TopTop
Begin typing your search above and press return to search.

'ഭൈരവ' കാരണം കഴുത്തില്‍ കിടന്ന മാല പോലും വില്‍ക്കേണ്ടി വന്നെന്ന് വിതരണക്കാരന്‍

വിജയ് ചിത്രം ഭൈരവ തന്നെ കോടികളുടെ കടക്കാരനാക്കിയെന്നു ചിത്രത്തിന്റെ വിതരണക്കരിലൊരാളായ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍. ഭൈരവി ബോക്‌സ് ഓഫിസ് വിജയമാണെന്ന അണിയറപ്രവര്‍ത്തകരുടെ വാദമാണ് ഈ വിതരണക്കാരന്‍ എതിര്‍ക്കുന്നത്. ചിത്രത്തിന്റെ കോയമ്പത്തൂര്‍ മേഖലയിലെ വിതരണാവാകാശം തിരുപ്പൂര്‍ സുബ്രഹ്മണ്യനായിരുന്നു. ഈ ചിത്രം കൊണ്ട് തനിക്കുണ്ടായിരിക്കുന്നത് 1.64 കോടിയുടെ നഷ്ടമാണെന്നും ഇദ്ദേഹം പറയുന്നു.

ഭൈരവയുടെ വിജയാഘോഷം നടത്തുകയും അതിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറക്കാര്‍ക്കും അഭിനേതാക്കള്‍ക്കും വിജയ് ഓരോ സ്വര്‍ണ ചെയിന്‍ സമ്മാനിച്ചിരുന്നു. എനിക്കുണ്ടായ നഷ്ടം കാരണം കഴുത്തില്‍ കിടന്ന മാല പോലും എനിക്കു വില്‍ക്കേണ്ടി വരികയാണു. അതേസമയം ചിത്രം വിജയിച്ചെന്നു പറഞ്ഞു നടത്തിയ ആഘോഷത്തില്‍ വിജയ് എല്ലാവര്‍ക്കും സ്വര്‍ണ ചെയിന്‍ സമ്മാനിക്കുന്നു. അദ്ദേഹത്തെ പോലെ ഒരു നായകനില്‍ നിന്നും ഇങ്ങനെയൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പണ്ട്, എംജിആര്‍ തന്റെ സിനിമ കളിക്കുന്ന തിയേറ്ററിലെ കാന്റീന്‍ ജീവനക്കാരനു വരെ ലാഭം കിട്ടിയോന്നു തിരക്കുമായിരുന്നു. ഇപ്പോഴത്തെ നായകന്മാര്‍ അങ്ങനെയൊന്നും ചെയ്യണമെന്നു ആഗ്രഹിക്കുന്നില്ല, പക്ഷേ സ്വന്തം സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ അവസ്ഥയെങ്കിലും ചോദിച്ചറിയണം. ഭൈരവയ്ക്ക് തമിഴ്‌നാട്ടില്‍ ഏഴു ഡിസ്ട്രിബ്യൂട്ടര്‍മാരും കേരളത്തിലും കര്‍ണാടകയിലും ഓവര്‍സീസിനുമായി ഓരോ വിതരണക്കാരുമാണ് ഉണ്ടായിരുന്നത്. എന്താണു യഥാര്‍ത്ഥ്യം എന്നു ഞങ്ങളില്‍ ആരോടെങ്കിലും വിളിച്ചു ചോദിക്കാന്‍ വിജയ് തയ്യാറാകണമായിരുന്നു, അവര്‍ സന്തോഷമായിട്ടാണോ ഉള്ളതെന്നും തിരക്കാമായിരുന്നു; തിരുപ്പൂര്‍ സുബ്രഹ്മമണ്യന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.തമിഴ്‌നാട്ടില്‍ കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത കബാലി, തൊടരി, കൊടി, കാഷ്‌മോര, ബോഗന്‍, ഭൈരവ, സിംഗം-3 എന്നീ ചിത്രങ്ങള്‍ 25-50 ശതമാനം വരെ നഷ്ടമാണു വിതരണക്കാര്‍ക്ക് ഉണ്ടാക്കിയതെന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യം ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ തമിഴിലെ സൂപ്പര്‍ താരങ്ങളുടേതായിരുന്നു എന്നതും ശ്രദ്ധിക്കണം. നിര്‍മാതാക്കള്‍ പലപ്പോഴും യഥാര്‍ത്ഥവിവരങ്ങള്‍ മറച്ചുവച്ചുള്ള വാര്‍ത്തകളാണു പുറത്തുവിടുന്നത്. കബാലി 200 ദിവസം തിയേറ്ററുകളില്‍ ഓടിയെന്നാണു നിര്‍മാതാവ് എസ്. താണു പറയുന്നത്. പക്ഷേ ആരെങ്കിലും വിശ്വസിക്കുമോ കബാലി 200 ദിവസം ഓടിയെന്ന്? അങ്ങനെ സംഭവിച്ചിട്ടില്ല എന്നതാണു വാസ്തവം. ചെന്നൈയ്ക്കു പുറത്തുള്ള കാര്യം ശ്രദ്ധിക്കണം. അവിടെ ഈ സിനിമകളൊന്നും മൂന്നാഴ്ച കൂടുതല്‍ ഓടുന്നില്ല. ചെന്നൈയില്‍ ആകട്ടെ പടം തിയേറ്ററില്‍ ഓടിക്കാന്‍ വിതരണക്കാരെ നിര്‍ബന്ധിക്കുകയാണ്. വന്‍താരങ്ങളെ സന്തോഷിപ്പിക്കാനാണത്. താരങ്ങള്‍ ചെന്നൈയില്‍ ഉറക്കമുണരുന്നവരാണ്. അവര്‍ പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ പോസ്റ്ററുകളും ചിത്രം നൂറു ദിവസം ഓടിയതിന്റെ പരസ്യവും കാണുന്നു. ഭൈരവയുടെ കാര്യത്തിലും അതു തന്നെയാണു സംഭവിച്ചത്. താരത്തെ സന്തോഷിക്കാന്‍ നിര്‍മാതാക്കള്‍ വലിയ പരസ്യങ്ങള്‍ നല്‍കും. സിനിമ 100 ദിവസം ഓടിയെന്നായിരിക്കും പരസ്യത്തില്‍ കാണുക. സത്യം അന്വേഷിക്കാനൊന്നും മെനക്കെടാത്ത താരം ആ പരസ്യം വിശ്വസിക്കും. യാഥാര്‍ത്ഥ്യമെന്താണെന്ന് അവര്‍ ആരോടും തിരക്കാനും പോകുന്നില്ല
; സുബ്രഹ്മണ്യന്‍ പറയുന്നു.കബാലി പരാജയം ആണെന്നു രജനികാന്ത് ആറിഞ്ഞാല്‍ അദ്ദേഹം പിന്നീടൊരിക്കലും പാ.രഞ്ജിത്ത് എന്ന സംവിധായകനു കൈ കൊടുക്കില്ല. എന്നാല്‍ എസ്. താണു എന്ന നിര്‍മാതാവ് രജനിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് കബാലി 200 ദിവസം ഓടിയെന്നും ഇന്ത്യയില്‍ മറ്റൊരു സിനിമയും നേടാത്ത കളക്ഷന്‍ സ്വന്തമാക്കിയെന്നുമാണ്. സ്വര്‍ണക്കൂട്ടില്‍ ബന്ധിതനാക്കപ്പെട്ടു കിടക്കുന്ന തത്തയാണു രജനികാന്ത്. എന്നെപ്പോലെയുള്ളവര്‍ക്കൊന്നും ഒരിക്കലും അദ്ദേഹത്തിന്റെ മുന്നില്‍ എത്തപ്പെടാന്‍ പോലും കഴിയില്ല. എന്നാല്‍ മുമ്പ് ഇങ്ങനെയായിരുന്നില്ല. രജനികാന്ത് ഞങ്ങള്‍ വിതരണക്കാരെ വിളിക്കുകയും അഭിപ്രായങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി അദ്ദേഹവും ഞങ്ങളെ അവഗണിക്കുന്നു. മറ്റുള്ളവരാല്‍ തെറ്റായി നയിക്കപ്പെടുകയാണ് അദ്ദേഹവും.


ഇതുവരെ ഒരു സൂപ്പര്‍താരത്തിന്റെ സിനിമയ്‌ക്കെതിരേയും ഡിസ്ട്രീബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ ചുവപ്പു കാര്‍ഡ് നീട്ടിയിട്ടില്ല. പക്ഷേ ഇവിടെ ഏഴോളം മുന്‍നിരനായകന്മാരില്ലേ, അവരുടെ ചിത്രം സ്വന്തം പണം മുടക്കി വിതരണത്തിനെടുക്കന്‍ തയ്യാറുണ്ടോ? അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്കു മനസിലാകുമല്ലോ യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണെന്ന്. ഈ താരങ്ങള്‍ക്കെല്ലാം തന്നെ തമിഴ്‌നാട്ടില്‍ മൊത്തത്തില്‍ അവരുടെ പടം വിതരണത്തിനെത്തിക്കാന്‍ തക്ക സാമ്പത്തികം ഉള്ളവരുമാണ്. എന്നിട്ടവര്‍ വിജയാഘോഷങ്ങള്‍ നടത്തട്ടെ; സുബ്രഹ്മണ്യന്‍ തുറന്നടിക്കുന്നു.

Next Story

Related Stories