TopTop
Begin typing your search above and press return to search.

ട്രംപ് യു എസ് പ്രസിഡണ്ട്; ലോകത്തിനോ?

ട്രംപ് യു എസ് പ്രസിഡണ്ട്; ലോകത്തിനോ?

ടീം അഴിമുഖം

അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചേക്കും, മെക്സിക്കോയും പസഫിക് രാഷ്ട്രങ്ങളുമായുള്ള വാണിജ്യധാരണകള്‍ ഉപേക്ഷിക്കും, പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവാക്കിയില്ലെങ്കില്‍ യൂറോപ്പിലെയും ഏഷ്യയിലെയും യു.എസ് സഖ്യരാഷ്ട്രങ്ങളെ കൈവിടും-അല്ലെങ്കില്‍ അയാള്‍ അതൊന്നും ചെയ്യാതെയുമിരിക്കാം.

ട്രംപിന്റെ വാചകമടിയിലെ എത്രമാത്രം കാര്യങ്ങള്‍ നയങ്ങളായി മാറുമെന്ന കാര്യത്തില്‍ വിദേശരാഷ്ട്രങ്ങള്‍ക്ക് ഉറപ്പില്ല. കാരണം പലപ്പോഴും പരസ്പരവിരുദ്ധമായ പലതും അയാള്‍ പറഞ്ഞിട്ടുണ്ട്. ലോകവുമായി എങ്ങനെ ഇടപെടാനാണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വളരെക്കുറവേ അയാള്‍ നല്‍കിയിട്ടുള്ളൂ. പ്രധാന പദവികളില്‍ ആരെയൊക്കെ നിയമിക്കും എന്നതിലും സൂചനകളില്ല.

ട്രംപുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കിലും അയാളുടെ വ്യക്തിത്വം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക് അയ്റോത് പറഞ്ഞു. വിദേശനയം, കാലാവസ്ഥാ മാറ്റം, ഇറാനുമായുള്ള ആണവ ധാരണ, സിറിയന്‍ യുദ്ധം തുടങ്ങിയ കാര്യങ്ങളിലും അവ്യക്തത ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

വിദേശ കാര്യത്തിലോ, സൈനിക വിഷയങ്ങളിലോ ഒരു അനുഭവവും ഇല്ലാത്ത ട്രംപ്, സിറിയ, ഇസ്ലാമിക് സ്റ്റേറ്റ്, ചൈയുടെ ഉയര്‍ച്ച, റഷ്യയുടെ പുതിയ കടുംപിടിത്തം തുടങ്ങിയ കാര്യങ്ങളില്‍ ദേശീയമായി മാത്രമല്ല, റിപ്പബ്ലിക്കന്‍ കക്ഷിക്കുള്ളിലും അഭിപ്രായ സമന്വയരാഹിത്യം നേരിടും.

“ട്രംപ് പ്രസിഡണ്ട് ആയതോടെ ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി നമ്മുടെ സഖ്യകക്ഷികളും എതിരാളികളും അസ്ഥിരതയും അപ്രവചനീയതയും അനുഭവിക്കും എന്നുള്ളതാണ്. അപ്രവചനീയമായിരിക്കുക എന്നതാണ് തന്റെ ഗുണമെന്ന് അയാള്‍ പ്രഖ്യാപിക്കുകകൂടി ചെയ്ത സ്ഥിതിക്ക് പ്രത്യേകിച്ചും,” പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പ്രസിഡണ്ട്മാരുടെ ഉപദേഷ്ടാവായിരുന്ന ആരോണ്‍ ഡേവിഡ് മില്ലര്‍ പറഞ്ഞു.

ദേശീയ സുരക്ഷാ പദവികളിലേക്ക് പരിഗണിക്കുന്നത് മുന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ ന്യൂട് ഗിങ്റിച്ച്, വിദേശ കാര്യ സെക്രട്ടറിയായി യു എന്നിലെ മുന്‍ അംബാസഡര്‍ മൈക്കല്‍ ഫ്ലിന്‍, ഒരു മുന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എന്നിങ്ങനെയാണ്. സഹായികളുടെ ഉപദേശത്തേക്കാളേറെ തന്റെ തോന്നലുകള്‍ക്കനുസരിച്ചായിരിക്കും ട്രംപ് നീങ്ങാന്‍ സാധ്യത എന്നാണ് അയാളുടെ ഒരു ഇടക്കാല ഉപദേശകന്‍ മുന്നറിയിപ്പ് തരുന്നു.പല റിപ്പബ്ലിക്കന്‍മാരും അയാളെ പരസ്യമായി തള്ളിപ്പറഞ്ഞു. ട്രംപ് ജയിച്ചാല്‍ വിരമിക്കുമെന്ന് പല നയതന്ത്ര വിദഗ്ദ്ധരും രഹസ്യാന്വേഷണ ഏജന്‍സി, സൈനിക ഉദ്യോഗസ്ഥരും സ്വകാര്യമായി പറഞ്ഞു.

“അയാള്‍ ചെയ്യും എന്നു പറയുന്ന എല്ലാ കാര്യങ്ങളും അയാള്‍ ചെയ്താല്‍ ലോകനേതൃത്വം എന്ന നമ്മുടെ പദവിയോട് നമുക്ക് വിട പറയാം,” മുന്‍ സി ഐ എ യു‌പി‌എ ഡയറക്ടര്‍ ജോണ്‍ മാക്ലൂഗ്ലിന്‍ പറഞ്ഞു. “അതുകൊണ്ടു അയാള്‍ അതല്ല ഉദ്ദേശിച്ചതെന്നും ആരെങ്കിലും അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും കരുതാം.”

ജപ്പാന്റെയും തെക്കന്‍ കൊറിയയുടെയും ആണവ പരിപാടികളോട് തനിക്ക് എതിര്‍പ്പില്ലെന്നും ഇറാനുമായുള്ള ധാരണ ഉപേക്ഷിക്കുമെന്നും ആണവ പദ്ധതിയുടെ കാര്യത്തില്‍ വടക്കന്‍ കൊറിയയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനുമായി സൌഹൃദമാകാമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരമായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന, അയല്‍ രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്ന, റഷ്യയുടെ ശക്തി വിദേശത്തു പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഏകാധിപതിയായായി ഇതുവരെയുള്ള യു.എസ് നേതൃത്വം കണ്ടിരുന്ന പുടിനുമായി തുറന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

റഷ്യ ഉക്രെയിനില്‍ നിന്നും ക്രിമിയ പിടിച്ചെടുത്തു, സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസദിനെ പിന്തുണച്ചു, യു.എസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പ്രമുഖ ഡെമോക്രാറ്റ് നേതാക്കളുടെയും സംഘടനകളുടെയും ഇ-മെയിലുകള്‍ ചോര്‍ത്തി.

“റഷ്യയുമായും പുടിനുമായും നല്ല ബന്ധത്തിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റഷ്യയുമായി നമുക്ക് നല്ല ബന്ധമുണ്ടാകുന്നത് മികച്ച കാര്യമാണ്,” ട്രംപ് പറഞ്ഞു.

ചൈനയോട് കൂടുതല്‍ കര്‍ക്കശമായ നിലപാടാണ് ട്രംപ് എടുത്തിട്ടുള്ളത്. കച്ചവടത്തിന്റെ കാര്യത്തില്‍ ഇനി യു.എസ് കളികള്‍ക്കില്ല എന്നു ബീജിംഗിനെ കാണിക്കാന്‍ ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തും എന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ഉഭയക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ട്രംപുമൊത്ത് പ്രവര്‍ത്തിക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

1994-ല്‍ നിലവില്‍ വന്ന മെക്സിക്കൊ, യു.എസ്, കാനഡ എന്നീ രാഷ്ട്രങ്ങളുടെ വടക്കേ അമേരിക്കന്‍ വാണിജ്യ കരാര്‍ റദ്ദാക്കുമെന്നും യു.എസ് വ്യവസായത്തെ സഹായിക്കാന്‍ മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 35% തീരുവ ചുമത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രസിഡണ്ട് ബരാക് ഒബാമയുടെ ട്രാന്‍സ്-പസിഫിക് പങ്കാളിത്ത വാണിജ്യ കരാറിനോടും ട്രംപ് എതിര്‍പ്പ് ഉയര്‍ത്തി. അമേരിക്കന്‍ നിര്‍മ്മാണ മേഖലയ്ക്ക് ‘മാരകാഘാതം’ എന്നാണ് അതിനെ വിശേഷിപ്പിച്ചത്. പരസ്പര പ്രതിരോധത്തിനുള്ള NATO വാഗ്ദാനം ഉപേക്ഷിക്കുമെന്നാണ് ട്രംപിന്റെ മറ്റൊരു നയം. “നമ്മളോടുള്ള അവരുടെ കടമ നിറവേറ്റിയാല്‍ മാത്രമേ” ബാള്‍റ്റിക് രാജ്യങ്ങള്‍ പോലുള്ളവയെ പ്രതിരോധത്തിന് സഹായിക്കൂ എന്ന് ട്രംപ് പറയുന്നു.ജപ്പാനും തെക്കന്‍ കൊറിയയും ആണവായുധങ്ങള്‍ ഉണ്ടാക്കിയാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് യു.എസിന് അവരെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സമയം വരാമെന്നും അപ്പോളവര്‍ക്ക് സ്വന്തം ആയുധങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് മാര്‍ച്ച് മാസത്തില്‍ ഒരഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.

ഈ രണ്ടു നിലപാടുകളും കാലങ്ങളായുള്ള യു.എസ് വിദേശ നയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്: NATO അംഗത്തിനെതിരായ ആക്രമണത്തെ തങ്ങളോടുള്ള ആക്രമണമായി കണക്കാക്കും, ആണവായുധങ്ങളുടെ വ്യാപനം എന്തുവില കൊടുത്തും തടയും.

മറ്റ് രാജ്യങ്ങളെ അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്ന ട്രംപിന്റെ രീതി അസ്ഥിരതയ്ക്ക് വഴിതെളിച്ചേക്കാമെന്ന് വാഷിംഗ്ടണിലെ തന്ത്രപര, അന്താരാഷ്ട്ര പഠന കേന്ദ്രത്തിലെ ജോണ്‍ ആള്‍ട്ടെര്‍മാന്‍ പറയുന്നു.

“രാജ്യങ്ങള്‍ക്ക് കൂടുതല്‍ അപായ സാധ്യത തോന്നുകയും തങ്ങളെ സ്വയം സംരക്ഷിക്കണമെന്ന് വന്നാല്‍ സംഘര്‍ഷങ്ങളില്‍ ഇടപെടാനുള്ള മടി കുറയുകയും ചെയ്യും.”

“ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീണ്ടുവിചാരമില്ലാത്ത പ്രസിഡണ്ടായിരിക്കും” എന്ന് പറഞ്ഞ മുന്‍ യു‌പി‌എ വിദേശകാര്യ സെക്രട്ടറി റോബര്‍ട് സോയെല്ലിക് സൂചിപ്പിച്ചത് ട്രംപിന്റെ എടുത്തുചാട്ടം അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ്.

“ഒരു വിദേശ പ്രസിഡന്‍റ് അയാളെ ചെറുതാക്കുമ്പോള്‍ ട്രംപിന്റെ പൊങ്ങച്ചം എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കും അറിയില്ല,” കഴിഞ്ഞ മാസം അവസാനം അദ്ദേഹം ഫിനാഷ്യല്‍ ടൈംസില്‍ എഴുതി.


Next Story

Related Stories