TopTop
Begin typing your search above and press return to search.

ട്രംപ് ഇറാഖിനെപ്പറ്റി; ഒപ്പം പോപ്പിനെയും മൈക്കല്‍ ജാക്‌സനെയും കുറിച്ചും

ട്രംപ് ഇറാഖിനെപ്പറ്റി; ഒപ്പം പോപ്പിനെയും മൈക്കല്‍ ജാക്‌സനെയും കുറിച്ചും

ജോസ് എ ഡെല്‍റിയല്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുഷിപ്പനാണെന്ന് ആരും പറയാനിടയില്ല. ആള്‍ക്കൂട്ടത്തെ പിടിച്ചുനിര്‍ത്താന്‍ ട്രംപിനാകും.

കഴിഞ്ഞ ദിവസം സിഎന്‍എന്‍ ടൗണ്‍ഹാളില്‍ ട്രംപ് സംസാരിച്ചത് ഇറാഖ് യുദ്ധത്തിനുള്ള സ്ഥിരതയില്ലാത്ത പിന്തുണ, പിതൃത്വത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ എന്നിവയെപ്പറ്റിയാണ്. ഒപ്പം മൈക്കല്‍ ജാക്‌സനെപ്പറ്റിയും.

അന്നത്തെ ട്രംപിന്റെ മൊഴിമുത്തുകള്‍ ഇവയാണ്.

1. ഇറാഖില്‍ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുടെ സാന്നിധ്യത്തെപ്പറ്റി ജോര്‍ജ് ഡബ്ലിയു ബുഷ് കള്ളം പറഞ്ഞോ എന്നതിനെപ്പറ്റി:

എന്തിനാണ് യുഎസ് ഇറാഖിനെ ആക്രമിച്ചത് എന്നതിനെപ്പറ്റി ജോര്‍ജ് ഡബ്ലിയു ബുഷ് മനഃപൂര്‍വം കള്ളം പറഞ്ഞു എന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതേപ്പറ്റിയുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാന്‍ ട്രംപ് തയാറായില്ല.

'നോക്കൂ, എനിക്കറിഞ്ഞുകൂടാ. എന്തോ നടന്നിരിക്കാമെന്നേ എനിക്കു പറയാനാകൂ. എന്തിനാണ് അദ്ദേഹം പോയതെന്ന് എനിക്കറിയില്ല. അങ്ങോട്ടുപോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. അവരല്ല വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്. അത് ഇറാഖല്ല ചെയ്തത്.'

2. ട്രംപ് ഇറാഖ് യുദ്ധത്തെ പിന്തുണയ്ക്കുന്നതായി ഈയിടെ പുറത്തുവന്ന ശബ്ദരേഖയെപ്പറ്റി:

2002ല്‍ റേഡിയോ അവതാരകന്‍ ഹോവാര്‍ഡ് സ്‌റ്റേണുമായി നടത്തിയ അഭിമുഖത്തില്‍ ഇറാഖിനെ ആക്രമിക്കുന്നതിനെ ട്രംപ് അനുകൂലിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം ആക്രമണത്തെ താന്‍ എതിര്‍ത്തിരുന്നു എന്ന നിലപാടിലായിരുന്നു ട്രംപ്.

'ഞാന്‍ അങ്ങനെ പറഞ്ഞിരിക്കാം. ആരും എന്നോടു ചോദിച്ചില്ല. ഞാന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല. എന്നോട് ആരെങ്കിലും ഇക്കാര്യം ചോദിക്കുന്നത് അന്ന് ആദ്യമായിരുന്നിരിക്കണം'.

'യുദ്ധം തുടങ്ങുമ്പോഴേക്ക് ഞാന്‍ യുദ്ധത്തിനെതിരായിക്കഴിഞ്ഞിരുന്നു. 2003ലും 2004ലും ഞാന്‍ യുദ്ധത്തിനെതിരാണെന്ന് തലക്കെട്ടുകളുണ്ടായിരുന്നു.'

3. മാര്‍പാപ്പയുമായുള്ള അഭിപ്രായവ്യത്യാസത്തെപ്പറ്റി:

പോപ്പുമായുള്ള തര്‍ക്കം ചെറുതാക്കിക്കാണിക്കാനാണ് ട്രംപ് ശ്രമിച്ചത്. മെക്‌സിക്കോ - യുഎസ് അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനെ പിന്താങ്ങുന്ന ട്രംപിന്റെ നിലപാടിനെതിരെയായിരുന്നു പോപ്പിന്റെ പരാമര്‍ശം. പരാമര്‍ശം അപമാനകരമാണെന്നായിരുന്നു വ്യാഴാഴ്ച ട്രംപിന്റെ നിലപാട്.

'ഇതൊരു വഴക്കിടലാണെന്നു ഞാന്‍ കരുതുന്നില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലും വളരെ സൗമ്യതയിലാണ് അദ്ദേഹം പറഞ്ഞതെന്ന് ഞാന്‍ മനസിലാക്കുന്നു.'

4. സഹോദരിയെ സുപ്രിംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്യാതിരിക്കുന്നതിനെപ്പറ്റി:

തേഡ് സര്‍ക്യൂട്ടിനുള്ള യുഎസ് അപ്പീല്‍ കോടതിയില്‍ ജഡ്ജിയായ സഹോദരിയെ സുപ്രിം കോടതിയിലേക്കു നാമനിര്‍ദേശം ചെയ്യുക എന്ന് ആശയത്തെത്തന്നെ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ട്രംപിന്റെ എതിരാളിയായ സെനറ്റര്‍ ടെഡ് ക്രൂസാണ് ഈയിടെ ഈ വിഷയം ഉയര്‍ത്തിയത്.

'എന്റെ സഹോദരി അതിബുദ്ധിമതിയാണ്. എക്കാലത്തും അതിശയകരമാം വിധം മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു. റൊണാള്‍ഡ് റീഗനാണ് അവളെ നിയമിച്ചത്. ബില്‍ ക്ലിന്റന്‍ നിയമിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ പിന്നീട് സുപ്രിം കോടതിക്കുനേരെ താഴെയുള്ള അപ്പീല്‍ കോടതിയിലേക്ക് അവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി.'

'ഇക്കാര്യത്തില്‍ എനിക്ക് വ്യത്യസ്ത താല്‍പര്യങ്ങള്‍ തമ്മിലുള്ള ഉരസലുണ്ടാകുമെന്ന് ഞാന്‍ തമാശ പറയാറുണ്ട്. അത് വെറും തമാശയാണ്. അങ്ങനെയൊരു കാര്യം ഒരിക്കലും ഞാന്‍ ചെയ്യില്ല.'5. സംഗീതത്തിലെ തന്റെ താല്‍പര്യങ്ങളെപ്പറ്റി:

'എല്‍ട്ടണ്‍ ജോണ്‍ മികച്ച സംഗീതജ്ഞനാണെന്നു ഞാന്‍ കരുതുന്നു. സ്‌റ്റോണ്‍സും. ബീറ്റില്‍സിനെ ഞാന്‍ സ്‌നേഹിക്കുന്നു. മൈക്കല്‍ ജാക്‌സന്‍ എന്റെ സുഹൃത്തായിരുന്നു. എനിക്ക് ജാക്‌സനെ നന്നായി അറിയാമായിരുന്നു. ട്രംപ് ടവറില്‍ ദീര്‍ഘകാലം താമസിച്ചിരുന്നു.'

6. മൈക്കല്‍ ജാക്‌സനുമായുള്ള സൗഹൃദം:

'നിങ്ങള്‍ക്കറിയാവുന്നതുപോലെ ജാക്‌സന്‍ വിവാഹിതനായി. ലിസ മേരി പ്രെസ്‌ലി. മാര്‍ അ ലാഗോയിലെ വന്‍ സംഭവം. ഒരാഴ്ച ഇരുവരും അവിടെയുണ്ടായിരുന്നു. പക്ഷേ ജാക്‌സന്‍ ഒരിക്കലും താഴേക്കിറങ്ങി വന്നില്ല. അതുകൊണ്ട് എന്താണു നടന്നതെന്ന് എനിക്കറിയില്ല. എന്തായാലും അവര്‍ ഒത്തുപോയി.'

7. മദ്യപിക്കാത്തതിനെപ്പറ്റി:

പലര്‍ക്കും അതിശയമാണെങ്കിലും ട്രംപ് മദ്യപിക്കാറില്ല.

'ഞാന്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. എന്നെപ്പറ്റിയുള്ള നല്ല കാര്യങ്ങളാണവ. ചീത്തക്കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അവ ധാരാളമുണ്ട്. മദ്യം ആളുകളെ എങ്ങനെയാക്കുന്നു എന്നു ഞാന്‍ കണ്ടിട്ടുണ്ട്. അതൊരു പേടിപ്പിക്കുന്ന ഷോയാണ്. നിങ്ങള്‍ മദ്യപിക്കില്ലെങ്കില്‍ അതിനുള്ള പ്രലോഭനങ്ങളുമില്ല.'

8. മുന്‍ വിവാഹങ്ങളെപ്പറ്റി:

പ്രചാരണത്തിനിടെ ഒരിക്കലും തന്നെ പരാമര്‍ശിക്കപ്പെടാത്ത തന്റെ മുന്‍ വിവാഹങ്ങളെപ്പറ്റിയും ട്രംപ് പറഞ്ഞു.

'ഞാന്‍ കഠിനാധ്വാനിയാണ്. വേണ്ടതിലുമധികം. എന്റെ ജീവിതത്തില്‍ വിസ്മയിപ്പിക്കുംവിധം മിടുക്കരായ രണ്ടുവനിതകളുണ്ടായിരുന്നു. എനിക്ക് ഇപ്പോള്‍ നല്ലൊരു വിവാഹ ജീവിതമുണ്ട്. പക്ഷേ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്താനാഗ്രഹിക്കാത്ത രണ്ടുവനിതകളും എനിക്കുണ്ടായിരുന്നു. കഠിനാധ്വാനിയായ എനിക്ക് ജോലിയായിരുന്നു പ്രധാനം.'

'ഞാന്‍ ഇതില്‍ എന്തിനെങ്കിലും മാറ്റം വരുത്തും എന്നല്ല. ഒരുപക്ഷേ പരാജയപ്പെട്ട രണ്ട് വിവാഹങ്ങള്‍ ഒഴിവാക്കുമായിരുന്നു.'

9. പിതാവെന്ന നിലയില്‍:

'മികച്ച ഭര്‍ത്താവ് എന്നതിനെക്കാള്‍ മികച്ച പിതാവാണ് ഞാന്‍.'


Next Story

Related Stories