TopTop
Begin typing your search above and press return to search.

ട്രംപിന് മനോരോഗമെന്ന് മനഃശാസ്ത്രജ്ഞര്‍

ട്രംപിന് മനോരോഗമെന്ന് മനഃശാസ്ത്രജ്ഞര്‍

യുഎസ് പ്രസിഡന്റ് പദത്തിന് ട്രംപ് വൈകാരികമായി അയോഗ്യനാണെന്ന് ആദ്യം ആരോപിച്ചത് അദ്ദേഹത്തിന്റെ എതിരാളി ഹിലരി ക്ലിന്റണായിരുന്നു. എന്നാല്‍ അവരുടെ വാദങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളുമായി ഇപ്പോള്‍ ചില പ്രശസ്ത മനഃശാത്രജ്ഞരും രംഗത്തെത്തിയിരിക്കുന്നു. മാരകമായ ആത്മരതിയുടെ ലക്ഷണങ്ങളാണ് ട്രംപ് പ്രദര്‍ശിപ്പിക്കുന്നതെന്നാണ് അവരുടെ വാദം. പൊതുജീവിതം നയിക്കുന്ന പ്രഗത്ഭരെ കുറിച്ച് വിലയിരുത്തുന്നതും തങ്ങളുടെ വിലയിരുത്തലുകള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുന്നതും നിയമവിരുദ്ധമാണെന്നായിരുന്നു ഇതുവരെയുള്ള കാഴ്ചപ്പാട്. എന്നാല്‍ അവര്‍ ഇപ്പോള്‍ ട്രംപിന്റെ മാനസികാരോഗ്യം വിലയിരുത്തുകയും അപകടകരമായ മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ് അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

ജോണ്‍ ഡി ഗാര്‍ട്ട്‌നെര്‍ എന്ന മാനസികരോഗ വിദഗ്ദധനാണ് ഇപ്പോള്‍ ട്രംപിന്റെ മാനസികാരോഗ്യത്തെ കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹം കടുത്ത മാനസിക രോഗത്തിലാണെന്നും പ്രസിഡന്റ് പദത്തില്‍ തുടരുന്നതിന് അദ്ദേഹം വൈകാരികമായി പ്രാപ്തനല്ലെന്നുമാണ് ഗാര്‍ട്ട്‌നെര്‍ വിശദീകരിക്കുന്നത്. ആത്മരതി, സാമൂഹിക വിരുദ്ധ വ്യക്തിഗത വൈകല്യങ്ങള്‍, വാസനാവൈകൃതം എന്നിവയുടെ മിശ്രണമാണ് ഇപ്പോള്‍ ട്രംപില്‍ കണ്ടുവരുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആത്മരതിയുള്ള ഒരാള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തന്നെ യുക്തിപൂര്‍വം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും ഗാര്‍ട്ട്‌നെര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ദശലക്ഷം സ്ത്രീകള്‍ പ്രകടനം നടത്തുന്നത് അദ്ദേഹത്തെ സ്പര്‍ശിക്കില്ല. ഒരു നയം പ്രവര്‍ത്തനക്ഷമാവില്ലെന്ന് ഉപദേശകര്‍ പറഞ്ഞാല്‍ ട്രംപ് അതിന് ചെവികൊടുക്കണമെന്നില്ല. ട്രംപിന്റെ മാനസികാവസ്ഥയെ കുറിച്ച് കടുത്ത ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് ഡിസംബറില്‍ മൂന്ന് മനഃശാസ്ത്രജ്ഞര്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തയച്ചിരുന്നു. മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങള്‍ ട്രംപില്‍ പ്രകടമാണെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊങ്ങച്ച പ്രദര്‍ശനം, അമിതാവേശം, നേരിയ വിമര്‍ശനങ്ങളോട് പോലുമുള്ള അതിരുകടന്ന അസഹിഷ്ണുത എന്നവ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു. വലിയ ചുമതല ഏറ്റെടുക്കുന്നതിനുള്ള ട്രംപിന്റെ ശേഷിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയുക്ത പ്രസിഡന്റിനെ പൂര്‍ണമായ ആരോഗ്യ പരിശോധനയ്ക്കും ന്യൂറോസൈക്ക്യാട്രിക് അവലോകനത്തിനും വിധേയനാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ട്രംപിസത്തിനെതിരായ പൗരന്മാരുടെ ചികിത്സ എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കുകയും ആയിരക്കണക്കിന് സൈക്കോളജിസ്റ്റുകള്‍ അതില്‍ അംഗങ്ങളാവുകയും ചെയ്തു. ട്രംപിന്റെ മാനസികാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതായ ചില വശങ്ങളുണ്ടെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. കുടിയേറ്റക്കാരും മതന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ളവരെ ഭീഷണിയായി കാണുകയും അവരെ ബലിയാടുകളാക്കി നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു; എതിരാളികളെയും വിമര്‍ശകരെയും അവഹേളിക്കുകയും പരിഹസിക്കുകയും ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്നു; അദ്ദേഹത്തെ നമ്മള്‍ വിശ്വസിച്ചാല്‍ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു; ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുകയും സത്യത്തെ കുറിച്ച് വലിയ ആശങ്കകള്‍ പുലര്‍ത്താതിരിക്കുകയും വിവേകപൂര്‍വം കാര്യങ്ങള്‍ കാണേണ്ട ആവശ്യമില്ലെന്ന് ശഠിക്കുകയും ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ആ കുറിപ്പില്‍ അന്ന് ചൂണ്ടിക്കാട്ടിയത്.

ഇവയില്‍ ചിലതെങ്കിലും ട്രംപിന്റെ സവിശേഷതകളില്‍ പെടുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും സമ്മതിക്കും. അദ്ദേഹത്ത പ്രകീര്‍ത്തിക്കുന്ന വസ്തുകളെ മാത്രമേ ട്രംപ് അംഗീകരിക്കു. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍ വ്യാജവാര്‍ത്തകളാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുനില്‍ക്കുന്ന ഈ മാനസികാവസ്ഥ അപകടകരമാണെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം അഹംബോധം സൃഷ്ടിക്കുന്നതിനായി ശ്രമിക്കുന്ന അദ്ദേഹം മറ്റുള്ളവരുടെ വ്യക്തിത്വത്തെ നശിപ്പിക്കാനും ശ്രമിക്കുന്നതായി അവര്‍ പറയുന്നു. മറ്റുള്ളവര്‍ തോല്‍ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ അമേരിക്കക്കാര്‍ ജയിക്കുന്നുള്ളു എന്ന മതിഭ്രമം സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരിക്കലും നേരിട്ടുകണ്ടിട്ടില്ലാത്ത വ്യക്തികളുടെ മാനസികനില അവലോകനം ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും നല്ല കീഴ്വഴക്കമല്ലെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും കൂടുതല്‍ മനഃശാസ്ത്രജ്ഞര്‍ രംഗത്തേക്കു വരുമ്പോള്‍ അമേരിക്കക്കാരുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.


Next Story

Related Stories