TopTop

വീണ്ടും വീണ്ടും നുണ പറയുന്ന ട്രംപ് എന്ന അപകടം

വീണ്ടും വീണ്ടും നുണ പറയുന്ന ട്രംപ് എന്ന അപകടം
സാം വാട്ടെര്‍സ്റ്റന്‍

'ചരിത്രത്തെ കുറിച്ച് കുറച്ചു മാത്രം അറിയാവുന്നവരെ, കൂടുതല്‍ പഠിക്കാനുള്ള സമയം ഇല്ലാത്തവരെ തെറ്റിധരിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല...അങ്ങനെ സത്യസന്ധമായ തെളിവുകള്‍ക്കും ന്യായയുക്തമായ സംവാദങ്ങള്‍ക്കും പകരം വഞ്ചനയും കാപട്യവും പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.'
എബ്രഹാം ലിങ്കണ്‍, 'കൂപ്പര്‍ യൂണിയന്‍ അഭിസംബോധന' 1860.

ഒരു നടനെന്ന നിലയില്‍ എന്നെ നിങ്ങള്‍ക്കറിയാം. ദീര്‍ഘകാലമായി ഞാന്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെ അനുകൂലിക്കുന്ന ആളും കക്ഷിപക്ഷപാതിത്വത്തെ എതിര്‍ക്കുന്ന ആളുമാണ്. എബ്രഹാം ലിങ്കണെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഞാന്‍ പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് കക്ഷിപക്ഷപാതിത്വത്തിന്റെ യഥാര്‍ത്ഥ പേരായ വിഭാഗീയതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു പ്രഭാഷണം 1999ല്‍ ബഹുകക്ഷി പിന്തുണയുള്ള കോണ്‍ഗ്രസ് ഇടത്തെ കുറിച്ചുള്ള, ഒരു പക്ഷേ അവസാന സെമിനാറുകളില്‍ ഒന്നില്‍ ഞാന്‍ നടത്തുകയുണ്ടായി. മഹത്തായ അമേരിക്കന്‍ ജനാധിപത്യ പരീക്ഷണത്തെ നശിപ്പിക്കാന്‍ തക്കവിധം ശക്തിയുള്ള കുറച്ച് കാര്യങ്ങളില്‍ ഒന്ന് കക്ഷിപക്ഷപാതിത്വമാണെന്ന് അതിന്റെ സ്ഥാപിത നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചില മഹദ്വചനങ്ങള്‍ എന്റെ കൈവശമുണ്ടായിരുന്നു. വടക്കന്‍ അയര്‍ലന്റില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ജോണ്‍ ഹ്യൂം എനിക്ക് മുമ്പെ സംസാരിച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പൊള്ളുന്ന സാക്ഷ്യങ്ങളായിരുന്നു. ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷെ, ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല.

2008 വരെ, ഇരുകക്ഷികള്‍ക്കും സമ്മതനായ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി യുണിറ്റ് 08 എന്ന പേരില്‍ ഡമോക്രാറ്റായിരുന്ന ജെറാള്‍ഡ് റാഫ്ഷൂണും റിപബ്ലിക്കന്‍ ഡൗഗ് ബെയ്‌ലിയും നേതൃത്വം നല്‍കിയ പ്രസ്ഥാനം തകരുന്നതുവരെ ഞാന്‍ ഒരു പ്രഖ്യാപിത സ്വതന്ത്രനായിരുന്നു. ആ വര്‍ഷം പ്രൈമറിയില്‍ ബരാക് ഒബാമയ്ക്കായി വോട്ടുചെയ്യുന്നതിന് വേണ്ടി ഞാനൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിനയരംഗത്തുനിന്നും ഞാന്‍ നേടിയെടുത്തിട്ടുള്ള എന്തെങ്കിലും സ്വാധീനമുണ്ടെങ്കില്‍ അത് ഏറ്റവും നന്നായി ഉപയോഗിക്കാം എന്ന ധാരണയില്‍, ഏകദേശം നിശബ്ദനായി തന്നെ ഞാന്‍ ഓഷ്യാന ബോര്‍ഡിലും അഭയാര്‍ത്ഥി ഇന്റര്‍നാഷണലിലും പ്രവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നതിന് പറ്റിയ സമയമാണെന്ന് തോന്നുന്നില്ല. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സമയമാണിതെന്ന് തോന്നുന്നു.

നുണപറയുന്നതാണ്, പൊതുവേദിയില്‍ തുടര്‍ച്ചയായി നുണ പറയുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. വിഭാഗീയതയുടെ പങ്കാളിയാണ് നുണപറച്ചില്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ അത് വലിയ അപകടമായി മാറിയിരിക്കുന്നു. അതെ, നുണപറച്ചില്‍ എന്നത് തന്നെയാണ് ശരിയായ വാക്ക്. അല്ലാതെ അത് വിലപേശലോ, വിപണനതന്ത്രമോ, വീമ്പിളക്കലോ, ശ്രദ്ധ ആകര്‍ഷിക്കലോ, മതിഭ്രമമോ കൃത്രിമത്വമോ, പൊങ്ങച്ചം പറച്ചിലോ, അതിശയോക്തി വിളമ്പലോ, ഭീഷണിപ്പെടുത്തലോ, സമാന്തര സത്യങ്ങളോ, മറ്റേതെങ്കിലും തരത്തിലോ മൃദുഭാഷണമോ അല്ല. നമ്മുടെ ദേശീയ പ്രശ്‌നം പ്രത്യയശാസ്ത്രപരമല്ല മറിച്ച് സാങ്കേതികമാണെന്ന് ഒരിക്കല്‍ പ്രസിഡന്റെ ജോണ്‍ എഫ് കെന്നഡിക്ക് പറയാന്‍ സാധിക്കുമായിരുന്നു. വലിയ അളവിലുള്ള നുണപറച്ചില്‍ അതിനെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.

പക്ഷെ ഇത് തുടരാന്‍ ബുദ്ധിമുട്ടാണ്. കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച്, അഭയാര്‍ത്ഥികളുടെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ച്, കഴിഞ്ഞ കാലങ്ങളില്‍ അഭയം തേടിയെത്തിയവരെ എങ്ങനെയാണ് ഒഴിവാക്കിയിരുന്നത് എന്നതിനെ കുറിച്ച്, എത്രപേര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രവേശനം ലഭിച്ചു എന്നതിനെ കുറിച്ച്, കുടിയേറ്റക്കാരെ കുറിച്ച്, മറ്റ് അനേകം കാര്യങ്ങളെ കുറിച്ച് ട്രംപ് നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു.കക്ഷി പക്ഷപാതിത്വത്തോടൊപ്പം കൂടുതല്‍ നുണകള്‍ പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ട്രംപിന്റെ സമാന്തര വസ്തുതകള്‍ യഥാര്‍ത്ഥ ലോകത്തില്‍ അരോചകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

നുണകള്‍ ട്രംപിന് എളുപ്പം വഴങ്ങുമെന്നതിനാല്‍, അദ്ദേഹത്തിന്റെ ഭരണകൂടത്തിനെ കുറിച്ചുള്ള ഓരോ റിപ്പോര്‍ട്ടിലും അത് ആദ്യം തന്നെ വരണം. അതിനെ കുറിച്ചും ഇതിനെക്കുറിച്ചും ട്രംപ് ഒരിക്കലും നുണപറയുകയോ എപ്പോഴേങ്കിലും നുണപറയുകയോ ചെയ്യുന്നില്ല. അദ്ദേഹം ഒരു നുണയനാണ്, നുണ പറയുന്ന ഒരു വ്യക്തിയാണ്. ഈ വാര്‍ത്ത എല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടണം.

നേരത്തെയും രാഷ്ട്രീയക്കാര്‍ നുണ പറഞ്ഞിട്ടുണ്ടെങ്കിലും പഴയ ഒരു പ്രശ്‌നം കൂടുതല്‍ വഷളായതല്ല ഇത്. നുണ എന്ന് തോന്നിക്കാവുന്ന ചില കാര്യങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റുമാര്‍ വലിയ വിലകള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. വലിയ വ്യക്തിത്വത്തിന് ഉടമയും ആജീവനന്താം പൊതുസേവകനുമായ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്ലിയു ബുഷ് നിങ്ങള്‍ 'എന്റെ ചുണ്ടുകളില്‍ നിന്നും വായിച്ചെടുക്കൂ' എന്ന് പറഞ്ഞത് ഒരു നുണയായി ചിത്രീകരിക്കപ്പെടുകയും തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുകയും ചെയ്തു. നുണ പറയുന്നു എന്ന ആരോപണങ്ങള്‍-'നുണപറയുന്ന ഹിലരി' പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സത്യപ്രതിജ്ഞ പ്രകാരവും പൊതുജനത്തിന്റെ മുന്നിലും പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഒരു നുണ പറഞ്ഞു. ആ വിവാദം അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ഒരു കാര്യത്തില്‍ നുണ പറയുന്നയാള്‍ മറ്റ് കാര്യങ്ങളിലും നുണ പറയാം എന്ന സുദൃഢമായ നിയമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ആ പുറത്താക്കലിന് കുറച്ച് പ്രാമുഖ്യം ലഭിച്ചു. അതേ സിദ്ധാന്തം തന്നെ ട്രംപിനെതിരെയും പ്രയോഗിക്കപ്പെടണം.

നുണ പറച്ചിലിന്റെ ഇടവേളകള്‍ക്കിടയില്‍, നമ്മള്‍ നേരിടാനാഗ്രഹിക്കാത്ത ഒരു സത്യം ട്രംപ് വെളിപ്പെടുത്തി: കക്ഷിപക്ഷപാതിത്വം പോലെ തന്നെ തുടര്‍ച്ചയായും ശീലത്തിന്റെ പേരിലും നുണകള്‍ പറയുന്നത് നമ്മുടെയും നമ്മുടെ സ്ഥാപനങ്ങളുടെയും നമ്മുടെ ഓര്‍മകളുടെയും ഇന്നിനെ കുറിച്ചും ഭാവിയെകുറിച്ചുമുള്ള നമ്മുടെ ധാരണകളുടെയും മഹത്തായ അമേരിക്കന്‍ ജനാധിപത്യ പരീക്ഷണത്തിന്റെയും ഈ ഭൂഗോളത്തിന്റെ തന്നെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന സത്യം. അത് സത്യത്തെ മറയ്ക്കുകയും വിശ്വാസത്തെ നശിപ്പിക്കുകയും ചിന്തകള്‍ക്ക് പ്രതിബന്ധമാവുകയും വ്യക്തതയെ നശിപ്പിക്കുകയും ചെയ്യുന്നു. അത് നമ്മെ വ്യതിചലനത്തിലേക്ക് നയിക്കുന്നു.

വരാനിരിക്കുന്ന അപകടത്തെ കുറിച്ച് അതിവര്‍ണ്ണിക്കുക അസാധ്യമാണ്. 'ഞാന്‍ ജയിച്ചു' എന്ന സത്യം പറയുന്നതിനോടൊപ്പം വന്‍ഭൂരിപക്ഷത്തെ കുറിച്ചും വോട്ടെടുപ്പിലെ കള്ളത്തരങ്ങളെ കുറിച്ചും ജനപങ്കാളിത്തത്തിന്റെ അളവിനെ കുറിച്ചും ട്രംപ് നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരും ജാഗരൂകരാകേണ്ടിയിരിക്കുന്നു. വിഷയം എന്തായാലും, അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഭരണകൂടത്തെ കുറിച്ചുമുള്ള ഓരോ ലേഖനത്തിന്റെയും തലക്കെട്ട് അതായിരിക്കണം. ഇതുപോലെ നുണ പറയുന്നത് ജനാധിപത്യവാഴ്ചയ്ക്ക് തന്നെ ഭീഷണിയാണ്.

(സിനിമ-നാടക നടനാണ് ലേഖകന്‍. ഓഷ്യാന ബോര്‍ഡിലും റെഫ്യൂജീസ് ഇന്‍റര്‍നാഷണല്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

Next Story

Related Stories