TopTop
Begin typing your search above and press return to search.

വരൂ, നമുക്ക് ജപ്പാനിലെ ചൂട് നീരുറവകളിലേക്ക് പോകാം

വരൂ, നമുക്ക് ജപ്പാനിലെ ചൂട് നീരുറവകളിലേക്ക് പോകാം

ഷിന്‍ജി ഇനൌ
(യൊമിയൂറി)

ജപ്പാന്‍ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകര്‍ഷണമാണ് ഓണ്‍സെന്‍ എന്നറിയപ്പെടുന്ന ചൂടു നീരുറവകള്‍. ധാതുക്കളാല്‍ സമൃദ്ധമായ ഇത്തരം നീരുറവകളില്‍ കുളിക്കുന്നത് ആരോഗ്യത്തിന് അത്യന്തം ഗുണപ്രദമാണെന്ന് വിവിധ ചികിത്സ വിധികളില്‍ പറയുന്നുണ്ട്. ജപ്പാനിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും, പ്രസിദ്ധവുമായ നീരുറവകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മാത്സുയാമാ പട്ടണത്തിലെ ഡോഗോ ഓണ്‍സെനാണ്. ഈ പട്ടണം പ്രസിദ്ധമായത് തന്നെ നീരുറവയുടെ പേരിലാണെന്നു പറയാം. ജപ്പാനീസ് കവികളേയും എഴുത്തുകാരേയും ഇവിടം എന്നും ഒരുപോലെ ആകര്‍ഷിച്ചിച്ചുണ്ട്. ജപ്പാനിലെ നവോത്ഥാന കാലഘട്ടത്തിലെ (മെയ്ജി കാലഘട്ടം 1868-1912) പ്രധാന എഴുത്തുകാരനായിരുന്ന സൊസെകി നാസ്യൂമിന്റെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലുകളിലൊന്നായ 'ബോചനില്‍' ഡോഗോ നീരുറവറയെക്കുറിച്ച് നല്ല രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ ഇതേ കാലഘട്ടത്തിലെ പ്രമുഖ ഹൈക്കു കവിയായിരുന്ന ഷെയ്ക്കി മസോക്കയും ഈ പ്രദേശത്തെ, സഹൃദയര്‍ക്ക് സുപരിചിതമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് ജപ്പാനിലെ സമകാലിക ചിത്ര-ശില്‍പ്പകലകളുടെ ഈറ്റില്ലമായി പരിണമിക്കാനും ഈ പ്രദേശത്തിനു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇവിടെ ഡോഗോ ഓണ്‍സെന്‍ കലാ പ്രദര്‍ശനം എന്ന പേരില്‍ വലിയൊരു പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചിരുന്നു. 1894ല്‍ നീരുറവ സ്ഥിതി ചെയ്യുന്ന കോട്ട (ഡോഗോ ഓണ്‍സെന്‍ ഹോന്‍കന്‍) പുനര്‍ നിര്‍മ്മിച്ചതിന്റെ 200ആം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മരം കൊണ്ട് തീര്‍ത്ത മൂന്നു നിലകളുള്ള ഈ ചരിത്ര നിര്‍മ്മിതിയില്‍ രണ്ടു സമൂഹ കുളിപ്പുരകളുമുണ്ട്.

മാത്സുയാമാ പട്ടണത്തിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ കൂടുതലായി ആകര്‍ഷിക്കുക എന്നതു തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ട പ്രദര്‍ശന പരിപാടിയുടെ പ്രധാന ഉദ്ദേശം. പരിപാടി വിജയമാണെന്നു കണ്ടതതോടെ ഈ വര്‍ഷം ഫെബ്രുവരിയിയില്‍ അതിന്റെ രണ്ടാം പതിപ്പും നടത്തിയിരുന്നു. (ഡോഗോ ഓണ്‍സെന്‍-2015)നീരുറവ സ്ഥിതി ചെയ്യുന്ന കോട്ടയുടെ മുന്‍വശം ജിന്‍മാക്കു എന്നറിയപ്പെടുന്ന നിറമുള്ള ഒരു തരം കര്‍ട്ടണുകള്‍ തൂക്കി അലങ്കരിച്ചിരിക്കുന്നു. ആധുനിക കാലഘട്ടം തുടങ്ങുന്നതിനു തൊട്ടു മുന്‍പുള്ള ജപ്പാനില്‍ പട്ടാള ക്യാമ്പുകളില്‍ മറയായി ഉപയോഗിച്ചിരുന്ന തിരശ്ശീലകള്‍ ഇത്തരത്തിലുള്ളതായിരുന്നു. ജപ്പാനിലെ പ്രസിദ്ധയായ ഫാഷന്‍ ഡിസൈനറും ഫോട്ടോഗ്രാഫറും സംവിധായകയുമൊക്കെയായ മിക നിനഗാഗയാണ് പഴയ രീതിയിലുള്ള ഈ പുതിയ തിരശീല രൂപകല്‍പ്പന ചെയ്തത്. കോട്ടയ്ക്കകത്തും പുറത്തുമായി ഒരുക്കിയ ഓണ്‍ണ്‍സെന്‍ 2015ന്റെ പ്രധാന ആകര്‍ഷണവും നിനഗാഗയുടെ ഫോട്ടോ, ചിത്ര പ്രദര്‍ശനമായിരുന്നു. അവരെടുത്ത പൂക്കളുടെ ഛായാ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. നിനഗാഗ വരച്ച പൂക്കളുടെ ചിത്രങ്ങളോടുകൂടിയ ട്രാം ഇപ്പോഴും നഗരത്തിലൂടെ ഓടുന്നുണ്ട്.

ചരിത്ര പ്രസിദ്ധമായ ചുടുനീരുറവയ്ക്കും, ജപ്പാന്റെ പഴയകാല പെരുമകള്‍ക്കും പുതിയ രീതിയിലൊരു ശ്രദ്ധ നേടിയെടുക്കാന്‍ പ്രദര്‍ശന പരിപാടികളിലൂടെ സാധിച്ചതിന്റെ ആത്മവിശ്വാസം ഇപ്പോഴും മാത്സുയാമ നീരുറവ് കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാമുണ്ട്. നീരുറവയിലേക്ക് വരും നാളുകളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നും അവര്‍ പ്രത്യാശ പങ്കു വച്ചു.

നീരുറവ സന്ദര്‍ശിക്കാനും കുളിക്കാനുമായുമെല്ലാമുള്ള വിപുലമായ സൗകര്യങ്ങള്‍, ആറിടങ്ങളിലായി ഒരുക്കിയിരുന്ന വിശാലമായ താമസ സൗകര്യങ്ങള്‍ എന്നിവ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഇവിടെ സജ്ജമാക്കിയത്. കലാത്മകമായി താമസിക്കാം എന്നര്‍ത്ഥം വരുന്ന ആര്‍ട്ട് ടു സ്റ്റേ ഇന്‍ പദ്ധതിയുടെ ഭാഗമായി ഇവിടങ്ങളിലെ ഹോട്ടലുകളും താമസ മുറികളും ജപ്പാന്റെ തനതു വാസ്തു ശില്പ, ചിത്ര വിദ്യകളുപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ഞാന്‍ താമസിച്ച ടകരാസോ ഹോട്ടല്‍ സ്യൂട്ടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വ്വഹിച്ചിരുന്നത് ലോക പ്രശസ്ത അവാന്ത് ഗാര്‍ഡ് കലാകാരിയായ യയോയി കുസാമയായിരുന്നു. സ്യൂട്ടിന്റെ മേല്‍ത്തട്ട് കറങ്ങുന്ന കണ്ണാടി പ്രതലമുള്ള പന്തുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. കട്ടിലിനോട് ചേര്‍ന്നുള്ള ചുമരില്‍ കുസാമയുടെ തന്നെ കമിഴ്ന്നു കിടക്കുന്ന പോസിലുള്ളൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും തൂക്കിയിരുന്നു. 60കളിലെടുത്ത ഫോട്ടോ ആയിരിക്കുമത്. ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള ചെറിയ മുറിയില്‍ (കൊത്തുപണികളും, ശില്‍പ്പങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനായി ജപ്പാനിലെ വീടുകളില്‍ ഇത്തരം ചെറിയ മുറികള്‍ ഒരുക്കാറുണ്ട്. ടക്കോനോമ എന്നാണിത് അറിയപ്പെടുന്നത്.) അവിടെ സൂക്ഷിച്ചിരുന്ന മത്തങ്ങയുടെ ശില്‍പ്പം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ആ മുറിയില്‍ ജപ്പാന്റെ തനതു ശൈലിയായ ടടാമി രീതിയില്‍ മരം കൊണ്ട് പാകിയ തറയും മനോഹരമായിരുന്നു

ഇത് ശരിക്കും അത്ഭുതകരമായ സ്ഥലമാണ്. ഒരു മ്യൂസിയത്തിന്റെ തലയെടുപ്പ് ഈ ഹോട്ടലിലുണ്ടെന്നു പറയാം എന്നാല്‍ സന്ദര്‍ശകരിലാരെങ്കിലും ഇവിടുത്തെ ലോക പ്രശസ്തരായ കലാകാരന്‍മാര്‍ തീര്‍ത്ത അമൂല്ല്യ നിര്‍മ്മിതികളില്‍ എന്തെങ്കിലും കേടുപാടുകള്‍ വരുത്തിയാല്‍ എന്തു ചെയ്യാന്‍ സാധിക്കും? കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഈ ചോദ്യവും ഉയര്‍ന്നു കൊണ്ടിരുന്നു.''അതിനെക്കുറിച്ച് ഞങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. എന്നാല്‍ ഇതുവരെ ഇവിടെ വന്ന സന്ദര്‍ശകരിലധികവും ചെറുപ്പക്കാരായ സ്ത്രീകളായിരുന്നു. അവര്‍ നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയിയിട്ടുള്ളത്.'' ഹോട്ടലിന്റെ .നടത്തിപ്പുകാരിയായ മദ്ധ്യവയസ്‌ക്ക മസാക്കോ മിയസാക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

കുസാമ രൂപകല്‍പ്പന ചെയ്ത ഈ റിസോര്‍ട്ടില്‍ നിങ്ങള്‍ക്കു ഒരു സ്യൂട്ട് റിസര്‍വ്വ് ചെയ്യണമെന്നുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ആഗസ്റ്റ് 31ഓടെ ഈ വര്‍ഷത്തേക്കുള്ള റിസര്‍വ്വേഷന്‍ അവസാനിക്കും. 78,000 യെന്‍ (നികുതിക്കു പുറമേ) ആണ് ഒരു രാത്രിക്കുള്ള വാടക. (ഒരു യെന്‍- ഏകദേശം.52 ഇന്ത്യന്‍ രൂപ).നിങ്ങള്‍ നാലു പേരുടെ സംഘമാണെങ്കില്‍ അല്‍പ്പമൊന്ന് വിലപേശിയാല്‍ ആളൊന്നിന് 19,500 യെന്‍ വരെ ആകാം ബില്‍.

ടകരാസോയ്ക്കു പുറമേ ഇവിടെയുള്ള മറ്റ് അഞ്ച് ഹോട്ടലുകളും ഇത്തരം ഓഫറുകള്‍ നല്‍കുന്നുണ്ട്. താമസിക്കാതെ പണം നല്‍കി ഇവിടങ്ങളിലെ കൊത്തു പണികളും, പെയിന്റിങ്ങുകളും ശില്‍പ്പങ്ങളുമൊക്കെ ആസ്വദിക്കാനുള്ള സൗകര്യവും ഹോട്ടലുകാര്‍ സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്.

ഹോട്ടലുകളിലെ കലാ വിരുതെല്ലാം ആസ്വദിച്ചു കഴിഞ്ഞാല്‍ ഇവിടെ തൊട്ടടുത്തായിത്തന്നെ ഒരു അക്കാദമിക് മ്യൂസിയമുണ്ട്. പ്രശസ്ത ചിത്രകാരനായ സെയ്ക്കിയുടെ പേരിലുള്ള സെയ്ക്ക് ആര്‍ട്ട് ഗാലറി. 1997ല്‍ തുറന്നു കൊടുത്ത ഈ മ്യൂസിയത്തില്‍ സെയ്ക്കിക്കു പുറമേ അദ്ദേഹത്തിന്റെ സമകാലികരായ റ്യോഹെയ് കോയിസോ, മറ്റാസോ കായാമാ തുടങ്ങിയവരുടെ ചിത്രങ്ങളും കാണാന്‍ സാധിക്കും. ഇതിനു പുറമേ റോഡിനടക്കമുള്ള പ്രശസ്തരായ കലാകാരന്‍മാര്‍ തീര്‍ത്ത ശില്‍പ്പങ്ങളുമുണ്ട്. ഇവയെല്ലാം ഒരു ആരാധനാലയത്തിലെന്ന പോലെ സമാധാനപരമായ അന്തരീക്ഷത്തില്‍ നമുക്കിവിടെ ആസ്വദിക്കാന്‍ സാധിക്കും.

ആര്‍ട്ട് ഗാലറിയില്‍ ചുറ്റി നടന്ന് സമയം പോയതറിഞ്ഞില്ല. പുറത്തേക്കിറങ്ങിയപ്പോള്‍ അനുഭവപ്പെട്ട വല്ലാത്ത വിശപ്പ് സമയം എറെ വൈകിയെന്നതിന്റെ സൂചനയായിരുന്നു. ഭാഗ്യത്തിന് ആ വിശപ്പിനെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സ്ഥലത്താണ് തുടര്‍ന്നു ഞാനെത്തിയത്. സിറ്റി സെന്ററിലുള്ള ഗോഷികി റെസ്റ്റോറന്റില്‍. ജപ്പാനില്‍ വിശേഷാവസരങ്ങളില്‍ തയ്യാറാക്കുന്ന ''ടായ്‌സോമെന്‍'' എന്ന വിഭവമാണ് എനിക്കവിടെ ലഭിച്ചത്. വാര്‍ണിഷ് ചെയ്ത വലിയൊരു ബൗളില്‍ കോടായി എന്ന ചെറിയ കടല്‍ മത്സ്യത്തിനൊപ്പം. 5 വ്യത്യസ്ത നിറങ്ങിലുള്ള സേമെന്‍ ന്യൂഡില്‍സ് വിളമ്പി. ആ കാഴ്ച്ച തന്നെ കണ്ണിനൊരു വിരുന്നായിരുന്നു. ''ടായ്'' എന്നാല്‍ കടല്‍മത്സ്യമെന്നും ''മെന്‍'' എന്നാല്‍ ന്യൂഡില്‍സ് എന്നുമാണ് അര്‍ത്ഥം. എന്നാല്‍ ഇവ ചേര്‍ന്നു വരുന്ന ''ടായ്‌മെന്‍'' എന്ന വാക്കിന് കണ്ടുമുട്ടല്‍ എന്നുകൂടി ജപ്പാനീസില്‍ അര്‍ത്ഥമുണ്ട്. ആളുകള്‍ പരസ്പരം കണ്ട് സ്‌നേഹവും സന്തോഷവും കൈമാറുന്ന ആഘോഷ സമയത്തും വിവാഹ വേളകളിലും വിളമ്പാന്‍ പേരു കൊണ്ടു പോലും യോഗ്യത ഉണ്ടെന്നു തെളിയിക്കുന്നു ഈ വിഭവം.

ഭക്ഷണത്തിനു ശേഷം മാത്സുയാമയിലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയിലേക്ക് ഞാന്‍ റോപ്പില്‍ ചെന്നിറങ്ങി. ആ കോട്ടയിലെ പ്രധാന ഗോപുരം 1854ല്‍ പുനര്‍നിര്‍മ്മിച്ചതാണ്. നീരുറവ സ്ഥിതി ചെയ്യുന്ന ഡോഗോ ഹോന്‍കെന്‍ കോട്ടയുടേതു പോലെ തന്നെ വളരെ സുഷ്മവും അതേ സമയം മനോഹരവുമായ നിര്‍മ്മാണ രീതിയാണ് ഇവിടേയും അവലംബിച്ചിരിക്കുന്നത്. പല മേല്‍ക്കുരകളോടുകൂടിയുള്ളതായിരുന്നു ആ കോട്ട സമുച്ചയത്തിന്റെ ഘടന. കലാസ്വാദകര്‍ക്ക് പുറമേ എഞ്ചിനിയര്‍മാര്‍ക്കു വരെ ഇവിടുത്തെ നിര്‍മ്മിതികളില്‍ നിന്നും അനവധി കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. അതുകൊണ്ടു തന്നെ അവിടെ ചുറ്റി നടന്ന നിമിഷങ്ങള്‍ ആസ്വാദ്യകരമായിരുന്നു എന്നതിലുപരി വീജ്ഞാനപ്രദമായിരുന്നു എന്നു കൂടി പറയാം.ഡോഗോ ഓണ്‍സെന്നില്‍ തിരിച്ചെത്തിയ ഞാന്‍ നേരെ ചെന്നത് കാമിനോയിലേക്കാണ്. നേരത്തെ പറഞ്ഞ സമൂഹ കുളിപ്പുരകളിലൊന്നാണത്. സഞ്ചാര ദൗത്യമെല്ലാം തീര്‍ത്ത ശേഷം നടത്താറുള്ള കുളി ഇവിടെ പക്ഷേ സഞ്ചാര ദൗത്യത്തിന്റെ ഭാഗം തന്നെയാകുന്നു. നീരുറവ സ്‌നാനത്തിന്റെ ഗുണങ്ങളത്രയും ആവാഹിച്ച് പുതിയൊരൂര്‍ജ്ജത്തോടെ ഹോട്ടലിലെ രണ്ടാം നിലയിലെ വലിയ മുറിയിലെത്തി. മനസ്സിനെ കൂടുതല്‍ ആഹ്ലാദഭരിതമാക്കിക്കൊണ്ട് പുറത്തു നിന്നും സുഖമുള്ള ഇളം കുളിര്‍കാറ്റ്. ട്രെയില്‍ ചൂടു പറക്കുന്ന ചായ. ചായക്കൊപ്പം മാത്സുയാമയില്‍ കണ്ട കാഴ്ചകളും അയവിറക്കിക്കൊണ്ടിരുന്നു.

ചായ കുടിച്ച ശേഷം എന്റെ ശ്രദ്ധ ചായക്കോപ്പയിലുടക്കി.. ടൊബെയ്ക്കി എന്നറിയപ്പെടുന്നൊരു തരം കളിമണ്ണു കൊണ്ടുണ്ടാക്കുന്ന ഇത്തരം കപ്പുകള്‍ ഇവിടെ സാധാരണമാണ്. കപ്പിനടിയില്‍ യോദാമാ ചിഹ്നം എന്നറിയപ്പെടുന്ന വെള്ളക്കുമിളകളുടെ ഭംഗിയുള്ളൊരു ചിത്രം കാണാന്‍ കഴിഞ്ഞു. ഈ ചിഹ്നം പലപ്പോഴായി ഞാനിവിടെ കണ്ടു കഴിഞ്ഞു. ഈ കെട്ടിടത്തില്‍ തന്നെ പലയിടത്തും ഈ ചിഹ്നം കാണാം. മേല്‍ക്കുര മേഞ്ഞിരിക്കുന്ന ടൈല്‍സില്‍ പോലുമുണ്ട്. യോദാമാ ചിഹ്നം. യോദാമാ ചിഹ്നത്തിന്റെ ഉത്ഭവത്തെപ്പറ്റി പല കാര്യങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ദീര്‍ഘവൃത്തകാരത്തില്‍ സിലിണ്ടറിനു സമാനമായ രൂപമാണ് യോദാമാ. ചൂടു നീരുറവയുടെ പഴുതുകളടയ്ക്കാന്‍ ഇതുപയോഗിക്കാറുണ്ട്. യോദാമയുടെ മുകള്‍ഭാഗം കൊത്തിയെടുക്കുന്ന കല്ലില്‍ നിന്നുണ്ടാക്കിയ വിശിഷ്ടമായ ആഭരണങ്ങളിലാണ് ആദ്യമായി ഈ ചിഹ്നം രേഖപ്പെടുത്തിയതെന്നു പറയുന്നു. അരുവിയില്‍ നിന്നും വെള്ളത്തുള്ളികളില്‍ നിന്നുമൊക്കെയാണ് ഈ രൂപത്തിനുള്ള പ്രചോദനം കണ്ടെത്തിയതെന്നും പറയുന്നവരുണ്ട്. ഇപ്പോള്‍ ഇവിടെയുള്ളവരെ പോലെ തന്നെ ഇവരുടെ പൂര്‍വ്വികര്‍ക്കും പഴയ പെരുമകളെ പുതിയ രീതിയിലവതരിപ്പിക്കുവാനുള്ള താത്പര്യമുണ്ടായിരുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്.

ചില യാത്ര സൂചനകള്‍- ടോക്കിയോയിലെ ഹനീഡ എയര്‍പോര്‍ട്ടില്‍ നിന്നും മാത്സുയാമ എയര്‍പോര്‍ട്ടിലേക്ക് 80 മിനിട്ടിന്റെ ദൂരമുണ്ട്. മാത്സുയാമ എയര്‍പോര്‍ട്ടില്‍ നിന്നും നഗര കേന്ദ്രത്തിലേക്ക് ബസില്‍ 20 മിനിട്ടിലെത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്സുയാമ നഗരകാര്യാലയത്തിലെ ടൂറിസം- വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടാവുന്നതാണ് ഫോണ്‍ നമ്പര്‍- (089)9486556.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories