TopTop
Begin typing your search above and press return to search.

ട്രംപ് കുഴപ്പത്തിലാക്കിയത് 2020-ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെക്കൂടിയാണ്

ട്രംപ് കുഴപ്പത്തിലാക്കിയത് 2020-ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെക്കൂടിയാണ്

ക്രിസ് സിലിസ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം വലിയ ദുരന്തത്തിലേക്കാണ് കൂപ്പുകുത്തിത്തുടങ്ങുന്നത്. ട്രംപ് സ്ത്രീകളെക്കുറിച്ച് വളരെ മോശമായി ലൈംഗികച്ചുവയുള്ള അശ്ലീല പരാമര്‍ശങ്ങള്‍ പറയുന്ന ശബ്ദരേഖകള്‍ പുറത്തുവന്നതോടെ നിലവില്‍ത്തന്നെ കഷ്ടപ്പെടുന്ന ട്രംപ് പ്രചാരണത്തിന്റെ അവസാന മാസത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.

നിരവധി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍മാര്‍-പ്രമുഖ സെനറ്റര്‍മാരായ ജോണ്‍ മക്കെയിന്‍, റോബ് പോര്‍റ്റ്മാന്‍ എന്നിവരടക്കം- വാഷിംഗ്ടണ്‍ പോസ്റ്റ് ശബ്ദരേഖകള്‍ പുറത്തുവിട്ടതോടെ ട്രംപിനെ തള്ളിപ്പറഞ്ഞു. ട്രംപിന്റെ വലിയ തകര്‍ച്ചയുടെ സാധ്യതയിലും സഭയിലും സെനറ്റിലും പാര്‍ട്ടിയുടെ ഭൂരിപക്ഷം കുഴപ്പത്തിലാകാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് റിപ്പബ്ലിക്കന്‍മാര്‍.

ഇതിനിടയിലെല്ലാം നീറിക്കിടക്കുന്ന മറ്റൊരു വലിയ പ്രശ്നം ട്രംപിന്റെ വീഴ്ച്ച 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മോഹികളെ എങ്ങനെ ബാധിക്കും എന്നാണ്. ട്രംപിന്റെ കുഴപ്പങ്ങളുടെ വലിപ്പം കണ്ടാല്‍ 2020-വരെ അവര്‍ക്ക് കാത്തുനില്‍ക്കേണ്ടിവരില്ല എന്നാണ് കേള്‍ക്കുന്ന തമാശ.

ഈ പ്രചാരണക്കാലയളവില്‍ ട്രംപ് പറഞ്ഞതും ചെയ്തതും കണക്കിലെടുത്താല്‍-നവംബര്‍ 8-നു അയാള്‍ വളരെ ദയനീയമായി തോല്‍ക്കുമെന്നുള്ള സകല സാധ്യതകളും നിലനില്‍ക്കേ- 2020-ലെ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വളരെ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.

2020-ലെ സാധ്യതാ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ ട്രംപ് വിഷയത്തില്‍ എടുത്ത നിലപാടുകള്‍ നോക്കാം:


ടോം കോട്ടണ്‍, ടെഡ് ക്രൂസ്, ജോണ്‍ കാസിച്ച്

സെനറ്റര്‍ ടോം കോട്ടണ്‍:
അടുത്ത തവണ സ്ഥാനാര്‍ത്ഥിയാകാനുള്ള തന്റെ പരിപാടീ അര്‍കന്‍സാസില്‍ നിന്നുള്ള സെനറ്റര്‍ മറച്ചുവെക്കുന്നില്ല. പക്ഷേ ട്രംപിനെ സംബന്ധിച്ച് അവ്യക്തമായ നിലപാടാണ്. “ഡൊണാള്‍ഡിന് ഈ ഘട്ടത്തില്‍ ഏറെയൊന്നും ചെയ്യാനില്ല. അമേരിക്കാന്‍ ജനതയുടെ ദായക്കായി സ്വയം എറിഞ്ഞുകൊടുക്കാം,” കോട്ടണ്‍ പറഞ്ഞു. “തന്റെ വാക്കുകള്‍ക്കും പെരുമാറ്റത്തിനും അയാള്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണം. തന്റെ രീതികള്‍ മാറ്റുമെന്ന് പറയുകയും വേണം.” ഇതാണ് ട്രംപുമായുള്ള തന്റെ നിലപാടെന്ന് കോട്ടണ്‍ സൂചിപ്പിക്കുന്നു.

സെനറ്റര്‍ ടെഡ് ക്രൂസ്: ട്രംപിന് വഴങ്ങാത്ത ‘തത്ത്വദീക്ഷയുള്ള യാഥാസ്ഥിതികന്‍’ എന്ന പ്രതിച്ഛായയാണ് ടെഡ് ക്രൂസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ തയ്യാറാവാഞ്ഞതോടെ. പിന്നീട് ക്രൂസ് ട്രംപിനെ അംഗീകരിച്ചു-അതിന്റെ കാരണങ്ങള്‍ വിചിത്രമാണ്. പുതിയ ശബ്ദരേഖകളുടെ പശ്ചാത്തലത്തില്‍ ഈ തീരുമാനം ക്രൂസ് പുനപരിശോധിച്ചേക്കുമെന്ന് അയാളുടെ സഹായികള്‍ പറയുന്നു. പക്ഷേ വരാനുള്ള അപകടം അയാള്‍ വരുത്തിവെച്ചുകഴിഞ്ഞു: ട്രംപ് അനുകൂലികള്‍ അയാളെ വെറുക്കുന്നു, ഇപ്പോള്‍ ഒരിക്കലും ട്രംപ് വേണ്ട എന്ന നിലപാടുകാര്‍ അയാളെ ഒരു ചതിയനായും കാണുന്നു.

ഗവര്‍ണര്‍ ജോണ്‍ കാസിച്ച്: തുടക്കം തൊട്ടേ ട്രംപ് വിരുദ്ധനായ ഒരാളെയാണ് 2020-ല്‍ പാര്‍ട്ടി നോക്കുന്നതെങ്കില്‍ ഓഹിയോ ഗവര്‍ണര്‍ പാകമാണ്. ട്രംപിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന കാസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലും പങ്കെടുത്തില്ല. സ്വന്തം സംസ്ഥാനത്താണ് അത് നടന്നതെങ്കില്‍ക്കൂടി. ശബ്ദരേഖയിലെ ട്രംപിന്റെ പെരുമാറ്റത്തെ മടുപ്പിക്കുന്നത് എന്നു വിശേഷിപ്പിച്ച കാസിച്ച് എന്നാല്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം ഒഴിയണം എന്നാവശ്യപ്പെട്ടിട്ടില്ല.


മൈക് പെന്‍സ്, മാര്‍കോ റൂബിയോ

ഗവര്‍ണര്‍ മൈക് പെന്‍സ്: ട്രംപിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ഈ ഇന്‍ഡ്യാന ഗവര്‍ണര്‍ ദേശീയ രംഗത്തേക്കുള്ള തന്റെ വഴിയായിട്ടാണ് ട്രംപിനൊപ്പം കൂടിയത്. കഴിഞ്ഞയാഴ്ച്ച നടന്ന വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സംവാദത്തില്‍ പെന്‍സ് സംഭാവന ദാതാക്കളെയും പാര്‍ടി അനുയായികളെയും ആകര്‍ഷിക്കുകയും ചെയ്തു. പക്ഷേ ഇനിയിപ്പോള്‍ നവംബര്‍ 8-വരെയുള്ള സമയത്ത് എന്തൊക്കെ ചെയ്താലും-സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിക്കുന്നതൊഴികെ, അതിനൊട്ടും സാധ്യതയുമില്ല- 2020ല്‍ അയാള്‍ ട്രംപിന്റെ സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും അറിയപ്പെടുക. അത് ഇന്നത്തെപ്പോലെ ഭീതിദമായ ഒരവസ്ഥയായിരിക്കില്ല അന്ന്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാത്ത, വാഷിംഗ്ടണില്‍ താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യാത്ത, ട്രംപ് എന്തൊക്കെ പറഞ്ഞാലും ചെയ്താലും അയാളെ പിന്തുണയ്ക്കുന്ന, അതിനിയും തുടരാന്‍ പോകുന്ന നിരവധിയാളുകള്‍ ഇപ്പോഴുമുണ്ട്.

സെനറ്റര്‍ മാര്‍കോ റൂബിയോ: കാസിച്ചിന് പുറമെ ട്രംപ് കളിയില്‍ നന്നായി കളിച്ചയാള്‍ റൂബിയോ ആണ്. റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ അയാള്‍ പങ്കെടുത്തില്ല. തന്റെ പിന്തുണ ശബ്ദരേഖയാക്കി ചുരുക്കി അയച്ചുകൊടുത്ത് തടിയൂരി. അതുവഴി ട്രംപുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി. പുതിയ ട്രംപ് വിവാദ ശബ്ദരേഖ പുറത്തുവന്നതോടെ റൂബിയോ അതിനെ അപലപിച്ചു- ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതെന്ന് അയാള്‍ പറഞ്ഞു. നവംബറില്‍ തന്റെ സെനറ്റ് സീറ്റിലേക്ക് അയാള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പക്ഷേ അതുണ്ടായാല്‍ ട്രംപിന് ശേഷമുള്ള റിപ്പബ്ലിക്കന്‍ കാലത്ത് ഏറ്റവും സാധ്യതകളുള്ള ഒരാള്‍ അയാളായിരിക്കും.


Next Story

Related Stories