല്ല നാടകത്തില്‍ നിന്നു കൂടിയാണ് അദ്ദേഹം പുറത്തേക്കിറക്കിയത്.

ഇന്ത്യന്‍ സിനിമയില്‍ ഫോട്ടോഗ്രഫി ശ്രദ്ധിക്കപ്പെടുന്നത് തന്നെ വിന്‍സെന്റ്റ് മാഷിലൂടെയാണ്. രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന 'നീലക്കുയിലി'ല്‍ ഇന്ത്യന്‍ സിനിമാലോകം വിസ്മയത്തോടെ കണ്ടുനിന്ന, ഛായാഗ്രഹണത്തിന്‍റെ പുതിയ തലങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. മാഷിന്റെ ഫ്രെയിമുകളൊക്കെ അതിമനോഹരമാണ്. ഗാന രംഗങ്ങളുടെ കാര്യമെടുക്കാം. പാട്ടുകളുടെ ചിത്രീകരണത്തില്‍ മാഷിന് പ്രത്യക കഴിവുണ്ടായിരുന്നു. ഇന്നും അപ്റ്റു ഡേറ്റഡ് ആണ് ആ ഗാനരംഗങ്ങളെല്ലാം. 'ഏകാന്തതയുടെ അപാരതീരം...', 'താമസമെന്തേ വരുവാന്‍...' തുടങ്ങി എത്ര പാട്ടുകള്‍. മെരിലാന്‍ഡ് സ്റ്റുഡിയോയും, ഉദയ സ്റ്റുഡിയോയും ഒക്കെ ഗാന ചിത്രീകരണതിനു മാത്രമായി മാഷെ വിളിക്കുമായിരുന്നു. ഇങ്ങനെ ഒരുകാലം പിന്നെ ഉണ്ടായിട്ടില്ല.സാവിത്രി, കൃഷ്ണ, സരോജ തുടങ്ങി പല അര്‍ട്ടിസ്റ്റുകളും ഡേറ്റ് കൊടുക്കും മുമ്പ് മാഷിന്റെ ഡേറ്റ് കിട്ടിയോ എന്ന് അന്വേഷിക്കുമായിരുന്നു. അര്‍ട്ടിസ്റ്റിന്റെ ഡേറ്റിന് കാത്തു നില്‍ക്കുന്നിടത്താണ് ഒരു ടെക്‌നീഷ്യന് ഇത്രയേറെ പ്രാധാന്യം വന്നതെന്ന് ഓര്‍ക്കണം. വിന്‍സെന്റ് മാഷിന്റെ പ്രാധാന്യമിവിടെയാണ്. അത്തരമൊരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. തന്റെ മേഖലകളിലുള്ള കഴിവ്, താല്‍പര്യത്തിന്റെ പാരമ്യം ഇങ്ങനെ പലതും കൊണ്ടും ഒരു പെര്‍ഫെക്റ്റ് ആയിരുന്നു മാസ്റ്റര്‍. സിനിമയെ വളരെ ഗൗരവത്തില്‍ മാത്രം കാണുന്ന ഒരാള്‍, അത്തരം അപ്രോച്ച് ഇല്ലാത്തവരോട്, സന്ദര്‍ഭങ്ങളോട് മാഷ് കലഹിക്കും. അതിനാല്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും അനുസരണയുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലെ മാഷിന്റെ മുന്‍പില്‍ നിന്നു.

കുട്ടുകെട്ടുകളാണു വിന്‍സെന്റ് മാഷിനെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാവത്ത മറ്റൊരു വിഷയം. ബി ശ്രീധര്‍-വിന്‍സെന്റ്റ് മാഷ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. ഇന്ത്യയില്‍ തന്നെ മികച്ച ഒരു ഡയറക്ടര്‍- സിനിമാറ്റോഗ്രഫര്‍ കോമ്പിഷനായിരുന്നു അത്. 'നെഞ്ചം മരപ്പതില്ലൈ' ,'കാതലിക്ക നേരമില്ലൈ' തുടങ്ങി നിരവധി സിനിമകള്‍ അവരുടെതായി വന്നു. ഇങ്ങനെ നോക്കുമ്പോള്‍ പലരുടെയും പിന്‍ബലമയിരുന്നു മാഷ്. എന്നെ പോലെയുള്ള പില്‍ക്കാല സംവിധായകര്‍ക്കും ഛായാഗ്രാഹകര്‍ക്കും ഒരു പ്രചോദനം തന്നെയായിരുന്നു, . ഒരു ഷോട്ട് എങ്ങനെ മാനേജ് ചെയണം എന്നു തുടങ്ങി പലയിടത്തും അദ്ദേഹത്തിന്റെ രീതികള്‍ ഞങ്ങള്‍ പിന്തുടര്‍ന്നു. ഒരു പ്രശ്‌നം വരുമ്പോള്‍ ഉപദേശം തേടി ആദ്യം പോവുനത് അങ്ങോട്ട് തന്നെയാണ്.

എം.ടി വിന്‍സന്‍റ് മാഷ് കുട്ടുകെട്ട് ആണ് എടുത്തുപറയേണ്ട മറ്റൊന്ന്. എം.ടിയെ കൊണ്ടുവരുന്നത് തന്നെ മാഷാണല്ലോ. എം ടിയുടെ ആദ്യത്തെ തിരക്കഥയായ 'മുറപ്പെണ്ണ്' മാഷിനു വേണ്ടിയായിരുന്നു. മറ്റുപല പ്രതിഭകളെയും സംവിധായകരെയും നടന്മാരെയും ആര്‍ട്ട് ഡയറക്ടര്‍മാരെയുമൊക്കെ അദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്.

സ്വന്തം സിനിമകള്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ പോലെതന്നെ അതിസുന്ദരമായ മറ്റുപലതും വിന്‍സെന്‍റ് മാഷ് നമുക്കുവേണ്ടി കരുതിവച്ചിരുന്നു.


Next Story

Related Stories