TopTop
Begin typing your search above and press return to search.

എല്‍ദോസിന്റെ സ്‌നേഹം മലയാളത്തിലായിരുന്നു, ഡല്‍ഹിയിലെ പട്ടികള്‍ ഹിന്ദിയില്‍ കടിച്ചു

എല്‍ദോസിന്റെ സ്‌നേഹം മലയാളത്തിലായിരുന്നു, ഡല്‍ഹിയിലെ പട്ടികള്‍ ഹിന്ദിയില്‍ കടിച്ചു

ആരുടേതായാലും ആപത്തുകാലങ്ങളില്‍ ആഹ്ലാദിക്കരുതെന്നാണ് വെപ്പ്. ഇതിപ്പോള്‍ ചിരിച്ചു പോയതില്‍ കുറ്റം പറയാനും വയ്യ. നാട്ടില്‍ കൊടുത്ത സ്‌നേഹത്തിന് നായകള്‍ തലസ്ഥാനത്ത് കൊടുത്ത സമ്മാനമാണ് വിഷയം. എല്‍ദോസ് കുന്നപ്പള്ളിക്ക് തെരുവ് നായ്ക്കളോട് അതിരറ്റ സ്‌നേഹമായിരുന്നു. പക്ഷേ, ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സത്യാഗ്രഹങ്ങള്‍ കണ്ടു മടുത്ത നായ്ക്കള്‍ക്ക് മലയാളം അറിയില്ലല്ലോ. അവര്‍ക്കെന്ത് പ്രതിപക്ഷ എംഎല്‍എ. തങ്ങളുടെ പ്രീയപ്പെട്ട കേന്ദ്രമന്ത്രി മനേകാ ഗാന്ധി തൊട്ടപ്പുറത്ത് ഉറങ്ങുന്ന തണുത്ത വെളുപ്പാന്‍ കാലത്ത് ഉലാത്താനിറങ്ങിയ കുന്നപ്പള്ളിയുടെ സ്‌നേഹം തിരിച്ചറിയാതെ പട്ടികള്‍ ഓടിച്ചിട്ടു കടിച്ചു.

ഒട്ടൊരു ദിവസം പിന്നോട്ടു നോക്കുമ്പോഴാണ് ഇതുവരെ ചിരിച്ച ചിരി മാഞ്ഞു പോകുന്നത്. നായ കടിച്ചു പറിച്ച മുഖവുമായി ദയനീയതയോടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കുന്ന ആ വൃദ്ധന്റെയും കുഞ്ഞിന്റെയും മുഖങ്ങള്‍ മനസില്‍ തെളിഞ്ഞു വരുന്നു. ഒപ്പം തെരുവ് നായുടെ കടിയേറ്റ് ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്ത കുഞ്ഞുങ്ങളെയും സ്ത്രീകളെയും പറ്റിയുള്ള നിരവധി വാര്‍ത്തകളും.

ഇന്നലെ രാവിലെ ഡല്‍ഹിയില്‍ പതിവുള്ള പ്രഭാത സവാരിക്കിടെയാണ് എല്‍ദോസ് കുന്നപ്പള്ളി എംല്‍എയെ നായ കടിച്ചത്. കഴിഞ്ഞദിവസം നടന്ന യുഡിഎഫിന്റെ ധര്‍ണയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഡല്‍ഹിയിലെത്തിയതാണ് എംഎല്‍എ. മറ്റ് എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, വി.പി സജീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു എല്‍ദോസിന്റെ നടത്തം. നായ സ്‌നേഹത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായ മനേക ഗാന്ധിയുടെ വീടിന് ഏതാനും വാര അകലെയുള്ള കേരള ഹൗസില്‍ നിന്നുമാണ് നടക്കാനിറങ്ങിയത്. പട്ടികളെന്തോ പരിചയം പുതുക്കാനെത്തിയതാണെന്നു കരുതിയാകണം പ്രതിരോധക്കുറിച്ചോ തിരിഞ്ഞോട്ടത്തെ കുറിച്ചോ മൃഗസ്‌നേഹിയായ എംഎല്‍യുടെ മനസില്‍ തോന്നിയതേ ഇല്ല. എന്നാല്‍, കേരളത്തില്‍ ഖദറിട്ട് നടക്കുന്ന എംല്‍എ ഡല്‍ഹിയില്‍ വന്നു പാന്റ്‌സിട്ടതാണെന്നു മനസിലാകാത്ത നായകള്‍ ചാടി വീണ് ആക്രമിച്ചു.

മൂന്നുനാലു നായ്ക്കള്‍ ഉച്ചത്തില്‍ കുരച്ച് തന്റെ മേലെ ചാടിവീഴുകയും കടിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ എത്തിയാണ് നായ്ക്കളെ ഓടിച്ചത്. നായകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ മുറിവേറ്റു. ധരിച്ചിരുന്ന പാന്റ്‌സ് പട്ടികള്‍ കടിച്ചുകീറുകയുംചെയ്തു. ഉടന്‍ ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യആശുപത്രിയിലേക്കു കൊണ്ടുപോയി കുത്തിവയ്‌പ്പെടുക്കുകയുംചെയ്തു. ഒരുമാസത്തിനുള്ളില്‍ നാലുകുത്തിവയ്പ്പുകള്‍ കൂടി എടുക്കാന്‍ എം.എല്‍.എയോട് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അദ്ദേഹം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസിനെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് നായ്ക്കളെ കൊല്ലരുതെന്ന സന്ദേശത്തോടെ നടത്തിയ പരിപാടി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതോടൊപ്പം തന്നെ ധാരാളം വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. സ്വന്തം വീട്ടില്‍ പോലും കടന്നു കയറി ആക്രമിക്കുന്ന നായ്ക്കളെ സംരക്ഷിക്കുവാന്‍ ഒരു ജനപ്രതിനിധി നടത്തുന്ന തത്രപാടുകള്‍ സാധാരണ ജനത്തിന് ദഹിക്കുന്നവയായിരുന്നില്ല. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പോലുള്ളവര്‍ ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തത്തെത്തുകയും ചെയ്തു.

ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പ്രാഥമിക ദൗത്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതായിരിക്കെ, അത് വിസ്മരിച്ചുകൊണ്ട് ഒരു ഭരണകൂടത്തിന് എങ്ങനെ പെരുമാറാന്‍ കഴിയുന്നു എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. ഒരു സ്ത്രീയെ പട്ടി കടിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവരുടെ കയ്യില്‍ ഇറച്ചിയുള്ളതുകൊണ്ടാവും എന്നായിരുന്നു കേന്ദ്ര വനിതാശിശു ക്ഷേമ വകുപ്പ് മന്ത്രിയായ ശ്രീമതി മനേകാ ഗാന്ധിയുടെ പ്രതികരണം. സമീപ കാലത്ത് തെരുവ് നായ വിഷയത്തില്‍ കേന്ദ്ര മന്ത്രി മുതലുള്ള പല നേതാക്കളുടെയും പ്രസ്താവനകളും പെരുമാറ്റങ്ങളും ഇവരെന്ത് കൊണ്ട് ഇങ്ങനെ പറയുകയും പെരുമാറുകയും ചെയ്യുന്നു എന്ന് നമ്മളെകൊണ്ട് വീണ്ടും ചിന്തിപ്പിക്കുന്നു.

പ്രിവന്‍ഷചന്‍ ഓഫ് ക്രുവല്‍റ്റി എഗനസ്റ്റ് ആനിമല്‍സ് എന്ന നിയമമാണ് തെരുവ് നായ സംരക്ഷണത്തിനായി എടുത്തു പറയുന്നത്. പക്ഷെ ആലോചിക്കേണ്ട വസ്തുത ഈ നിയമം പട്ടിക്ക് മാത്രം ബാധകമായതെങ്ങനെ എന്നാണ്. കോഴി, താറാവ്, പന്നി, ആട്, പശു, കാള, പോത്ത് തുടങ്ങി നമ്മള്‍ കൊന്നു തിന്നുന്നതായ മൃഗങ്ങളൊന്നും ഇത്തരത്തിലുള്ള സംരക്ഷണമോ കരുണയോ അര്‍ഹിക്കുന്നില്ലേ? ഇവിടെയാണ് കോടിക്കണക്കിനു വിറ്റുവരവുള്ള പേ വിഷബാധക്കെതിരായ വാക്‌സിന്‍ വ്യാപാരത്തിന്റെ കുറ്റകരമായ പ്രസക്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടുമുയരുന്നത്. കരുണയും പേവിഷബാധയ്ക്കുള്ള മരുന്നും (ബിസിനസ്സും) തുലാസിന്റെ രണ്ടു തട്ടില്‍ വരുമ്പോള്‍ കനം എവിടെയാവുമെന്ന് നമ്മളിപ്പോള്‍ കാണുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു. പ്രതിവര്‍ഷം 2800 കോടി രൂപ ടേണോവര്‍ എന്നത് ചെറിയ തുകയല്ല. ഇതില്‍ എത്ര ശതമാനം ആര്‍ക്കൊക്കെ എങ്ങോട്ടൊക്കെ പോകുന്നു എന്നും നമുക്കറിയില്ല.

eldo-2

ഈ അവസരത്തിലാണ് തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ മുമ്പോട്ടിറങ്ങിയ പിറവം നഗരസഭാ കൗണ്‍സിലര്‍ ജിന്‍സ് പെരിയപുറവും അവയെ സംരക്ഷിക്കണം എന്ന് വാദിച്ച ശ്രീ എല്‍ദോസ് കുന്നംപള്ളിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാവുന്നത്. നായ്ക്കളെ കൊന്നൊടുക്കിയതിന്റെ പേരില്‍ പിറവം പോലീസ് ജിന്‍സിനെതിരെ കേസെടുത്തെങ്കിലും നാട്ടുകാര്‍ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ പോലുള്ള മൃഗസ്‌നേഹികള്‍ പറയുന്നത് തെരുവ് നായ്ക്കളെ ജനങ്ങള്‍ ആക്രമിക്കുന്നത് കൊണ്ടാണ് അവ ജനങ്ങളെ കടിക്കുന്നത് എന്നാണ്. മനുഷ്യ സ്‌നേഹത്തേക്കാള്‍ വലിയ മൃഗസ്‌നേഹം വേണ്ട എന്ന് വാദിക്കുന്ന തോമസ് ഉണ്ണിയാടനെ പോലുള്ള നേതാക്കന്മാരും ഇതിനു അപവാദമായി ഉണ്ട്.

രണ്ടു വശങ്ങളിലുള്ള വാദങ്ങളും നിലനില്‍ക്കേ തന്നെ തെരുവ് നായ്ക്കള്‍ക്ക് വേണ്ടി വാദിച്ച എംഎല്‍എയെ മനേക ഗാന്ധിയുടെ വസതിക്കടുത്ത് വച്ച് തന്നെ നായ കടിച്ചതാണ് വിരോധാഭാസം. ഒറ്റക്ക് പുറത്തിറങ്ങി നടന്ന് നോക്കാത്തത് കൊണ്ടാണ് മനേകാ ഗാന്ധിക്ക് 'അത്' മനസ്സിലാകാത്തത് എന്നാണ് എല്‍ദോസിന്റെ ഇപ്പോഴത്തെ പ്രതികരണം. ആരാന്റമ്മക്ക് ഭ്രാന്ത് വരുമ്പോള്‍ കണ്ട് രസിച്ചിരുന്ന ഓരോരുത്തരും സ്വയം ആ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ പാട്ട് മാറ്റിപ്പാടും എന്നതിന് ഉദാഹരണമാകുകയാണോ ശ്രീ എല്‍ദോസ് എന്ന് കാണേണ്ടതുണ്ട്. എന്തായാലും പട്ടികടിയുടെ സുഖവും കുത്തിവെപ്പ് എടുക്കുന്ന സുഖവും അനുഭവിച്ചു കഴിഞ് അദ്ദേഹം എന്ത് പറയും എന്ന് കാത്തിരുന്ന് കാണാം.

(അമല ഷഫീഖ് ബഹറിനില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories