TopTop
Begin typing your search above and press return to search.

സെക്‌സ് ടേപ്പ്; ട്രംപ് മൂക്കുകുത്തി വീഴുമെന്ന സൂചനകള്‍ വരുന്നു

സെക്‌സ് ടേപ്പ്; ട്രംപ് മൂക്കുകുത്തി വീഴുമെന്ന സൂചനകള്‍ വരുന്നു

ഫിലിപ് ബംപ്‌
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തന്റെ താരപരിവേഷം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തനിക്കാവുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വീമ്പിളക്കലുകള്‍ അടങ്ങിയ 2005ലെ ഒരു ദൃശ്യം വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിടുന്നതിന് മുമ്പുതന്നെ, ഹിലരി ക്ലിന്റന്‍ തന്റെ പ്രചാരണത്തില്‍ മുന്നിലെത്തിയിരുന്നു. ഒന്നാം സ്ഥാനാര്‍ത്ഥി സംവാദത്തിലെ മികച്ച പ്രകടനം അവരെ ദേശീയ അഭിപ്രായ കണക്കെടുപ്പുകളില്‍ മുന്നിലെത്തിച്ചിരിക്കുകയാണ്. പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ക്കു ശേഷമുണ്ടായ വേഗത്തിലല്ലെങ്കിലും പുതിയ എന്‍ബിസി-വാള്‍സ്ട്രീറ്റ് ജേണല്‍ അഭിപ്രായ കണക്കെടുപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പു തന്നെ അവര്‍ അഞ്ചു പോയന്റുകള്‍ക്ക് മുന്നിലായിരുന്നു.

പിന്നെയാണ് പുതിയ കണക്കെടുപ്പ് വന്നത്. എല്ലായ്‌പ്പോഴും എന്ന പോലെ ഒരു കണക്കെടുപ്പ് ഒറ്റപ്പെട്ടായിരിക്കും നില്‍ക്കുക. ഈ കണക്കെടുപ്പിന് പിഴവിനുള്ള സാധ്യത താരതമ്യേന കൂടുതലാണ് 4.6 ശതമാനം. കൂടുതല്‍ കണക്കെടുപ്പുകള്‍ വരുന്നതുവരെ കുറച്ചു ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. പക്ഷേ അത്തരം എല്ലാ ഘടകങ്ങളും കൂട്ടിവെച്ചാലും കണക്കെടുപ്പിന്റെ ഫലം നാടകീയമാണ്. നാലുപേരുടെ മത്സരത്തില്‍ സാധ്യതയുള്ള വോട്ടര്‍മാരുടെ ഇടയില്‍ ക്ലിന്റന് ട്രംപിനെക്കാള്‍ 11 പോയന്റ് മുന്‍തൂക്കമുണ്ട്. നേരിട്ടുള്ള പോരാട്ടത്തില്‍ അവര്‍ 14 പോയന്റിനു മുന്നിലാണ്. കഴിഞ്ഞ കണക്കെടുപ്പില്‍ ഇതു യഥാക്രമം അഞ്ചും ഏഴും ആയിരുന്നു.

ട്രംപിന്റെ പ്രശ്‌നത്തിന്റെ കാതലായ ഒരു ഭാഗം ശബ്ദരേഖയില്‍ നിന്നാണെന്ന് വ്യക്തമാണ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ 'ഒരുതരത്തിലും സ്വീകാര്യമല്ലെ'ന്നാണ് 41 ശതമാനം പേരും പറഞ്ഞത്. കുറെ കാലം മുമ്പായതുകൊണ്ട് അതത്ര കാര്യമല്ലെന്ന പ്രസ്താവനയോട് പകുതിയിലേറെപ്പേര്‍ വിയോജിച്ചു. മൊത്തമെടുത്താല്‍ ക്ലിന്റനെ 10 പോയന്റ് നിഷേധാത്മകമായാണ് വോട്ടര്‍മാര്‍ കണ്ടത്. ട്രംപിന്റെ കാര്യത്തില്‍ ഇത് 34 പോയന്റാണ്.

ഇനി കിനിഞ്ഞിറങ്ങല്‍ പ്രതിഭാസവും ഉണ്ടാകാം. സെപ്തംബറില്‍ ഡെമോക്രാറ്റുകള്‍ക്ക്് പൊതുവായ കോണ്‍ഗ്രസ് വോട്ടുകളില്‍ (generic congressional ballot- രാഷ്ട്രീയ കക്ഷികളുടെ പേര് മാത്രമുള്ള ബാലറ്റ്) മൂന്നു പോയിന്റ് മുന്‍തൂക്കം ഉണ്ടായിരുന്നു (ഹൗസ് സ്പീക്കര്‍ പോള്‍ ഡി റയാന്‍ തിങ്കളാഴ്ച്ച രാവിലെ ട്രംപിനെ ഏതാണ്ട് കൈവിട്ടത് ഇതുകൊണ്ടായിരിക്കാം). പകുതിയിലേറെ പേരും പറഞ്ഞത് കോണ്‍ഗ്രസിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഒന്നുകില്‍ ട്രംപിനുള്ള പിന്തുണ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അയാള്‍ മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയോ വേണമെന്നാണ്. 2008ലെ പ്രചാരണത്തിന്റെ അവസാന ആഴ്ച്ചകളില്‍ (അടുത്തിടെയുണ്ടായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ വലിയ ഒന്ന്) ബരാക് ഒബാമക്ക് ഇത്രയും വലിയ മുന്‍തൂക്കം വളരെ കുറച്ചു അഭിപ്രായ കണക്കെടുപ്പുകളെ നല്‍കിയിരുന്നുള്ളൂ. ഒക്ടോബര്‍ പകുതിയില്‍ ഒബാമ 10 പോയന്റ് മുന്നിലായിരുന്നു. 2012ല്‍ അവസാന മാസങ്ങളില്‍ മുന്‍തൂക്കം ഇത്രയുണ്ടായിരുന്നില്ല.ഇവിടെയാണ് ഞാന്‍ ആദ്യമെടുത്ത മുന്‍കൂര്‍ ജാമ്യം ആവര്‍ത്തിക്കുന്നത്: ഒറ്റതിരിഞ്ഞ ഒരു കണക്കെടുപ്പ്, പിഴവിനുള്ള സാധ്യതയുടെ വലിയ തോത് തുടങ്ങിയവ. പക്ഷേ കണക്കിലെടുക്കേണ്ട ഗൗരവമായ ഒരു വസ്തുത, ദൃശ്യവും വിവാദ പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ടത് ട്രംപ് അതിനകം പിറകിലായിരുന്ന ഒരു സമയത്താണ് എന്നാണ്. ദൃശ്യം/ശബ്ദരേഖ കണക്കിലെടുക്കാതെ, ഓരോ സംസ്ഥാനത്തെയും ഇലക്ടറല്‍ വോട്ടിലെ (435 പ്രതിനിധികള്‍, 100 സെനറ്റര്‍മാര്‍, കൊളംബിയ സംസ്ഥാനത്തിനുള്ള മൂന്നു ഇലക്ടര്‍മാര്‍/ മൊത്തം 538 പേരുടെ ഇലക്ടറല്‍ കോളേജ്) നിലവിലെ പോളിംഗ് ശരാശരി ഉപയോഗിച്ചാല്‍ ഹിലരി ക്ലിന്റന്‍ 341197 എന്ന വ്യത്യാസത്തില്‍ മുന്നിലെത്തും.

പക്ഷേ അത് ഈ ദൃശ്യത്തിന് മുമ്പാണ്.

ഡൊണാള്‍ഡ്് ട്രംപ് ഒരിക്കല്‍ക്കൂടി ഒരു തെരഞ്ഞെടുപ്പ് ദുരന്തത്തിന്റെ വക്കിലാണ്. അയാളെ സംബന്ധിച്ച നല്ല വാര്‍ത്ത ഇതിനുമുമ്പും അയാള്‍ ഈ വക്കില്‍ നിന്നും പിടിച്ചുകയറിയിട്ടുണ്ട് എന്നാണ്. പക്ഷേ അത് തെരഞ്ഞെടുപ്പിന് നാലാഴ്ച്ച മാത്രം ബാക്കിയുള്ളപ്പോഴല്ല.


Next Story

Related Stories