TopTop
Begin typing your search above and press return to search.

ട്രംപിന്റെ ഉദ്ഘാടന വാചകക്കസര്‍ത്തും മമതയുടെ 'തന്തപ്പെരുച്ചാഴി'കളും- ഹരീഷ് ഖരെ എഴുതുന്നു

ട്രംപിന്റെ ഉദ്ഘാടന വാചകക്കസര്‍ത്തും മമതയുടെ
പുരാതന റോം മുതല്‍ ആധുനിക കാലത്തിലെത്തുമ്പോഴും വാചകക്കസര്‍ത്ത് നേതൃത്വത്തിന്റെ ഒരു നിര്‍ണായകഘടകമായി തുടരുന്നു. അനുയായികളെ ഉത്തേജിപ്പിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാന്‍ കഴിവില്ലാത്ത ഒരു രാഷ്ട്രീയക്കാരനും മികച്ച ഒരു നേതാവാകാന്‍ കഴിയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏതാണ്ട് പരാജയത്തിന്റെ വക്കിലെത്തിയ രാജ്യത്തെ, വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വാഗ്ധോരണി, ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് അഡോള്‍ഫ് ഹിറ്റ്ലരെയും അയാളുടെ സൈന്യത്തെയും ചെറുക്കാന്‍ പ്രാപ്തമാക്കി. ലോകമഹായുദ്ധാനന്തരം അമേരിക്കന്‍ പ്രസിഡന്റുമാരുടെ കഴിവളക്കാനുള്ള ഒരു പ്രധാന അളവുകോല്‍ ഇത്തരം വാചകക്കസര്‍ത്തിനുള്ള ശേഷിയായിരുന്നു. സ്ഥാനാരോഹണ ചടങ്ങുകള്‍ അതിന്റെ തുടക്കം കുറിക്കുന്നു.

പ്രസിഡന്‍റ് പ്രസംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. ജോണ്‍ എഫ് കെന്നഡിയില്‍ നിന്നാണ് ഞാനത് തുടങ്ങിയത്. എന്റെ കോളേജ് പഠനകാലത്ത് കെന്നഡിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നുള്ള ഓരോ വരിയും എനിക്കു മന:പാഠമായിരുന്നു. പിന്നീട് രാഷ്ട്രതന്ത്രജ്ഞതയുടെ കൂടുതല്‍ ആഴങ്ങളെ മനസിലാക്കിയപ്പോള്‍ ആ കെന്നഡി പ്രസംഗം പ്രശ്നങ്ങളെ മനസിലാക്കുന്നതിനുള്ള ഒരു മാതൃക രേഖയായി.

അന്നത്തെ കെന്നഡി പ്രസംഗം - ജനുവരി 20, 1961- ഒരു ടെലിസ്കോപിക് തോക്കിലൂടെ ലീ ഹാര്‍വീ ഓസ്വാള്‍ഡ് പ്രസിഡന്‍റിന്റെ ജീവനെടുത്തതോടെ ആ മനുഷ്യനും അയാളുടെ ഓര്‍മ്മകള്‍ക്കും ചുറ്റും ചൂഴ്ന്നുനിന്ന നിഗൂഢതയുടെ ഒരു ഭാഗമായി. ഒപ്പംതന്നെ കെന്നഡിയുടെ ഉദ്ഘാടന പ്രസംഗം പിന്‍ഗാമികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്തി, കെന്നഡിയുടെ പിന്‍ഗാമികളില്‍ റൊണാള്‍ഡ് റീഗനും ബരാക് ഒബാമയുമാണ് അതിനടുത്തെത്തിയത്.

ഡൊണാള്‍ഡ് ട്രംപ്, കെന്നഡി നിലവാരത്തില്‍ നിന്നും കാതങ്ങള്‍ അകലെയാണ്. ഒബാമയെപ്പോലെ, ട്രംപ് ഒരു പ്രഭാഷകനാണെന്നൊന്നും ആരും പറഞ്ഞിട്ടില്ല. പക്ഷേ വെള്ളിയാഴ്ച്ചത്തെ തീര്‍ത്തുംപ്രചോദനരഹിതമായ ഉദ്ഘാടന പ്രസംഗം ലോകത്തെ ഏറ്റവും ശക്തമായ ഒരു പദവിയിലേക്ക് ഇയാളെ തെരഞ്ഞെടുക്കാന്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ചതെന്താണെന്നതിലും അവരുടെ കൂട്ടായ വിവേചനബുദ്ധിയിലും അത്ഭുതവും സംശയങ്ങളും ഉണ്ടാക്കും.

ട്രംപിന്റെയും എട്ട് വര്‍ഷം മുമ്പ് നടന്ന ഒബാമയുടെയും ഉദ്ഘാടന ചടങ്ങുകള്‍ തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്. പരിചയ സമ്പന്നനായ, സൂക്ഷ്മതയുള്ള, രുചി നാവില്‍ തങ്ങി നില്‍ക്കുന്നപോലെ ഒരനുഭവമായിരുന്നു ഒബാമ; ട്രംപാകട്ടെ പ്രത്യേക രുചിയില്ലാത്ത, ഒരു ആസ്വാദ്യതയും ഉണ്ടാക്കാത്ത സാധാരണ ചപ്പാത്തി പോലൊന്ന്. ഒബാമയ്ക്ക് പ്രസംഗം സ്വാഭാവിക പ്രവാഹമായിരുന്നു. ട്രംപിന് ഒരുതരം തിരിഞ്ഞുകളിയാണ്.

വാസ്തവം പറഞ്ഞാല്‍ കുറേയേറെ പ്രകോപനപരമായ തെരഞ്ഞെടുപ്പുകാല ട്വീറ്റ് സന്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തപോലെയായിരുന്നു ട്രംപിന്റെ മുഴുവന്‍ ഉദ്ഘാടന പ്രസംഗവും. സാഹിത്യാലങ്കാരങ്ങളില്ല, ചരിത്രസൂചനകളില്ല, തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചകളില്ല, ഒരു വീക്ഷണത്തിന്റെ സൂചനയുമില്ല. അമേരിക്കക്കാരന്റെ സങ്കുചിതമായ ചോദനകളുടെ ഓര്‍മ്മപ്പെടുത്തല്‍ മാത്രം. ഒടുവില്‍ കാണിച്ച ആ ചുരുട്ടിയ മുഷ്ടി, തെരഞ്ഞെടുപ്പ് പ്രചാരകനില്‍ നിന്നും വിവേകത്തിന്റെയും സംയമനത്തിന്റെയും പുതിയ പ്രസിഡന്‍റ് പദവിയിലാണ് താണെന്ന് മനസിലാക്കാന്‍ അയാള്‍ ഏറെ സമയമെടുക്കുമെന്ന സൂചനയാണ്.ശനിയാഴ്ച്ച, കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രം മിക്ക ദിനപത്രങ്ങളിലും അച്ചടിച്ചു വന്നിരുന്നു. റിപ്പബ്ലിക്കിന്റെ തലവനോട് ഒരു മുഖ്യമന്ത്രി വിനയവും ബഹുമാനവും കാണിക്കുന്ന അപൂര്‍വ സന്ദര്‍ഭം.

തീപ്പൊരി മമതയില്‍ നിന്നുള്ള ഈ പരസ്യപ്രകടനം 1997 ആഗസ്തില്‍ കൊല്‍ക്കത്തയിലെ മറ്റൊരു ചടങ്ങുമായി ചേര്‍ത്തുവെക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമ്പൂര്‍ണ സമ്മേളനം അന്ന് കൊല്‍ക്കത്തയില്‍ നടക്കുന്നു. സ്വന്തമായി പത്രസമ്മേളനം വിളിച്ച് മമത ശ്രദ്ധ മുഴുവന്‍ തന്റെ നേര്‍ക്ക് തിരിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കന്മാരെ അന്നവര്‍ വിളിച്ചത് ‘തന്തപ്പെരുച്ചാഴികള്‍’ എന്നായിരുന്നു. ഒന്നാമതായി പ്രണബ് മുഖര്‍ജിക്കും പിന്നെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സീതാറാം കേസരിക്കുമായിരുന്നു ആ പ്രയോഗം ഉദ്ദേശിച്ചതെന്ന് സകലര്‍ക്കും മനസിലായി. പ്രണബ് ദാ, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, സോമന്‍ മിത്ര തുടങ്ങിയവരുടെ ഇടയില്‍ പ്രാധാന്യം കിട്ടാതെ പോകുന്നതിന്റെ വിഷമമായിരുന്നു മമതയ്ക്ക്. സകല കിഴവന്മാരും സിപിഎം നേതൃത്വവുമായി കൂട്ടുകൂടിയിരിക്കയാണെന്നും മാര്‍ക്സിസ്റ്റുകളെയും അവരുടെ ഗുണ്ടകളെയും നേരിടാന്‍ ധൈര്യമില്ലാത്തവരാണെന്നും മമത കരുതി.

അതിനുശേഷം അവര്‍ കോണ്‍ഗ്രസ് വിട്ടു. സ്വന്തം കക്ഷി, ടിഎംസി, ഉണ്ടാക്കി. മാര്‍ക്സിസ്റ്റുകളെ തകര്‍ത്ത് തരിപ്പണമാക്കി അധികാരത്തിലെത്തി. ഇപ്പോള്‍ രണ്ടാമതും അധികാരം നേടിയതോടെ പഴയ എതിരാളി പ്രണബ് മുഖര്‍ജിയെ പരസ്യമായി ബഹുമാനിക്കുന്ന ഒരു നീക്കത്തിന് അവര്‍ക്കാവും. വിട്ടുവീഴ്ച്ചയില്ലാത്ത എതിരാളിയായി മുഖ്യധാര ഇലക്ടോണിക് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഒരു നേതാവെന്ന നിലയ്ക്ക് ഈ നടപടി അവരെ വീണ്ടെടുത്തിരിക്കുന്നു.

ട്രംപ്
അധികാരമേറ്റെടുത്തപ്പോള്‍ ലോകമെങ്ങും ആളുകള്‍ ഒരു വിചിത്രസ്വഭാവിയായ മനുഷ്യന്‍, ഒരു അന്യന്‍, വൈറ്റ് ഹൌസിലെത്തുന്നതിനെയാണ് കാത്തിരുന്നത്. അമേരിക്കക്കാരെപ്പോലെ നയതന്ത്രജ്ഞരും ആശയക്കുഴപ്പത്തിലാണ്. ഉദാഹരണത്തിന് MSNBC എന്ന ഏറെ ജനപ്രിയമായ ടെലിവിഷന്‍ ചാനല്‍ ഒരു മുഴുപുറം ട്രംപ് ചിത്രം കാണിച്ചു അതിനുമുകളില്‍ എഴുതിച്ചോദിക്കുന്നു, “ഇയാള്‍ എന്തു ചെയ്യും? ഇയാള്‍ എന്തൊക്കെ ചെയ്യില്ല?”

ട്രംപിന്റെ ഉദ്ഘാടന ദിനത്തില്‍ മാന്‍ഡരിന്‍ സംസാരിക്കുന്ന ഒരു ജര്‍മ്മന്‍ സുഹൃത്ത് ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം എനിക്കയച്ചുതന്നു. ആ ദിവസത്തെ ഒരു സെന്‍ ചിന്തയാണ്, “ഭയം മാത്രം, സ്വര്‍ഗത്തിന് കീഴില്‍ അലങ്കോലമല്ലാത്തത്.” ട്രംപ് പ്രസിഡണ്ട് കാലത്ത് ആഗോള കുഴപ്പങ്ങളാണ് ചൈനക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് സൂചന. നാം തികഞ്ഞ കുഴപ്പങ്ങളുടെ കാലത്താണ്. ഏതാണ്ട് ആറ് പതിറ്റാണ്ടോളം ഒരു തരത്തിലുള്ള ആഗോള ക്രമത്തിന്റെ സംരക്ഷണം ചുമതലയായിക്കണ്ടിരുന്ന അമേരിക്കന്‍ പ്രസിഡണ്ട് ബാക്കി ലോകത്തോട് എത്രയും വേഗം സ്ഥലം വിട്ടോളാന്‍ പറയുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്. യൂറോപ്യന്മാരും അവരുടെ കൂട്ടായ അസ്തിത്വത്തിലും ദേശീയ വിധിയെക്കുറിച്ചോര്‍ത്തും അസ്വസ്ഥരാവുന്നു.

ഈ സാഹചര്യത്തില്‍ പുതുവത്സര ദിനത്തില്‍ സമ്മാനം കിട്ടിയ ഒരു കൌതുകമുള്ള പുസ്തകം വായിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. പുസ്തകത്തിന്റെ പേര് വളരെ ലളിതമാണ്: Nonsense. അതിന്റെ സബ് ടൈറ്റിലും അതുപോലെ താത്പര്യമുണര്‍ത്തുന്ന ഒന്നാണ്: The Power of Not Knowing. അതിന്റെ പ്രധാന പ്രമേയമായി ഗ്രന്ഥകര്‍ത്താവ് ജാമീ ഹോംസ്, ജോണ്‍ വെയിനെ ഉദ്ധരിക്കുന്നു, “ഞാന്‍ അവ്യക്തതകളെ ഇഷ്ടപ്പെടുന്നില്ല.” അസംബന്ധത്തില്‍ നിന്നും അര്‍ത്ഥമുണ്ടാക്കാനുള്ള മനുഷ്യരുടെ ആവശ്യത്തെ ഹോംസ് പ്രതിഫലിപ്പിക്കുന്നു. അസംബന്ധം എന്നത് പുതിയ വിവരങ്ങളും കണക്കുകളും സൃഷ്ടിക്കുന്ന, പുതിയ കണ്ടുപിടിത്തങ്ങളും അറിവും ഉണ്ടാക്കുന്ന അനിശ്ചിതത്വവും അവ്യക്തതയുമാണ്. ഹോംസ് വാദിക്കുന്നത് സാധാരണയായി നാമെല്ലാം നമ്മുടെ ദിനചര്യകളില്‍ ഒരു ഉറപ്പ് കണ്ടെത്തുന്നവരാണ്- രാവിലെ പത്രം വരുന്നത്, കുട്ടികളെ സ്കൂള്‍ ബസില്‍ വിടുന്നത് തുടങ്ങിയ വിരസമായ പതിവുകള്‍ അടക്കം വിമാനങ്ങളും തീവണ്ടികളും സമയത്തിന് പോയി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ക്രമവും പ്രവചനാത്മകതയും ഉണ്ടെന്ന ബോധം സൃഷ്ടിക്കുന്നു.പ്രശ്നം വരുന്നത് നമ്മള്‍ പുതിയ അറിവുമായി ഏറ്റുമുട്ടുമ്പോഴാണ്. ഈ വിവരങ്ങളുടെ കുത്തൊഴുക്ക് നമ്മുടെ കാലത്തിന്റെ അനുഗ്രഹമോ അതോ ശാപമോ ആണ്. ലോകത്തിലെ 90 ശതമാനം വിവരരേഖകളും (data) സൃഷ്ടിക്കപ്പെട്ടത് കഴിഞ്ഞ അഞ്ചു  കൊല്ലത്തിനുള്ളിലാണെന്ന് ഹോംസ് പറയുന്നു. “അതായത് നാം വിവരങ്ങളില്‍ മുങ്ങുകയാണ്, വാസ്തവം നോക്കിയാല്‍ ചെറിയ തീരുമാനങ്ങള്‍ പോലും-എവിടെ ഭക്ഷണം കഴിക്കണം, ഏത് ആരോഗ്യ പദ്ധതിയാണ് എടുക്കേണ്ടത്, ഏത് കാപ്പി ഉണ്ടാക്കുന്ന യന്ത്രമാണ് വാങ്ങേണ്ടത്-ആകെ സംഘര്‍ഷത്തിലാകുന്നു.”

നിരവധി തെരഞ്ഞെടുപ്പ് സാധ്യതകള്‍ വ്യക്തിപരമായി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമ്പോള്‍ രാഷ്ട്രീയ മണ്ഡലത്തിലെ വിവരങ്ങളും വസ്തുതകളുമാണ് പൌരന്മാരെ ആകെ വിമ്മിട്ടത്തിലാക്കുന്നത്. അതുകൊണ്ടാണ് ഓരോ ദിവസവും വൈകുന്നേരം ‘സംസാരിക്കുന്ന തലകളും ബുദ്ധിമാന്മാരായ അവതാരകരും’ ഭ്രാന്തന്‍ ലോകത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ ആളുകള്‍ ടെലിവിഷന് മുന്നിലിരിക്കുന്നത്. ഇന്ത്യാക്കാരനായ രാഷ്ട്രീയക്കാരന്‍ ഒട്ടും സത്യസന്ധതയില്ലാത്ത ഒരു ജീവിയാണ്. ഇന്നൊരു നേതാവിന്റെ വലംകൈ, നാളെ എതിര്‍ പാളയത്തിലെ അന്തേവാസി. രാഷ്ട്രീയ നാടകങ്ങളും കഥാപാത്രങ്ങളും പ്രവചനാതീതമായി തുടരുന്നു.

ഇപ്പോള്‍ നമുക്ക് മറ്റൊരു തലവേദന കൂടിയുണ്ട്-വ്യാജ വാര്‍ത്ത. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ ആധികാരികത ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്നില്ല. അത് പൌരജീവിതത്തെ വീണ്ടും സങ്കീര്‍ണമാക്കുന്നു.
എങ്ങനെയാണ് രാത്രി തോറും അവതാരകര്‍ തള്ളിവിടുന്ന വിവരപ്രവാഹത്തിനെ കൈകാര്യം ചെയ്യാനാവുക? ശ്രദ്ധേയമായ കാര്യം ഹോംസ് പറയുന്നത്, “അവ്യക്തതയേയും അനിശ്ചിതത്വത്തെയും കൈകാര്യം ചെയ്യുന്നത് ബുദ്ധിശേഷിയുടെ ഒരു കാര്യമല്ല” എന്നാണ്. അതൊരു വികാരപരമായ വെല്ലുവിളിയാണ്. “എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് ഒരു പിടിയുമില്ലാത്തപ്പോള്‍- നമ്മുടെ ജോലികളില്‍, ബന്ധങ്ങളില്‍, ദൈനംദിന ജീവിതങ്ങളിലും- എന്തു ചെയ്യും എന്നത് കണ്ടെത്തുകയാണ് ഇന്നത്തെ സമസ്യ.”

ഇനി എന്റെ വക ഒരു തത്വം കൂടി ഇരിക്കട്ടെ; ആകെ സംശയത്തിലാകുമ്പോള്‍ ഒരു കപ്പു കാപ്പിയുമായി ഈ പംക്തി ഒന്ന് വായിച്ചാല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories