TopTop
Begin typing your search above and press return to search.

ചുംബനം ഒരു സമരം കൂടിയാണ്

ചുംബനം ഒരു സമരം കൂടിയാണ്

വിശാഖ് മധുസൂദനന്‍

ഡൌണ്‍ ടൌണിൽ നടന്ന യുവമോര്‍ച്ചയുടെ ഫാസിസ്റ്റ് അതിക്രമങ്ങളോളം, അല്ലെങ്കില്‍ അതിനേക്കാൾ ആശങ്കയുളവാക്കുന്നതാണ് തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന ചില പ്രതികരണങ്ങളുടെ സ്വഭാവവും, ചുംബനസമരത്തോടുള്ള വിമുഖതയും. കോഴിക്കോട് അരങ്ങേറിയത് പോലുള്ള അക്രമങ്ങളെ physical-material തലത്തില്‍ മാത്രമല്ല ideological-cultural തലത്തിലും നേരിടണം എന്ന തിരിച്ചറിവിലാണ് ചുംബനസമരം പോലുള്ള സമരമുറകളുടെ പ്രസക്തി. എന്നാല്‍, അക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച ചിലര്‍പോലും ഈ വസ്തുത അറിയാതെ പോവുകയോ അറിഞ്ഞിട്ടും കണ്ടിലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. ഇത്തരം ഒരു മനോഭാവത്തിന്റെ വേരുകള്‍ വിഷയത്തോടുള്ള പ്രതികരണങ്ങളിൽ തന്നെ കാണാവുന്നതാണ്. ഡൌണ്‍ ടൌണിനെ അനുകൂലിച്ചു വന്ന പ്രതികരണങ്ങളിൽ ചിലത് പരിശോധിച്ചാൽ ഇത് വ്യക്തമാകും.

പ്രാചീന കാലം മുതല്‍ക്കേ സഹിഷ്ണുത അടയാളമായുള്ള ഒരു 'പാരമ്പര്യ'മാണ് ഇന്ത്യയുടേതെന്നും, ലൈംഗികതയെ ഇത്രമാത്രം ആഘോഷമാക്കിയ സംസ്കാരം വേറെയുണ്ടാവില്ലെന്നുമാണ് ഒരു വാദം. അത്തരം ഒരു സംസ്കാരം കൈമുതലായി കിട്ടിയ ജനങ്ങൾ ലൈംഗികതയോട് വച്ചുപുലര്‍ത്തുന്ന ഇടുങ്ങിയ ചിന്താഗതി ചരിത്രബോധമില്ലാത്തതിനാലാണ് എന്ന് വിവക്ഷ. സമാനമായ അഭിപ്രായങ്ങള്‍ സ്വവര്‍ഗ്ഗ ലൈoഗികതയ്ക്കെതിരെ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലും ഉയര്‍ന്നു കേട്ടിരുന്നു. മതമൌലികവാദികൾ; പ്രത്യേകിച്ച് ഹിന്ദുത്വവാദികൾ സൃഷ്ടിച്ചു-പരിപോഷിപിക്കുന്ന കപട സദാചാരസംസ്കാര ബോധത്തെ പൊളിച്ചെഴുതാന്‍ ഒരു പരിധിവരെ ഇത്തരം നയങ്ങൾ സഹായിക്കുമെങ്കിലും, ‘cultural defense’ എന്നത് അകത്തും പുറത്തുമുള്ള ആര്‍ക്കും ഏതു വിഭാഗത്തിനും തങ്ങള്‍ക്കാവശ്യമായ പുനര്‍വായനകളിലൂടെ യഥേഷ്ടo എടുത്തുപയോഗിക്കാവുന്ന തരത്തില്‍ ബഹുമുഖമായ ഒരായുധമായിരിക്കെ, അത്തരം പ്രതികരണങ്ങള്‍ക്ക് പുരോഗമനപരമായ സാമൂഹ്യ മാറ്റം സൃഷ്ടിക്കാനുള്ള കെല്‍പ്പ് കുറവാണ്.

സംസ്കാര വ്യവസ്ഥിതികളുടെ ഉള്ളില്‍ അന്തര്‍ലീനമായ മത-ജാതി-ലിംഗ വിവേചനങ്ങള്‍ പലപ്പോഴും ഇത്തരം സംസ്കാര പ്രധിരോധത്തിന്‍റെ മറവിൽ സുഖനിദ്രയിലാഴുന്നു! ചുംബനസമരം എന്ന യാഥാർതഥ്യത്തെ ഉള്‍കൊള്ളുവാൻ കഴിയാത്തിടത്ത് ഇത്തരക്കാരുടെ ഇരട്ടത്താപ്പ് പുറത്തുവരികയും ചെയ്യുന്നുണ്ട്. ചുംബന സമരത്തോടുള്ള വൈമുഖ്യത തങ്ങള്‍ക്കു സുഖമായ ഒരു ഇരിപ്പിടം കല്‍പ്പിച്ചുനല്‍കിയ religious-patriarchal വ്യവസ്ഥിതിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതിലുള്ള ഭീതിയാണ്. സ്വന്തം ഇരിപ്പിടങ്ങളെ പറ്റിയുള്ള വ്യാകുലതകളാണ്. ഇത് മത-രാഷ്ട്രീയ ഭേതമന്യേ ‘സംസ്കരസമ്പന്നരായ’ ‘ചേട്ടന്മാരിലും’, ‘ചേച്ചിമാരിലും’ കാണപ്പെടുന്നു; കേരളത്തിലെ കാമ്പുസുകളിൽ പ്രത്യേകിച്ച്! നിലവിലെ അധികാരവ്യവസ്ഥിതി രൂപം നല്‍കിയ ധര്‍മിക-സൌന്ദര്യാത്മക-രാഷ്ട്രീയ ബോധങ്ങളോടുള്ള ഒരുതരം കടപ്പാടായിട്ടും ഇതിനെ കരുതാം! നമ്മുടേത്‌ എന്ന് അവകാശപെടുന്ന പാരമ്പര്യമോ, പൈതൃകമോ, സംസ്കാരമോ ഒത്താശ ചെയ്യ്ത്തിട്ടില്ലാത്ത, ചെയ്യില്ലാത്ത വിപ്ലവാത്മകമായ ഒരു രാഷ്ട്രീയ-സൗന്ദര്യസങ്കല്‍പ്പമാണ് ചുംബനസമരം മുന്നോട്ടുവയ്ക്കുനത്. ഇത്, വിശ്വാസത്തിനും രാഷ്ട്രീയത്തിനും ഇടയില്‍ ‘സുരക്ഷിതമായ’ വിപ്ലവമുന്നേറ്റങ്ങൾ നടത്തുന്ന മത-സംസ്കാര പണ്ഡിതര്‍ക്ക് രസിക്കാത്തത്തിൽ അത്ഭുതമില്ല! മനുഷ്യന്‍ എന്ന നിലയിലാണ് പ്രാഥമികമായി മനുഷ്യാവകാശം സാധ്യമാകേണ്ടതെന്നു ഇത്തരക്കാര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം.

ബെസ്റ്റ് ഓഫ് അഴിമുഖം

വസ്ത്രം മുതല്‍ ജീവിതം വരെ
ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും
നിങ്ങളാരെയാണ് മാറ്റിനിര്‍ത്തുന്നത്- ഒരു ഡൌണ്‍ ടൌണ്‍ ആരാധികയുടെ കുറിപ്പ്
സംഘികളുടെ സദാചാര പാലനം - കേരള മോഡല്‍
മൂത്രമൊഴിക്കലിന്റെ ലേഡീസ് / ജെന്‍റ്സ് ബോര്‍ഡുകള്‍

ഡൌണ്‍ ടൌണ്‍ കുടുംബങ്ങളുടെ വിഹാര കേന്ദ്രമാണെന്നുo, അനാശ്യാസത്തിനു യാതൊരു ‘സ്കോപ്പും’ ഇല്ലെന്നുമാണ് മറ്റു ചിലരുടെ വെളിപ്പെടുത്തലുകൾ. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനെതിരെയുള്ള ഫാസ്സിസ്റ്റ് അക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുകയാണിവിടെ ചെയ്യുന്നത്. സദാചാരത്തിന്‍റെ കാവലാളായി യുവമോര്‍ച്ചയെ മാറ്റി കുടുംബത്തെ പ്രതിഷ്ഠിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. ഒരു സ്ഥാനകൈമാറ്റം എന്ന് പറയാം! ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്നതില്‍ സ്ത്രീകളുടെ മേലുള്ള ലൈംഗികനിയന്ത്രണം വഹിച്ച പങ്ക് ചരിത്ര പഠനങ്ങള്‍ സാക്ഷ്യപെടുത്തുന്നുണ്ട്. അന്നും പ്രധാന ‘നോഡല്‍ ഏജന്‍സി’ കുടുംബം തന്നെയായിരുന്നു! ഇപ്പോഴുള്ള ‘അനാശ്യാസ’ സംബന്ധിയായ ചര്‍ച്ചകളിലും (ചുബനസമരവും ചിലര്‍ ഇക്കൂട്ടത്തിൽ പെടുത്തുന്നു) സ്ത്രീയുടെ ലൈംഗികതയെ മാത്രമാണ് കുടുംബം എന്ന വ്യവസ്ഥിതിയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നത്. കുടുംബം നിഷ്ക്കർഷിക്കുന്ന മര്യാദകള്‍ക്കും, ആചാരങ്ങള്‍ക്കും ഉള്ളില്‍ മാത്രം വ്യവഹരിക്കേണ്ട ഒന്നാണ് ലൈoഗികത; വിശിഷ്യാൽ സ്ത്രീകളുടെ ലൈoഗികത എന്ന ബോധം തന്നെയാണ് ഈ വാദഗതിയും പേറുന്നത്. ഇതിന്‍റെ വക്താക്കള്‍ക്കു ചുംബനസമരം ‘അന്തസ്സില്ലാത്ത’ ഒരു സമരമുറയായി അനുഭവപ്പെടുന്നു. “നിന്‍റെയൊക്കെ അമ്മേം പെങ്ങളേം കൊച്ചിയിൽ സമരത്തിന്‌ വിടുമോടാ?” എന്ന് ഇക്കൂട്ടർ ആക്രോശിച്ചില്ലെങ്കിലാണ് അതിശയം! ചുംബനസമരം ഇവിടെ തിരുത്താൻ ശ്രമിക്കുന്നത് ഒരേ സമയം സദാചാരത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയാണ്.

(ചെന്നൈ ഐ.ഐ.റ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

*Views are personal


Next Story

Related Stories