TopTop

ഞാനൊരു വേലക്കാരിയല്ല

ഞാനൊരു വേലക്കാരിയല്ല

നെറ്റിയിലെ കടും ഓറഞ്ച് നിറത്തിലുള്ള സിന്ദൂരമാണ് അവളെ കണ്ടാല്‍ ആരും ആദ്യം ശ്രദ്ധിയ്ക്കുക. ഗില്‍റ്റുകള്‍ പിടിപ്പിച്ച ബ്ലൌസിന്‍റെ ചുരുക്ക് കയ്യുകളും ആ തിളക്കത്തിന് മാറ്റ് കൂട്ടുന്നു. ബാംഗളൂരില്‍ എന്റെ വീടിനടുത്ത് വീട്ടുജോലിക്കാരിയായി പണിയെടുക്കുന്ന ബീഹാറില്‍ നിന്നുമുള്ള മൈത്രിയെക്കുറിച്ചാണിത്രയും പറഞ്ഞത്. എന്റെ വീട്ടില്‍ ഒരു ജോലിക്കാരിയെ ആവശ്യമുണ്ടോ എന്നു തിരക്കി അവള്‍ വന്നിരുന്നു. ഒരാഴ്ച കഴിഞ്ഞേ എന്റെ സ്ഥിരം വീട്ടുജോലിക്കാരി അവധി കഴിഞ്ഞെത്തൂ എന്നും അതുവരെ പറ്റുമെങ്കില്‍ അവള്‍ക്കിവിടെ ജോലി ചെയ്യാമെന്നും ഞാന്‍ പറഞ്ഞു.അപ്പോള്‍ത്തന്നെ അത് സമ്മതിച്ചെങ്കിലും മറ്റൊരു സ്ഥിരം വീട് കണ്ടുപിടിക്കാനായി അവള്‍ തിരച്ചില്‍ തുടങ്ങി. അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വീട് പിടിക്കാന്‍’ ഉള്ള ഓട്ടം. സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ അവിദഗ്ദ്ധവും വിലകുറഞ്ഞതുമായ ‘തൊഴില്‍ വില്‍ക്കുന്ന’ പ്രാദേശികതൊഴിലാളികള്‍ ധാരാളമുള്ള ഈയിടത്തേക്ക് സമീപകാലത്തായി അന്യസംസ്ഥാനങ്ങളില്‍ നിന്നും അനേകം പേര്‍ തൊഴില്‍തേടി എത്തുന്നുണ്ട്. ദയനീയമായ മത്സരമാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. നമ്മുടെ നഗരങ്ങളിലെ ജീവിത തിരക്കുകള്‍ക്കിടയില്‍ കുട്ടികളെ നോക്കാനും പാചകം ചെയ്യാനും വീട്ടുജോലികള്‍ ചെയ്യാനും ഒക്കെ പണിക്കരെ കിട്ടുന്നില്ല എന്ന പരാതി സ്ഥിരം പല്ലവിയാണ്. എന്നാല്‍ ഈ പരാതിപ്പെടാന്‍ കാണിക്കുന്ന ആവേശം നല്ല ശമ്പളം നല്‍കുന്നതില്‍ ഇല്ലെന്നതാണ് സത്യം.മറ്റ് അസംഘടിത മേഖലകളിലെ ജോലിക്കാരേക്കാളും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുകയും അതിനൊത്ത വേതനം കിട്ടാതിരിക്കുകയും ചെയ്യുന്നവരാണ് വീട്ടുജോലിക്കാര്‍. വീട്ടുജോലി ഒരു ‘ജോലി’യായി സമൂഹം വകവെയ്ക്കാത്തതിനാല്‍ ഈയവസ്ഥ കൂടുതല്‍ രൂക്ഷമാവുന്നു. ഇന്ത്യന്‍ തൊഴില്‍ നിയമത്തിലെ മിനിമം വേതനനിയമത്തിന്റെ പരിധിയിലും വീട്ടുജോലി വരുന്നില്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ തങ്ങളുടെ താല്‍പര്യം അനുസരിച്ചു ഏത് തൊഴിലിനെയും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, കേരളവും കര്‍ണാടകയും മഹാരാഷ്ട്രയും ഒഴിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടില്ല. കര്‍ണാടകയില്‍ എട്ട് മണിക്കൂറുള്ള ഒരു പ്രവൃത്തി ദിവസത്തേക്കു 200 രൂപയും മഹാരാഷ്ട്രയില്‍ അത് 250-350 രൂപയുമാണ്. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഈ കൂലി ബാധകമാവൂ. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി ലഭ്യമല്ലാത്തതിനാല്‍ പലര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അറിഞ്ഞാല്‍ തന്നെയും നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങി അവരുടെ ശ്രമങ്ങള്‍ പാഴാവുകയാണ് പതിവ്.

ഓരോ തൊഴിലാളിയുടെയും വാക്‍സാമര്‍ഥ്യവും വിലപേശലിലുള്ള മിടുക്കും അനുസരിച്ചാവും കൂലി നിശ്ചയിക്കപ്പെടുക. വീട്ടുകാര്‍ പലപ്പോഴും ഇത് തീരുമാനിക്കുക അടുത്ത വീടുകളിലെ നിരക്കനുസരിച്ചായിരിക്കും. അങ്ങനെ, ഒരു പ്രദേശത്തെ കൂട്ടായ തീരുമാനമനുസരിച്ചായിരിക്കും അവിടത്തെ വീട്ടുജോലിക്കാരുടെ കൂലി നിശ്ചയിക്കപ്പെടുക. ജോലിയുടെ മൂല്യത്തേക്കാള്‍ വളരെ കുറഞ്ഞ കൂലിയും താഴ്ന്ന ജീവിത സാഹചര്യങ്ങളും അങ്ങനെ, ഭൂരിഭാഗം പേരും സ്ത്രീകളായ ഈ തൊഴിലാളിസമൂഹത്തെ ഒരു രണ്ടാംതരം സമീപനത്തിന് ഇരകളാക്കുന്നു.എന്റെ വീട്ടില്‍ വന്നു ജോലിക്കു ചേര്‍ന്ന മൈത്രിയെ ഞാനിതിന് മുന്‍പും ആ പരിസരത്ത് കണ്ടിട്ടുണ്ട്. ഒരു ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ നടത്തി രണ്ടാഴ്ച കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും മറ്റാരോ തന്റെ സ്ഥാനത്ത് ജോലി ചെയ്തു തുടങ്ങിയിരുന്നുവെന്ന് അവള്‍ പറഞ്ഞു. അവള്‍ വരാതിരുന്ന ദിവസങ്ങളിലെ കൂലി കുറച്ച് ചെറിയൊരു തുക മാത്രം നല്‍കിയാണ് അവളെ പറഞ്ഞയച്ചത്. 23 വയസ്സുള്ള, മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ അവള്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ തൃപ്തിപ്പെടുത്താന്‍ ഒരാണ്‍കുട്ടികൂടി വേണമെന്ന് പ്രാര്‍ഥിക്കുന്നു. ലിംഗ അസമത്വവും സാമ്പത്തിക അസമത്വവും അവള്‍ക്കുമേല്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നു. രോഗം വന്നാലും മറ്റും പലതരം അവധികള്‍ എടുക്കാന്‍ പറ്റുന്ന സംഘടിത തൊഴിലാളിവര്‍ഗത്തില്‍ നിന്നും നേര്‍വിപരീതമായി ഒരു ചെറിയ പനി വന്നാല്‍ പോലും ജോലി പോവുന്ന അവസ്ഥയാണിവരുടേത്.ഒരു കുടുംബം നടന്നുപോകുന്നത് ഇവരുടെ ജോലിമേല്‍ ആയതുകൊണ്ട് വര്‍ഷത്തില്‍ എല്ലാ ദിവസവും ജോലി ചെയ്യാന്‍ ഇവര്‍ ബാധ്യസ്ഥരായി മാറുന്നു. ആഴ്ചയില്‍ കൃത്യമായി ഒരവധി ദിവസം ഇവര്‍ക്കൊരിക്കലും ഉണ്ടാവാറില്ല. അത്യാവശ്യങ്ങള്‍ക്ക് ചോദിക്കുന്ന അവധികള്‍ പോലും ഒരൌദാര്യം പോലെ മടിച്ച് മടിച്ചാണ് നാം നല്കുക. അവധി കൊടുത്താല്‍ അതൊരു ശീലമാക്കിയാലോ എന്നു ഭയന്ന് പലരും ജോലിയ്ക്ക് ആളെ വെയ്ക്കുമ്പോള്‍ തന്നെ അവധിയെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം കുറച്ചേ തരൂ എന്നു മുന്‍കൂര്‍ പറഞ്ഞുറപ്പിക്കുന്നു.ഗാര്‍ഹിക തൊഴിലാളികളുടെ കൂലിയും അവധിയും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നതില്‍ ഇത് സംബന്ധിച്ചു ശക്തമായ നിയമനിര്‍മ്മാണം ആവശ്യമുണ്ട്. വീട്ടുകാരുമായി ഒരു തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ഇവര്‍ക്ക് തൊഴില്‍ കോടതിയില്‍ പോവാനാവില്ല. നിയമത്തിന്റെ കണ്ണില്‍ അവര്‍ 'ശരിയായ തൊഴിലാളികള്‍' അല്ലല്ലോ.നമുക്ക് നമ്മുടെ വീടുകള്‍ സ്വകാര്യ ഇടമാണെങ്കിലും അവിടെ പണിയെടുക്കുന്നവര്‍ക്ക് അതവരുടെ ജോലിസ്ഥലമാണ്. “ഒരുവള്‍ പണിയെടുക്കുന്ന വീട് ഒരു സ്വകാര്യ ഇടമായി മാത്രം കണക്കിലെടുക്കുമ്പോള്‍ വീട്ടുജോലിയെടുക്കുന്നവര്‍ അദൃശ്യരാക്കപ്പെടുന്നു”വെന്ന് മൂന്നാം അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സോനാല്‍ ശര്‍മ പറയുന്നു. അവരെ തൊഴിലാളികളായി അംഗീകരിക്കുന്നതിന്റെ ആദ്യപടി വീടുകളെ തൊഴിലിടങ്ങളായി കാണുക എന്നതാണ്.‘വൃത്തി’യും ‘സ്വകാര്യത’യും ഉറപ്പുവരുത്താന്‍ വീട്ടുകാര്‍ എടുക്കുന്ന മുന്‍കരുതല്‍ നടപടികളെ ഒരു സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തില്‍ വച്ചും കാണേണ്ടതുണ്ട്. വീട്ടുകാര്‍ക്കും പണിക്കാരിക്കും വെവ്വേറെ പാത്രങ്ങള്‍ കരുതുന്നതിലും വെവ്വേറെ കക്കൂസുകള്‍ ഉപയോഗിക്കുന്നതിലും തലേന്നത്തെ കേടുവന്നുതുടങ്ങിയ ആഹാരസാധനങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നതിലും പിന്‍വാതിലിലൂടെ വരാനും പോവാനും അവരോട് ആവശ്യപ്പെടുന്നതിലും ആരും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നുപോകുന്ന അനീതിയും അസമത്വവും ഉണ്ട്. മാറ്റങ്ങള്‍ക്ക് നേരെയുള്ള ഈ മുഖം തിരിക്കല്‍ മാറാത്തിടത്തോളം കാലം ‘അന്തസ്സ്’,‘ബഹുമാനം’ എന്നീ വാക്കുകള്‍ ഇവിടെ ഉപയോഗിക്കുന്നതില്‍ കാര്യമില്ല.

തന്റെ വീട്ടില്‍ പണിയെടുക്കുന്ന സ്ത്രീയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരും കുറവല്ല. പണവും സ്വര്‍ണവും മുതല്‍ അരിയും പച്ചക്കറികളും വരെ മോഷ്ടിക്കാന്‍ നടക്കുന്ന ‘പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍’ ആയാണ് ഇവരെ നാം കാണുന്നത്. വീട്ടുകാര്‍ക്ക് പണിക്കാരെ എത്തിച്ച് കൊടുക്കുന്ന പല ഏജന്‍സികളും ഈ സ്ത്രീകളുടെ സാഹചര്യം പരിശോധിച്ചറിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടാറുണ്ട്. കടം വാങ്ങിയ പണവുമായി മുങ്ങിയ ജോലിക്കാരുടെ കഥകള്‍ ആവേശത്തോടെ നാം കേട്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ ക്രൂരമായി പീഡിപ്പിക്കുന്ന ജോലിക്കാരുടെ കഥകള്‍ അതിലും എത്രയോ കൂടുതലാവും എന്നാലോചിക്കാറില്ല. എന്നാല്‍, താന്‍ ജോലി ചെയ്യുന്നിടത്തെ ഉടമസ്ഥരെ എല്ലായ്പ്പോഴും ക്രൂരന്മാരും പീഡകരുമായി ഗാര്‍ഹിക തൊഴിലാളികള്‍ കാണേണ്ടതുണ്ടോ?അന്തസ്സും ബഹുമാനവും പരസ്പരം കൊടുക്കുക എന്നത് ഒരു വലിയ കാര്യമല്ല; രണ്ടു വ്യക്തികള്‍ തമ്മില്‍ ഇടപഴകുമ്പോള്‍ ഉണ്ടാകേണ്ട വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആണിവ. ബാംഗളൂരിലെ കഴിഞ്ഞ നാലു വര്‍ഷത്തെ ജീവിതത്തില്‍, വീട്ടുജോലിക്കാരില്ലാത്ത അധികം വീടുകള്‍ ഞാനിവിടെ കണ്ടിട്ടില്ല. തങ്ങളുടെ വീട്ടുകാരുടെ ‘ഉത്പാദനക്ഷമമായ’ മറ്റ് ജോലികള്‍ കൃത്യമായി നടന്നുപോകുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതും ഇവര്‍ തന്നെ. നമ്മുടെ സാമ്പത്തികവ്യവസ്ഥയിലെ ഏറ്റവും വലിയ ‘സംഭാവനകള്‍’ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നത് ഇവര്‍തന്നെയാണ്. ഇവരുടെ തൊഴിലിന് ലഭിക്കേണ്ട നിയമപരവും സാമൂഹ്യവുമായ അംഗീകാരം നല്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.


Next Story

Related Stories