അഴിമുഖം പ്രതിനിധി
തന്നെ വിമര്‍ശിച്ച സൈനികന്റെ പിതാവിനെ ആക്ഷേപിച്ച് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഡെമോക്രാറ്റിക് നാഷനല്‍ കോന്‍ഫറന്‍സില്‍ ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് കിസിര്‍ ഖാന് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു.
സൈനികന്റെ പിതാവ് കണ്വഷനില് സംസാരിച്ചത് മുസ്ലീം സ്ത്രീകള്‍ക്ക് പൊതുവേദിയില്‍ സംസാരിക്കാനുള്ള അനുവാദം ഇല്ലാതിരുന്നതുകൊണ്ടാണ് എന്ന് എബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് നടത്തിയ ആക്ഷേപ പരാമര്‍ശമാണ് വിവാദമായത്.
ട്രംപിന്റെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത് വന്നവര്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപില്‍ നിന്ന് അകന്ന് നില്‍ക്കണം എന്ന് ഉപദേശിച്ചു. എന്നാല്‍ തന്റെ ഭാര്യ സംസാരിക്കാതിരുന്നത് മകനെ കുറിച്ച് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്ന് സൈനികന്റെ പിതാവ് പറഞ്ഞു. “മകന്റെ വേര്‍പാടില്‍ ദുഖിക്കുന്ന ഒരു അമ്മയുടെ വേദന ട്രംപിന് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്,” അദ്ദേഹം പറഞ്ഞു.
എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന്റെ മനോനില തകരാറിലാണ് എന്ന് ഹിലരി ക്ലിന്റന് പറഞ്ഞു. “എല്ലാവരേയും വിമര്‍ശിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും കുറവുണ്ടാകും,” ഓഹിയോയിലെ പ്രചാരണ വേളയില്‍ ഹിലരി പറഞ്ഞു.
മുസ്ലീമുകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അവരുടെ പ്രവേശനം രാജ്യത്ത് തടയുന്നതിലൂടെ തീവ്രവാദത്തെ ചെറുക്കാന്‍ കഴിയും എന്ന ട്രംപിന്റെ പ്രസ്താവനക്കുള്ള ശക്തമായ മറുപടിയാണ് സൈനികന്റെ പിതാവ് കിസിര്‍ ഖാന് നല്‍കിയത്. കണ്‍വെന്‍ഷനില്‍ 2004-ല്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട തന്റെ മകന് ഹുമയൂന്‍ ഖാനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് ആര്‍മിയിലെ ക്യാപ്റ്റന്‍ ആയിരുന്നു ഹുമയൂന്‍.
മുസ്ലിമുകളുടെ വ്യക്തിത്വത്തിന് മേല്‍ കരിവാരി തേക്കുന്ന ട്രംപ് എന്ത് ത്യാഗമാണ് ചെയ്തട്ടുള്ളത് എന്ന് ഖാന് ചോദിച്ചു. യുഎസ് ഭരണഘടന ഉയര്‍ത്തിപിടിച്ച ഖാന് ട്രംപ് അത് വായിച്ചിട്ടുണ്ടോ എന്നും കണ്‍വന്‍ഷനില്‍ ചോദിച്ചു.