അന സ്വാന്സന്, സ്റ്റീവന്‍ മഫ്സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
മാധ്യമ ഭീമന് റുപര്‍ട് മര്‍ഡോക്കിന്റെ രണ്ടു മക്കള്‍ക്കും ഫോക്സ് ന്യൂസ് തലവന്‍ റോജര്‍ ഐല്സുമായി സാംസ്കാരികവും വ്യക്തിപരവുമായ അകല്‍ച്ച ഏറെ നാളായുണ്ട്. രണ്ടു ദശാബ്ദം മുമ്പ് ഈ ശൃംഖല സ്ഥാപിച്ചതു മുതല്‍ മര്‍ഡോകിന്റെ മാധ്യമ സാമ്രാജ്യത്തിലേക്ക് ലാഭത്തിന്റെ കുത്തൊഴുക്കുണ്ടാക്കിയ വലതുപക്ഷ വാര്‍ത്താകേന്ദ്രമാക്കി ഫോക്സ് ന്യൂസിനെ രൂപപ്പെടുത്തിയ കക്ഷിയാണ് ഐല്‍സ്.
ഇപ്പോള്‍ രണ്ടുവര്‍ഷമായി മര്‍ഡോക് മക്കളായ ലാക്ലെനും ജെയിംസിനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതോടെ ആ അകല്‍ച്ച കൂടുകയായിരുന്നു. ഒരു ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ ഫോക്സ് ന്യൂസ് തലവനെ പുറത്താക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍.
വാരനിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ മകനായ ഐല്‍സ്, ക്ലീവ്ലാണ്ടിലെ ഒരു NBC സഹസ്ഥാപനത്തിലും പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സന്റെ രാഷ്ട്രീയ ഉപദേഷ്ടാവായും കടന്നുവന്നയാളാണ്. അതേ സമയം മര്‍ഡോക് സഹോദരന്മാര്ക്ക് അവരുടെ പിതാവിന്റെ പക്കല്‍ നിന്നും കൈമാറി കിട്ടിയത് യാഥാസ്ഥിതിക അമേരിക്കക്കാരുടെ ഇഷ്ട മാധ്യമത്തെ മാത്രമല്ല, ചലച്ചിത്രങ്ങളും, ടെലിവിഷന്‍ സീരിയലുകളും, 8 ഇന്ത്യന്‍ ഭാഷകളിലടക്കം ലോകത്തെങ്ങുമായി പരന്നുകിടക്കുന്ന അതിധനികമായ ഒരു മാധ്യമ സാമ്രാജ്യമാണ്.
പൊതുജനാഭിപ്രായത്തിന്റെ മധ്യമാര്‍ഗ്ഗത്തില്‍ നില്ക്കാന് വാര്‍ത്താ ചാനലുകള്‍ ശ്രമിച്ചിരുന്ന കാലത്ത് ഐല്‍സ് വലതുപക്ഷ വാര്‍ത്തകളുടെ ജനപ്രിയതയെ എങ്ങനെ ലാഭകരമാക്കാം എന്നു കാണിച്ചു. അമേരിക്കയുടെ രാഷ്ട്രീയ സംസ്കാരത്തെവരെ ഒരു പരിധിവരെ മാറ്റുകയും അയാളുടേതടക്കമുള്ള ഒരു ജനവിഭാഗത്തെ ആകര്‍ഷിക്കുകയും ചെയ്യുന്ന ഒന്നായി മാറി അത്. “ഒരു വാര്‍ത്താ ചാനല്‍ നടത്തുന്നതിനുള്ള എന്റെ പ്രാഥമിക യോഗ്യത എനിക്കു മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദമില്ല എന്നതാണ്,” 2004-ലെ ഒരഭിമുഖത്തില്‍ ഐല്‍സ് പറഞ്ഞു.
ലക്ലാന്‍&ജെയിംസ് മര്‍ഡോക്
എന്നാല്‍ ലണ്ടനില്‍ ജനിച്ച ജെയിംസ് മര്‍ഡോക് ഹാര്‍വാര്‍ഡില്‍ നിന്നും ഇടയ്ക്കുവെച്ചു പഠനമുപേക്ഷിച്ച്, റൌകസ് റെക്കോഡ് എന്നൊരു സ്ഥാപനം തുടങ്ങി, 21സെഞ്ച്വറി പോസ്റ്റ് നിക്ഷേപം അന്താരാഷ്ട്ര ഉപഗ്രഹ ശൃംഖലയായ സ്കൈ ന്യൂസ് മുതല്‍ നാഷണല്‍ ജിയോഗ്രാഫിക് മാസികയും പുസ്തകങ്ങളുമടക്കം സകലതിലുമെത്തിച്ചു.
വര്‍ഷങ്ങളോളം ഈ വ്യത്യാസങ്ങള്‍ കുഴപ്പമുണ്ടാക്കിയില്ല. ഐല്‍സ് കാശുണ്ടാക്കിക്കൊടുക്കുകയും റുപര്‍ട് മര്‍ഡോക്കിന്റെ വിശ്വസ്തനുമായിരുന്നു. മര്‍ഡോകിന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്ന ലാക്ലെന് പൊടുന്നനെ ന്യൂസ് കോര്‍പ് എക്സിക്യൂട്ടീവ് പദവി ഒഴിഞ്ഞ് 10 കൊല്ലത്തേക്ക് ആസ്ട്രേലിയയില്‍ പോയപ്പോള്‍ ഐല്‍സ് സന്തോഷത്തോടെ മര്ഡോക്കിനടുത്തുള്ള ലാക്ലെന്റെ കാര്യാലയത്തിലേക്ക് മാറി.
ഇപ്പോള്‍ അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുതിയ തലത്തിലെത്തിയിരിക്കുന്നു. ഇത് 21സെഞ്ച്വറി ഫോക്സ് നിക്ഷേപകരെയും അമേരിക്കയുടെ രാഷ്ട്രീയ വ്യവഹാരത്തെയും സ്വാധീനിക്കാന്‍ പോന്ന ഒന്നായിരിക്കുന്നു.
“ഐല്സിനെ മാറ്റുക എന്നത് മര്‍ഡോകിന്റെ മക്കളുടെ ഏറെക്കാലത്തെ ലക്ഷ്യമാണ്,” ന്യൂ യോര്‍ക് മാസികയുടെ പത്രാധിപരും ഐല്‍സിന്റെ ജീവചരിത്രകാരനുമായ ഗബേ ഷെര്മാന് പറയുന്നു. “പക്ഷേ അവരുടെ അച്ഛന് അയാളുടെ പക്ഷത്തായിരുന്നതിനാല്‍ അവര്‍ക്കത് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഒരു ദശാബ്ദമായി അവര്‍ കൊണ്ടുനടന്ന ആ ലക്ഷ്യം നിറവേറ്റാനുള്ള കോര്‍പ്പറേറ്റ് അധികാരം അവര്‍ക്കുണ്ട്.”
ഫോക്സ് ന്യൂസില്‍ മാര്ഡോക് സഹോദരന്മാര് ഒരു പുതിയ രീതി കൊണ്ടുവരുമോ എന്നു വ്യക്തമല്ല. പക്ഷേ അവരുടെ ചില കാഴ്ച്ചപ്പാടുകള്‍ നിലവിലുള്ളതില്‍ നിന്നും തീര്‍ത്തൂം വിഭിന്നമാണ്. ഭരണസംവിധാനത്തെ ആക്രമിക്കുന്നതില്‍ ഐല്‍സ് ഒരു പിശുക്കും കാട്ടിയിരുന്നില്ല, എന്നാല്‍ ജെയിംസിന്റെ താത്പര്യങ്ങള്‍ വ്യത്യസ്തമാണ്.
ആഗോളതാപനവും അതിനെ തടയാനുള്ള വഴികളും ഏറെക്കാലമായി ജെയിംസിന് താത്പര്യമുള്ള വിഷയമാണ്. മര്‍ഡോകിന്റെ യൂറോപ്യന്‍ വ്യാപാരത്തിന്റെ ഒരു ഭാഗമായ BSkyB-യെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഭാര്യ കാതറിന് Environmental Defense Fund സമിതിയിലുണ്ട്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്നുള്ള Quadriviyum Foundation അധ്യക്ഷ കൂടിയാണവര്‍.
കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള ആശങ്കകളെ തള്ളിക്കളഞ്ഞ മര്‍ഡോക് നാഷണല്‍ ജോഗ്രാഫിക് മാസികയുടെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ക്കുമോ എന്നു പലരും ആശങ്കപ്പെട്ടെങ്കിലും ജെയിംസ് മാസികയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് അനുകൂല നിലപാടെടുത്തു.
റൂപര്‍ട്ട് മര്‍ഡോക്ക്
ഐല്സിന് ശേഷവും ഫോക്സ് ന്യൂസിന്റെ വിജയഗാഥ തുടരുക എന്നതായിരിക്കും മര്‍ഡോക് സഹോദരന്മാര് നേരിടുന്ന വെല്ലുവിളി.
“ചില സ്വാധീനങ്ങള്‍ക്കപ്പുറം അവരുടെ പ്രധാന കമ്പനിയുടെ വലിയ ലാഭ സ്രോതസുകളിലൊന്നാണ് ഫോക്സ് ന്യൂസ്,” പിവറ്റോള് ഗവേഷക സംഘത്തിലെ ബ്രയാന്‍ വൈസര്‍ പറഞ്ഞു.
പരസ്യവരുമാനത്തില്‍ ഫോക്സ് ന്യൂസും സഹോദര സ്ഥാപനം ഫോക്സ് ബിസിനസ്സും 900 ദശലക്ഷം ഡോളര്‍ വരുമാനം ഉണ്ടാക്കിയെന്നും കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 2.5 ബില്ല്യണ്‍ ഡോളറാണെന്നും കണക്കുകള്‍ പറയുന്നു.
“സി എന്‍ എന്നിനെക്കാള്‍ 2.2 മടങ്ങാണ് കഴിഞ്ഞ വര്‍ഷം ഫോക്സ് ന്യൂസിന്റെ കാഴ്ചസമയം,” വൈസര്‍ പറഞ്ഞു. പ്രൈം ടൈമില്‍ 2.4 ദശലക്ഷം പ്രേക്ഷകരുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു.
“അയാള്‍ (ഐല്‍സ്) ഉണ്ടാക്കിയ കച്ചവടവും ചാനലുകളും അത്ഭുതകരമാണ്,” ലാക്ലെന് ഹോളിവുഡ് റിപ്പോര്‍ട്ടറോട് പറഞ്ഞു. “ഞങ്ങള്ക്കയാളോട് വലിയ ബഹുമാനമുണ്ട്. വലിയ ജോലിയാണ് ചെയ്തത്.”
പക്ഷേ ഈ സമവാക്യം തുടര്‍ന്നും ഫലിക്കുമോ? ഫോക്സ് ന്യൂസിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് വയസാകുന്നു. ഐല്‍സ് പോയാല്‍ വാര്ത്താശൃംഖലയിലെ പല മിടുക്കരും പടിയിറങ്ങും എന്നുള്ള പ്രശ്നവുമുണ്ട്.
“മാധ്യമം ആഗോളവത്കരിക്കപ്പെടുമ്പോള് ബൃഹത്തായ ചില പദ്ധതികള്‍ ആഗോളാടിസ്ഥാനത്തില്‍ ഫലിച്ചേക്കാം, പക്ഷേ അത് ഒരുപക്ഷേ ഒറ്റപ്പെടലിലേക്കും നയിക്കാം,” വൈസര്‍ പറഞ്ഞു.
മര്‍ഡോക് സഹോദരന്മാര് പൊതുജനമധ്യത്തില്‍ വളരെ ശ്രദ്ധയോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. “പരിപാടികളുടെ ഗുണനിലവാരത്തിലാണ് ഫോക്സ് ന്യൂസിന്റെ ആരോഗ്യം. അതിലാണ് ജങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും,” ജെയിംസ് പറയുന്നു. “നമുക്ക് മാറ്റത്തിനുള്ള ഒരു ആഗ്രഹം ഉണ്ടാകണം. പലപ്പോഴും നമ്മള് നിലവിലുള്ളതോ അല്ലെങ്കില്‍ മുമ്പുള്ളതോ ആയ വ്യാപാരാനിയമങ്ങളെയാണ് ആശ്രയിക്കുക. പുതിയ നിയമങ്ങളിലോ ഉത്പന്നത്തിലോ അതില്‍ നിന്നുണ്ടാകുന്ന അവസരങ്ങളിലോ അല്ല.”
റോജര്‍ ഐല്‍സ്
ഇരു സഹോദരന്മാരുമായി അടുപ്പമുള്ള ഒരാള്‍ പറഞ്ഞത് അവരുടെ കാഴ്ച്ചപ്പാടുകള്‍ ആഗോളാടിസ്ഥാനത്തിലാണെന്നും ഇന്ത്യ പോലുള്ള സ്ഥലങ്ങളിലെ മൊബൈല്‍ ഡിജിറ്റല്‍ വ്യാപാരത്തില്‍ താത്പര്യമുണ്ടെന്നുമാണ്. ഓണ്‍ലൈനിലൂടെ പണമടച്ചു ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന കായിക ചാനലുകളും നാഷണല്‍ ജ്യോഗ്രഫിക് മാസികയും പോലുള്ള അടിസ്ഥാന ബ്രാന്‍ഡുകളും അവര്‍ ശ്രദ്ധിക്കുന്നു. തങ്ങളുടെ മക്കള്‍ ഇത്തരം ഉള്ളടക്കത്തെ എങ്ങനെ കാണുന്നു എന്നും അവര്‍ ശ്രദ്ധിക്കാറുണ്ടെന്ന് അവരുമായി ഏറെ അടുപ്പമുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത് പറഞ്ഞു.
“മാറ്റത്തിനോടു പ്രതികരിക്കാന്‍ മാത്രമല്ല, മാറ്റത്തിനുവേണ്ടിയുള്ള കടുത്ത ആഗ്രഹവും നമുക്കുണ്ടാകണം,” ജെയിംസ് പറഞ്ഞു.”നമ്മുടെ തന്നെ ആധിപത്യമാണ് നാം നേരിടുന്ന ഏറ്റവും വലിയ മത്സരഭീഷണി. വിപണിയില്‍ പുതിയ ഉത്പന്നങ്ങളെത്തിക്കാന്‍ നാം മടിക്കരുത്.”
വലതുപക്ഷ വിശ്വാസിയായ ഐല്‍സിന്റെ കീഴില്‍ സാധ്യമല്ലാതിരുന്ന ചില മാറ്റങ്ങളോടെ പുതിയ ചെറുപ്പക്കാരായ പ്രേക്ഷകരെക്കൂടി സ്വാധീനിക്കാവുന്ന തരത്തില്‍ ഫോക്സ് ന്യൂസ് മാറിയേക്കാം. പക്ഷേ ഫോക്സിന്റെ ലാഭത്തിന്റെ നെടുംതൂണായ പ്രേക്ഷകരെ അകറ്റാതിരിക്കാനും പുതിയ മേധാവികള്‍ ശ്രദ്ധ ചെലുത്തും. പ്രത്യേകിച്ചും രാഷ്ട്രീയമായി ഫോക്സ് ന്യൂസ് ദുര്‍ബലമായേക്കാവുന്ന 2017-ല്‍. പുതിയ നേതൃത്വത്തിന് അതൊരു പുതിയ വെല്ലുവിളിയുമാകും.
മര്‍ഡോക്കിന്റെ മക്കളുമായി ഐല്‍സിന്റെ ബന്ധം തീര്‍ത്തൂം മോശമാണെന്ന് മര്‍ഡോക്കിന്റെ ജീവചരിത്രകാരന്‍ മൈക്കല്‍ വോള്‍ഫ് പറഞ്ഞു.
“തീര്‍ത്തും വഷളായ ഒരു ബന്ധമാണുള്ളത്. ഇതിന് നിരവധി കൊല്ലങ്ങളുടെ പഴക്കമുണ്ട്. മര്‍ഡോകിന്റെ മക്കള്‍ മേധാവികളാകുന്ന കാലത്ത് തന്റെ സമയം അവസാനിക്കുമെന്ന് റോജര്‍ എന്നോടു പലപ്പോഴും പറഞ്ഞിരുന്നു. ആ ദിവസം എത്തിയെന്ന് കരുതാം.”
ഫോക്സ് ന്യൂസ് തലവനെ പുറത്താക്കി മര്‍ഡോക്കിന്റെ മക്കള്‍

Next Story