TopTop
Begin typing your search above and press return to search.

ആഗോളതാപനം ചൈനക്കാരുടെ തട്ടിപ്പല്ലെന്ന് ട്രംപിന് ആരാണൊന്ന് പറഞ്ഞുകൊടുക്കുക

ആഗോളതാപനം ചൈനക്കാരുടെ തട്ടിപ്പല്ലെന്ന് ട്രംപിന് ആരാണൊന്ന് പറഞ്ഞുകൊടുക്കുക

യു‌എസ് സയന്‍സ് ഏജസികളുടെ രേഖകള്‍ പ്രകാരം ഏറ്റവും ചൂടു കൂടിയ വര്‍ഷമാണ് കടന്നു പോയത്. അതു വരെയുള്ള ഏറ്റവും ചൂടു കൂടിയ വര്‍ഷം 2015 ആയിരുന്നു. 2015 ലെ കണക്കനുസരിച്ച് അത് 2014 ആയിരുന്നു. കാലാവസ്ഥാ വ്യതിയാനം "തട്ടിപ്പാ"ണെന്നു പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് ഈ റിപ്പോര്‍ട്ട് വന്നത്.

ഇക്കാര്യത്തില്‍ ട്രംപിന്‍റെ നിലപാട് എന്തായിരുന്നുവെന്ന് നാലു ട്വീറ്റുകള്‍ വഴി ഒന്നു നോക്കാം:

'യുഎസ്സിലെ ഉല്‍പ്പാദനം ലാഭകരമല്ലാതെയാക്കാന്‍ ചൈനക്കാര്‍ ഉണ്ടാക്കിയ ആശയമാണ് ആഗോളതാപനം.'

'ടെക്സാസ് മുതല്‍ ടെന്നസി വരെ ഹിമക്കാറ്റു വീശുന്നു- ഞാന്‍ ലോസ് ഏഞ്ചലസിലാണ്. തണുത്തു വിറയ്ക്കുന്നു. ആഗോളതാപനമെന്നത് എല്ലാവരും ചേര്‍ന്നു പടച്ചുണ്ടാക്കിയ, വളരെ വില കൊടുക്കേണ്ടി വരുന്ന ഒരു തട്ടിപ്പാണ്!'

'ഓരോ കാലാവസ്ഥാ പരിപാടികളും ഉപയോഗിച്ച് നമ്മുടെ ഭൂമിയെ രക്ഷിക്കാനെന്നു പറഞ്ഞു കൂടുതല്‍ നികുതി ഈടാക്കുന്നത് ആഗോളതാപന തട്ടിപ്പുകാരാണ്. അവര്‍ക്കു തന്നെ അതില്‍ വിശ്വാസമില്ല $$$$!'

'പതിവിലും ആഴ്ചകള്‍ മുന്നേ വലിയ തണുപ്പായിരിക്കുന്നു. കുറെ ആഗോളതാപനം കിട്ടിയാല്‍ നന്നായിരുന്നു!'

എത്ര ട്വീറ്റുകളിട്ടാലും വസ്തുതകളോ സയന്‍സോ മാറ്റാന്‍ ട്രംപിനാവില്ല. National Oceanic and Atmospheric Administration പറയുന്നതനുസരിച്ച് 2016ല്‍ ലോകത്തെ സമുദ്രോപരിതലത്തിലെയും കരയിലെയും ശരാശരി താപനില 58.69 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാള്‍ 1.69 ഡിഗ്രി കൂടുതല്‍. സ്വന്തമായി രേഖപ്പെടുത്തിയ ഡേറ്റയുടെ അടിസ്ഥാനത്തില്‍ NASA ഇത് ശരി വച്ചിട്ടുണ്ട്. 'ദ പോസ്റ്റി'ലെ ക്രിസ് മൂണിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്വന്തം നിഗമനം "95 ശതമാനത്തിലേറെ കൃത്യമാണെ"ന്നു NASA പറയുന്നു.

ദ വാഷിംഗ്ടന്‍ പോസ്റ്റിന്‍റെ Capital Weather Gang ഒരു സംഘം ശാസ്ത്രകാരന്‍മാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചതില്‍ മിക്കവരും സമാനമായ നിഗമനത്തിലാണ് എത്തിയത്: കാലാവസ്ഥയില്‍ മനുഷ്യരുടെ സ്വാധീനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒഴിഞ്ഞു മാറാന്‍ പറ്റാത്ത ഒരു പ്രസ്താവനയാണിത്.

"ചില വര്‍ഷങ്ങള്‍ ചൂടു കൂടിയതും ചിലവ താരതമ്യേന തണുപ്പു കൂടിയതുമാകും. എന്നാല്‍ ഫോസ്സില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ മനുഷ്യര്‍ പുറത്തു വിടുന്ന ഗ്രീന്‍ഹൌസ് വാതകങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നാല്‍ പല ദശകങ്ങളിലെ ശരാശരി കണക്കു കൂട്ടിയെടുത്തതു പ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭൂമിയിലെ താപനില വര്‍ദ്ധിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്," നാഷണല്‍ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ചിലെ സീനിയര്‍ സയന്‍റിസ്റ്റ് ജെറള്‍ഡ് മീയ്ല്‍ പറഞ്ഞു.

"കാലാവസ്ഥയില്‍ ഉണ്ടാകുന്ന മനുഷ്യ സ്വാധീനത്തെ പറ്റി തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ ആയുധങ്ങള്‍ ഇല്ലാതാകുകയാണ്. ഈ പ്രശ്നം പൂര്‍ണ്ണമായി ഇല്ലാതാക്കാനാകുമോ? ഇല്ല. ഇത് കുറയ്ക്കാനാകുമോ? തീര്‍ച്ചയായും. പക്ഷേ അതിനായി പല രംഗങ്ങളില്‍, പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ ശ്രമം വേണം. അതിനി ഒട്ടും വൈകാനും പാടില്ല," റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് പ്രൊഫസര്‍ ജെന്നിഫര്‍ ഫ്രാന്‍സിസ് പറഞ്ഞു.

"കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അവയുടെ മുന്‍വര്‍ഷങ്ങളിലെ റെക്കോഡ് ഭേദിച്ചു കൊണ്ട് ആഗോളതലത്തിലും ഉത്തരാര്‍ദ്ധഗോളത്തിലുംചൂടു കൂടിയ വര്‍ഷങ്ങളായി. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ. മനുഷ്യര്‍ മൂലമുണ്ടായ ആഗോളതാപനമില്ലാതെ ഇതു സംഭവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. മനുഷ്യരുടെ പ്രവര്‍ത്തികള്‍ കാലാവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. വലിയ വെള്ളപ്പൊക്കമായും വരള്‍ച്ചയായും പേമാരിയായും കാട്ടുതീയായുമൊക്കെ അതിന്‍റെ അനന്തരഫലങ്ങള്‍ മനുഷ്യരേയും ഭൂമിയേയും ബാധിച്ചു കൊണ്ടിരിക്കുന്നു," പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് സെന്‍ററിലെ മൈക്കിള്‍ മാന്‍ പറഞ്ഞു.

പക്ഷേ ഇക്കാര്യം ട്രംപ് ഭരണകൂടത്തിനു മനസ്സിലാകുന്ന കാര്യം സംശയമാണ്. ഈ വസ്തുതകള്‍ പുറത്തു വന്ന ദിവസം തന്നെ ഓക്ലഹോമ അറ്റോര്‍ണി ജനറലായ സ്കോട്ട് പ്രൂയ്റ്റ് ഒരു സെനറ്റ് ഹിയറിങ്ങിന് എത്തിയിരുന്നു. രാജ്യത്തെ Environmental Protection Agency തലവനായി ട്രംപ് തിരഞ്ഞെടുത്തയാളാണ് ഇദ്ദേഹം. കാലാവസ്ഥാ ആക്റ്റിവിസ്റ്റുകള്‍ക്ക് താല്‍പ്പര്യമില്ലാത്തയാളാണ് പ്രൂയ്റ്റ്; മാത്രമല്ല വിവിധ എനര്‍ജി കമ്പനികളുടെ സംഭാവനകള്‍ സ്വീകരിച്ചിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്‍റെ നിലപാടിനെ സെനറ്റ് ഹിയറിങ്ങില്‍ നിശിതമായി ചോദ്യം ചെയ്തു. അതൊരു തട്ടിപ്പല്ല എന്നു സമ്മതിച്ചെങ്കിലും ശാസ്ത്രലോകത്തു നിന്നുള്ള ഒറ്റക്കെട്ടായ പ്രസ്താവനകള്‍ക്കു മുന്‍പില്‍ പ്രൂയ്റ്റ് പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി.

"കാലാവസ്ഥ മാറുന്നതാണോ അതോ മനുഷ്യരുടെ സ്വാധീനമാണോ മാറാനുള്ള കാരണം എന്നതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നാല്‍ മാത്രമേ മനുഷ്യരുടെ പ്രവര്‍ത്തികള്‍ക്ക് കാലാവസ്ഥയുടെ മേലുള്ള ആഘാതം കൃത്യമായി തിട്ടപ്പെടുത്താനാകൂ എന്നു ഞാന്‍ കരുതുന്നു," എന്നാണ് അദ്ദേഹം ഹിയറിങ്ങില്‍ പറഞ്ഞത്.

വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് രൂക്ഷമായാണ് ഇതിനോടു പ്രതികരിച്ചത്: "EPAയുടെ ഭരണാധികാരിയായി, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദവിക്കായി താങ്കള്‍ അപേക്ഷിച്ചിരിക്കുകയാണ്. ഭൂരിഭാഗം ശാസ്ത്രജ്ഞന്മാരും നമ്മള്‍ അടിയന്തിരമായി നടപടികള്‍ എടുക്കണമെന്നു പറയുന്ന ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണോ താങ്കള്‍ പറയുന്നത്?" പ്രൂയ്റ്റ് അതോടെ ആശയക്കുഴപ്പത്തിലായി.

കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തില്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ കൂട്ടാളികളും ഭൂരിഭാഗം അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്നല്ല നില്‍ക്കുന്നത്. ഉദാഹരണത്തിന് ഈ പ്രശ്നത്തെ പരിഗണിക്കുന്ന കാര്യത്തില്‍ ബ്രിട്ടനിലെ ടോറി ഗവണ്‍മെന്‍റ് അറ്റ്ലാന്‍റിക്കിലെ മറ്റ് കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്‍റുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ഇതൊരു വലിയ വിഷയമാകണമെന്നില്ല. പല വലിയ കോര്‍പ്പറേറ്റുകളുടെയും എക്സിക്യൂട്ടീവുകള്‍ ഈയിടെ വാള്‍സ്ട്രീറ്റ് ജേണലിനോടു പറഞ്ഞത് ട്രംപിന്‍റെ വിയോജിപ്പുകള്‍ കണക്കാക്കാതെ തങ്ങളുടെ പരിസ്ഥിതി സംബന്ധമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗ്രീന്‍ഹൌസ് വാതകങ്ങളുടെ കുറഞ്ഞ പ്രസാരണമെന്ന ലക്ഷ്യം കൈവരിക്കുമെന്നുമാണ്. മറ്റ് ഊര്‍ജ്ജ സംവിധാനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുകയും ഗ്രീന്‍ഹൌസ് വാതകങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ചട്ടങ്ങളുമായി ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന ഒരു യഥാര്‍ത്ഥ രാഷ്ട്രീയ മുന്നേറ്റം ഏറെക്കുറെ പ്രാദേശിക തലത്തില്‍ നടക്കുന്നുണ്ട്. സ്റ്റേറ്റ് ഗവര്‍ണര്‍മാരും സിറ്റി മേയര്‍മാരുമാണ് ഈ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്.

ഈ വിഷയത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ പുരോഗതി വരുംവര്‍ഷങ്ങളില്‍ കാണുകയാണെങ്കില്‍ അത് ട്രംപിന്‍റെ നിലപാടുകളെ മറികടന്നുള്ള മാറ്റങ്ങളിലൂടെയാകും.


Next Story

Related Stories