വിദേശം

ഇസ്ലാമിനെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അഞ്ച് തെറ്റിദ്ധാരണകള്‍

Print Friendly, PDF & Email

ഏകാധിപതികളാവാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ‘ഭീകരവാദം’ എന്നത് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്മാനമായി മാറുന്നു.

A A A

Print Friendly, PDF & Email

സ്റ്റീഫന്‍ എം വാള്‍ട്ട്

2016ലെ തിരഞ്ഞടുപ്പ് പ്രക്രിയയില്‍ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പിന്നണിയില്‍ നിന്ന ആളുകള്‍ക്ക് നമ്മളാരും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് അക്കാലത്ത് വാചാലനായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ നിര്‍ണായക നയരൂപീകരണ പദവികളില്‍ എത്തിയിട്ടുണ്ട്. അസ്വസ്ഥത ജനിപ്പിക്കുന്ന ഇത്തരം ആളുകളില്‍ ഏറ്റവും പ്രമുഖനാണ് ഗോള്‍ഡ്മാന്‍ സാച്ചസിലെ മുന്‍ ജീവനക്കാരനും ഹോളിവുഡ് നിര്‍മ്മാതാവും ബ്രെയ്റ്റ്ബാര്‍ട്ടിന്റെ ചെയര്‍മാനും ഇപ്പോള്‍ വൈറ്റ് ഹൗസിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന ആളുമായ സ്റ്റീഫന്‍ ബാനോണ്‍. അദ്ദേഹമാണ് ട്രംപിന്റെ കുഴപ്പം പിടിച്ച വിദേശനയത്തിന്റെ പിന്നിലെ പ്രധാനി എന്നാണ് വിചാരിക്കേണ്ടത്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഇക്കൂട്ടത്തില്‍ സ്വയംപ്രഖ്യാപിത ദേശീയ സുരക്ഷ ‘വിദഗ്ധന്‍’ സെബാസ്റ്റ്യന്‍ ഗോര്‍ക (ബോസ്റ്റണ്‍ ബോംബ് കേസിലെ മാരത്തോണ്‍ വിചാരണയില്‍ വിദഗ്ധ സാക്ഷിയായിരുന്നു എന്ന വ്യാജ അവകാശവാദം ഉന്നയിച്ചത് ഇദ്ദേഹമാണ്), വിഡ്ഢിയായ ഇസ്ലാം വിരുദ്ധന്‍ ഫ്രാങ്ക് ഗാഫ്‌നെ എന്നീ കിറുക്കന്മാരെയും ഉള്‍പ്പെടുത്താം. ഗാഫ്‌നെയുടെ കടുത്ത വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗൗരവമായി എടുക്കുന്ന ആളായിരുന്നു കുറച്ചുകാലം മാത്രം ദേശീയ സുരക്ഷ ഉപദേഷ്ടാവാകാന്‍ ഭാഗ്യം ലഭിച്ച മൈക്കിള്‍ ഫ്‌ളിന്‍. ഗാഫ്‌നെയെ കുറിച്ച് ഇനിയും വ്യക്തമായ ഒരു ചിത്രം ലഭിക്കണമെങ്കില്‍, സതേണ്‍ പോവറിട്ടി ലോ സെന്റര്‍ ഒരു ‘തീവ്രവാദ സംഘം’ എന്ന് വിശേഷിപ്പിക്കുകയും, ‘മുസ്ലീം വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങള്‍’ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ആന്റി ഡിഫേമേഷന്‍ ലീഗിന്റെ വിമര്‍ശനവും ഏറ്റുവാങ്ങിയ സ്ഥാപനമാണ് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാപനമായ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി.

‘റാഡിക്കല്‍ ഇസ്ലാം’ എന്ന ശക്തനും വഞ്ചകനുമായ ഒരു ശത്രുവിന്റെ ഉപരോധത്തിലാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും മൊത്തം ജൂത-ക്രിസ്ത്യന്‍ പടിഞ്ഞാറും എന്ന വിശ്വാസമാണ് ഇത്തരം ആളുകളെ ഒന്നിപ്പിക്കുന്നതും ബാനോണ്‍ പോലെയുള്ളവരെ പ്രത്യേകിച്ചു മുന്നോട്ട് നയിക്കുന്നതും. അതില്‍ തന്നെ കടുത്ത തീവ്രവാദികള്‍ക്ക് (അതായത് ഗാഫ്‌നെ) ജിഹാദി തീവ്രവാദവും മൊത്തം ഇസ്ലാം മതവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഈ കാഴ്ചപ്പാട് പ്രകാരം, ഒരു കടുത്ത ഇസ്ലാമിക് സ്റ്റേറ്റ് കൊലപാതകിയും താഴത്തെ വീട്ടിലൊ തൊട്ടടുത്തോ അല്ലെങ്കില്‍ തെരുവിന്‍െ അപ്പുറമോ താമസിക്കുന്ന ഒരു ദയാലുക്കളായ മുസ്ലീം കുടുംബവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

നമ്മളില്‍ പലരും നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ, ഉത്തേജിമായ ഹണ്ടിംഗ്‌ടോണിയന്മാരുടെ ‘സാംസ്‌കാരിക സംഘര്‍ഷ’ സിദ്ധാന്തത്തെ വരച്ചുകാണക്കുന്നതാണ് ഈ ലോകവീക്ഷണമെന്ന് മാത്രമല്ല, റഷ്യയിലെ ഏകാധിപതിയായ വ്‌ളാഡിമിര്‍ പുടിനെ പോലുള്ളവരെയും ഫ്രാന്‍സിലെ വലതുപക്ഷ വൈദേശിക വെറിയന്മാരായ മാരിന്‍ ലെ പെന്നിനെ പോലുള്ളവരെയും ബാനോണിനെ പോലുള്ളവര്‍ക്ക് ഇത്ര ഇഷ്ടമെന്താണെന്ന് വിശദീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മൊത്തം മുസ്ലീം ലോകം നമ്മളെയെല്ലാം ഭയപ്പെടുത്തുന്നുണ്ടെങ്കില്‍, വരാനിരിക്കുന്ന മുസ്ലീം കവര്‍ച്ചാസംഘത്തിനെതിരെ ‘പാശ്ചാത്യ’ നാഗരികതയെ സംരക്ഷിക്കുന്നതിനായി പോരാടുന്ന ഒരു ഗുണപരമായ സഖ്യമായി മറ്റു രീതികളില്‍ അസ്വീകാര്യരായ ഈ നേതാക്കളെ നമുക്ക് ന്യായീകരിക്കാമായിരുന്നു.

യുഎസ് വിദേശനയത്തിനുള്ള ഒരു വാര്‍പ്പുമാതൃക എന്ന നിലയിലുള്ള ഈ കാഴ്ചപ്പാടില്‍ ഒരു കാര്യത്തില്‍ മാത്രമേ പിശകുള്ളു: അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, യഥാര്‍ത്ഥ ശാക്തിക സന്തുലനത്തെ അത് അവഗണിക്കുകയും ഇസ്ലാമിനകത്ത് തന്നെയുള്ള അഗാധമായ വിഭാഗീയതയെ പരിഗണിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അപകടങ്ങളെ അതിശയോക്തിപരമായി കാണുകയും ദശാബ്ദങ്ങളായി ഇസ്ലാം വെറിയന്മാര്‍ വിസര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഏകീകരിച്ച കെട്ടുകഥകളെ ആശ്രയിക്കുകയും ചെയ്യുന്നു. യുഎസ് വിദേശ നയത്തിന്റെ അടിസ്ഥാന സംയോജകത്വമായി ഈ കാഴ്ചപ്പാട് മാറുന്നപക്ഷം, അത് വിനാശകരവും സംഭവ്യവും വിപരീതഫലമുളവാക്കുന്നതുമായ ഒരു കുരിശുയുദ്ധത്തിലേക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിനെയും അതിന്റെ സഖ്യകക്ഷികളെയും തള്ളിവിടും. അത്തരം ഒരു കുരിശുയുദ്ധം സ്വാഭാവികമായും നിലവിലുള്ള ഒരുപിടി യഥാര്‍ത്ഥ തീവ്രവാദികളുടെ കൈകളിലേക്ക് എത്തപ്പെടും. അത്തരത്തില്‍ ഒരു സംഘര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിലനില്‍ക്കുന്ന എക്‌സ്‌ക്യൂട്ടീവ് അധികാരങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുളള ഒരു ന്യായമായി തീരുകയും നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ കൂടുതല്‍ കാര്‍ന്നു തിന്നുകയും ചെയ്യും എന്ന് എടുത്തുപറയേണ്ട കാര്യമില്ല.

അതുകൊണ്ട്, ഒരു പൊതുസേവനമെന്ന നിലയില്‍, ‘ഇസ്ലാമിക ഭീഷണിയെ’ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെയും സ്റ്റീവ് ബാനോണിന്റെ കാഴ്ചപ്പാട് എന്തുകൊണ്ട് പരമാബദ്ധമാകുന്നു എന്നതിനുള്ള അഞ്ച് കാരണങ്ങള്‍ ഞാന്‍ വിശദീകരിക്കാം.

1. ശാക്തിക സന്തുലനം അതിശക്തമായ രീതിയില്‍ നമുക്ക് അനുകൂലമാണ്. ഈ സമ്പദ്ഘടനകളെയെല്ലാം കൂടി ഒന്നിച്ചെടുത്താല്‍, അവരുടെ സംയോജിത മൊത്തം ആഭ്യന്തര ഉദ്പാദനം അഞ്ച് ട്രില്യണ്‍ ഡോളറില്‍ അല്‍പം കൂടുതല്‍ വരും. ഇതൊരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് സ്വന്തമായി 17 ട്രില്യണ്‍ ഡോളര്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം ഉണ്ടെന്നും ഏകദേശം അത്രയും യൂറോപ്യന്‍ യൂണിയനുമുണ്ടെന്ന് ഓര്‍ക്കുക. ചുരുക്കത്തില്‍, വെറും സാമ്പത്തിക ശക്തിയുടെ കാര്യമെടുത്താല്‍ പോലും ഈ മുസ്ലീം രാജ്യങ്ങളുടെ ഈ ഭാവനാസഖ്യത്തെ തുടക്കത്തില്‍ തന്നെ ‘പാശ്ചാത്യര്‍’ താരതമ്യത്തിന് അപ്പുറത്തേക്ക് തള്ളുന്നു.

സൈനിക ശേഷിയുടെ കാര്യം വരുമ്പോള്‍ ഈ അസന്തുലനം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഈ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ ഭാവനാസഖ്യം പ്രതിരോധത്തിനായി കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 270 ബില്യണ്‍ ഡോളറാണ്. ഇതില്‍ യുഎസിന്റെ സഖ്യകക്ഷികളായ സൗദി അറേബ്യയെയും (87 ബില്യണ്‍ ഡോളര്‍), യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയും (22 ബില്യണ്‍ ഡോളര്‍) മാറ്റി നിറുത്തിയാല്‍ ഇത് 200 ബില്യണ്‍ ഡോളറില്‍ താഴെയായി മാറും. മറിച്ച്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മാത്രം ഏകദേശം 600 ബില്യണ്‍ ഡോളര്‍-അതായത് ഇരട്ടിയില്‍ അധികം- ചിലവിടുന്നു എന്ന് മാത്രമല്ല ഇതില്‍ അതിന്റെ സഖ്യകക്ഷികളായ യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, ഇസ്രായേല്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ കണക്കുകള്‍ ഉള്‍പ്പെടുന്നുമില്ല.

എന്നാല്‍, പ്രതിരോധ ചിലവുകളെ കുറിച്ചുള്ള ഈ കണക്കുകള്‍ പടിഞ്ഞാറിന്റെ യഥാര്‍ത്ഥത്തിലുള്ള മേല്‍കൈയെ കുറച്ചുകാണിക്കുകയാണ്. ആധുനിക യുദ്ധവിമാനങ്ങളോ (യുഎസ് രൂപകല്‍പന ചെയ്ത എഫ്-16 വിമാനങ്ങള്‍ ലൈസന്‍സ് പ്രകാരം തുര്‍ക്കി നിര്‍മ്മിക്കുന്നുണ്ടെങ്കിലും) ആധുനിക യുദ്ധ ടാങ്കുകളോ (ആധുകവല്‍ക്കരിച്ച ചൈനീസ് ടാങ്കുകള്‍ പാകിസ്ഥാന്‍ നിര്‍മ്മിക്കുകയും സ്വന്തമായി ഒരെണ്ണം വികസിപ്പിക്കാന്‍ തുര്‍ക്കി ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും) ഈ മുസ്ലീം രാജ്യങ്ങളൊന്നും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നില്ല. ആണവ അന്തര്‍വാഹിനികളോ ദീര്‍ഘദൂര ബോംബറുകളോ വിമാനവാഹിനികളോ എന്തിന് ഒരു യുദ്ധക്കപ്പലിനെക്കാള്‍ വലിയ പ്രധാന ഉപരിതല യുദ്ധവാഹിനികളോ (ഇറാന്‍ ഒരു വലിയ നശീകരണി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും) നാവിക രംഗത്ത് ഈ മുസ്ലീം രാജ്യങ്ങള്‍ക്കൊന്നുമില്ല. ഈ രാജ്യങ്ങളുടെ എല്ലാം ശക്തി ആസുത്രണശേഷികള്‍ തീര്‍ച്ചയായും വളരെ പരിമിതമാണ്. ഒരു പരിധിവരെ ഈ രാജ്യങ്ങള്‍ക്ക് ആധുനിക സൈനീക ശക്തി ലഭിക്കുന്നത്, തങ്ങളുടെ തന്നെ തന്ത്രപരമായ താല്‍പര്യങ്ങള്‍ മൂലം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഫ്രാന്‍സും യുകെയും ചൈനയും മറ്റുള്ളവരും ആധുനിക ആയുധങ്ങള്‍ വില്‍ക്കാനോ അല്ലെങ്കില്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് നല്‍കാനോ തയ്യാറാകുന്നത് മൂലമാണ്. എന്നിട്ടും സമീപകാലത്ത് യമനില്‍ ഇടപെട്ട സൗദി അറേബ്യയുടെ മോശം പ്രകടനം വ്യക്തമാക്കുന്നത് ഹൃസ്വദൂരത്തില്‍ പോലും അവരുടെ സൈനീക ശേഷി വളരെ സാധാരണമാണെന്ന് തന്നെയാണ്.

ഇത്തരത്തില്‍, മുസ്ലീം ലോകം ഒരു സംയുക്ത പ്രസ്ഥാനമാണെന്ന പൂര്‍ണമായും അയഥാര്‍ത്ഥമായ അനുമാനത്തെ മുഖവിലയ്‌ക്കെടുത്താല്‍ പോലും അത് വളരെ വളരെ ദുര്‍ബലമാണ്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ വിദേശശക്തികള്‍ ആവര്‍ത്തിച്ച് ഇടപെടുകയും 1529ല്‍ വിയന്ന ഉപരോധത്തിന് ശേഷം ഒരിക്കല്‍ പോലും മറിച്ച് സംഭവിക്കുകയും ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുമായിരിക്കും. ഒരിക്കല്‍ പോലും. 1798ല്‍ ഈജിപ്തല്ലായിരുന്നു ഫ്രാന്‍സിനെ ആക്രമിച്ചത്; 2003ല്‍ ലോകമ്പൊടും കീഴടക്കുന്നതിനും വാഷിംഗ്ടണ്‍ കീടക്കുന്നതിനും ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുമായി ഫോട്ടോമാക് പുഴവരെയും ഒരു സൈനീക ശക്തിയെ സദ്ദാം ഹുസൈന്‍ അയച്ചില്ല; 2011 നിക്കൊളാസ് സര്‍ക്കോസിയെ പുറത്താക്കുന്നതിനായി പാരീസില്‍ ബോംബാക്രമണം നടത്താന്‍ തന്റെ വായുസേനയ്ക്ക് മുഅമര്‍ അല്‍-ഗദ്ദാഫി ഉത്തരവ് നല്‍കിയില്ല. പാശ്ചാത്യ ശക്തികളുടെയും മുസ്ലീം ലോകത്തിന്റെയും ആപേക്ഷിക ശക്തികളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ തീര്‍ച്ചയായും ഈ ഏകപക്ഷീയ ചരിത്രം നിങ്ങളോട് പറയും.

2. യഥാര്‍ത്ഥത്തില്‍ ഇസ്ലാം അഗാധമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ബൃഹത്തായ ഏകീകൃത സഖ്യത്തിന്റെ ഭാഗമായുള്ള ഒരു ശത്രുവിന്റെ ചിത്രം ബാനോണെയും കമ്പനിയെയും പോലുള്ള ഭീഷണിവാദികള്‍ അനന്തകാലം മുതല്‍ വരച്ചു കാണിക്കുന്നുണ്ട്. ‘കമ്മ്യൂണിസ്റ്റ് ഏകശില’ അല്ലെങ്കില്‍ ‘വിപത്തിന്റെ അച്ചുതണ്ട്’ ഓര്‍ക്കുന്നുണ്ടോ? ഇന്ന്, നമ്മെ മുട്ടിലിഴയിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ദൃഢമായി സമന്വയിക്കപ്പെട്ടതും കേന്ദ്രീകൃത നിര്‍ദ്ദേശത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനമായി നമ്മുടെ ശത്രുക്കള്‍ രൂപം പ്രാപിച്ചിരിക്കുന്നു എന്ന് വരച്ചുകാട്ടുന്നതിനായി ഭീതിവില്‍പ്പനക്കാര്‍ ‘ഇസ്ലാമിക ഫാസിസം’ അല്ലെങ്കില്‍ ‘തീവ്ര ഇസ്ലാം’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നു.

പക്ഷെ യഥാര്‍ത്ഥത്തില്‍, സമീപകാല ഓര്‍മ്മയിലുള്ള ഏത് കാലത്തെക്കാള്‍ കൂടുതലായി ഇന്ന് ഇസ്ലാമിക ലോകം വിഭജിക്കപ്പെട്ടിരുന്നു. തീര്‍ച്ചയായും അത് വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല അവയില്‍ മിക്ക രാജ്യങ്ങളും (ഉദാഹരണം ഇറാനും സൗദി അറേബ്യയും അല്ലെങ്കില്‍ തുര്‍ക്കിയും സിറിയയും) പരസ്പരം ഒത്തുപോകുന്നവരുമല്ല. ഇന്തോനേഷ്യയും യെമനോ മൊറോക്കോയോ സൗദി അറേബ്യയോ പോലുള്ള രാജ്യങ്ങളും തമ്മില്‍ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായി വലിയ അന്തരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. സുന്നികളും ഷിയകളും തമ്മില്‍ കാതലായ ഭിന്നതകള്‍ നിലനില്‍ക്കുന്നു. വിവിധ ഇസ്ലാമിക താവഴി തമ്മിലുള്ള ചെറിയ ചെറിയ ഭിന്നതകളെ കുറിച്ച് വിശദീകരിക്കേണ്ടത് തന്നെയില്ല. ആഗോളതലത്തിലും നിര്‍ദ്ദിഷ്ട രാജ്യങ്ങളിലും ജിഹാദി പ്രസ്ഥാനങ്ങളുടെ ഉള്ളില്‍ നിലനില്‍ക്കുന്ന ശത്രുതകള്‍ നമുക്ക് മറക്കാന്‍ സാധിക്കില്ല. ഇസ്ലാമിക് സ്റ്റേറ്റിനെ വെറുക്കുന്ന തീവ്ര ഗ്രൂപ്പുകളെയും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തതിനാല്‍ മറ്റെല്ലാ ജിഹാദികളെയും ദൈവനിഷേധികളായി കാണുന്ന ഇസ്ലാമിക് സ്‌റ്റേറ്റിനെയും മാത്രം നോക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും.

തീവ്രവാദികള്‍ ഒരു ഭീഷണിയും ഉയര്‍ത്തുന്നതേയില്ല എന്നല്ല ഈ വിഭജനങ്ങളുടെ അര്‍ത്ഥം. പക്ഷെ, നമ്മെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്ന ഉയര്‍ന്നുവരുന്ന ഇസ്ലാമിക പ്രവാഹം എന്ന ബാനോണിന്റെ പ്രേതം ശുദ്ധ ഭാവനയാണ്. എല്ലാ മുസ്ലീങ്ങളെയും ഭീഷണിയായി കാണുന്നതിന് പകരം- ഫലത്തില്‍ ഇത് നമുക്കെതിരെ അവരെ ഒന്നിപ്പിച്ചേക്കും- ‘വിഭജിച്ച് കീഴടക്കുക’ എന്നതാണ് കൂടുതല്‍ സമര്‍ത്ഥമായ നീക്കം. പക്ഷെ അതിന്, വിദ്വേഷപൂര്‍ണമായ ഒരു ‘സംസ്‌കാരമോ’ ഒരു സമ്പൂര്‍ണ മതമോ അല്ല നമ്മള്‍ നേരിടുന്ന ഭീഷണിയെന്നും മറിച്ച്, വലിയ സാംസ്‌കാരിക വിഭാഗം പ്രതിനിധാനം ചെയ്യാത്തതും അവരില്‍ ഭൂരിപക്ഷവും എതിര്‍ക്കുകയും ചെയ്യുന്ന ഒരു ചെറുവിഭാഗം തീവ്രവാദികളാണ് നമ്മുടെ യഥാര്‍ത്ഥ ശത്രുക്കളെന്ന് തിരിച്ചറിയുക എന്നും കൂടി അതിന് അര്‍ത്ഥമുണ്ട്. അവരെ കീഴടക്കുന്നതിന് ബാക്കിയുള്ള മുസ്ലീം ലോകത്തെ നമ്മോടൊപ്പം നിറുത്തേണ്ടതുണ്ട്.

3. യഥാര്‍ത്ഥത്തില്‍ ഭീകരവാദം അത്ര വലിയ ഭീഷണിയൊന്നുമല്ല. നിരവധി മോശം കാര്യങ്ങള്‍ സംഭവിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നിങ്ങള്‍ക്ക് ഒരു വാഹനാപകടം സംഭവിക്കാം. നിങ്ങള്‍ക്ക് കാന്‍സര്‍ വരാം. ഒരു വൈദ്യുതോപകരണം കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാം. നിങ്ങള്‍ക്ക് ഒരു ഏണിയില്‍ നിന്നും വീഴുകയോ കുളിമുറിയില്‍ കാലുതെറ്റുകയോ അല്ലെങ്കില്‍ ഒരു തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് എത്തുകയും വഴിതെറ്റിവന്ന ഒരു വെടിയുണ്ടയേറ്റ് മരിച്ചുപോവുകയോ ഒക്കെ സംഭവിക്കാം. അല്ലെങ്കില്‍ ഒരുപക്ഷെ, ഒരുപക്ഷെ മാത്രം ഒരു തീവ്ര ഇസ്ലാമിക തീവ്രവാദി നിങ്ങളെ അപകടപ്പെടുത്തിയേക്കാം.

നിങ്ങള്‍ ട്രംപിനെയോ സിഎന്‍എന്നെയോ ഫോക്‌സ് ന്യൂസിനെയോ അല്ലെങ്കില്‍ നമ്മുടെ ഭൂരിപക്ഷം രാഷ്ട്രീയക്കാരെയോ കേള്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവില്ല ആ അവസാനത്തെ അപകടം വളരെ നിസാരമാണെന്ന്. ഇല്ലെന്നല്ല മറിച്ച് വളരെ വളരെ ചെറുതാണെന്ന്. 9/11ന് ശേഷം ഭീകരവാദം ഒരു ബാധയായി അമേരിക്കയെ പിടികൂടിയിരിക്കുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ അത് സൃഷ്ടിക്കുന്ന അപകടത്തിന്റെ സ്ഥാനം, നമുക്ക് മുന്നില്‍ പ്രത്യേക്ഷപ്പെടാവുന്ന ഹാനികരമായ കാര്യങ്ങളുടെ പട്ടികയില്‍ ഏറ്റവും, ഏറ്റവും, ഏറ്റവും ഒടുവിലാണ്.

ഉദാഹരണത്തിന്, 9/11 (ആ ആക്രമണം ഉള്‍പ്പെടെ) സംഭവത്തിന് ശേഷമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, ഒരു ഭീകരവാദിയാല്‍ ഒരു അമേരിക്കക്കാരന്‍ മരിക്കാനുള്ള സാധ്യത പ്രതിവര്‍ഷം മുന്ന് ദശലക്ഷം പേരില്‍ ഒരാള്‍ മാത്രമാണ്. ആജീവനാന്ത അപകടസാധ്യതയാവട്ടെ 45,000ത്തില്‍ ഒന്നും. വളരെ നിസാരമായ അനുപാതമാണത്: ഇടിമിന്നലേറ്റോ കിടക്കയില്‍ നിന്നും വീണോ ഒരു ഉഷ്ണതാപത്തിലോ അല്ലെങ്കില്‍ അബദ്ധത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയിട്ടോ നിങ്ങള്‍ മരിക്കാനുള്ള സാധ്യതകളാണ് കൂടുതല്‍. എന്നാല്‍ ട്രംപോ ബാനോണോ ഫ്‌ളിന്നോ ഗോര്‍കയോ ഗഫാനിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നല്ലരീതിയില്‍ കാശ് നല്‍കപ്പെട്ട ‘ഭീകരത വിദഗ്ധരോ’ ഈ വസ്തുതയ്ക്ക് ഊന്നല്‍ കൊടുക്കും എന്ന് പ്രതീക്ഷിക്കരുത്. കാരണം, നിങ്ങളെ വളരെ, വളരെ ഭീതിയില്‍ നിറുത്തുന്നതിനെ ആശ്രയിച്ചാണ് കുടുതല്‍, കൂടുതല്‍ അധികാരം വെട്ടിപ്പിടിക്കാനുള്ള അവരുടെ ശേഷിയും ജീവതമാര്‍ഗ്ഗം തന്നെയും നിലനില്‍ക്കുന്നത്. എപ്പോഴെങ്കിലും ഭീകരാക്രമണം സംഭവിക്കുമ്പോള്‍ അതില്‍ അമിതാവേശം കൊള്ളുന്നതിലൂടെ മാത്രമേ നിങ്ങളുടെ കണ്ണുകളെ സ്‌ക്രീനിലേക്ക് തുറിപ്പിക്കാന്‍ സാധിക്കൂ എന്നതിനാല്‍ മാധ്യമങ്ങളും ഈ അപകടത്തെ അപ്രധാനമായി സമീപിക്കും എന്ന് കരുതരുത്. (മറ്റ് കാര്യങ്ങളോടൊപ്പം, ഭീകരവാദം വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന ട്രംപിന്റെ സമീപകാല പ്രസ്താവന വളരെ പരിഹാസ്യമാകുന്നത് അതുകൊണ്ടാണ്).

യഥാര്‍ത്ഥത്തില്‍ ഭീകരവാദം ഒരു തരത്തില്‍ തികഞ്ഞ പ്രേതഭാവനയായി മാറുന്നത് അതുകൊണ്ടാണ്. ഭീഷണിയെ കുറിച്ച് അമിതാവേശം കൊള്ളാനും തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു നിയന്ത്രണവുമില്ലാത്ത അപകടങ്ങളെ കുറിച്ച് ആശങ്കപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും എളുപ്പമാണ്. ജനങ്ങളില്‍ ഭീതി നിറയുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ തങ്ങള്‍ക്ക് തോന്നിയത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അധാര്‍മ്മികരായ രാഷ്ട്രീയക്കാര്‍ വളരെക്കാലം മുമ്പെ പഠിച്ചുവെച്ചിട്ടുണ്ട്. തങ്ങളുടെ പൊതുജന പിന്തുണ നിലനിറുത്തുന്നതിനുള്ള (പ്രസിഡന്റെ അധികാരങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും) ഏറ്റവും നല്ല വഴി ഈ തന്ത്രമാണെന്ന് ട്രംപും ബാനോണും മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ജനങ്ങള്‍ പേടിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗൗരവതരവും വിവേകപൂര്‍ണവും തന്ത്രപരവും ആലോചനാനിര്‍ഭരവുമായ നടപടികളൊന്നും ആവശ്യമില്ലാത്ത ഒരു അസ്തിത്വപരവുമായ ഭീഷണിയുമായതിനാല്‍ ഭീകരവാദം എന്ന ഭൂതം ഈ തന്ത്രം നടപ്പാക്കുന്നതിന് ഏറ്റവും ഉചിതമായിത്തീരുന്നു. ഏകാധിപതികളാവാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ‘ഭീകരവാദം’ എന്നത് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്മാനമായി മാറുന്നു.

എന്നെ തെറ്റായി മനസിലാക്കരുത്: അപകടത്തിനുള്ള സാധ്യത പൂജ്യമാണെന്നോ അതിനാല്‍ പര്യാപ്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കരുതെന്നോ അല്ല ഞാന്‍ പറയുന്നത്. നാസി ജര്‍മ്മനിയോ സോവിയറ്റ് യൂണിയനോ അല്ലെങ്കില്‍ യുണൈറ്റ് സ്‌റ്റേറ്റ്‌സ് മുമ്പ് നേരിട്ടിട്ടുള്ള മറ്റേതെങ്കിലും ഗൗരവതരമായ പ്രതിയോഗികള്‍ക്കോ തുല്യമാണ് ചിന്നഭിന്നമായ അല്‍ ക്വയ്ദ അല്ലെങ്കില്‍ ഇസ്ലാമിക സ്‌റ്റേറ്റ് ഉയര്‍ത്തുന്ന വെല്ലുവിളി എന്ന് വിശ്വസിക്കുന്നത് ബാലിശമാണ്. സത്യത്തില്‍, ദുര്‍ബലമായ എതിരാളികള്‍ക്ക് അവരെ എളുപ്പത്തില്‍ പരിഭ്രാന്തരാക്കാന്‍ സാധിക്കുമെങ്കില്‍ ഇന്നത്തെ പല നേതാക്കളുടെയും ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും വിലയിരുത്തല്‍ ശേഷിയെയും ചോദ്യം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനാവും. ഈ ഭീരുക്കള്‍ക്ക് ശക്തരായ എതിരാളികളെ നേരിടേണ്ടി വരില്ല എന്ന് നമുക്ക് ആശിക്കാം.

4. ‘നുഴഞ്ഞുകയറുന്ന ശരീയത്ത്’ ഒരു കെട്ടുകഥയാണ്. കടുത്ത ഇസ്ലാംവെറിയന്മാര്‍ ഉത്തരം മുട്ടുമ്പോള്‍ പറയുന്ന ഒരു വാദമുണ്ട്: ഒരു യഥാര്‍ത്ഥ സൈനിക ആക്രമണമോ അല്ലെങ്കില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള ഒരു മുസ്ലീം അധിനിവേശമോ അല്ല യഥാര്‍ത്ഥ ഭീഷണി. മറിച്ച്, ഇടകലരാന്‍ മടിക്കുന്നവരും പതുക്കെ അവരുടെ ഭീതിജനകവും വൈദേശികവുമായ മൂല്യങ്ങളെ നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുമായ ‘വിദേശികള്‍’ നമ്മുടെ സമൂഹത്തിലേക്ക് പതുക്കെ നുഴഞ്ഞുകയറുന്നതാണ് യഥാര്‍ത്ഥ ഭീഷണി. ‘ശരീയത്ത് കോടതികളെ’ കുറിച്ചും പൈശാചികരായ മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ മതപ്രചോദിതമായ സിദ്ധാന്തങ്ങളുപയോഗിച്ച് നമ്മുടെ പ്രാക്തന ഭരണഘടനയെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ കുറിച്ചുമുള്ള ഊതിപ്പെരുപ്പിച്ച കഥകളുടെ അടിസ്ഥാനത്തിള്ള വലതുപക്ഷ കെട്ടുകഥയായി വേണം ഈ വാദത്തെ കാണാന്‍. നമ്മള്‍ സന്ധിയില്ലാത്ത വിധത്തില്‍ ജാഗരൂകരായില്ലെങ്കില്‍, ഒരു ദിവസം നമ്മുടെ പുത്രിമാര്‍ ഹിജാബ് ധരിക്കേണ്ടി വരുമെന്നും നമ്മള്‍ മെക്കയില്‍ പ്രാര്‍ത്ഥിക്കേണ്ടി വരുമെന്നും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍, ഫ്‌ളൂറൈഡേഷനേയും നമ്മുടെ ‘അമൂല്യമായ ആന്തരിക ദ്രാവകങ്ങള്‍’ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമുള്ള ഡോ. സ്ട്രാഗെലോവിന്റെയും പ്രത്യേകിച്ചു ബ്രിഗേഡിയര്‍ ജനറല്‍ ജാക് ഡി റിപ്പേഴ്‌സിന്റെയും വായാടിത്തത്തില്‍ നിന്നും പുറത്തുവന്നതിന് സമാനമാണ് ഈ ആകാംഷ. ആവര്‍ത്തിച്ചു പറഞ്ഞാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ‘ശരീയത്ത് നുഴഞ്ഞുകയറുന്നതിന്’ ഒരു തെളിവുമില്ലെന്ന് മാത്രമല്ല ഭാവിയില്‍ അങ്ങനെ സംഭവിക്കാനുള്ള അപകട സാധ്യതയുമില്ല. പള്ളിയും സര്‍ക്കാരും തമ്മില്‍ ഒരു ഔപചാരിക അന്തരം മാത്രമേ നമുക്കുള്ളു (ഇതുവരെയെങ്കിലും!) എന്ന് മാത്രമല്ല യുണൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള മുസ്ലീങ്ങളുടെ എണ്ണം ചെറുതമാണ്. 2016ലെ പെവ് റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെ പ്രകാരം, 3.3 ദശലക്ഷം മുസ്ലീങ്ങള്‍ മാത്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജീവിക്കുന്നത്. അതായത് ജനസംഖ്യയുടെ വെറും ഒരു ശതമാനം. 2050 ആവുമ്പോഴേക്കും, ‘വിസ്തൃവും ബൃഹത്തും അപകടകരവും വിപുലവുമായ’ രണ്ട് ശതമാനമായി വളര്‍ന്ന് ഇന്നത്തേതിന്റെ ഇരട്ടിയായേക്കാം. ഒരു ചെറിയ ന്യൂനപക്ഷമായി അവര്‍ നിലനില്‍ക്കുന്നത് അതിമോഹികളായ അധികാരക്കൊതിയന്മാരുടെ ഉത്തമ ഇരകളാക്കി അവരെ മാറ്റിയേക്കാമെങ്കിലും നമ്മുടെ ജീവിതരീതിക്ക് അവര്‍ ഒരു ഭീഷണിയാവുകയേ ഇല്ല.

5. ‘സംസ്‌കാരങ്ങളുടെ സംഘര്‍ഷം’ എന്നത് ഒരു സ്വയംസഫലീകൃത പ്രവചനമാണ്. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രം ഉപരിക്കുന്ന വിധത്തില്‍ പെരുമാറാന്‍ നമ്മളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ലോകവീക്ഷണം എന്നതിനാലാണ് വിസ്തൃതവും വളര്‍ന്നുവരുന്നതുമായ മുസ്ലീം ഭീഷണിയെ കുറിച്ചുള്ള ബാനോണിന്റെയും സംഘത്തിന്റെയും വര്‍ണനയെ എതിര്‍ക്കേണ്ടി വരുന്നതിന്റെ അവസാന കാരണം. ‘ലോകം തന്റെ ശത്രുവാണെന്നുള്ള തന്റെ സിദ്ധാന്തം ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരോ മനുഷ്യനും നിഷേധിക്കാനാവാത്ത അവകാശമുണ്ട്; അദ്ദേഹം ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ അടിസ്ഥാനമായി അത് മാറുകയും ചെയ്യുകയാണെങ്കില്‍, അദ്ദേഹം ശരിയാണെന്ന് ആത്യന്തികമായി ഉറപ്പിക്കപ്പെടുന്നു,’ എന്ന് 1947ല്‍ ജോര്‍ജ്ജ് കെന്നന്‍ വിവേകപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. ഒരു മതത്തിനെ മുഴുവന്‍ ഭൂതാവിഷ്ടരായി ചിത്രീകരിക്കാന്‍ യുഎസ് നേതൃത്വം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍, മുസ്ലീം അഭയാര്‍ത്ഥികള്‍ക്കെതിരെ ആലോചനാരഹിതമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍, ഇതിനെല്ലാം ഉപരിയായി, അറബ്, ഇസ്ലാമിക ലോകങ്ങളിലുടനീളം സൈനീകമായി ഇടപെടുന്നത് തുടരുകയാണെങ്കില്‍, തങ്ങളുടെ മതത്തിനെതിരെ പാശ്ചാത്യര്‍ ‘യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്’ എന്ന ഒസാബ ബിന്‍ ലാദന്റെയും ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദിയുടെയും അവകാശവാദങ്ങള്‍ ശരിയായിരുന്നു എന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്.

യുഎസ് നയങ്ങളോടുള്ള തടുക്കാനാവാത്ത പ്രതികരണം മൂലമാണ് അല്ലാതെ, ‘നമ്മുടെ സ്വാതന്ത്ര്യത്തോടുള്ള’ വിദ്വേഷം കൊണ്ടല്ല മുസ്ലീം ലോകത്ത് അമേരിക്കന്‍ വിരുദ്ധത വര്‍ദ്ധിക്കുന്നത് എന്നതിനുള്ള തെളിവുകളുടെ കൂമ്പാരം നിലനില്‍ക്കുമ്പോഴും, 1950കള്‍ മുതലും പിന്നീട് അല്‍ക്വയ്ദ രൂപികരിക്കപ്പെട്ടതിന് ശേഷവും തീവ്രവാദികളെ പ്രകോപിപ്പിച്ച അതേ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് ബാനോണിനെയും ഗാഫ്‌നെയെയും ആ ഇനത്തില്‍ പെട്ടവരെയും പോലുള്ള ആളുകള്‍ നമ്മോട് ആവശ്യപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍, ഈ രാജ്യങ്ങളിലൊക്കെ നമ്മുടെ വന്‍ശക്തിയുപയോഗിച്ച് നമ്മള്‍ ഇടപെട്ടപ്പോഴൊക്കെ അവരുടെ പ്രതികരണം മിതവും കൈകാര്യം ചെയ്യാവുന്നതുമായിരുന്നു എന്നത് അത്ഭുതകരമാണ്.

യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെതിരെ ഒരു ശക്തമായ വിദേശരാജ്യം തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയോ അല്ലെങ്കില്‍ ആക്രമിച്ച് നമ്മുടെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷമുള്ള കുഴപ്പങ്ങള്‍ക്കിടയില്‍ രാജ്യം വിട്ടുപോവുകയോ ചെയ്താല്‍ എങ്ങനെയായിരിക്കും അമേരിക്കക്കാര്‍ പ്രതികരിക്കുക എന്നൊന്ന് സ്വയം ചോദിച്ചു നോക്കുക. അവര്‍ക്ക് തിരിച്ചടി നല്‍കാന്‍ ദേശസ്‌നേഹികളായ കുറച്ച് അമേരിക്കക്കാരെങ്കിലും തയ്യാറാകില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഭീകരവാദത്തെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. മറിച്ച്, അത് ശൂന്യതയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതല്ലെന്നും മുസ്ലീം ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണം മാത്രമല്ലെന്നും നമ്മെ ഓര്‍മ്മപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷെ അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍, ബാനോണിന്റെ തന്ത്രങ്ങളെ എല്ലാ അര്‍ത്ഥത്തിലും ആശ്ലേഷിക്കുക.

പ്രധാന ഭീഷണികളും അവസരങ്ങളും എന്താണ് എന്ന് കണ്ടെത്തുകയും ആദ്യത്തേതിനെ നിഷ്പ്രഭമാക്കാനും രണ്ടാമത്തെതിനെ ചൂഷണം ചെയ്യാനുമുള്ള നയങ്ങള്‍ രൂപീകരിക്കുകയുമാണ് ഏതൊരു തന്ത്രജ്ഞന്റെ സുപ്രധാന ദൗത്യം. ഇസ്ലാമിനെ മുഴുവന്‍ ശത്രുക്കളാക്കുകയും വിശാലമായ ഒരു ‘സാംസ്‌കാരിക സംഘര്‍ഷത്തിന്റെ’ കുഴലിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുകയും ചെയ്യുമ്പോള്‍ മുകളില്‍ വിവരിച്ച രണ്ട് മാനദണ്ഡങ്ങളും പരാജയപ്പെടുന്നു. ഇത് പിന്തുടരുകയാണെങ്കില്‍ യുഎസിന് നിര്‍ണായക താല്‍പര്യമില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘ സംഘര്‍ഷങ്ങളുടെ ചതുപ്പിലേക്ക് അത് വീണ്ടും വലിച്ചു താഴ്ത്തുകയും മറ്റ് വിദേശനയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയും രാജ്യത്തിനകത്ത് ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമായി വരുന്ന ശക്തിയും സമ്പത്തും ഊറ്റിയെടുക്കുകയും ചെയ്യും. യുഎസ് ആ ചൂണ്ടയില്‍ കൊത്തുമെന്നും അത് തന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്ന നിരവധി അമേരിക്കന്‍ വിരുദ്ധര്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമില്ല: അവരോട് യോജിക്കുന്ന ആളുകള്‍ ഇപ്പോള്‍ വൈറ്റ് ഹൗസില്‍ ഉണ്ടെന്നുള്ളതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍