TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ട്രംപ് ഒട്ടും അമേരിക്കനല്ലാത്ത ഒരു ബാഹുബലിയാണ്

എന്തുകൊണ്ട് ട്രംപ് ഒട്ടും അമേരിക്കനല്ലാത്ത ഒരു ബാഹുബലിയാണ്

ഇന്നത്തെ യു.എസ് രാഷ്ട്രീയം ഒട്ടും അമേരിക്കനല്ലാത്ത ഒരു കെട്ടുകാഴ്ച്ചയാണ്, ചുരുങ്ങിയത് ഒരു വിദേശ നിരീക്ഷകനായ എനിക്കെങ്കിലും, നല്‍കുന്നത്. കുടിയേറ്റത്തില്‍ കെട്ടിപ്പടുത്ത ഒരു രാജ്യം കുടിയേറ്റക്കാര്‍ക്കെതിരായ ജനപ്രിയമായ വെറുപ്പില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു. വലതുപക്ഷത്തെ ഒരു സ്ഥാനാര്‍ത്ഥി സ്വതന്ത്ര വ്യാപാരത്തിനും വിദേശികള്‍ക്കുമെതിരെ അലറുന്നു. ഇടതുപക്ഷത്തൊരാള്‍ സോഷ്യലിസത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു. പരദേശിവെറുപ്പ് വളരുകയാണ്. വര്‍ഗസമരം അപകടകരമാം വിധത്തില്‍ അടിത്തട്ടിനോടടുത്താണ്.

കഴിഞ്ഞകാലങ്ങളില്‍ യു.എസ് സാമ്പത്തികമാന്ദ്യങ്ങളിലൂടെയും സംരക്ഷണനയങ്ങളുടെ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ ഈ പുതിയ ലോകം പഴയതില്‍ പതിവായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തന തകരാറിലും, വര്‍ഗ, വംശ വിദ്വേഷങ്ങളിലും സമഗ്രാധിപത്യത്തിനോടുള്ള ബഹുജനാര്‍ത്തിയിലും നിന്ന് താരതമ്യേന മുക്തമായിരുന്നു. ഇന്ന്, ചരിത്രത്തില്‍ മുമ്പെന്നത്തേക്കാളും കൂടുതലായി യു.എസിലെ പ്രതിസന്ധി യൂറോപ്പിലും റഷ്യയിലും നിരവധി തവണ നമ്മള്‍ കണ്ടതരത്തിലുള്ളവയെ ഓര്‍മ്മിപ്പിക്കുന്നു.

ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന ജനവിഭാഗം നാടകീയമായി ഉയരുന്ന മരണനിരക്കിനെ നേരിടുന്ന മധ്യവയസ്കരായ വെള്ളക്കാരാണ് എന്നത് റഷ്യയില്‍ വ്ലാഡിമിര്‍ പുടിനെ അധികാരത്തിലെത്തിച്ച സാമ്പത്തിക ദുരന്തത്തെയാണ് (മരണനിരക്കിലെ പൊടുന്നനെയുള്ള വര്‍ദ്ധനയും) ഓര്‍മ്മിപ്പിക്കുന്നത്. നഗരങ്ങളിലെ ഉപരിവര്‍ഗക്കാരുടെ ഇടയില്‍ വ്യാപകമായ വിദ്വേഷം 19-ആം നൂറ്റാണ്ടിലെ ജര്‍മ്മനിയില്‍ തദ്ദേശീയ വികാരങ്ങള്‍ ഉയര്‍ന്നതിനെക്കുറിച്ചുള്ള ഫ്രിറ്റ്സ് സ്റ്റേണ്‍സിന്റെ ‘സാംസ്കാരിക നിരാശയുടെ രാഷ്ട്രീയം’ എന്ന പഠനത്തെ ഓര്‍മ്മിപ്പിക്കുന്നു. പ്രചാരണ പൊതുയോഗങ്ങളില്‍ ഉയരുന്ന ഹീനഭാഷണങ്ങള്‍ ഒരു ‘എല്ലാ അറിവിനെയും മാറ്റിവെക്കുന്ന ഒരുതരം ഭ്രാന്തമായ, വന്യമായ, വീര്‍ത്തുപൊങ്ങിയ ഒരു രാഷ്ട്രീയത്തെ’ കുറിച്ച് ‘The Revolt of the Masses’ (1930)-ല്‍ ഓര്‍ടെഗ ഗസെറ്റ്സ് മുന്നറിയിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു.

അമേരിക്കന്‍ ജനതയുടെ ഈ കലാപത്തില്‍ മിക്ക നിരീക്ഷകരും പകച്ചുനില്‍ക്കുകയാണ്. ഇതെന്റെ പിഴ എന്ന കുമ്പസാരങ്ങള്‍ പലരില്‍ നിന്നും വരുന്നുമുണ്ട്. പാശ്ചാത്താപമില്ലാത്തവര്‍ എതിര്‍ക്കുന്ന ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.

ഒരു National Review എഴുത്തുകാരന്‍ ആരോപിക്കുന്നത്,“വെള്ളക്കാരായ അമേരിക്കന്‍ അധസ്ഥിതര്‍ ദുരിതവും ഉപയോഗിച്ചെറിഞ്ഞ ഹെറോയിന്‍ സൂചികളും ഉത്പാദിപ്പിക്കുന്ന ഒരു ദൂഷിത,സ്വാര്‍ത്ഥ സംസ്കാരത്തിന്റെ അടിമകളാവുകയാണ്,” എന്നാണ്. അയാളുടെ ചികിത്സ എന്നത് യു.എസ് ശൈലിയിലുള്ള അവസരങ്ങള്‍ ഇപ്പൊഴും ധാരാളമുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള കുടിയേറ്റമാണ് (U-Haul).നഗരത്തിലെ ഉപരിവര്‍ഗം അസഹനീയമാം വിധത്തില്‍ പൊങ്ങച്ചക്കാരാണെന്ന് തെളിയിക്കുന്ന മറ്റൊരു കാര്യമായിട്ടേ ഈ പരിഹാരത്തെ അപവ്യവസായവത്കരണം നടന്ന പട്ടണങ്ങളിലെ താമസക്കാര്‍ കാണുകയുള്ളൂ. ഏതവസ്ഥയിലും പ്രാദേശികമായും കുടുംബത്തിലും അധിഷ്ഠിതമായ മനുഷ്യാധ്വാനത്തിന് ആഗോള മൂലധനം പോലെ സഞ്ചരിക്കാനോ വഴക്കമുള്ളതാകാനോ കഴിയില്ല. ഒരു പരിധിക്കപ്പുറം പോയാല്‍ തൊഴിലെടുക്കുന്ന ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്നവര്‍ക്കെതിരെ -പണമിടപാടുകാര്‍, സാമ്പത്തിക ഉദാരവാദികള്‍, നഗര ബുദ്ധിജീവികള്‍- തിരിച്ചടിക്കുമെന്നത് ഒരു ചരിത്രപരമായ സംഗതിയാണ്.

ചൈന യു.എസ് തൊഴിലുകള്‍ കട്ടെടുക്കുന്നു എന്നാക്ഷേപിക്കുന്ന, നഷ്ടമായ അമേരിക്കന്‍ കീര്‍ത്തിക്ക് ചുറ്റും തദ്ദേശീയവാദത്തിന്റെ കാഹളമൂതുന്ന ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം മറ്റാരേക്കാളും നന്നായി മനസിലാക്കിയിരിക്കുന്നു എന്നുവേണം കരുതാന്‍. യു.എസ് വൈശിഷ്ട്യവാദം പുനസംഘടിപ്പിക്കും എന്ന അയാളുടെ വര്‍ത്തമാനത്തില്‍ നിന്നുമറിയാനാകുന്നത് ട്രംപിന്റെ പരിഹാരങ്ങള്‍ തികഞ്ഞ യൂറോപ്യന്‍ വേരുകളുള്ളതാണ് എന്നുതന്നെയാണ്.

പ്രശ്നത്തിന് ആഡം സ്മിത് വാണിജ്യ സമൂഹം എന്നുവിളിച്ച ആദ്യദിനങ്ങളോളം പഴക്കമുണ്ട്; സ്വത്തുടമസ്ഥതയില്‍ അധിഷ്ഠിതമായ ആധുനിക വ്യാപാരത്തിനും സമ്പത്തിന്നും ചുറ്റും പണിതുയര്‍ത്തിയ ഒരു സമൂഹം.

സ്വത്തുടമകളായ പൌരന്‍മാരുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും തൊഴിലിന്റെ സങ്കീര്‍ണമായ വിഭജനം ആവശ്യപ്പെടുന്ന അന്താരാഷ്ട്രതലത്തില്‍ മത്സരക്ഷമമായ വാണിജ്യ സമൂഹം സൃഷ്ടിക്കുന്ന അനിവാര്യമായ അസമത്വങ്ങള്‍ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കുക എന്നത് തുടക്കം തൊട്ടേ സൈദ്ധാന്തികര്‍ക്കും നയകര്‍ത്താക്കള്‍ക്കും ഒരു വെല്ലുവിളിയായിരുന്നു.

ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്പില്‍ ഉണ്ടാക്കിയത് സാമ്പത്തിക ദേശീയവാദത്തിന്റെ കറിക്കൂട്ടാണ്. അതാണിപ്പോള്‍ ചില യു.എസ് രാഷ്ട്രീയക്കാരും വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഉദാഹരണത്തിന് വിരുദ്ധോക്തി നിറഞ്ഞ പേരുള്ള ‘The Closed Commercial State’ (1800) എന്ന ആധുനികകാലത്തെ വലിയ സ്വാധീനം ചെലുത്തിയ ജര്‍മന്‍ ചിന്തകന്‍ ജൊഹാന്‍ ഗോട്ലീബ് ഫിഷെ-യുടെ പുസ്തകമെടുക്കാം.

ഫിഷെ പറയുന്നത്, സ്വത്തുടമകളായ വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണത്തെയും പരിമിതപ്പെടുത്തുന്നതില്‍ നിന്നും ആധുനിക സാമ്പത്തിക ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളെ ഭരണകൂടം തടയണമെന്നാണ്. ഭരണകൂടം ഉറപ്പ് വരുത്തണമെന്നും ഫിഷെ വാദിക്കുന്നു. പക്ഷേ ഇത് അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും പരസ്പരാശ്രിതത്വത്തില്‍ നിന്നും സമ്പദ് രംഗത്തെ അകറ്റിനിര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിദേശികള്‍ക്കെതിരെ ശത്രുത ധാരാളമുള്ള നമ്മളും-അവരും എന്ന തരത്തിലുള്ള ദേശീയതയെ സിദ്ധാന്തവത്കരിക്കുകയാണ് പിന്നെ ഫിഷെ ചെയ്യുന്നത്.സ്വതന്ത്ര വ്യാപാരത്തിന്റെ ആംഗ്ലോ-അമേരിക്കന്‍ ഉദാര സാമ്രാജ്യം ഇല്ലാതാക്കിയ പരദേശി വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങളുടെ മുന്‍ഗാമിയായി ഫിഷെയെ നമുക്ക് തള്ളിക്കളയാന്‍ എളുപ്പമാണ്. പക്ഷേ 1933-ല്‍ ‘ദേശീയ സ്വാശ്രിതത്വം’ എന്ന ലേഖനത്തില്‍ ചരക്കുകള്‍ സ്വദേശത്തുണ്ടാക്കാനും മൂലധനം പ്രാഥമികമായും ദേശീയമാക്കാനും സാക്ഷാല്‍ ജോണ്‍ മയ്നാര്‍ഡ് കെയിന്‍സ് വാദം ഉന്നയിച്ചിരുന്നു. അധികമായ സാമ്പത്തിക പരസ്പരാശ്രിതത്വം “ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സംഘര്‍ഷങ്ങളും ശത്രുതയും ഉണ്ടാക്കുമെന്നുറപ്പാണെന്നും അത് സാമ്പത്തിക കണക്കുകൂട്ടലുകളെ തകിടം മറിക്കുമെന്നും” അദ്ദേഹം ഭയപ്പെട്ടു.

ആഗോളീകരണത്തോടുള്ള ജനകീയമായ വെറുപ്പ് പൊതുവിലും ചൈന, കുടിയേറ്റക്കാര്‍, വിദേശികള്‍ എന്നിവരോട് പ്രത്യേകിച്ചുമുള്ള വെറുപ്പും കാണിക്കുന്നത് ആ സംഘര്‍ഷങ്ങളും ശത്രുതയും സാമ്പത്തിക കണക്കുകൂട്ടലുകളെ മറികടന്നു എന്നാണ്- അമേരിക്കയില്‍ പോലും. ആഗോളീകരണത്തിന്റെ ഗുണഫലങ്ങള്‍ കിനിഞ്ഞിറങ്ങുന്നു എന്നു തോന്നിപ്പിക്കാനാകുന്ന കാലം വരെയേ യു.എസിന് അതിനെ ഒഴിവാക്കാനാകൂ.

ആ മായികത തകരുമ്പോള്‍ വരുന്നത് യൂറോപ്യന്‍ ശൈലിയിലെ വര്‍ഗ സമരങ്ങളും ഇടതുപക്ഷത്തും വലതുപക്ഷത്തും സ്വതന്ത്ര വ്യാപാരത്തിനെതിരെയും സാമ്പത്തിക ദേശീയതയ്ക്ക് വേണ്ടിയുമുള്ള അമേരിക്കന്‍ സ്വഭാവമില്ലാത്ത ഒരുതരം ആവേശവുമാണ്. അതുകൊണ്ടാണ് ട്രംപ് അമേരിക്കന്‍ വൈശിഷ്ട്യവാദത്തെ പുനസംഘടിപ്പിക്കുന്നതിനേക്കാളേറെ അതിനെ അശ്രദ്ധമായി തകര്‍ക്കുന്ന കപടനായ ഒരു യൂറോപ്യന്‍ തീവ്രനിലപാടുകാരനാണെന്ന് തോന്നിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories