TopTop

വൈരുദ്ധ്യങ്ങളുടെ ട്രംപ് പ്രസംഗം; അത്ര പന്തിയല്ല കാര്യങ്ങള്‍

വൈരുദ്ധ്യങ്ങളുടെ ട്രംപ് പ്രസംഗം; അത്ര പന്തിയല്ല കാര്യങ്ങള്‍
തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും അണുവിട മാറാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ സ്ഥാനാരോഹണ പ്രസംഗം. അധികാരം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറയുമ്പോഴും പൊതുവെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അഭിസംബോധന എന്ന് പറയാം. അതിദേശീയതയില്‍ ഊന്നിയ അദ്ദേഹത്തിന്റെ പ്രസംഗം പ്രതീക്ഷയെക്കാള്‍ കറുത്ത ദിനങ്ങളുടെ വരവായി ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും നിരീക്ഷിക്കുകയും ചെയ്യുന്നു.

പരസ്പര വൈരുദ്ധ്യത്തിന്റെ മൂര്‍ത്തീമത്ഭാവമാണ് താനെന്ന് ഇന്നലെ നടന്ന ചടങ്ങുകളില്‍ ഡൊണാള്‍ഡ് ട്രംപ് തെളിയിക്കുകയും ചെയ്തു. വാക്കുകളും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം പ്രകടമായിരുന്നു. ഇരുപാര്‍ട്ടികളിലെയും സുരക്ഷിത അധികാര സ്ഥാനങ്ങള്‍ 'നമ്മുടെരാജ്യത്തെ വിസ്മൃതരായ പുരുഷനെയും സ്ത്രീയെയും,' ചൂഷണം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ശൂന്യമായ സംസാരത്തിന്റെ കാലം അവസാനിച്ചെന്നും പ്രവര്‍ത്തനങ്ങളുടെ കാലം സമാഗതമായെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. പക്ഷെ നിമിഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഔദ്ധ്യോഗിക ഫയല്‍ ഒപ്പിടുന്ന ചടങ്ങില്‍, താന്‍ തകര്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന് അവകാശപ്പെട്ട നിലവിലുള്ള വ്യവസ്ഥിതികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇരു പാര്‍ട്ടികളിലേയും കോണ്‍ഗ്രസ് നേതാക്കളോട് അദ്ദേഹം അതിസൗഹൃദം പുലര്‍ത്തുകയും ചെയ്തു.

ഒന്നിച്ചു നില്‍ക്കുന്ന അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും എല്ലാവരുടെയും ദാസനായിരിക്കും താനെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ അതിവിദ്വേഷം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം സൃഷ്ടിച്ച അകല്‍ച്ചകള്‍ പരിഹരിക്കുന്നതിനെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചതേയില്ല. മാത്രമല്ല, മൂന്ന് ദശലക്ഷം വോട്ടുകള്‍ നേടിയ എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെ പേര് അദ്ദേഹം പറഞ്ഞതുപോലുമില്ല. തിരഞ്ഞെടുപ്പ് കാലത്ത് അവരെ 'വഞ്ചകിയായ ഹിലരി' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാപിറ്റോളിലെ സ്റ്റാറ്റ്യൂട്ടറി ഹാളില്‍ നടന്ന ഉച്ചവിരുന്നില്‍ ചടങ്ങില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണോടൊപ്പം പങ്കെടുത്ത ഹിലരിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.മറ്റൊരു വൈരുദ്ധ്യം കുറച്ചുകൂടി പ്രത്യക്ഷമായിരുന്നു. 'അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകയ്ക്ക് എടുക്കുക,' എന്ന രണ്ട് ലളിത നിയമങ്ങളുടെ അടിസ്ഥാനത്തിലാവും തന്റെ ഭരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ കൂറ്റന്‍ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് ട്രംപ് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ഇറക്കുമതികളെയും കുടിയേറ്റ കൂലിത്തൊഴിലാളികളെയുമായിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. എന്നിട്ടും അദ്ദേഹം 'ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക്' അധികാരം കൈമാറുമെന്ന് പറഞ്ഞു. പക്ഷെ പ്രസംഗവേദിയിലെ ഏറ്റവും പ്രധാന കസേരകളില്‍ ഇരുന്നിരുന്നത് ചൂതാട്ടകേന്ദ്രങ്ങളുടെ ചക്രവര്‍ത്തിയും തന്റെ ഏറ്റവും സമ്പന്നനായ അഭ്യൂദയകാംഷിയുമായ ഷെല്‍ഡള്‍ അഡെല്‍സണും അദ്ദേഹത്തിന്റെ ഭാര്യ മിറിയമും ആയിരുന്നു. നികുതിവെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഗൗതം അദാനിയുടെ വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുകയും അവിടെ വച്ച് ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ ഉന്നമനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ 16 മിനിട്ടുകള്‍ നീണ്ടുനിന്ന പ്രസംഗം.ഇങ്ങനെ വൈരുദ്ധ്യങ്ങളുടെ കലവറയായിരുന്ന അദ്ദേഹത്തിന്റെ സംസാരവും പ്രവൃത്തിയുമെങ്കിലും അതിദേശീയതയുടെ വികാരം കുത്തിവെക്കാന്‍ ട്രംപ് മറന്നില്ല. വ്യാപാരം, നികുതി, കുടിയേറ്റം, വിദേശകാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും അമേരിക്കന്‍ തൊഴിലാളികളുടെയും അമേരിക്കന്‍ കുടുംബങ്ങളുടെയും ഉന്നമനത്തില്‍ ഊന്നിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുഎസിന്റെ ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കുക, കമ്പനികളെ മോഷ്ടിക്കുക, തൊഴിലുകള്‍ നശിപ്പിക്കുക തുടങ്ങിയ കൊള്ളകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി അതിര്‍ത്തികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രസിഡന്റ് ആന്‍ഡ്ര്യൂ ജാക്‌സണിന്റെ അതിദേശീയതയോടാണ് പലരും ട്രംപിന്റെ പ്രസംഗത്തെ ഉപമിച്ചത്.

കാലാവസ്ഥ വ്യതിയാനം, സാമൂഹിക പരിവര്‍ത്തനം, സ്വലിംഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കുക തുടങ്ങി ആധുനിക സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങളിലും അദ്ദേഹം മൗനം പാലിച്ചു. അധികാരധാരണത്തിന് ശേഷം ഉടനടി നടന്ന മറ്റൊരു മാറ്റവും ഭാവിയിലേക്കുള്ള സൂചകമായി പലരും ചൂണ്ടിക്കാട്ടുന്നു. വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തിയ ട്രംപ് ഭരണകൂടം സൈബര്‍ സുരക്ഷ മുതല്‍ വ്യാപാരം വരെയും തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള നിരവധി നയവാഗ്ധാനങ്ങള്‍ നിരത്തി. എന്നാല്‍ ഏറ്റവും പ്രധാനം, കാലാവസ്ഥ വ്യതിയാനത്തിന്റെയും സ്വവര്‍ഗ്ഗ ലൈംഗീക അവകാശത്തിന്റെയും പേജുകള്‍ അവര്‍ എടുത്തുമാറ്റിയെന്നുള്ളതാണ്. അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ 'ഗേ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച് യുഎസ് പ്രസിഡന്റായിരുന്ന ഒബാമയുടെ പാരമ്പര്യം എത്രയും പെട്ടെന്ന് ഇല്ലാതാവുന്നു എന്ന് തന്നെയാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. സമവായമല്ല, സംഘര്‍ഷം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അരക്കിട്ട് ഉറപ്പിക്കുന്നു. എന്നാല്‍, എട്ട് വര്‍ഷത്തിന് മുമ്പ് ബാരക് ഒബാമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഉണ്ടായിരുന്നു ജനസഹ്രസങ്ങള്‍ക്ക് പകരം ആളുകള്‍ കുറഞ്ഞതും പുറത്തു നടന്ന പ്രതിഷേധ മാര്‍ച്ചുകളും ട്രംപിന് ചില സൂചനകളും നല്‍കുന്നുണ്ട്.


Next Story

Related Stories