TopTop
Begin typing your search above and press return to search.

വൈറ്റ് ഹൌസിലേക്കുള്ള ട്രംപിന്റെ വരവ് ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?

വൈറ്റ് ഹൌസിലേക്കുള്ള ട്രംപിന്റെ വരവ് ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?

ഹിന്ദുത്വവാദ ദേശീയതക്കാരായ ഉപരിവര്‍ഗം ആവേശത്തിലാണ്. ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച ലോകത്തെ അഞ്ചാമത്തെ നേതാവ്, അതും ജപ്പാനും റഷ്യക്കും, എന്തിനേറെ ജര്‍മ്മനിക്കും ഫ്രാന്‍സിനും മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. ട്രംപിന്റെ പ്രസിഡണ്ട് പദവിയിലെ ഉദ്ഘാടന പ്രസംഗം പ്രതീക്ഷിച്ച പോലെ ‘അമേരിക്ക ആദ്യം’ എന്ന തീവ്രദേശീയതയുടെ വെളിപാടായിരുന്നു. അധികാരാസക്തനായ ഒരാളുടെ ആക്രോശവും അലര്‍ച്ചയുമായിരുന്നു അത്; ട്രംപില്‍ നിന്നും ഒരാള്‍ പ്രതീക്ഷിക്കുന്നതും അതുതന്നെ. ട്രംപിന്റെ പ്രസംഗം മുഴുവന്‍ “നമ്മുടെ അതിര്‍ത്തി” സംരക്ഷിക്കുക, മറ്റുള്ളവരെ “നമ്മുടെ ഉത്പന്നങ്ങള്‍”ഉണ്ടാക്കാന്‍ അനുവദിക്കാതിരിക്കുക, “നമ്മുടെ കമ്പനികളെ” മോഷ്ടിക്കാനും, “നമ്മുടെ ജോലികള്‍” തകര്‍ക്കാനും അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു.

നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് ഒരു ചെറുസംഘം രാഷ്ട്രീയക്കാരും ഭരണസംവിധാനവും ‘അമേരിക്കന്‍ വ്യവസായത്തിന്റെ ചെലവില്‍’ ‘വിദേശ വ്യവസായത്തെ’ ‘ധനികരാകാന്‍’ അനുവദിച്ചു. ‘കോടിക്കണക്കിനു അമേരിക്കന്‍ ഡോളര്‍’ ‘വിദേശത്തു’ ചെലവിടാന്‍ അനുമതി നല്കി. അപ്പോഴെല്ലാം ‘അമേരിക്കയുടെ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ച്ചയും ജീര്‍ണ്ണതയും നേരിടുകയായിരുന്നു.” നമ്മുടെ മധ്യവര്‍ഗത്തിന്റെ സ്വത്ത് അവരുടെ വീടുകളില്‍ നിന്നും കൊള്ളയടിച്ചു ലോകത്തെങ്ങും പുനര്‍വിതരണം നടത്തി എന്നു പറഞ്ഞപ്പോള്‍ അയാള്‍ അയാളുടെതന്നെ വാചക കസര്‍ത്തില്‍ പുതിയ മാനങ്ങളുണ്ടാക്കി. “ഭരണസംവിധാനം” തുലയട്ടെ എന്നു അയാള്‍ അട്ടഹസിച്ചു. “നമ്മള്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നും അധികാരം നിങ്ങള്‍ക്ക്-ജനങ്ങള്‍ക്ക്-തിരിച്ചു നല്കുന്നു.” പക്ഷേ ആരാണ് ഈ “ജനം," ട്രംപ് അവര്‍ക്ക് വേണ്ടിയല്ല നില്‍ക്കുന്നതെങ്കില്‍?

ഇനി ആരാണ് ഈ ‘നമ്മള്‍’? തീര്‍ച്ചയായും, “നമ്മള്‍ ഒരേ ഹൃദയം, ഒരേ രാജ്യം, ഒരേ മഹത്തായ വിധി എന്നിവ പങ്കുവെക്കുന്നു,” എന്നു പറഞ്ഞപ്പോള്‍ ട്രംപ് ഉദ്ദേശിക്കുന്നത് ‘വെള്ളക്കാരായ ദേശീയവാദികളാണ്’. ‘യുഎസ്എ യോട് തികഞ്ഞ പ്രതിബദ്ധത’ പുലര്‍ത്താനും ‘ഒരു പുതിയ ദേശാഭിമാനം’ നേടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ഭൂമുഖത്തുനിന്നുതന്നെ ‘ഇസ്ളാമിക തീവ്രവാദം തുടച്ചുനീക്കും’ എന്നു ട്രംപ് അവകാശപ്പെടുന്നുണ്ട്. ട്രംപ് യുഎസിന്റെ 45-ആം പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ ബീജിംഗ്, മോസ്കോ, ബെര്‍ലിന്‍, ലണ്ടന്‍, പാരിസ്, ടോകിയോ എന്നിവയൊക്കെ ആശങ്കപ്പെട്ടിരിക്കും. ലോകം മറ്റൊരു രൂക്ഷമായ സാമ്രാജ്യത്വ തര്‍ക്കത്തിലേക്ക് നീങ്ങുകയാണോ? ഇപ്പോള്‍ തന്നെ ട്രംപിന്റെ വിദേശകാര്യ സെക്രട്ടറിയും മുന്‍ ExxonMobil മേധാവിയുമായ റെക്സ് ടില്ലെഴ്സണ്‍ തെക്കന്‍ ചൈന കടലില്‍ ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ നിന്നും ചൈനയെ തടയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

സൈനിക പ്രഘോഷണങ്ങളും ‘തീവ്രവാദ ഇസ്ലാമിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കും’ എന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ മോദിയെ തീര്‍ച്ചയായും സന്തോഷിപ്പിച്ചിരിക്കും. പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ലോകസഭയില്‍ നടത്തിയ ആദ്യപ്രസംഗത്തില്‍ 2014 ജൂണ്‍ 11-നു മോദി അവകാശപ്പെട്ടത്, “1200 കൊല്ലക്കാലത്തെ കൊളോണിയല്‍ ആധിപത്യം ഇന്ത്യക്കാരെ ബാധിച്ചിരിക്കുന്നു” എന്നാണ്. വ്യക്തമായും ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള ഹിന്ദുത്വവാദ വീക്ഷണമാണ് മോദി അവതരിപ്പിച്ചത്. 2000 കൊല്ലക്കാലം പഴക്കമുള്ള ‘സുവര്‍ണകാലം’ എന്നു അവര്‍ വിശേഷിപ്പിക്കുന്ന ‘ഹിന്ദു നാഗരികതയുടെ’ എതിരായാണ് ‘ക്രൂരമായ ഭീകരാധിപത്യം’ എന്നു വിളിക്കുന്ന ‘മുസ്ലീം നാഗരികതയെ’ അവര്‍ കാണുന്നത്. പക്ഷേ നമുക്കറിയാവുന്നിടത്തോളം പാര്‍ലമെന്റില്‍ ഒരു മര്‍മ്മരമോ പ്രതിഷേധമോ ഉണ്ടായില്ല. അന്ന് മുതല്‍ ഈ രണ്ടരവര്‍ഷക്കാലം കണ്ടത് വന്‍കിട വ്യാപാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ‘സമഗ്രാധിപത്യ-ജനാധിപത്യ’ സര്‍ക്കാരിനെയായിരുന്നു. ഈ ഭരണം അവരെ അധികാരത്തില്‍ കൊണ്ടുവന്ന ഹിന്ദുത്വ ദേശീയവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ആ പ്രസ്ഥാനങ്ങളുടെ ‘ദേശഭക്ത’ നടപടികള്‍ക്ക്, പശുവിനെ കൊന്നെന്നും, പശുവിറച്ചി തിന്നെന്നും ആരോപിച്ചു ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതടക്കം, സഹായിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. തങ്ങളുടെ ‘ആവശ്യമുള്ള’ ശത്രുക്കളെ ഭീകരത ഉപയോഗിച്ച് നിയന്ത്രിക്കാനും ഭരണകൂടം മുതിരുന്നു. എന്നാലീ അര്‍ദ്ധ-ഫാഷിസ്റ്റ് വാഴ്ച്ചയോടുള്ള ബഹുജന പ്രക്ഷോഭം ഇനിയും ഉയര്‍ന്നുവന്നിട്ടില്ല എന്നതാണു യഥാര്‍ഥ്യം.

അതുകൊണ്ടുതന്നെ ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ തൊട്ടുപിറ്റേന്ന് യുഎസിലും ലോകത്തെ മറ്റ് പല നഗരങ്ങളിലും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു എന്നത് പ്രതീക്ഷാജനകമാണ്. യുഎസില്‍ വാഷിംഗ്ടണ്‍ ഡി സി, ന്യൂ യോര്‍ക് നഗരം, ചിക്കാഗോ, ബോസ്റ്റണ്‍ എന്നിവടങ്ങളിലും മറ്റ് രാജ്യങ്ങളില്‍ മെക്സിക്കൊ നഗരം, ലണ്ടന്‍, പാരിസ്, ബെര്‍ലിന്‍, സിഡ്നി എന്നീ നഗരങ്ങളിലും വന്‍ പ്രകടനങ്ങളാണ് നടന്നത്. സങ്കുചിത ദേശീയവാദത്തിനും വംശീയതയ്ക്കും, സ്ത്രീവിരുദ്ധതയ്ക്കും എതിരാണ് വലിയ വിഭാഗം ജനങ്ങള്‍ എന്നു ട്രംപ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഈ ജാഥകള്‍ക്ക് കഴിഞ്ഞു.

കുടിയേറ്റക്കാര്‍, ആഫ്രിക്കന്‍-അമേരിക്കക്കാര്‍, മുസ്ലീങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് എന്തു സംഭവിക്കുമെന്നതില്‍ അമേരിക്കന്‍ പൊതുജനത്തിന് ആശങ്കയുണ്ട്. ജനങ്ങള്‍ പ്രതിഷേധിച്ചത് വ്യാപാര സൌഹൃദ നയങ്ങള്‍, സൈനിക മേധാവിത്തം, പോലീസ് വാഴ്ച്ച എന്നിവക്കെതിരെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുമാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിന്റെ വക്താവായ കോടീശ്വരന്‍ ബെസ്റ്റി ഡെവോസിനെ വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതോടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്തു സംഭവിക്കും എന്നതില്‍ അവര്‍ക്ക് ആകുലതയുണ്ട്. ആരോഗ്യ സെക്രട്ടറിയായ യാഥാസ്ഥിതികന്‍ ടോം പ്രൈസ് ആരോഗ്യ മേഖലയെ പൊതുവില്‍ നശിപ്പിക്കുമെന്ന് അവര്‍ ഭയക്കുന്നു.

മുന്‍ പട്ടാള ജനറല്‍മാര്‍, വലതുപക്ഷ സൈദ്ധാന്തികര്‍, കോടീശ്വരന്‍മാര്‍, ശതകോടീശ്വരമാര്‍ എന്നിങ്ങനെയുള്ളവര്‍ നിറഞ്ഞ ഒരു മന്ത്രിസഭയ്ക്ക് ഒരു വസ്തു-ഭൂമി കച്ചവടക്കാരന്‍ നേതൃത്വം നല്കുമ്പോള്‍ ഇതെല്ലാം ന്യായമായ ഭയങ്ങളാണ്. അമേരിക്ക ഇപ്പോള്‍ ഒരു ഉദാര-രാഷ്ട്രീയ ജനാധിപത്യമല്ല; അതൊരു ധനികാധിപത്യമാണ്. വെള്ളക്കാരുടെ ദേശീയതയോട് കൂട്ടുപിടിച്ച് തങ്ങളുടെ ആധിപത്യത്തെ സാധൂകരിക്കാനാണ് ആ ധനാധിപത്യം ഇപ്പോള്‍ ശ്രമിക്കുന്നത്. അമേരിക്കയുടെ ‘പ്രധാന പ്രതിരോധ പങ്കാളി’ ഇന്ത്യയില്‍ മതേതര ദേശീയതയുടെ മുകളില്‍ ഹിന്ദുത്വവാദി ദേശീയത നേടിയ വിജയത്തില്‍ മതിമറക്കുകയാണ്. വലിയ വ്യാപാരികളുമായുള്ള അതിന്റെ ബന്ധം വെച്ച് അവര്‍ സുരക്ഷിതരുമാണ്. വൈറ്റ് ഹൌസിലേക്കുള്ള ട്രംപിന്റെ വരവ് അവരെ തീര്‍ച്ചയായും സന്തോഷിപ്പിക്കും.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories