TopTop
Begin typing your search above and press return to search.

അഴികള്‍ തകര്‍ക്കട്ടെയീ ചുംബനങ്ങള്‍

അഴികള്‍ തകര്‍ക്കട്ടെയീ ചുംബനങ്ങള്‍

കാല്‍വിന്‍

ലോകത്തൊരിടത്തും ഒരു കാലത്തും നിലവിലെ അധികാരവ്യവസ്ഥയെയോ അത് നിഷ്കര്‍ഷിക്കുന്ന ധാര്‍മ്മിക വേലിക്കെട്ടുകളെയോ വെല്ലുവിളിയ്ക്കുന്ന ഒരു പ്രതിഷേധത്തെയും ഒരു ഭരണകൂടവും വെറുതെ വിട്ടിട്ടില്ല. ഇന്ന് നവംബര്‍ രണ്ടാം തീയതി എറണാകുളത്തും അതാണ് സംഭവിച്ചത്. സമാധാനപരമായി ചുംബനസമരത്തിനായെത്തിയ സമരസംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യാതൊരു വിധ എതിര്‍പ്പോ സാഹസങ്ങളോ കൂടാതെ തീര്‍ത്തും സമാധാനപരമായാണ് സമരവളണ്ടിയര്‍മാര്‍ അറസ്റ്റ് വരിച്ചത് എന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. അതേ സമയം പോലീസ് ക്രമസമാധാനം പാലിക്കാന്‍ ശരിക്കും പണിപ്പെട്ടത് ചുംബനസമരത്തിനെതിരായി പ്രതിഷേധത്തിനിറങ്ങിയ വര്‍ഗീയ-സാമുദായിക-വലതുപക്ഷസംഘടനകളുടെ ആള്‍ക്കൂട്ട മസിലുപിടിത്തത്തിനു മുന്‍പില്‍ ആയിരുന്നുവെന്നും ഇതേ വാര്‍ത്തകളില്‍ സൂചിപ്പിക്കപ്പെടുന്നു. ക്രമസമാധാനപാലനത്തിനു വേണ്ടിയാണ് ചുംബനസമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്തത് എന്ന പോലിസ് ഭാഷ്യം തകര്‍ന്നു വീഴുന്നത് ഇവിടെ വെച്ചാണ്.

പോലീസിനു അതത് കാലത്തെ അധികാരിവര്‍ഗത്തിന്റെ മര്‍ദ്ദനോപാധിയാവുക എന്ന ധര്‍മ്മമേ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളൂ എന്നത് കൊണ്ട് തല്‍ക്കാലം അവരെ വെറുതെ വിടാം. ഭരണകൂടതാല്‍പര്യങ്ങളാണ് പോലീസിലൂടെ നടപ്പാക്കപ്പെട്ടത് എന്ന് വ്യക്തം. യാതൊരു വിധ കക്ഷിരാഷ്ട്രീയമാനവുമില്ലാതിരുന്ന തീര്‍ത്തും സമാധാനപരമായ ഒരു സമരത്തെയാണ് തടഞ്ഞില്ലാതാക്കാന്‍ ശ്രമിച്ചത് എന്നത് ജനാധിപത്യപരം എന്ന് നടിക്കുന്ന നമ്മുടെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തെ പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നു. ഈ സര്‍ക്കാറിന്റെ കാലത്തു തന്നെ അരങ്ങേറിയ പ്രതിപക്ഷത്തിന്റെയോ അല്ലെങ്കില്‍ ദളിത്-ആദിവാസി വിഭാഗങ്ങളുടെയോ ഒക്കെ സമരങ്ങളെ കുരുട്ടുബുദ്ധിയിലൂടെയോ അവഗണനയിലൂടെയോ തരം പോലെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ഏറെക്കുറെ വിജയിച്ചു പോരുകയും ചെയ്യാന്‍ സര്‍ക്കാറിനു സാധിച്ചത് പൊതുബോധത്തെ കയ്യിലെടുത്തുകൊണ്ടായിരുന്നു. എന്നാല്‍ എന്ത് ന്യായീകരണമാണ് വര്‍ഗീയകക്ഷികളുടെ ആഭാസപ്രതിഷേധങ്ങളെ അനുവദിക്കുകയും അതേ സമയം ചുംബനസമരത്തെ തടയുകയും ചെയ്യുന്ന ഭരണകൂടത്തിനുണ്ടാവുക? ജനാധിപത്യമൂല്യങ്ങളില്‍ അല്പം പോലും വിശ്വാസം ഇവര്‍ക്കില്ല എന്ന് തന്നെയാണ് ഈ സംഭവം വിളിച്ചു ചൊല്ലുന്നത്.

കടപ്പാട്: മലയാള മനോരമ

വേറൊരു വശത്ത് എല്ലാ പിന്തിരിപ്പന്‍ കക്ഷികളും സമരത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയത് ശ്രദ്ധിക്കണം. ഇതില്‍ ജാതിമതവ്യത്യാസമില്ലാതെ എല്ലാ സാമുദായികവര്‍ഗീയ സംഘടനകളുടെയും സാന്നിദ്ധ്യമുണ്ട്. പോരെങ്കില്‍ വലതു രാഷ്ട്രീയകക്ഷികളുടെയും. സമരം തുടങ്ങുന്നതിനും മുന്‍പ് തന്നെ ചുംബനസമരക്കാരുടെ ഫേസ്ബുക്ക് പേജായ 'കിസ് ഓഫ് ലവില്‍' ഇവരുടെ വിളയാടലുകള്‍ തുടങ്ങിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്യുന്നു എന്ന വാര്‍ത്ത ചാനലുകളില്‍ സ്‌ക്രോളായി വന്ന ഉടന്‍ തന്നെ കുറേ പേര്‍ സംഘം ചേര്‍ന്ന് ഈ ഫേസ്ബുക്ക് പേജില്‍ ഓരിയിടലും കൂക്കുവിളികളും തുടങ്ങി. ചില അതിബുദ്ധിമാന്മാര്‍ പോലീസും സമരക്കാരും തമ്മിലുള്ള ഒത്തുകളിയാണ് സമരം എന്ന രീതിയിലും പ്രചരണം നടത്തിനോക്കാന്‍ മറന്നില്ല.

എന്നാല്‍ അതേ സമയം അറസ്റ്റും പിന്നീടുണ്ടായ സംഭവവികാസങ്ങളും മറ്റു മാനങ്ങളിലൂടെ ചുംബനസമരത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമരക്കാര്‍ പൊലീസ് വാനിലിരുന്ന് ചുംബനം കൈമാറുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളിലൂടെ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ സംവേദനക്ഷമതയെപ്പറ്റി ഏറെപ്പറയേണ്ടതുണ്ട്. ഫോട്ടോഗ്രാഫിയുടെയും മാസ് മീഡിയയുടേയും വരവോടെ മിക്ക പ്രതിഷേധങ്ങളും ജനപ്രീതിയാര്‍ക്കുന്ന ഇമേയ്ജുകളിലൂടെയാണ്. കാണുന്ന ഏതൊരാളിന്റെയും മനസില്‍ പതിയുന്ന ഏതാനും ചില ചിത്രങ്ങള്‍ മനുഷ്യചരിത്രത്തിന്റെ ഓരോ ചെറുസംഭവങ്ങളില്‍ പോലും കാണാന്‍ സാധിക്കും. അത്തരമൊരു സംവേദനസാധ്യതയുള്ള ഇമേയ്ജ് പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്കിട്ടു കൊടുക്കാന്‍ സാധിച്ചു എന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. ഇത് ഭരണകൂടമോ സമൂഹത്തിലെ പിന്തിരിപ്പന്‍ ശക്തികളോ ഒരിക്കലും പ്രതീക്ഷിക്കാത്ത ചലനമാണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്നുറപ്പാണ്. ചലനരഹിതവും അരാഷ്ട്രീയവുമായിക്കൊണ്ടിരുന്ന കേരളത്തിന്റെ സാംസ്കാരിക പരിസരം വീണ്ടും ജീവന്‍ വെയ്പ്പിക്കുകയാണ് ചുംബനസമരക്കാര്‍ ചെയ്യുന്നത് എന്നത് ആശാവഹമായ കാര്യമാണ്.

അര്‍ത്ഥവത്തായ ഒട്ടേറെ ചര്‍ച്ചകള്‍ സമരത്തിനും അറസ്റ്റിനും മുന്പു തന്നെ ഈ വിഷയത്തില്‍ പൊതു ഇടങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഉണ്ടായി. പുതിയ സംഭവവികാസങ്ങള്‍ ഈ ചര്‍ച്ചകളെ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇടയ്ക്കെപ്പോഴോ വരള്‍ച്ച മുരടിച്ചു പോയ കേരളത്തിലെ നവോത്ഥാന പ്രയത്നങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പ്രത്യാശിക്കാം.

യഥാര്‍ത്ഥ പേര് ശ്രീഹരി ശ്രീധരന്‍, ബാംഗ്ലൂരില്‍ ഐ.റ്റി മേഖലയില്‍ ജോലി ചെയ്യുന്നു.- കാല്‍വിന്‍ എന്ന പേരില്‍ വിവിധ മാധ്യമങ്ങളില്‍ എഴുതാറുണ്ട്)


അഴിമുഖം പ്രസിദ്ധീകരിച്ച കാല്‍വിന്റെ മറ്റു ലേഖനങ്ങള്‍

*Views are personal


Next Story

Related Stories