TopTop

ആ ജഡ്ജി ആരേയും പേടിച്ചില്ല; ശശികല കേസിലെ വിചാരണ കോടതി വിധി ഒരു പാഠപുസ്തകമാണ്

ആ ജഡ്ജി ആരേയും പേടിച്ചില്ല; ശശികല കേസിലെ വിചാരണ കോടതി വിധി ഒരു പാഠപുസ്തകമാണ്
അവര്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി എന്നുതന്നെ ഉറപ്പിച്ചു; ഇപ്പോഴവര്‍ തടവിലാണ്.

2016 ഡിസംബര്‍ 5-നു ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ ഉറ്റതോഴിയായ വികെ ശശികലയുടെ ഭാവി മാധ്യമങ്ങളെയും തമിഴ് ജനതയെയും വിസ്മയങ്ങളില്‍ നിര്‍ത്തിക്കൊണ്ടിരുന്നു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ 2016 ഫെബ്രുവരി 14-ന്, അന്യായമായ നീണ്ട കാലതാമസത്തിന് ശേഷം ജയലളിത, ശശികല, ശശികലയുടെ അടുത്ത ബന്ധുക്കളായ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരുടെ അഴിമതി നിരോധന നിയമം 1988- അനുസരിച്ചുള്ള ശിക്ഷ സുപ്രീം കോടതി ശരിവെച്ചപ്പോഴാണ് ഈ ഊഹാപോഹങ്ങള്‍ക്ക് ഒരറുതിയായത്. തമിഴ്നാട് ഭരിക്കാനുള്ള തന്റെ അവകാശവാദം തെളിയിക്കാന്‍ എംഎല്‍എമാരെ വിനോദ വിശ്രമകേന്ദ്രത്തില്‍ പാര്‍പ്പിച്ച ശശികലയുടെ രാഷ്ട്രീയ നാടകങ്ങളില്‍ മാധ്യമങ്ങള്‍ മുഴുകിയപ്പോള്‍, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിലെ പ്രധാനമായ ഒരു സംഗതി മറഞ്ഞുപോയി. സുപ്രീം കോടതി വിധി പ്രഖ്യാപിച്ച കാലതാമസം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ആ വിധി എന്തുകൊണ്ടും സുപ്രധാനമാണ്.

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കുറ്റത്തിന് ജയലളിതയെയും അനധികൃത സ്വത്ത് മറച്ചുവെക്കാന്‍ കൂട്ടുനിന്നതിന് ശശികലയേയും മറ്റ് രണ്ടു പേരെയും ശിക്ഷിച്ച 2014 സെപ്റ്റംബറിലെ വിചാരണ കോടതിയുടെ വിധി 2015 മെയ് 11-നു കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിചാരണ കോടതിയുടെ വിധി ശരിവെച്ചത്. ഒന്നാം പ്രതി ജയലളിത മരിച്ചെങ്കിലും ശശികലയടക്കമുള്ള മറ്റ് മൂന്ന് പ്രതികളും വിചാരണ കോടതി വിധിച്ച പോലെ നാല് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും 10 കോടി രൂപ പിഴയടക്കുകയും വേണമെന്ന് സുപ്രീം കോടതി വിധിച്ചു.

ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയും എഴുതിയ വിധി, എങ്ങനെ അനധികൃത സ്വത്ത് മറച്ചുവെക്കുന്നു എന്നുള്ളതിനെക്കുറിച്ചുള്ള ഒരു പാഠമാണ്. ശശികലയെയും കൂട്ടാളികളെയും ഉപയോഗിച്ച് ജയലളിത എങ്ങനെയാണ് അനധികൃത സ്വത്തുക്കള്‍ മറച്ചുവെച്ചതെന്ന് കണ്ടെത്താന്‍ വിചാരണ കോടതി ന്യായാധിപന്‍ ജോണ്‍ മൈക്കല്‍ ഡി ക്കുഞ്ഞ ആശ്രയിച്ച തെളിവുകള്‍ അതില്‍ പറയുന്നു. ഇതിനുപയോഗിച്ച രീതികള്‍ പുതിയതോ തനതായതോ അല്ല: ഇന്ത്യയില്‍ സ്വകാര്യ, പൊതുജീവിതങ്ങളിലെ വ്യക്തികള്‍ നിയമവിരുദ്ധ വരുമാനം മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പതിവ് തട്ടിപ്പുകളാണവ. ഈ സംഭവത്തില്‍ ഒരേ വിലാസത്തില്‍ 34 വ്യാജ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. 10 എണ്ണം രജിസ്റ്റര്‍ ചെയ്തത് ഒരേ ദിവസം. 6 എണ്ണം മറ്റൊരു ദിവസം. ഈ കമ്പനികള്‍ക്കായി 50 ബാങ്ക് അക്കൌണ്ടുകള്‍ തുറന്നു, ഇതില്‍ 47-ഉം ഒരേ ബാങ്കില്‍. വില കുറച്ചു കാണിച്ച വസ്തുവകകള്‍ വാങ്ങലായിരുന്നു ഇവയില്‍ മിക്ക കമ്പനികളുടേയും ഏക പണി. പണം ഒരു അക്കൌണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് കൈമാറി; ബാങ്കുകളില്‍ നിന്നു വായ്പ എടുക്കുകയും വായ്പ പണം മുഴുവന്‍ വാങ്ങാതിരിക്കുമ്പോഴും അതെല്ലാം ബാധ്യതകളായി കാണിക്കുകയും ചെയ്തു. ഇതിലെ പല ഇടപാടുകളുടെയും പരസ്യമായ നിയമലംഘനം സൂചിപ്പിക്കുന്നത് ഒരിയ്ക്കലും പിടിക്കപ്പെടില്ലെന്ന് പ്രതികള്‍ ഉറച്ചു വിശ്വസിച്ചു എന്നാണ്.

നീണ്ട വര്‍ഷങ്ങളാണ് കേസ് അന്തിമവിധിയിലെത്താന്‍ കിടന്നത്; 1996-ലായിരുന്നു സുബ്രമണ്യം സ്വാമി ഈ കേസ് ആദ്യം നല്കിയത്. എങ്കിലും വിചാരണ കോടതിയും സുപ്രീം കോടതിയും ഇതിലെ പ്രവര്‍ത്തികള്‍ കുറ്റങ്ങളായി കണ്ടു എന്നത് പ്രധാനമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നു. തെളിവുകളുടെ തെറ്റായ വായനയും, തെറ്റായ ഗണിതക്രിയകളും കാണിച്ച് ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ ഹൈക്കോടതി വിധി തള്ളിയ സുപ്രീം കോടതി വിചാരണ കോടതിയുടെ വിധിയുടെ വിശ്വാസ്യത തുറന്ന് അംഗീകരിച്ചത് പൊതുവേ അസാധാരണമാണ്.1991 ജൂലായ് 1 മുതല്‍ 1996 ഏപ്രില്‍ 30 വരെയുള്ള ജയലളിതയുടെ ആസ്തികളും വരുമാനസ്രോതസുകളും പരിശോധിക്കുന്നതില്‍ വിചാരണ കോടതി സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് വരെ പോയി. ഇക്കാലയളവില്‍ അവരുടെ സ്വത്ത് 2.01 കോടി രൂപയില്‍ നിന്നും 64.44 കോടി രൂപയായി വര്‍ധിച്ചു എന്നു കോടതി കണ്ടെത്തി. അനധികൃത സ്വത്തിന്റെ വ്യക്തമായ തെളിവ്. സുപ്രീം കോടതി നിരീക്ഷിച്ചപോലെ, ‘കൃത്യവും ശ്രദ്ധയോടുള്ളതും നീതിപൂര്‍വകവുമായ’ വിചാരണ കോടതിയുടെ വിധി ശക്തരും ‘പൊതുസേവകരെന്ന്’ അറിയപ്പെടുന്നവരുമായ കൂട്ടരുടെ നിയമലംഘനങ്ങള്‍ക്കെതിരെ നീതിപീഠനത്തിന് എന്തു ചെയ്യാനാകും എന്നതിന്റെ സ്വാഗതാര്‍ഹമായ ഉദാഹരണമാണിത്. തന്റെ മുന്നിലെ വ്യവഹാരത്തില്‍ ഉള്‍പ്പെട്ട അതിശക്തയായ രാഷ്ട്രീയക്കാരി ആ ന്യായാധിപനെ ഭയത്തിലാഴ്ത്തിയില്ല. അയാളുടെ വിശദമായ വിധി പഠനാര്‍ഹമാണ്.
വിചാരണ തമിഴ്നാടിന് പുറത്തേക്ക് മാറ്റിയത് ഇതിനൊക്കെ സഹായകമായി. പൊതുസേവകര്‍ക്ക് ലഭിക്കുന്ന ‘സമ്മാനങ്ങള്‍’ നിയമാനുസൃതമായ വരുമാനമായി എന്തുകൊണ്ട് കണക്കാക്കാന്‍ കഴിയില്ലെന്ന്, ജയലളിത ശ്രമിച്ച പോലെ, കാരണം അത് പരോക്ഷമായ കോഴയാണെന്ന് കാണിച്ച് കോടതി പറഞ്ഞു. ഇത്തരം സമ്മാനങ്ങള്‍, കാശോ മറ്റ് രൂപത്തിലുള്ളതോ, പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം അവ നിയമപരമായ വരുമാനത്തിലേക്ക് ഉയര്‍ത്താന്‍ ആവില്ലെന്നും’ കോടതി വ്യക്തമാക്കി.

അന്യായമായ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ‘സമ്മാനം’ സ്വീകരിക്കല്‍ പതിവാക്കിയവരും അനധികൃത സ്വത്ത് മറച്ചുപിടിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുന്നവരുമായ ഈ രാജ്യത്തെ ആയിരക്കണക്കിന് ‘പൊതുസേവകരെ’ ഈ വിധി തടയുമോ എന്നു കണ്ടറിയണം. അഴിമതി നിരോധന നിയമത്തിലെയോ, മറ്റ് നിയമങ്ങളിലെയോ കര്‍ശനമായ വകുപ്പുകള്‍, അഴിമതിക്കെതിരായ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ജനങ്ങളുടെ ശേഷി മാത്രമേ അവയെ കാര്യക്ഷമമാക്കുകയുള്ളൂ എന്നാണ് ഇത് സ്ഥാപിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, നിയമ സംവിധാനത്തിന്റെ ഈ അതിദീര്‍ഘമായ നടപടിക്കാലം, അന്തിമവിധി പറയാനെടുത്ത സമയമടക്കം, അഴിമതിവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കിക്കണണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ നിശ്ചയദാര്‍ഢ്യത്തെ കെടുത്തുന്നതാണ്.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

Next Story

Related Stories