TopTop
Begin typing your search above and press return to search.

ട്രംപിന്റെ ചൂടന്‍ ക്യാംപയിന്‍ മാനേജര്‍ കോറി ലെവാന്‍ഡോവ്‌സ്‌കി വന്ന വഴി

ട്രംപിന്റെ ചൂടന്‍ ക്യാംപയിന്‍ മാനേജര്‍ കോറി ലെവാന്‍ഡോവ്‌സ്‌കി വന്ന വഴി

കാരെന്‍ ടമള്‍ട്ടി
(വാഷിങ്ടണ്‍ പോസ്റ്റ്)

2014 ഡിസംബറില്‍ ട്രംപ് ടവറിലെ 24ാം നിലയില്‍ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കപ്പെടുമ്പോള്‍ കോറി ലെവാന്‍ഡോവ്‌സ്‌കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നില്ല. എന്നിട്ടും ആ കൂടിക്കാഴ്ചയില്‍ത്തന്നെ ഡൊണാള്‍ഡ് ട്രംപ് ലെവാന്‍ഡോവ്‌സ്‌കിയെ ജോലിക്കെടുത്തു.

'ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. പ്രചാരണത്തിന്റെ മാനേജരുമായി ഒത്തുപോകാനാകുന്നില്ലെങ്കില്‍ അത് പ്രശ്‌നമുണ്ടാക്കും,' കഴിഞ്ഞയാഴ്ച തന്റെ മാര ലാഗോ എസ്‌റ്റേറ്റിലിരുന്ന് ട്രംപ് ലെവാന്‍ഡോവ്‌സ്‌കിയുടെ തിരഞ്ഞെടുപ്പ് ഓര്‍മിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍നിര സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ പ്രചാരണമാനേജരും വിഭിന്ന സ്വഭാവക്കാരാണ്. ഒരാള്‍ വീമ്പുപറയുന്നതില്‍ മുന്‍പനായ പ്രശസ്ത കോടീശ്വരന്‍. അയാളുടെ ഹെയര്‍സ്റ്റൈല്‍ എഞ്ചിനീയറിങ്ങ് അത്ഭുതവും സ്റ്റൈലിങ് ഉത്പന്നങ്ങളുടെ വിജയവുമാണ്. മറ്റേയാള്‍ മസാച്ചുസെറ്റ്‌സ് മില്‍ ടൗണില്‍ വളര്‍ന്ന അതിശ്രദ്ധാലുവായ രാഷ്ട്രീയ തന്ത്രശാലി. തലമുടി മുറിക്കുന്നതുള്‍പ്പെടെ ഒന്നിലും അമിതമായ വേഷംകെട്ടില്ല.

പരുക്കന്‍ കളിയായി രാഷ്ട്രീയത്തോടുള്ള സമീപനത്തിലാണ് ഇരുവരുടെയും നിലപാടുകള്‍ യോജിക്കുന്നത്. രണ്ടുപേരും ശക്തമായി അടിക്കുന്നു, അതിര്‍വരമ്പിനോടു ചേര്‍ന്നുകളിക്കുന്നു, ഫൗള്‍ വിളികള്‍ അവഗണിച്ച് ചിലപ്പോഴൊക്കെ അതിര്‍ത്തി ലംഘിക്കുന്നു.

'ഡൊണാള്‍ഡ് ട്രംപ് ദുര്‍ബലഹൃദയര്‍ക്കു ചേര്‍ന്നയാളല്ല, കോറി ലെവാന്‍ഡോവ്‌സ്‌കിയും,' 1990ല്‍ ലെവാന്‍ഡോവ്‌സ്‌കിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുള്ള മുന്‍ കോണ്‍ഗ്രസ് അംഗം റോബര്‍ട്ട് ഡബ്ല്യു നേ പറയുന്നു.

സ്ഥാനാര്‍ത്ഥിയോട് ഒരു ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ജേണലിസ്റ്റിനെ കടന്നുപിടിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതിന് ലെവാന്‍ഡോവ്‌സ്‌കിക്കെതിരെ പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ട്രംപും ലെവാന്‍ഡോവ്‌സ്‌കിയും ഒരേ സ്വരത്തില്‍ രംഗത്തുവന്നു.

ലെവാന്‍ഡോവ്‌സ്‌കി നിരപരാധിയാണെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ മാര്‍ച്ച് എട്ടിനു നടന്ന സംഭവത്തിന്റെ സെക്യൂരിറ്റി ക്യാമറ ദൃശ്യത്തില്‍ ലെവാന്‍ഡോവ്‌സ്‌കി ജേണലിസ്റ്റിന്റെ കൈ ബലമായി പിടിച്ചുവലിക്കുന്നത് വ്യക്തമാണ്. ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടര്‍ മിഷേല്‍ ഫീല്‍ഡ്‌സിനാണ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് റിസോര്‍ട്ടില്‍ ഈ ദുരനുഭവമുണ്ടായത്.മുന്‍കോപക്കാരനും എടുത്തുചാട്ടക്കാരനുമായി അറിയപ്പെടുന്ന ലെവാന്‍ഡോവ്‌സ്‌കി ഉള്‍പ്പെടുന്ന വിവാദങ്ങളില്‍ അവസാനത്തേതാണിത്. ഫീല്‍ഡ്‌സുമായി ഉരസി 11 ദിവസത്തിനുശേഷം ട്രംപിന്റെ ടക്‌സണിലെ റാലിയില്‍ പ്രതിഷേധക്കാരുമായി ഇടയുകയും ഒരാളെ കോളറില്‍ പിടിച്ചുയര്‍ത്തുകയും ചെയ്യുന്ന ലെവാന്‍ഡോവ്‌സ്‌കിയെയും ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.

തന്റെ മാനേജരുടെ പെരുമാറ്റം തന്നെ വിഷമിപ്പിക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. 'ലെവാന്‍ഡോവ്‌സ്‌കിയുടെ പ്രസരിപ്പിനെ ഞാന്‍ മാനിക്കുന്നു,' എബിസിയുടെ 'ദിസ് വീക്കി'ല്‍ ട്രംപ് പറഞ്ഞു. ' ആ ഭീകരമായ, അശ്ലീലച്ചുവയുള്ള പ്രതിഷേധമുദ്രകള്‍ മാറ്റാനാണ് അവരോട് ലെവാന്‍ഡോവ്‌സ്‌കി ആവശ്യപ്പെട്ടത്.'

എന്നാല്‍ കഴിഞ്ഞയാഴ്ച രണ്ടരമണിക്കൂര്‍ നീണ്ട ഒരു അഭിമുഖത്തില്‍ തന്റെ ഉള്‍പ്രേരണകളും ' മിസ്റ്റര്‍ ട്രംപ്' എന്നുമാത്രം അഭിസംബോധന ചെയ്യുന്ന ബോസിനോടുള്ള കൂറും പലപ്പോഴും തന്റെ വിലയിരുത്തലുകളെ മറികടക്കാറുണ്ടെന്നു ലെവാന്‍ഡോവ്‌സ്‌കി സമ്മതിച്ചു.

ടക്‌സണ്‍ റാലിയിലെ സംഭവങ്ങള്‍ വിശദീകരിക്കവേ ലെവാന്‍ഡോവ്‌സ്‌കിയുടെ കണ്ണുകള്‍ നിറഞ്ഞു. പ്രചാരണത്തിന്റെ വക്താവ് ഹോപ് ഹിക്ക്‌സ് നല്‍കിയ മാര ലാഗോ തൂവാല ഉപയോഗിച്ചാണ് അഭിമുഖം തുടര്‍ന്നത്.

'ശരിയല്ലാത്ത എന്തെങ്കിലും കണ്ടാല്‍ അതു ശരിയാക്കാനുള്ള കടമ എനിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. ആ തോന്നല്‍ ശരിയാണെങ്കിലും അല്ലെങ്കിലും. പ്രതിഷേധക്കാരുടെ ഇടപെടല്‍ ശരിയല്ലെന്ന് എനിക്കു തോന്നി.'

'എന്റെ ജോലി അതല്ല. ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്,' ലെവാന്‍ഡോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിയെയോ സ്വന്തം എടുത്തുചാട്ടത്തെയോ നിയന്ത്രിക്കുന്നതും തന്റെ ജോലിയുടെ ഭാഗമായി ലെവാന്‍ഡോവ്‌സ്‌കി കാണുന്നില്ല.

'ട്രംപിനെ ട്രംപ് ആയിരിക്കാന്‍ അനുവദിക്കുക,' പ്രചാരണം ആരംഭിച്ച കഴിഞ്ഞ ജൂണില്‍ ആസ്ഥാനമന്ദിരത്തിലെ വെളുത്ത ബോര്‍ഡില്‍ ലെവാന്‍ഡോവ്‌സ്‌കി ഇങ്ങനെ എഴുതി.

'ട്രംപ് തിരിച്ചുപൊരുതുകയാണ്. അദ്ദേഹം ഒറ്റ മറുപടികൊണ്ടല്ല പൊരുതുന്നത്. തുടര്‍ച്ചയായി ആളുകളെ ഓര്‍മിപ്പിച്ചുകൊണ്ടാണ്,' ലെവാന്‍ഡോവ്‌സ്‌കി പറയുന്നു.

എതിരാളികളെ വിശേഷിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ച പദങ്ങള്‍ നേട്ടങ്ങളായി ഉയര്‍ത്തിപ്പിടിക്കാന്‍ ലെവാന്‍ഡോവ്‌സ്‌കി മടിച്ചില്ല. ' ലോ എനര്‍ജി എന്നാണ് ജെബ് ബുഷിനെ ട്രംപ് വിളിച്ചത്. ജീവിതകാലം മുഴുവന്‍ ബുഷ് അങ്ങനെ അറിയപ്പെടും. കാരണം ട്രംപ് അദ്ദേഹത്തിന് അങ്ങനെ പേരിട്ടുകഴിഞ്ഞു. മാര്‍ക്കോ റൂബിയോ ഇനിയെന്നും ലിറ്റില്‍ മാര്‍ക്കോ ആയിരിക്കും. ടെഡ് ക്രൂസ് ലൈയിങ് ടെഡ് എന്നറിയപ്പെടും. കാരണം അതാണ് ജനങ്ങള്‍ മനസിലാക്കുന്നത്.'

ഇടവക സ്‌കൂളുകളില്‍ പഠിച്ചയാളാണ് ലെവാന്‍ഡോവ്‌സ്‌കി. ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെതിരെ പരാമര്‍ശം നടത്തിയപ്പോള്‍ ട്രംപിലുള്ള തന്റെ വിശ്വാസം പരീക്ഷിക്കപ്പെട്ടതായി ലെവാന്‍ഡോവ്‌സ്‌കി സമ്മതിക്കുന്നു.അതിര്‍ത്തികളില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് മാര്‍പാപ്പ പറഞ്ഞത്. ' ഞാന്‍ കത്തോലിക്കനാണ്. അതുകൊണ്ടുതന്നെ നാം മാര്‍പാപ്പയോട് യുദ്ധം ചെയ്യേണ്ടതില്ല എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം,' ലെവാന്‍ഡോവ്‌സ്‌കി പറയുന്നു. എന്നാല്‍ ട്രംപ് ചിന്തിച്ചത് തിരിച്ചാണ്. മാര്‍പാപ്പയുടെ വാക്കുകള്‍ 'അപമാനകര'മാണെന്നു പ്രതികരിച്ച് രണ്ടു ദിവസത്തിനകം ട്രംപ് സൗത്ത് കരോലിന പ്രൈമറി വിജയിക്കുകയും ചെയ്തു.

അതേ സമയം ലെവാന്‍ഡോവ്‌സ്‌കിയുടെ പ്രസ്താവനകളും ഉറപ്പില്ലായ്മയും പലപ്പോഴും പ്രചാരണത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി.

കഴിഞ്ഞ ശിശിരത്തില്‍ ട്രംപിന്റെ പ്രചാരണവും ഒരു പ്രോ - ട്രംപ് സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യും തമ്മില്‍ ബന്ധമുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പുറമേയുള്ള ഒരു ഗ്രൂപ്പിനും അനുമതി നല്‍കിയിട്ടില്ലെന്ന ട്രംപിന്റെ നിലപാടിനു വിരുദ്ധമായിരുന്നു ഇത്.

സൂപ്പര്‍ പിഎസി നടത്തുന്ന കൊളറാഡോ കണ്‍സല്‍ട്ടന്റിനെ അറിയില്ലെന്നാണ് ലെവാന്‍ഡോവ്‌സ്‌കി പോസ്റ്റിനോടു പറഞ്ഞത്. എന്നാല്‍ പ്രചാരണത്തിനായി അതേ കണ്‍സല്‍ട്ടന്റുമായി ബന്ധപ്പെട്ട രണ്ടു സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് പിന്നീട് പത്രം കണ്ടെത്തിയതോടെ ലെവാന്‍ഡോവ്‌സ്‌കി ചുവടുമാറി. അയാളെ അറിയാമെന്നും മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും സമ്മതിക്കുകയും ചെയ്തു.

മുന്‍പ് ലെവാന്‍ഡോവ്‌സ്‌കി സ്വയം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. 1994ല്‍ ലോവെലിലെ മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ സംസ്ഥാന പ്രതിനിധിസ്ഥാനത്തേക്കു മത്സരിച്ച ലെവാന്‍ഡോവ്‌സ്‌കി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി തോമസ് എ ഗോള്‍ഡനോടു പരാജയപ്പെടുകയായിരുന്നു. ഇരുവരും ഒരേ സ്ഥലത്തു ജനിച്ചു വളര്‍ന്നവരാണ്.

'ഞാന്‍ അറിയുന്ന ലെവാന്‍ഡോവ്‌സ്‌കി ഇങ്ങനെയായിരുന്നില്ല. വളരെ മര്യാദയുള്ളയാളും ഇടപഴകാന്‍ കൊള്ളാവുന്നയാളുമായിരുന്നു,' ഇന്നും ആ സീറ്റ് നിലനിര്‍ത്തുന്ന ഗോള്‍ഡന്‍ പറയുന്നു. ' ഇപ്പോള്‍ കേള്‍ക്കുന്ന കഥയൊന്നും ഞാന്‍ അറിയുന്ന മാന്യനെപ്പറ്റിയാകാനിടയില്ല.'

തുടര്‍ന്ന് വാഷിങ്ടണിലേക്കു പോയ ലെവാന്‍ഡോവ്‌സ്‌കി കാപിറ്റോള്‍ ഹില്ലില്‍ ജോലി ആരംഭിച്ചു. ഒപ്പം അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് ബിരുദപഠനവും പൂര്‍ത്തിയാക്കി.

എന്നാല്‍ പ്രചാരണജോലി അദ്ദേഹത്തെ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. 1997ല്‍ 55 ശതമാനത്തില്‍ കുറവ് വോട്ട് നേടി വിജയിച്ച കോണ്‍ഗ്രസിലെ എല്ലാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ലെവാന്‍ഡോവ്‌സ്‌കി ഒരു സ്‌പ്രെഡ്ഷീറ്റ് തയാറാക്കി. ഇതായിരുന്നു അതിന്റെ സാരാംശം: ' നിങ്ങളുടെ അടുത്ത പ്രചാരണം ഞാന്‍ മാനേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ക്ക് എന്റെ സഹായം ആവശ്യമുണ്ട്'.

ഡമോക്രാറ്റിക് ചായ്‌വുള്ള ഓഹിയോയിലെ നേ എന്ന കോണ്‍ഗ്രസ് അംഗം ലെവാന്‍ഡോവ്‌സ്‌കിയെ ജോലിക്കെടുത്തു. ജോലിക്കായുള്ള കൂടിക്കാഴ്ച നടന്നപ്പോള്‍ ലെവാന്‍ഡോവ്‌സ്‌കിയുടെ ഷര്‍ട്ടിന്റെ കൈയുടെ കീറിയ അറ്റമാണ് ശ്രദ്ധിച്ചതെന്ന് നേ ഓര്‍ക്കുന്നു. ജില്ലയിലെ കല്‍ക്കരി ഖനനക്കാരുമായി ഇടപെടാന്‍ പറ്റിയ ആളെന്നായിരുന്നു നേയുടെ ചിന്ത.

എന്നാല്‍ നേയ്ക്ക് ഒരു മുന്നറിയിപ്പു നല്‍കാന്‍ ലെവാന്‍ഡോവ്‌സ്‌കി മടിച്ചില്ല. 'ഞാന്‍ ആളുകളെ മുഷിപ്പിക്കാന്‍ ഇടയുണ്ട്'.

നേ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ലെവാന്‍ഡോവ്‌സ്‌കിയെ തന്റെ ഓഫിസ് നടത്തിപ്പിനായി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ആശയങ്ങളുടെ ഉറവിടമായിരുന്നില്ല അവയുടെ നടത്തിപ്പുകാരനായിരുന്നു ലെവാന്‍ഡോവ്‌സ്‌കി. 'നയങ്ങള്‍ മെനയാന്‍ അയാള്‍ക്കു കഴിയില്ലെന്നല്ല. എന്നാല്‍ കൂടുതലും അവയുടെ നടപ്പാക്കലിലായിരുന്നു താല്‍പര്യം.'

1999ല്‍ ഒരു കൈത്തോക്ക്, മൂന്നു മാസികകള്‍, കൈത്തോക്കിന്റെ ഉറ, നിരവധി തിരകള്‍ എന്നിവയുമായി ലോങ് വര്‍ത്ത് ഹൗസ് ഓഫിസ് കെട്ടിടത്തില്‍ കടക്കാന്‍ ശ്രമിച്ചതിന് ലെവാന്‍ഡോവ്‌സ്‌കി അറസ്റ്റിലായി. യാദൃശ്ചികമായി അവ ഒരുമിച്ചുവന്നതാണെന്നായിരുന്നു ലെവാന്‍ഡോവ്‌സ്‌കിയുടെ വാദം. ആയുധങ്ങള്‍ തിരിച്ചുകിട്ടാനും 50,000ഡോളര്‍ നഷ്ടപരിഹാരത്തിനുമായി കേസ് നടത്തിയെങ്കിലും ലെവാന്‍ഡോവ്‌സ്‌കിക്കു വിജയിക്കാനായില്ല.

ജാക്ക് അബ്രാമോഫുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നേ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടും മുന്‍പ് ലെവാന്‍ഡോവ്‌സ്‌കി നേയുടെ ഓഫിസിലെ ജോലി ഉപേക്ഷിച്ചിരുന്നു. എങ്കിലും ശിക്ഷയില്‍ ഇളവനുവദിക്കണമെന്ന് നേയ്ക്കുവേണ്ടി ജഡ്ജിയോട് അപേക്ഷിക്കാന്‍ മടിച്ചില്ല.

'മൂന്നുവര്‍ഷം ബോബിനൊപ്പം ദിവസം 20 മണിക്കൂര്‍ വീതം ആഴ്ചയില്‍ ഏഴുദിവസം ചെലവഴിച്ചയാളാണു ഞാന്‍. അക്കാലത്ത് ജീവിതത്തെപ്പറ്റിയും ആളുകളെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും കുടുംബത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഞാന്‍ സങ്കല്‍പിക്കാനാകുന്നതിനപ്പുറം പഠിച്ചു,' 2007 ജനുവരി ഒന്നിന് എഴുതിയ കത്തില്‍ ലെവാന്‍ഡോവ്‌സ്‌കി എഴുതി. 'ബോബ് എന്റെ മാര്‍ഗദര്‍ശിയും വളര്‍ത്തച്ഛനുമായിരുന്നു. എക്കാലത്തെയും മികച്ച സുഹൃത്തും.'ലെവാന്‍ഡോവ്‌സ്‌കിയുടെ തൊഴില്‍ ജീവിതത്തിലും ചില വഴിമാറ്റങ്ങളുായി. പബ്ലിക് റിലേഷന്‍സ് ഫേമിലെ ജോലി ശ്വാസം മുട്ടിക്കുന്നതായി തോന്നിയപ്പോള്‍ ലെവാന്‍ഡോവ്‌സ്‌കി ന്യൂഹാംപ്‌ഷെയര്‍ പൊലീസ് അക്കാദമിയില്‍ ചേര്‍ന്നു. 2006ല്‍ പഠനം കഴിഞ്ഞ് മൂന്നര വര്‍ഷം മറൈന്‍ പട്രോള്‍ ഓഫിസറായി ജോലിയും ചെയ്തു. എന്നാല്‍ നാലു കുട്ടികളടങ്ങിയ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കിടയില്‍ നിയമപാലനം അത്ര എളുപ്പമായിരുന്നില്ല.

ലെവാന്‍ഡോവ്‌സ്‌കിയുടെ വിവാഹം ദുഃഖകരമായ തിരിവുകളുള്ള ഒരു പ്രണയകഥയാണ്. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് എട്ടാംക്ലാസിലെ ആലിസണ്‍ ഹാര്‍ഡിയെ ലെവാന്‍ഡോവ്‌സ്‌കി കണ്ടുമുട്ടുന്നത്. ഹൈസ്‌കൂളിലും കോളജിലും പ്രണയിച്ചെങ്കിലും പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.

1998ല്‍ ആലിസണ്‍ ലെവാന്‍ഡോവ്‌സ്‌കിയുടെ ഉറ്റസുഹൃത്തുക്കളിലൊരാളായ ബ്രയാന്‍ കിന്നിയെ വിവാഹം കഴിച്ചു. 2001 സെപ്റ്റംബര്‍ 11ന് കിന്നി ബോസ്റ്റണിലെ ലൊഗാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് കലിഫോര്‍ണിയയിലെ ഒരു ഇടപാടുകാരനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ആ വിമാനമാണ് ഭീകരര്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ സൗത്ത് ടവറിലേക്ക് ഇടിച്ചുകയറ്റിയത്.

ദുഃഖത്തില്‍ ഒരുമിച്ച ലെവാന്‍ഡോവ്‌സ്‌കിയും ആലിസണും നാലു വര്‍ഷത്തിനുശേഷം വിവാഹിതരായി. എല്ലാ ഓര്‍മദിനത്തിലും ദമ്പതികള്‍ കുട്ടികള്‍ക്കൊപ്പം കിന്നിയുടെ ശവകുടീരം സന്ദര്‍ശിക്കും.

ന്യൂഹാംപ്‌ഷെയറില്‍ ലെവാന്‍ഡോവ്‌സ്‌കിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശല്യക്കാരനായി കണ്ടുതുടങ്ങി. 'മറ്റു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വൈമനസ്യത്തോടെയാണ് ലെവാന്‍ഡോവ്‌സ്‌കിയോട് ബഹുമാനം കാണിച്ചത്,' റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ സംസ്ഥാന ചെയര്‍മാന്‍ ഫെര്‍ഗസ് കല്ലന്‍ പറയുന്നു. 'അദ്ദേഹത്തിന് കഴിവുണ്ട്. അപകടകാരിയാകാന്‍ മാത്രം കാര്യങ്ങളെപ്പറ്റി അറിവുമുണ്ടായിരുന്നു. എന്തെങ്കിലും വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍.'

ന്യൂഹാംപ്‌ഷെയറിലെ മുന്‍ സെനറ്റര്‍ റോബര്‍ട്ട് സി സ്മിത്ത് പാര്‍ട്ടിയില്‍ അനഭിമതനായിരുന്നു. 2000ല്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും പിന്നീട് തിരിച്ചെത്തി 2002ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു സ്മിത്ത്. പ്രൈമറി പ്രചാരണത്തിന്റെ മാനേജരായി നിയമിക്കപ്പെടും മുന്‍പ് ലെവാന്‍ഡോവ്‌സ്‌കിയുമായി സംസാരിച്ച സ്മിത്ത് ഇങ്ങനെ പറഞ്ഞു: 'റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തൊഴില്‍ കണ്ടെത്താനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ ഇതല്ല അതിനു പറ്റിയ സ്ഥലം.'

അത് ഒരു ബഹുമതിയായി കാണുന്നുവെന്നായിരുന്നു ലെവാന്‍ഡോവ്‌സ്‌കിയുടെ മറുപടി.

'തൊഴില്‍പരമായി നോക്കുമ്പോള്‍ സ്മിത്തിനെ പിന്തുണയ്ക്കുക എന്നത് ബന്ധങ്ങള്‍ ഇല്ലാതാക്കുന്ന തീരുമാനമായിരുന്നു', കല്ലന്‍ പറയുന്നു.

പ്രചാരണത്തിലുടനീളം ലെവാന്‍ഡോവ്‌സ്‌കി അങ്ങനെതന്നെയാണു പ്രവര്‍ത്തിച്ചത്. ഒരു ഘട്ടത്തില്‍ സ്മിത്തിന്റെ എതിരാളിയായ ജോണ്‍ ഇ സുനുനുവിന് തീവ്രവാദികളോട് ആഭിമുഖ്യമുണ്ടെന്നു പറയാന്‍ പോലും ലെവാന്‍ഡോവ്‌സ്‌കി മടിച്ചില്ല.

അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റ് പങ്കെടുത്ത സംഭാവനശേഖരണ പരിപാടിയില്‍ സുനുനു പങ്കെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. ലെബനീസ് വംശജനാണ് സുനുനു. 'ഇത്തരം ആളുകളാണ് തന്റെ പ്രചാരണത്തിന് സംഭാവന നല്‍കുക എന്ന് സുനുനു കരുതുന്നുവെങ്കില്‍ തീവ്രവാദത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സംശയിക്കേണ്ടിയിരിക്കുന്നു,' എന്നായിരുന്നു ലെവാന്‍ഡോവ്‌സ്‌കിയുടെ അഭിപ്രായം.

അമേരിക്കന്‍സ് ഫോര്‍ പ്രോസ്‌പെരിറ്റിയുടെ പ്രാദേശികപ്രവര്‍ത്തനങ്ങളും നാഷനല്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ശ്രമങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ലെവാന്‍ഡോവ്‌സ്‌കി വീണ്ടും കുഴപ്പത്തില്‍പ്പെട്ടു.

ലെവാന്‍ഡോവ്‌സികിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം 'തെറ്റിദ്ധാരണാജനകവും ശരിയല്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ' വോട്ടര്‍ റജിസ്‌ട്രേഷന്‍ മെയിലുകള്‍ അയച്ചു എന്ന ആരോപണത്തില്‍ 2014ല്‍ നോര്‍ത്ത് കരോലിന ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് അന്വേഷണം നടത്തി. നോര്‍ത്ത് കരോലിനയില്‍ വോട്ടര്‍മാര്‍ക്കയച്ച റജിസ്‌ട്രേഷന്‍ സാമഗ്രികളില്‍ ചില കുഴപ്പങ്ങളുണ്ടായതായി അമേരിക്കന്‍സ് ഫോര്‍ പ്രോസ്‌പെരിറ്റി സമ്മതിച്ചു. എന്നാല്‍ തെറ്റുപറ്റിയതാണെന്നും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമല്ല എന്നുമായിരുന്നു വാദം.

താമസിയാതെ ലെവാന്‍ഡോവ്‌സ്‌കി ട്രംപ് ടവറിലെത്തി.

2014 ഏപ്രിലില്‍ എഎഫ്പിയുടെ ഒരു ചടങ്ങിലാണ് ലെവാന്‍ഡോവ്‌സ്‌കി ആദ്യമായി ട്രംപിനെ പരിചയപ്പെടുന്നത്. ഡിസംബറില്‍ യാഥാസ്ഥിതിക ആക്ടിവിസ്റ്റും സിറ്റിസണ്‍സ് യുണൈറ്റഡ് എന്ന സംഘടനയുടെ തലവനുമായ ഡേവിഡ് ബോസി ലെവാന്‍ഡോവ്‌സ്‌കിയോട് ട്രംപിനെ കാണാന്‍ ആവശ്യപ്പെട്ടു.

'കോറി അവിശ്വസനീയമാം വിധം ശക്തനാണ്. അവിശ്വസനീയമാം വിധം ശക്തമായ വ്യക്തിത്വവുമാണ്. ട്രംപും ലെവാന്‍ഡോവ്‌സ്‌കിയും പരസ്പരം ചേര്‍ന്നുപോകുമെന്ന് എനിക്കു തോന്നി,' ബോസി പറയുന്നു.

കൂടിക്കാഴ്ച ലെവാന്‍ഡോവ്‌സ്‌കിയെ സ്തബ്ധനാക്കി. 'ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാക്കാര്യങ്ങളെയും പറ്റി ട്രംപ് സംസാരിക്കുന്നു. ഞാന്‍ കേള്‍ക്കുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിനുള്ള വീക്ഷണവും പങ്കുവയ്ക്കുന്നു. ഞാന്‍ മായാവലയത്തിലകപ്പെട്ടതുപോലെയായി,' എന്നാണ് പിന്നീട് ലെവാന്‍ഡോവ്‌സ്‌കി പറഞ്ഞത്.

എങ്കിലും പിന്നീടുള്ള ഏതാനും മാസങ്ങളില്‍ ചിന്താവിഷയം ട്രംപ് യഥാര്‍ത്ഥത്തില്‍ ഇതിനു തുനിയുമോ എന്നതായിരുന്നു.

'50 -50 എന്നതായിരുന്നു സാധ്യത. ഞങ്ങള്‍ അതേപ്പറ്റി ആലോചിക്കുകയായിരുന്നു. ചിലപ്പോള്‍ 25 ശതമാനം മാത്രം. കാരണം മത്സരിച്ചാല്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിക്കേിവരും. എനിക്ക് ജീവിതം നഷ്ടപ്പെടും. എനിക്ക് ആഡംബരം ഉപേക്ഷിക്കേിവരും,' കഴിഞ്ഞയാഴ്ച ഒരു അഭിമുഖ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞു.

കാര്യങ്ങളുടെ സൂചനയെന്ന പോലെ ട്രംപിന്റെ ഭാര്യ മെലാനിയ ബാത്ത്‌റോബും വലിയ സണ്‍ഗ്ലാസുകളും ധരിച്ച് സ്പായിലേക്കു പുറപ്പെട്ടു. ട്രംപ് വീട്ടില്‍പ്പോലും 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്നെഴുതിയ തൊപ്പി ധരിച്ച് തന്നെപ്പറ്റിയുള്ള വാര്‍ത്തകളുടെ ശേഖരവുമായി നടന്നു.

'ഇത് എല്ലാവരും പ്രതീക്ഷിച്ചതാണ് എന്ന് എനിക്കു തോന്നുന്നില്ല. ഇത് അതിശയകരമായ കാലഘട്ടമാണ്. ഞങ്ങള്‍ വളരെ നന്നായി ചെയ്തു. കോറി ഗംഭീരമായി കാര്യങ്ങള്‍ നടത്തി. അദ്ദേഹം മികച്ച പ്രഫഷനലാണ്.'

ഇത്രയും പറഞ്ഞ് ട്രംപ് കൂട്ടിച്ചേര്‍ത്തു: ' കോറിക്ക് ഞാന്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കൊടുത്താല്‍ ഇതിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാകും. ശരിയല്ലേ?'


Next Story

Related Stories