TopTop
Begin typing your search above and press return to search.

ട്രംപിസം ഭീഷണിയാണ്; അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനും

ട്രംപിസം ഭീഷണിയാണ്; അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനും

ലോറന്‍സ് എച്ച് സമ്മേഴ്‌സ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഡൊണാള്‍ഡ് ട്രംപിനെ ഹിറ്റ്‌ലറോടും മുസോളിനിയോടും ഉപമിക്കുന്നത് കടന്നകയ്യാണെങ്കിലും കടുത്ത സാമ്പത്തിക നിരാശയും ഭാവിയെക്കുറിച്ചുള്ള ഭയവും എങ്ങനെ ജനാധിപത്യപ്രക്രിയയെ വഴിതെറ്റിക്കുന്നുവെന്നും വിഷലിപ്തമാക്കുന്നുവെന്നുമാണ് ട്രംപിന്റെ ഉയര്‍ച്ച കാണിക്കുന്നത്. മുന്‍പ് ബഹുമാന്യരായി കരുതപ്പെട്ടിരുന്ന ചില നേതാക്കള്‍ പുതിയ ലോകക്രമവുമായി സമരസപ്പെടാന്‍ തിടുക്കം കാട്ടുക കൂടി ചെയ്യുമ്പോള്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. അതെ, ഞാന്‍ ഉദ്ദേശിച്ചത് ക്രിസ് ക്രിസ്റ്റിയെത്തന്നെ.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായേക്കാമെന്ന സാധ്യതയാണ് അമേരിക്കയുടെ വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കുമുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി. കഴിഞ്ഞ 10 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും എനിക്ക് ശക്തമായ വീക്ഷണങ്ങളുണ്ടായിരുന്നു. പക്ഷേ ഞാന്‍ ശരിയല്ലെന്നു കരുതുന്ന തെരഞ്ഞെടുപ്പുഫലം അമേരിക്കന്‍ പദ്ധതികള്‍ക്ക് ഗുരുതരമായ നാശമുണ്ടാക്കുമെന്ന് മുന്‍പൊരിക്കലും എനിക്കു ഭയമുണ്ടായിരുന്നില്ല.

ട്രംപിന്റെ നയങ്ങളിലല്ല പ്രശ്‌നം; അവ ഭ്രാന്തവും അസ്പഷ്ടവുമാണെങ്കിലും. കുതിരപ്പുറത്തുവരുന്ന ആധുനികമനുഷ്യന്റെ മുഖമാണ് ട്രംപിന് എന്നതാണ് കുഴപ്പം. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം തന്റെ മാന്ത്രികവ്യക്തിത്വമാണെന്ന് ട്രംപ് കരുതുന്നു. തന്റെ വഴിതടയുന്ന ആരെയും എന്തിനെയും തകര്‍ത്തെറിയുമെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്യുന്നു.

വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന കുക്ലക്‌സ്‌ ക്ലാനോട് അനുകൂലമനോഭാവം കാണിക്കുന്ന ട്രംപ് ഇപ്പോള്‍ത്തന്നെ ജനസംഖ്യയുടെ പകുതിവരുന്ന വനിതകളെ തരംതാഴ്ത്തുകയും നിന്ദിക്കുകയും ചെയ്തുകഴിഞ്ഞു. ഭീകരരുടെ കുടുംബങ്ങളെ കൊല്ലുമെന്നും അതികഠിനമായ പീഡനമുറകള്‍ ഉപയോഗിക്കുമെന്നും മുസ്ലിങ്ങളെ രാജ്യത്തുപ്രവേശിപ്പിക്കില്ലെന്നും പ്രസ്താവിച്ചു. തനിക്കെതിരെ നില്‍ക്കുന്ന ആരെയും ചവിട്ടിയരയ്ക്കുമെന്നു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. തനിക്കിഷ്ടപ്പെടാത്ത ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തകളെ ശിക്ഷിക്കാനാകുംവിധം മാനനഷ്ടനിയമങ്ങള്‍ മാറ്റിയെഴുതി ഈ ഭീഷണി നടപ്പാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.'അധികാരം എപ്പോഴും അഴിമതിയുണ്ടാക്കുന്നില്ലെങ്കിലും അത് എപ്പോഴും ആളുകളെ തുറന്നുകാട്ടുന്നു' വെന്ന് ലിന്‍ഡന്‍ ജോണ്‍സന്റെ പ്രശസ്തനായ ജീവചരിത്രകാരന്‍ റോബര്‍ട്ട് കാരോ എഴുതിയിട്ടുണ്ട്. ട്രംപിനെപ്പോലെ ജനവികാരമിളക്കി ക്ഷുദ്ര രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഒരാളുടെ കയ്യില്‍ എന്‍എസ്എ, എഫ്ബിഐ, ഐആര്‍എസ് എന്നിവയുടെ നിയന്ത്രണം കിട്ടിയാല്‍ എന്താകും അവസ്ഥ? നിയമവ്യവസ്ഥയോട് എന്തു പ്രതിബദ്ധതയാകും ട്രംപിനുണ്ടാകുക? തന്റെ റാലികളില്‍ പ്രതിഷേധക്കാരെ അടിച്ചൊതുക്കണമെന്നാണ് ഇപ്പോള്‍ത്തന്നെ ട്രംപിന്റെ നിലപാട്.

ശത്രുക്കളുടെ പട്ടിക സൂക്ഷിക്കാനും അവര്‍ക്കെതിരെ വൃത്തികെട്ട തന്ത്രങ്ങള്‍ മെനയാനുമുള്ള ജനവിധിയായിരുന്നില്ല റിച്ചാര്‍ഡ് നിക്‌സനു ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അത്തരമൊരു ജനവിധിയാണ് തനിക്കു ലഭിക്കുന്നതെന്ന് ട്രംപ് കരുതും. അത് ഉപയോഗിക്കപ്പെടുമെന്നതില്‍ സംശയത്തിന്റെ അടിസ്ഥാനമെന്താണ്?

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിന് മുന്‍ഗാമികളുണ്ടെന്നതിനു സംശയമില്ല. ജോ മക്കാര്‍ത്തി, ജോര്‍ജ് വാലസ്, ഹേ ലോങ് എന്നിവരെപ്പോലുള്ള മുന്‍ഗാമികള്‍. ട്രംപിനെപ്പോലെ തന്നെ ഇവരും മുന്‍വിധിയുടെയും ചിത്തഭ്രമത്തിന്റെയും അമിത ജനപ്രീതിയുടെയും ഞരമ്പുകളെയാണ് ഉത്തേജിപ്പിച്ചത്. എന്നാല്‍ അവരുടെ ജനപ്രീതി ഏറ്റവും കൂടിനിന്ന കാലത്തുപോലും അവര്‍ക്ക് ഭാവി അമേരിക്കന്‍ പ്രസിഡന്റുമായി സാമ്യമുണ്ടായിരുന്നില്ല. സാമ്പത്തിക മാന്ദ്യകാലത്ത് പ്രസിഡന്റ് ഹേ ലോങ് എന്തുചെയ്യുമായിരുന്നു, ശീതസമരകാലത്ത് പ്രസിഡന്റ് ജോ മക്കാര്‍ത്തി എന്തു ചെയ്യുമായിരുന്നു, പ്രക്ഷുബ്ധമായ 1960കളുടെ അന്ത്യത്തില്‍ പ്രസിഡന്റ് ജോര്‍ജ് വാലസ് എന്തുചെയ്യുമായിരുന്നു എന്നൊക്കെ ആലോചിച്ചാല്‍ നാം ഞെട്ടിവിറയ്ക്കും.

ഹാര്‍വാര്‍ഡിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിയാല്‍ ഫെര്‍ഗുസന്റെ അഭിപ്രായപ്രകാരം വില്യം ജെന്നിങ്‌സ് ബൈറനാണ് ട്രംപിന് യോജിച്ച മുന്‍ഗാമി. ഈ താരതമ്യം ബൈറനോടുള്ള അനീതിയാകും. കാരണം പുരോഗമന ജനപ്രിയനായിരുന്നെങ്കിലും ബൈറന്‍ ഒരു കൊള്ളക്കാരനായിരുന്നില്ല. വില്‍സന്‍ ഭരണകൂടത്തില്‍ ബൈറന്‍ ഒരു സ്റ്റേറ്റ് സെക്രട്ടറിയായി ജോലിചെയ്തതുതന്നെ തെളിവ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തെ ഭീഷണിയിലാക്കും. എന്നാല്‍ ബൈറന്‍ മക്കിന്‍ലിയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ജനാധിപത്യം ഭീഷണിയിലാകുമായിരുന്നോ എന്ന് എനിക്കു സംശയമുണ്ട്.

ദശകങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അടിയൊഴുക്കുകളുടെ ഉച്ചസ്ഥായിയാണ് ട്രംപ് എന്ന് റോബര്‍ട്ട് കാഗനും മറ്റുള്ളവരും ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. ഞാന്‍ ടീ പാര്‍ട്ടിയെയോ പ്രസിഡന്റ് ഒബാമയെ കോണ്‍ഗ്രസ് എതിര്‍ക്കുന്ന രീതിയെയോ അനുകൂലിക്കുന്നില്ല. എന്നാല്‍ ട്രംപ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെയോ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ തുടര്‍ച്ചയാണെന്ന പരാമര്‍ശം അന്യായമാണെന്നു കരുതുന്നു.

ട്രംപ് പ്രസിഡന്റാകുക എന്ന സാധ്യതപോലും അപകടകരമാണ്. ദുര്‍ബലമായ ലോക സമ്പദ് വ്യവസ്ഥയിലുള്ള ആത്മവിശ്വാസമില്ലായ്ക മൂലം സാമ്പത്തികവളര്‍ച്ച ഇപ്പോള്‍ത്തന്നെ മൈനസ് രണ്ട് നിരക്കിലാണ്. ഒരു സംരക്ഷിത ക്ഷുദ്ര രാഷ്ട്രീയപ്രവര്‍ത്തകന്‍ പ്രസിഡന്റായേക്കാമെന്ന തോന്നല്‍ വളരുന്നത് അമേരിക്കയിലും വിദേശത്തും അനിശ്ചിതത്വമുണ്ടാക്കും. ഇതേത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ ദുര്‍ബലമായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സാമ്പത്തികമാന്ദ്യത്തിലേക്കു തള്ളിവിടാന്‍ പ്രാപ്തമാണ്. യുഎസ് സംരക്ഷണവാദികളും ഒറ്റപ്പെട്ടുനില്‍ക്കുന്നവരുമാണെന്ന ആശങ്ക ഉയര്‍ന്നുവരുന്ന വിപണികളില്‍ ആത്മവിശ്വാസമില്ലാതാക്കാനും ഒരു സാമ്പത്തിക പ്രതിസന്ധിക്കു തുടക്കമിടാനും പര്യാപ്തമാണ്.ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ച്ച ഭൂരാഷ്ട്രതന്ത്രത്തില്‍ ഉണ്ടാക്കാവുന്ന ഫലങ്ങള്‍ ഇതിനെക്കാള്‍ ഗുരുതരമാണ്. ട്രംപ് പ്രസിഡന്റനാകാനുള്ള സാധ്യതയില്‍ അമ്പരന്നും അത് വിശ്വസിക്കാനാകാതെയുമുള്ള അവസ്ഥയിലാണ് ഇപ്പോള്‍ ലോകം. അങ്ങനെയുണ്ടായാല്‍ അമേരിക്കയോട് എന്തു സമീപനമെടുക്കണമെന്ന് പലരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

ഏഷ്യയുടെമേലുള്ള സ്വാധീനത്തിനുവേണ്ടി യുഎസും ചൈനയും മത്സരിക്കുകയാണ്. ക്രൂരവും കലഹപ്രിയവുമായ ഒറ്റപ്പെടലിലേക്ക് അമേരിക്ക മാറുന്നതിനെക്കാള്‍ നല്ല വാര്‍ത്തയൊന്നും ചൈനയ്ക്കു കിട്ടാനില്ല. ഏഷ്യയോട് പുനര്‍തുലനം പ്രാപിക്കുന്നതിലെ നിര്‍ണായകഘടകമായ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ് (ടിപിപി) തകരും. അമേരിക്കയുടെ സുരക്ഷാ വാഗ്ദാനങ്ങളെ ആശ്രയിക്കുന്നതിനു പകരം സ്വയം സുരക്ഷ നേടാന്‍ ജപ്പാന്‍ നിര്‍ബന്ധിതരാകും. ചഞ്ചലമായ അമേരിക്കയില്‍നിന്ന് സ്ഥിരതയുള്ള ചൈനയിലേക്കു തിരിയാന്‍ മറ്റുള്ളവരും പ്രേരിതരാകും.

ജനവികാരമിളക്കാനുള്ള കഴിവിനപ്പുറമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ച്ച. നിരാശയുടെ രാഷ്ട്രീയ മനശാസ്ത്രത്തിന്റെ പ്രതിഫലനമാണത്. ആധുനിക ലോക ക്രമത്തെപ്പറ്റിയുള്ള അവരുടെ ഭയങ്ങളോട് പ്രതികരിക്കുന്ന ഒരാളായാണ് ജനങ്ങള്‍ ട്രംപിനെ കാണുന്നത്. പിന്നിലായിപ്പോയവര്‍ക്കുവേണ്ടി പോരാടാന്‍ പുറത്തുനിന്നെത്തുന്ന ഒരാള്‍. ''ട്രംപിസ''ത്തെ പിന്നിലുപേക്ഷിച്ചു മുന്നേറണമെങ്കില്‍ സാമ്പത്തികമാന്ദ്യത്തിന് ആരെയും ബോധ്യപ്പെടുത്താവുന്ന പ്രത്യുത്തരമുണ്ടായേ തീരൂ.

ആശയങ്ങളുടെ ആധികാരികതയാണ് എന്നും യുഎസിനെ നയിച്ചിട്ടുള്ളത്; ആധികാരികതയുടെ ആശയങ്ങളല്ല. ശക്തമായ രാഷ്ട്രീയ സംവാദങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും പാരമ്പര്യം തുടരുമെന്നത് എല്ലാ അമേരിക്കക്കാര്‍ക്കും വ്യക്തമാകുക എന്നത് ഏറ്റവും പ്രധാനമാണ്. നമ്മുടെ ദേശീയജീവിതത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് എത്ര വേഗം ട്രംപിനെ പുറന്തള്ളുന്നോ അത്രയും നമുക്കും ലോകത്തിനും നല്ലത്.

(ഹാര്‍വാര്‍ഡിലെ ചാള്‍സ് വി എലിയട്ട് യൂണിവേഴ്‌സിറ്റി പ്രഫസറായ സമ്മേഴ്‌സ് മുന്‍ ട്രഷറി സെക്രട്ടറിയും വൈറ്റ്ഹൗസിലെ നാഷനല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ മുന്‍ ഡയറക്ടറുമാണ്.)


Next Story

Related Stories