TopTop
Begin typing your search above and press return to search.

ഡൊണാള്‍ഡ് ട്രംപ്: വിനാശത്തിന്റെ സ്ഥാനാര്‍ത്ഥി

ഡൊണാള്‍ഡ് ട്രംപ്: വിനാശത്തിന്റെ സ്ഥാനാര്‍ത്ഥി

പത്രാധിപ സമിതി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കയെ സംബന്ധിച്ച് ഇത് ആകാംക്ഷയുടെ നിമിഷങ്ങളാണ്. സാവധാനത്തിലെങ്കിലും ക്രമമായ് വളരുന്ന സമ്പദ്‌രംഗവും വലിയ യുദ്ധത്തിന്റെ ഒഴിഞ്ഞു നില്‍ക്കലും ഉണ്ടെങ്കില്‍ തന്നെ ജനങ്ങള്‍ രാജ്യത്തിന്റെ മോശം പ്രകടനത്തിലും അസംഖ്യം സാമൂഹിക പ്രശ്‌നങ്ങളിലും അസംതൃപ്തരാണ്. ഏറ്റവും പുതിയതായി വംശീയവിദ്വേഷത്തിന്റെ ഛായയില്‍ തങ്ങള്‍ക്ക് നേരെ ക്രമസമാധാനപാലകര്‍ നടത്തിയ വെടിവെപ്പുകളിലടക്കം. ഒരു അഭിപ്രായ സര്‍വെ കാണിക്കുന്നത് കാര്യങ്ങളുടെ പോക്കില്‍ 17% അമേരിക്കക്കാര്‍ മാത്രമേ സംതൃപ്തരായുള്ളൂ എന്നാണ്. ഒക്‌ടോബര്‍ 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസത്തില്‍ നിന്നും 12% വീണ്ടും കുറവ്.

വ്യാഴാഴ്ച്ച വൈകുന്നേരം റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ച ഡൊണാള്‍ഡ് ട്രംപാണു പലരുടേയും ആശങ്കയുടെ ഒരു കാരണം. യുദ്ധോത്സുകനും ചാഞ്ചാട്ടക്കാരനുമായ ട്രംപിന് നവംബറിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധാരണ ഗതിയില്‍ സാധ്യതയുമില്ല. സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ തന്റെ രാഷ്ട്രീയ സാധ്യതകളെ തനിക്കറിയാവുന്ന ഒരേയൊരു രീതിയില്‍ വിപുലമാക്കാന്‍ അയാള്‍ ശ്രമിച്ചു; പൊതുജനരോഷത്തെ ആളിക്കത്തിച്ച്, അതില്‍നിന്നും മുതലെടുക്കുക.

യഥാര്‍ത്ഥ വെല്ലുവിളികളെ ഏറ്റെടുക്കുന്ന ട്രംപ്, അവയെ പെരുപ്പിക്കുന്ന തരത്തില്‍ മാത്രമല്ല, വിനാശകരമായ രീതിയിലും ഉടച്ചുവാര്‍ക്കുന്നു. 'നമ്മുടെ പോലീസിന് നേരെയുള്ള ആക്രമണവും നമ്മുടെ നഗരങ്ങളിലെ ഭീകരവാദവും നമ്മുടെ ജീവിതരീതിയെത്തന്നെ അപകടത്തിലാക്കുന്നു,'അയാള്‍ അവകാശപ്പെട്ടു. പൊതുസുരക്ഷ തൊട്ട് കുടിയേറ്റവും വാണിജ്യവും വരെ ട്രംപ് ഉയര്‍ത്തുന്ന വിഷയങ്ങളാണെങ്കിലും അയാളുടെ എല്ലാ നിര്‍ദ്ദിഷ്ടപരിഹാരങ്ങളും ഒരു പൊതുപരിസരം പങ്കുവെക്കുന്നവയാണ്: ബുദ്ധിമുട്ടുകളെ മറികടക്കേണ്ടത് ബലപ്രയോഗത്തിലൂടെയാണ്. വിദേശത്തേക്ക് ഉത്പാദനം മാറ്റാനുള്ള തങ്ങളുടെ അവകാശം ഉപയോഗിക്കുന്ന
അമേരിക്കന്‍ കമ്പനികള്‍ക്ക് ട്രംപ് ഭരണം നിര്‍വചിക്കാനാകാത്ത 'പ്രത്യാഘാതങ്ങളുണ്ടാക്കും.'മെക്‌സിക്കന്‍ അതിര്‍ത്തിയിലെ പടുകൂറ്റന്‍ മതില്‍ കുടിയേറ്റക്കാരെയും മയക്കുമരുന്ന് കള്ളക്കടത്തുകാരെയും തടയും. റിച്ചാര്‍ഡ് നിക്‌സന്റെയും ജോര്‍ജ് വാലസിന്റെയും ഇഷ്ടവിഷയമായിരുന്ന, ട്രംപ് പൊടിതട്ടി വീണ്ടുമെടുത്തിരിക്കുന്ന 'ക്രമസമാധാനം'പുന:സ്ഥാപിക്കും.

ലാളിത്യം കൊണ്ട് രാഷ്ട്രീയമായി സ്വാധീനമുണ്ടാക്കുമെങ്കിലും ട്രംപിന്റെ ഇപ്പോള്‍ പരിചിതമായ പരിഹാരങ്ങള്‍ യഥാര്‍ത്ഥ നടത്തിപ്പില്‍ പരാജയപ്പെടും. കാരണം അവ ലളിതവത്കൃതമാണ് എന്നതുതന്നെ. ഇതിനൊന്നും ഒരു പ്രായോഗിക സാധ്യതയുമില്ല. ഉദാഹരണത്തിന് അയാള്‍ എപ്പോഴും പറയുന്ന മതിലിന്റെ കാര്യം. അത് നിര്‍മിച്ചാലും മയക്കുമരുന്ന് കള്ളക്കടത്തുകാരും മറ്റുള്ളവരും അതിനടിയിലൂടെ ഒരു തുരങ്കമുണ്ടാക്കും. പതിവുപോലെ കഴിഞ്ഞ രാത്രിയിലും മറ്റാരെയും വിശ്വസിപ്പിക്കാവുന്ന ഒരു യുക്തിയും അയാള്‍ പറഞ്ഞതുമില്ല.

ക്രമസമാധാനത്തിന്റെ കാര്യത്തില്‍, രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരുമായി ഒരു പരോക്ഷസ്വാധീനം മാത്രമാണ് പ്രസിഡന്റിനുള്ളത്. ഇതിനെയെല്ലാം ഗൗരവമായി കണക്കാക്കാവുന്നിടത്തോളം എടുത്താലും താന്‍ അധികാരമേല്‍ക്കുന്ന അന്നുതന്നെ സുരക്ഷ പുന:സ്ഥാപിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനം നിലവില്‍ തീര്‍ത്തും പ്രാദേശികമായ ഒരു ചുമതലയെ ഏറെക്കാലമായുള്ള നിയമ, പതിവുരീതികള്‍ക്ക് വിരുദ്ധമായി ഫെഡറല്‍ സര്‍ക്കാരിന് കീഴിലാക്കുകയാണ്. ട്രംപിന്റെ ഭാഗ്യാന്വേഷണ യാത്രയുടെ പിറകില്‍ തങ്ങളുടെ വണ്ടി കൂട്ടിക്കെട്ടിയ റിപ്പബ്ലിക്കന്‍ കക്ഷിയുടെ ചെറിയ സര്‍ക്കാര്‍ എന്ന നയത്തെക്കുറിച്ച് പറയേണ്ടതുമില്ല. വളരെ സൂക്ഷ്മമായ, ശ്രദ്ധാപൂര്‍വമുള്ള കാര്‍ക്കശ്യം ആവശ്യമുള്ള സമൂഹങ്ങളുടെ നേര്‍ക്ക് വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസിഡന്റ് ട്രംപ് കാഴ്ചവെക്കുന്ന പദ്ധതി വംശീയമോ മറ്റുതരത്തിലുള്ളതോ ആയ ഒരുതരത്തിലുള്ള സംവേദനക്ഷമതയുമില്ലാത്ത അടിച്ചമര്‍ത്തുന്ന നിലപാടാണ്. ദുര്‍ബലമായ സുരക്ഷ മാത്രമായിരിക്കും ഫലം.

വേദനാജനകവും എന്നാല്‍ ഒഴിവാക്കാനാകാത്തതുമായ സത്യത്തിന്റെ ഭടനായി തന്നെ പ്രതിഷ്ഠിച്ചാണ് ട്രംപ് തന്റെ പ്രസംഗം തുടങ്ങിയത്. അയാളുടെ കേള്‍വിക്കാരില്‍ പലര്‍ക്കും ആ വാക്കുകളില്‍ ഒരു ആഴത്തിലുള്ള വൈകാരിക വാസ്തവികത അനുഭവപ്പെട്ടു എന്നതിലും സംശയമില്ല. രാജ്യത്ത് ശരിക്കും ഭയമുണ്ട്; യഥാര്‍ത്ഥ വേദനയും. പക്ഷേ അതിനെ നേരിടാന്‍ വേണ്ടത് അത്യാഗ്രഹവും പ്രകോപനപരമായ വാചകമടിയുമുള്ള വ്യാഴാഴ്ച്ച രാത്രി ട്രംപ് പ്രതീകവത്കരിച്ച തരം നേതൃത്വത്തെയല്ല.


Next Story

Related Stories