TopTop
Begin typing your search above and press return to search.

ഈ വസ്തുകച്ചവട ഭീമന് മുന്‍പില്‍ ജനാധിപത്യം അടിപതറുമോ?

ഈ വസ്തുകച്ചവട ഭീമന് മുന്‍പില്‍ ജനാധിപത്യം അടിപതറുമോ?

പത്രാധിപ സമിതി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇതുവരെ ഡൊണാള്‍ഡ് ജെ ട്രംപ് ഒരു റിപ്പബ്ലിക്കന്‍ പ്രശ്നമായിരുന്നു. പക്ഷേ ഈയാഴ്ച അത് രാജ്യം മുഴുവന്‍ നേരിടുകയും മറികടക്കുകയും ചെയ്യേണ്ട പ്രശ്നമായിരിക്കുന്നു. അനുഭവവും സ്വഭാവവും വെച്ചുനോക്കിയാല്‍ ഈ ഭൂമി, വസ്തു കച്ചവടഭീമന്‍ പ്രസിഡന്‍റാകാന്‍ വിശേഷമായ രീതികളില്‍ ഒട്ടും യോഗ്യനല്ല. തീയും പുകയുമുള്ള അയാളുടെ പ്രചാരണത്തിന് കാമ്പൊട്ടുമില്ല. എന്തെങ്കിലും കാഴ്ച്ചപ്പാടുണ്ടെങ്കില്‍ അത് അമേരിക്കയുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റായ നിര്‍ണയങ്ങളും അപകടകരമായ പരിഹാരങ്ങളുമാണ്. വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ ബന്ധങ്ങളെ ദുര്‍ബലമാക്കുന്ന നിന്ദയും വിഭാഗീയതയുമാണ് ട്രംപിന്റെ രാഷ്ട്രീയം. ഭരണഘടന രീതികളോടുള്ള അയാളുടെ അവജ്ഞ ഈ രാജ്യത്തിന്റെ രണ്ടു നൂറ്റാണ്ടു നീണ്ട പരസ്പര പരിശോധനയുടെ പരീക്ഷണം നാമറിയുന്നതിനേക്കാള്‍ എത്രയോ ദുര്‍ബലമാണെന്ന് അത് തെളിയിച്ചേക്കും.

ഇതിലേതെങ്കിലും സ്വഭാവവിശേഷം തന്നെ അയോഗ്യതയാണ്; ഇതെല്ലാം ചേരുമ്പോള്‍ ട്രംപ് വലിയൊരു വിപത്തായി മാറുന്നു. ഇത്തരമൊരു പ്രസ്താവന നടത്തേണ്ട സാധാരണഗതിയിലുള്ള സമയമല്ല ഇതെന്ന് ഞങ്ങള്‍ക്കറിയാം. സാധാരണ ഒരു തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഞങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കും, ഡെമോക്രാറ്റിക് കണ്‍വെന്‍ഷനിലേക്ക് നീങ്ങും, അടുത്ത മാസങ്ങള്‍ മറ്റ് സമ്മതിദായകരെപ്പോലെ, സ്ഥാനാര്‍ത്ഥി സംവാദങ്ങള്‍ വിലയിരുത്തിയും നയരേഖകള്‍ വിശകലനം ചെയ്തുമിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ അഭിവാദ്യം ചെയ്യാനോ അയാളുടെ ഈ വീഴ്ച്ചയെ സാക്ഷ്യപ്പെടുത്തുന്നതായി നടിക്കാനോ പറ്റില്ല. ട്രംപ് പ്രസിഡന്‍റായാല്‍ അത് ഈ രാജ്യത്തിനും ലോകത്തിനും അപകടകരമാണ്.

എന്തുകൊണ്ടാണ് ഞങ്ങളിത്ര ഉറപ്പിച്ച് പറയുന്നത്? തെരഞ്ഞെടുപ്പ് പരിചയം ഇല്ലാത്ത ഒരാളെ പ്രധാന കക്ഷികളിലൊന്ന് സ്ഥാനാര്‍ത്ഥിയാക്കുന്നത് 64 വര്‍ഷത്തിന് ശേഷമാണ്. അന്നാ പരീക്ഷണം വിജയിച്ച്. പക്ഷേ ട്രംപ് ഡ്വൈറ്റ് ഡേവിഡ് ഐസന്‍ഹോവറല്ല. യൂറോപ്പിനെ നാസികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യം തന്ത്രപരവും രാഷ്ട്രീയവുമായ കഴിവുകളായിരുന്നു. ഐസന്‍ഹോവര്‍ക്ക് അതുണ്ടായിരുന്നു.

എന്നാല്‍ വാഷിംഗ്ടണില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നു കരുതാവുന്ന ഒന്നുംതന്നെ ട്രംപിന്റെ കയ്യിലില്ല. പിതാവില്‍ നിന്നും നല്ല നിലയിലുള്ള കച്ചവടം കൈമാറിക്കിട്ടി, ഭൂമിക്കച്ചവടത്തില്‍ കാശുണ്ടാക്കി, വിശ്വസിച്ച ആളുകളെ കഷ്ടത്തിലാക്കി സ്വന്തം തടി രക്ഷിച്ച ഒരു ചരിത്രം. നികുതി രേഖകള്‍ പരസ്യമാക്കാനുള്ള ആവശ്യം അംഗീകരിക്കാത്തതോടെ നമുക്കറിയുന്നതിലും മോശമായ ചിലതുമുണ്ടെന്ന് സാരം.

അനുഭവക്കുറവ് ചിലപ്പോള്‍ അതൊരു കുറവായി അയാള്‍ കണ്ടാല്‍ ട്രംപ് മറികടന്നേയ്ക്കാം. പക്ഷേ അയാള്‍ യാതൊരു ജിജ്ഞാസയും പ്രകടിപ്പിക്കുന്നില്ല, ഒരു പുസ്തകവും വായിക്കുന്നില്ല, ഒരുപദേശവും തനിക്കാവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്നു. വാസ്തവത്തില്‍ ട്രംപിനെ അസാധാരണനാക്കുന്നത് അങ്ങേയറ്റത്തെ അത്യാര്‍ത്തിയും കടിഞ്ഞാണില്ലാത്ത ഔദ്ധത്യവുമാണ്. അയാള്‍ സ്വന്തം പ്രഖ്യാപനങ്ങള്‍ നടത്താന്‍ തിരക്ക് കൂട്ടുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് തീര്‍ത്തും പുച്ഛം പ്രകടിപ്പിക്കുന്നു. വസ്തുതകളോട് അയാള്‍ക്ക് പുച്ഛമാണ്. പ്രചാരണത്തിലുടനീളം ഒന്നിന് പിറകെ ഒന്നായി അയാള്‍ നുണകള്‍ തള്ളിക്കൊണ്ടിരുന്നു. ന്യൂ ജഴ്സിയിലെ മുസ്ലീങ്ങള്‍ 9/11-നു ശേഷം ആഘോഷം നടത്തിയെന്ന്, അയാളുടെ നികുതി കുറയ്ക്കല്‍ പദ്ധതി ധനക്കമ്മി വര്‍ധിപ്പിക്കില്ലെന്ന്, ഇറാഖ് യുദ്ധം തുടങ്ങും മുമ്പേ അയാള്‍ അതിനെ എതിര്‍ത്തിരുന്നുവെന്ന്- എതിരായ തെളിവുകളുമായി ചോദ്യമുയര്‍ത്തിയാല്‍ ആ നുണ വീണ്ടും ആവര്‍ത്തിക്കും. അയാള്‍ താന്‍ പറയുന്ന നുണകളെല്ലാം സ്വയം വിശ്വസിക്കുന്നുണ്ടോ അതോ നുണയാണെന്നറിഞ്ഞുകൊണ്ട് അത് കുഴപ്പമില്ലെന്ന് കരുതുകയാണോ എന്നറിയുക അസാധ്യമാണ്. ഒരു സര്‍വസൈന്യാധിപനില്‍ ഇതിലേത് സ്വഭാവമാണ് കൂടുതല്‍ അപകടകരം എന്നും പറയാനാവില്ല.അയാളുടെ അജ്ഞത വെച്ചുനോക്കിയാല്‍ നയവിഷയങ്ങളില്‍ സമഗ്രമായൊന്നും പറയാനില്ല എന്നതില്‍ അത്ഭുതമില്ല. മുന്‍കാലങ്ങളില്‍ അയാള്‍ കുടിയേറ്റ പരിഷ്കാരങ്ങള്‍, തോക്ക് നിയന്ത്രണം, നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രം എന്നിവയെ അനുകൂലിച്ചിരുന്നു; സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഈ മൂന്നുവിഷയങ്ങളിലും അയാള്‍ കടുത്ത എതിര്‍പ്പുയര്‍ത്തി. പ്രചാരണസമയത്ത് പോലും മുസ്ലീങ്ങളെ യു.എസില്‍ പ്രവേശിക്കാന്‍ അനുവദിക്കണമോ, ഗര്‍ഭച്ഛിദ്രം ചെയ്ത സ്ത്രീകളെ ശിക്ഷിക്കണോ എന്നീ വിഷയങ്ങളില്‍ അയാള്‍ തകിടം മറിഞ്ഞു. ഇതിലേറെ മോശം അയാളുടെ അജണ്ടയില്‍ ഒരു കാമ്പുമില്ല എന്നതായിരുന്നു. നിലവിലെ വാണിജ്യ ധാരണകള്‍ ‘ഒന്നിന്നും കൊള്ളാത്തതാണ്’, പക്ഷേ അതെങ്ങിനെ നന്നാക്കും എന്ന് ട്രംപ് പറയുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റിനെ ‘നശിപ്പിക്കണം’, പക്ഷേ അതിനുള്ള തന്ത്രം സ്ഥാനാര്‍ത്ഥിയുടെ കയ്യിലില്ല. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കണം, പക്ഷേ ഇത് നിയമപരമായും പ്രായോഗികമായും എങ്ങനെ ചെയ്യുമെന്ന് ട്രംപ് നമ്മോടു വ്യക്തമാക്കുന്നില്ല.

സ്ഥാനാര്‍ത്ഥി നല്‍കുന്നത് തെറ്റായ കുറെ മുന്‍വിധികളും തോന്നലുകളുമാണ്. സഖ്യകക്ഷികള്‍ യു.എസിനെ ഉപയോഗിക്കുന്നു. കുടിയേറ്റക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തൊഴിലവസരങ്ങള്‍ കയ്യടക്കുകയും ചെയ്യുന്നു. മുസ്ലീങ്ങള്‍ അമേരിക്കയെ വെറുക്കുന്നു. സത്യത്തില്‍, അമേരിക്കക്കാര്‍ക്ക് വലിയ ഗുണം ചെയ്ത സമാധാനം നിലനിര്‍ത്തുന്നതില്‍ ജപ്പാനും തെക്കന്‍ കൊറിയയും വലിയ സംഭവാനകള്‍ നല്കിയിട്ടുണ്ട്. നാട്ടുകാരായ അമേരിക്കക്കാര്‍ ചെയ്യുന്നതിലും കുറച്ചു കുറ്റകൃത്യങ്ങളെ കുടിയേറ്റക്കാര്‍ ചെയ്യുന്നുള്ളൂ. മറ്റാരും എടുക്കാത്ത തൊഴിലാണ് അവര്‍ ചെയ്യുന്നത്. ഇസ്ളാമിക ഭീകരവാദത്തിന്റെ ആദ്യ ഇരകള്‍ മുസ്ലീങ്ങളാണ്. സൈന്യത്തിലടക്കമുള്ള ആയിരക്കണക്കിന് അമേരിക്കന്‍ മുസ്ലീങ്ങള്‍ മറ്റാരെയും പോലെ ദേശസ്നേഹികളാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പല അമേരിക്കക്കാരെയും ട്രംപിന്റെ ഇരവാദം സ്വാധീനിച്ചിട്ടുണ്ട്. അവര്‍ക്ക് ശരിക്കും ഒരു നേതാവിനെ ആവശ്യമുണ്ട്. അസമത്വവും കുറഞ്ഞ വേതന വര്‍ധനവും ഗൌരവമായ മറുപടികളും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ബലിയാടുകളെയും ഗൂഢാലോചന സിദ്ധാന്തങ്ങളുമല്ലാതെ ട്രംപിന് ഗുണപരമായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. മെക്സിക്കൊ അതിര്‍ത്തി കടത്തി ബലാത്സംഗികളെ ഇങ്ങോട്ടയക്കുന്നു എന്ന ആരോപണത്തോടെയാണ് അയാള്‍ പ്രചാരണം തുടങ്ങിയത്. അവിടുന്നിങ്ങോട്ട് ഇത്തരത്തില്‍ നിരവധി വിദ്വേഷ പ്രചാരണങ്ങള്‍.

അപകടകരമായൊരു ലോകത്ത്, NATO വേണ്ടെന്ന് വെക്കാനും, കൂടുതല്‍ രാജ്യങ്ങളെ ആണവായുധങ്ങള്‍ സ്വന്തമാക്കാനും അയാള്‍ മടികൂടാതെ പറയുന്നു. യു.എസിന് ദോഷം വരണമെന്ന് ആഗ്രഹിക്കുന്ന ഏകാധിപതികളുമായി അയാള്‍ ചങ്ങാത്തത്തിലാണ്. അമേരിക്കക്ക് വേണ്ടി മാപ്പ് പറഞ്ഞതിനും സഖ്യങ്ങള്‍ ദുര്‍ബലമാക്കിയതിനും കഴിഞ്ഞ 8 വര്‍ഷം റിപ്പബ്ലിക്കന്‍മാര്‍ പ്രസിഡണ്ട് ഒബാമയെ കുറ്റം പറഞ്ഞു. ഇപ്പോളവര്‍ നല്‍കുന്ന സ്ഥാനാര്‍ത്ഥി അമേരിക്കന്‍ വിരുദ്ധ സ്വേച്ഛാധിപതികളുടെ പ്രചാരണ മാര്‍ഗങ്ങള്‍ പകര്‍ത്തുകയാണ്. രണ്ടാമതൊരു ആലോചന കൂടാതെ സഖ്യകക്ഷികളെ ഉപേക്ഷിക്കുമെന്നും അയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളസുരക്ഷയ്ക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ദുരന്തമായിരിക്കും.

ഭരണഘടനയോടും നമ്മുടെ സംവിധാനം നിലനില്‍ക്കുന്ന എഴുതിവെക്കാത്ത ജനാധിപത്യ മൂല്യങ്ങളോടുമുള്ള ട്രംപിന്റെ അവജ്ഞയാണ് ഏറെ ആശങ്കാജനകം. രാഷ്ട്രത്തിന്റെ സ്ഥാപക രേഖയില്‍ എന്താണുള്ളതെന്ന് അയാള്‍ക്കറിയില്ല. കോണ്‍ഗ്രസിന്റെ അധികാരങ്ങളെക്കുറിച്ച് പറയുന്ന ആര്‍ടിക്കിള്‍ 1-നെക്കുറിച്ച് ഒരു കോണ്‍ഗ്രസ് അംഗം ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി മറുപടി നല്കി,“ഞാന്‍ ഭരണഘടന അനുസരിക്കും, അതിപ്പോള്‍ ഒന്നാം നമ്പറോ, രണ്ടാം നമ്പറോ 12-ഓ 19-ഓ ആയാലും.” ചാര്‍ടറില്‍ 7 ആര്‍ടിക്കിളുകളാണുള്ളത്. ഭരണാധികാരത്തെക്കുറിച്ചുള്ള അതിന്റെ പരിമിതികളെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നേയില്ല എന്നു തോന്നുന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ താന്‍ പ്രസിഡണ്ടായാല്‍ അനുഭവിക്കും എന്നയാള്‍ ഭീഷണി മുഴക്കി.

സംശയമുള്ള ഭീകരവാദികളെ പീഡിപ്പിക്കാനും അവരുടെ നിരപരാധികളായ ബന്ധുക്കളുടെ മേല്‍ ബോംബിടാനും അയാള്‍ക്ക് മടിയില്ല; ആ നടപടികള്‍ നിയമവിരുദ്ധമായാലും. സ്വതന്ത്രമായ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അയാളാഗ്രഹിക്കുന്നു. തനിക്കിഷ്ടമല്ലാത്ത വിധികള്‍ പറഞ്ഞ ഒരു ന്യായാധിപനെ അദ്ദേഹം മെക്സിക്കന്‍ വംശജനാണെന്ന കാരണത്താല്‍ പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തന്റെ പ്രചാരണ ജാഥകളില്‍ അക്രമത്തെ അയാള്‍ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തു. മുമ്പു യു.എസ് ജനാധിപത്യസംവിധാനം പരീക്ഷണങ്ങളെ ശക്തമായി നേരിട്ടിട്ടുണ്ട്. നമുക്കതില്‍ വിശ്വാസമുണ്ട്. പക്ഷേ ട്രംപിനെ തെരഞ്ഞെടുക്കുന്നത് അറിഞ്ഞുകൊണ്ട് അതിനെ അപകടത്തില്‍പ്പെടുത്തുകയാണ്.നിന്ദയും അടിസ്ഥാനമില്ലാത്ത കുറ്റപ്പെടുത്തലുകളും അവഹേളനവുമാണ് അയാളുടെ പ്രചാരണതന്ത്രങ്ങള്‍: ടെഡ് ക്രൂസിന്റെ അച്ഛനു ജോണ്‍ എഫ് കെന്നഡിയുടെ വധത്തില്‍ പങ്കുണ്ട്; ഹിലാരി ക്ലിന്‍റന്‍ കൊലപാതകത്തില്‍ കുറ്റക്കാരിയാകാം; മുസ്ലീം ആക്രമണം ആഗ്രഹിക്കുന്ന രാജ്യദ്രോഹിയാണ് ഒബാമ. ഒരു പരിഷ്കൃത ജനാധിപത്യത്തിനും നിലനില്‍ക്കാനാവാത്ത അത്തരത്തിലുള്ള സംവാദങ്ങളിലൂടെ റിപ്പബ്ലിക്കന്‍ കക്ഷി ഉന്‍മാദത്തിന്റെ ശകലത്തെ പ്രധാന അരങ്ങിലെത്തിച്ചിരിക്കുന്നു.

ഏറ്റവും ഉത്തരവാദിത്തമുള്ള റിപ്പബ്ലിക്കന്‍ നേതാക്കന്‍മാര്‍ക്ക് ഇതെല്ലാം ശരിയാണെന്നറിയാം.അതുകൊണ്ടാണ് ട്രംപിന് ഈയാഴ്ച്ചത്തെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ വീട്ടുകാരുടെയും ജീവനക്കാരുടെയും സാക്ഷ്യം പറച്ചിലുകള്‍ വേണ്ടിവന്നത്. ഒരാളൊഴിച്ചു (ബോബ് ഡോള്‍) കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ജീവിച്ചിരിക്കുന്ന മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാരോ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായിരുന്നവരോ ആരും തന്നെ അതില്‍ പങ്കെടുത്തില്ല. പക്ഷേ നിലവിലെ ഭാരവാഹികളിലാര്‍ക്കും, ഏതാനും മാസങ്ങള്‍ മുമ്പുവരെ ട്രംപ് സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പറഞ്ഞവര്‍ക്കാര്‍ക്കും, തുറന്നുപറയാനുള്ള ധൈര്യമുണ്ടായില്ല.

ഒരു വിധി നിര്‍ണയിക്കുന്നതിലുള്ള പാര്‍ട്ടിയുടെ പരാജയം രാജ്യത്തിന്റെ ഭാവിയെ അത് വേണ്ടിടത്ത് എത്തിച്ചിരിക്കുന്നു, സമ്മതിദായകരുടെ കയ്യില്‍. പല അമേരിക്കക്കാര്‍ക്കും ഈ വര്‍ഷത്തെ രണ്ടു സ്ഥാനാര്‍ത്ഥികളെയും ഇഷ്ടമല്ല. ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതുന്ന ഹിലാരി ക്ലിന്‍റനെ മുമ്പും ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്, ആവശ്യമെങ്കില്‍ ഇനിയും തുടരും. പക്ഷേ അവര്‍ (അല്ലെങ്കില്‍ ലിബറേഷന്‍, ഗ്രീന്‍ പാര്‍ടി സ്ഥാനാര്‍ത്ഥികളും)ഭരണഘടനക്ക് ഭീഷണിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ മി. ട്രംപ് തുലനം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഇന്നത്തെ ഭീഷണിയാണ്.


Next Story

Related Stories