TopTop
Begin typing your search above and press return to search.

നിങ്ങള്‍ക്ക് മനസിലാവാത്ത കാര്യങ്ങളാണ്; അവര്‍ ചുംബിക്കട്ടെ

നിങ്ങള്‍ക്ക് മനസിലാവാത്ത കാര്യങ്ങളാണ്; അവര്‍ ചുംബിക്കട്ടെ

ശ്രീചിത്രന്‍ എം.ജെ

ഡൗൺടൗൺ അലയൊലികൾ അടങ്ങാതിരിയ്ക്കുന്നത് ഒരർത്ഥത്തിൽ മലയാളിസമൂഹത്തെ സംബന്ധിച്ചു പ്രതീക്ഷാജനകമായ കാര്യമാണ്. ആദ്യന്തം അസൂയയിലും അപകർഷതയിലും ഹിപ്പോക്രസിയിലും കെട്ടിപ്പടുത്ത സമൂഹമായി മലയാളിയെ തിരിച്ചറിയാൻ അതു സഹായകരമാവും. ഭ്രാന്താലയം എന്നു വിളിയ്ക്കപ്പെട്ട പടുകുഴിയിൽ നിന്ന് പേപ്പട്ടിക്കൂട് എന്ന കിണറ്റിലേക്കാണ് നാം ഇത്രയും കാലത്തെ നവോത്ഥാന-പുരോഗമന-ആധുനിക-ആധുനികോത്തരസഞ്ചാരം (കാര്യമിങ്ങനെ രേഖീയമൊന്നുമല്ലെങ്കിലും) കൊണ്ടുചെന്നെത്തിയത് എന്നു തിരിച്ചറിയുന്നത് ശുഭോദർക്കമാണ്. പ്രശ്നപരിഹാരത്തിന്റെ ആദ്യപടി പ്രശ്നനിർണയമാണ് എന്നു ചേറ്റുകാൽ രാധാമാധവൻ (അങ്ങനല്ലേ അങ്ങേരുടെ പേര്?) പറഞ്ഞിട്ടുണ്ടല്ലോ.

പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു. അതും കടന്ന്, ഒരു പത്രപ്രവർത്തക ഗീതാഗോവിന്ദത്തിലെ കൃഷ്ണന്റെ കലാപ്രകടനങ്ങളെപ്പറ്റി സ്റ്റാറ്റസിട്ടപ്പോഴേയ്ക്കും അവർക്കെതിരെ ഫീഷണിയെന്നും കൂടി ആവുമ്പോൾ സംഘപരിവാറിന്റെ കാവിക്കാൻവാസ് വ്യക്തമായി തെളിഞ്ഞുവരുന്നുണ്ട്. ഇനിയും കണ്ണുകാണാത്ത പുരോഗമനവാദികൾക്ക് കണ്ണിൽദീനമുണ്ടെന്നേ മനസ്സിലാക്കാനുള്ളൂ.

'പ്രബുദ്ധത'യും 'അഭ്യസ്ത്യവിദ്യ'യും സമാസമം കൂട്ടിക്കുഴച്ച് നിർമ്മിച്ചിരിയ്ക്കുന്ന മലയാളിയുടെ ആൾക്കൂട്ടമനസ്സ് സംഘികൾക്കു വഴങ്ങിക്കൊടുക്കില്ല എന്ന അഹങ്കാരം ഇടതുബുദ്ധിജീവികളിൽ തന്നെ ഉറച്ചുപോയതാണ്. വാസ്തവത്തിൽ, സംഘിസംസ്കാരത്തിന് ഇത്രയും വളക്കൂറുള്ള മണ്ണ് ഇന്ന് അധികമില്ല. വ്യവസ്ഥയുടെ ഏറ്റവും നിശിതമായ ഉപാധിയായ ആൺകോയ്മയുടെ പ്രകടനസ്ഥലമായി, വ്യക്തിത്വവികാസത്തെ തടസ്സപ്പെടുത്തുന്ന ഏറാൻമൂളികളെ സൃഷ്ടിക്കുന്ന ഫാക്ടറികളായി നാം കുടുംബത്തെ നിർണയിച്ചു. കരിയറിസ്റ്റുകളും കണ്‍സ്യൂമറിസ്റ്റുകളും മാത്രം വളർന്നുവരാൻ പറ്റിയ പീഢനകേന്ദ്രമായി കുടുംബം എന്ന സ്ഥാപനത്തെ ജാഗ്രതയോടെ കെട്ടിപ്പടുത്തു. ‘ മകനേ നീ മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ് തീരൂ’ എന്ന കടമ്മനിട്ടക്കവിത ചൊല്ലിയാൽ സമ്മാനം കിട്ടുമെന്നും, ആ വരിയുടെ അർത്ഥത്തെപ്പറ്റി ജീവിതത്തിലൊരിക്കലും ചിന്തിച്ചുപോവരുത് എന്നും ഇത്തരം അനേകം സമ്മാനങ്ങളുടെ ആകെത്തുകയായി ജീവിതത്തെ കാണണമെന്നും ഓരോ പുതിയ മലയാളിക്കുട്ടിയേയും ഈ പീഢനകേന്ദ്രത്തിലിട്ട് തല്ലിപ്പഠിപ്പിച്ചു. ഗ്രാംഷി പറഞ്ഞപോലെ ഏറ്റവും ധനവും ശ്രദ്ധയും തുടർച്ചയായി നിക്ഷേപിയ്ക്കുന്ന, എങ്ങനെയും അതിജീവിക്കൽ മാത്രം ലക്ഷ്യമാക്കുന്ന ഈ സ്ഥാപനത്തിനു പുറത്തേയ്ക്ക് പോയി നാം കൊടിപിടിച്ചു; വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദത്തെപ്പറ്റി ഉറക്കെച്ചിന്തിച്ചു. ഓരോ തവണയും ആ ചിന്തകളുടെ ‘മാലിന്യ’മെല്ലാം വീടിനുപുറത്തെ കാൽച്ചവിട്ടിയിൽ അമർത്തിയുരച്ചു കളഞ്ഞുമാത്രം കുടുംബത്തിലേക്കു കയറി. എന്റെ പെങ്ങൾ, എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ ഭാര്യ, എന്റെ മകൾ - അങ്ങനെയൊരു ലോകത്തിന്റെ സർവ്വാധികാര്യക്കാരനായി സ്വയം വാഴിച്ചു. ഇവിടെ നിന്നാണ്, ഈ ഇടതു, വലതുഭേദമില്ലാത്ത തീവ്രവലതുസ്ഥാപനമായി ചുരുങ്ങിപ്പോയ കുടുംബത്തിൽ നിന്നാണ്, ‘നിന്റെ അമ്മയേയും പെങ്ങളേയും ചുംബിക്കാൻ കൊണ്ടുവരുമോടാ’ എന്നു ചോദിക്കുന്ന സംഘിക്കുഞ്ഞുങ്ങൾ വളർന്നത്. (മമ്മൂക്ക പറഞ്ഞപോലെ, ഗുണ്ടാപ്പെണ്ണിനു ഗുണ്ടാപ്പുരുഷനിൽജനിച്ച വിചിത്രജന്മങ്ങളല്ല ഗുണ്ടകൾ!)

അമ്മയും പെങ്ങളും സവിശേഷവ്യക്തികളല്ലെന്നും, പുരുഷൻ മേച്ചുനടക്കുന്ന, ‘കൊണ്ടുവരാനും’ ‘കൊണ്ടുപോവാനും’ പറ്റുന്ന ആട്ടിൻപറ്റങ്ങളാണെന്നും ആദ്യമേ ഉറപ്പിച്ചശേഷമാണ് അവരെ ചുംബിക്കാൻ കൊണ്ടുവരുമോ എന്ന ചോദ്യത്തിലെത്തുന്നത്. അവരാരെ ചുംബിക്കണം എന്നും ചെകിട്ടത്തടിയ്ക്കണം എന്നും അവർ തീരുമാനിച്ചോളും എന്ന മറുപടി കേട്ടാൽ സംഘികൾക്കു മനസ്സിലാവുകയില്ല. കാരണം, മേൽപ്പറഞ്ഞ തീവ്രവലതുസ്ഥാപനമായ കുടുംബമാണ് അവരെ നിർമ്മിച്ചത്. അവിടെ പുരുഷൻ ‘ചായകൊണ്ടുവാടീ’ എന്നലറുമ്പോൾ ചായകൊണ്ടുവന്നു പേടിച്ചുനിൽക്കുന്ന അടിമയായിരുന്നു അമ്മയും പെങ്ങളും. ആ ജീവികൾ എവിടേയ്ക്കും കൊണ്ടുവരാനാവുന്ന ഉരുപ്പടിയാണ്. ആ സ്ഥാപനത്തിനു ചേർന്ന മറുപടികളേ സംഘികൾക്കു മനസ്സിലാവൂ.

ഏറ്റവും രസകരം, ചില വക്കീലന്മാരുടെ പ്രസംഗമാണ്. വകുപ്പുകളുദ്ധരിച്ച് പരസ്യചുംബനത്തിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുന്നതു കേട്ടാൽ തോന്നുക, ഇന്നുവരെ നടന്ന സമരങ്ങളെല്ലാം വക്കീലോഫീസിൽ പോയി വകുപ്പും ചട്ടവും നോക്കിയശേഷമാണ് നിശ്ചയിക്കപ്പെട്ടത് എന്നാണ്. നിയമനിഷേധസമരങ്ങൾ കൊണ്ട് നിർമ്മിച്ച ജനാധിപത്യരാജ്യത്തിൽ നിയമപ്രശ്നം പറഞ്ഞ് സമരങ്ങളെ വിരട്ടുന്നത് ഒന്നാന്തരം തമാശയാണ്. സമരം നടത്തേണ്ട രീതിയെന്ത് എന്നു സമരക്കാർ തീരുമാനിച്ചോളും. അതിൽ നിയമവിരുദ്ധതയുണ്ടെങ്കിൽ പോലീസിനു നടപടിയെടുക്കാം, പോലീസിന്റെ ജോലി അതാണ് – സമരം നടത്തുന്നവരുടെ പരിപാടി സമരവും. ഐ പി സി അനുസരിച്ചു നടത്തുന്ന സമരങ്ങൾ വക്കീലന്മാർ ചേർന്നു നടത്തുന്നതായിരിക്കും നല്ലത്.

പരസ്യചുംബനം ഒരു സമരമാർഗമാവുന്നത് ലോകത്തിൽ ഇതാദ്യസംഭവമൊന്നുമല്ല. രണ്ടു സ്ത്രീകൾ കടയിൽ വെച്ചു ചുംബിച്ചതിൽ സദാചാരവാദികളായ ഇംഗ്ലീഷുകാർ ‘പ്രതികരിച്ചതി’ച്ചതിൽ പ്രതിഷേധിച്ച് ബ്രൈടണിൽ നടന്ന വിദ്യാർത്ഥികളുടെ സമരം പോലെ അനേകം പരസ്യ ചുംബനസമരങ്ങൾ നടന്നിട്ടുണ്ട്. ആദ്യം നടത്തിയ അതിക്രമം പോരാഞ്ഞ് ഇനി സ്വതന്ത്രമായി സമരം ചെയ്യുന്നവരെ ‘കൈകാര്യം ചെയ്യും’ എന്നിടത്തോളം എത്തുന്ന മാനസികരോഗം അവിടെയുള്ള സദാചാരവാദികൾക്കില്ലാതിരുന്നതു കൊണ്ട് ഈ ആഭാസപരമ്പര പൊതുവേ എവിടെയും കണ്ടിട്ടില്ല.
പിന്നെ, ഗീതാഗോവിന്ദത്തിലെ കലാപരിപാടികൾ പറയുമ്പോഴേയ്ക്കും പൊട്ടിയൊലിയ്ക്കുന്ന വികാരം, അതു പുസ്തകം വായിക്കാത്തതിന്റെ കുഴപ്പമാണ്. കൃഷ്ണൻ കുട്ടിയായിരുന്നപ്പൊഴേ എന്തായിരുന്നു മൊതൽ എന്ന് വൃത്തിയായി ഭാഗവതത്തിലുണ്ട്. യശോദയോട് ഒരു സമപ്രായക്കാരിയായ ഗോപിക വന്നു പറയുന്ന പരാതി “ കൊച്ചുകുട്ടിയെന്ന നിലയിൽ വാൽസല്യത്തോടെ ഞാനവനെ ഉമ്മവെച്ചപ്പോൾ അവൻ ഭർത്താവ് ചുംബിയ്ക്കും പോലെ ചുംബിച്ചു യശോദേ” എന്നാണ്.

പറഞ്ഞുവന്നത്, എന്നെങ്കിലും ഒരുമ്മ കൊണ്ട് മയിൽപ്പീലിയായി മാറുന്ന പങ്കാളിയെ അനുഭവിച്ചിട്ടുള്ളവർ ചുംബിക്കാൻ വെമ്പുന്നവരെ ചുംബിക്കാനനുവദിക്കുക. അല്ലാതെ നിയമാനുസൃതമായും അല്ലാതെയും ഉള്ള രണ്ടുതരം ബലാത്സംഗം (വിവാഹം കഴിക്കാതെയും കഴിച്ചും) മാത്രം ജീവിതത്തിൽ ചെയ്തു ശീലിച്ചവര്‍ അപകർഷതാബോധവും അസൂയയും കൊണ്ട് അലമ്പുണ്ടാക്കാതിരിക്കുക.

*Views are personal


Next Story

Related Stories