TopTop
Begin typing your search above and press return to search.

സംഘികളുടെ സദാചാര പാലനം - കേരള മോഡല്‍

സംഘികളുടെ സദാചാര പാലനം - കേരള മോഡല്‍

കെ പി എസ് കല്ലേരി

2009 ജനുവരി 24ന് മാംഗ്ലൂരിലെ ഒരു പബ്ബിലേക്ക് ശ്രീരാമ സേന പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയും സദാചാരത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അക്രമിക്കുകയും ചെയ്തസംഭവം ഞെട്ടലോടെയാണ് നാം കേട്ടത്. പബ്ബില്‍ വന്ന പെണ്‍കുട്ടികള്‍ പരമ്പരാഗത ഭാരതീയ മൂല്യങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പ്രമോദ് മുത്തലിക് നേതൃത്വം നല്‍കുന്ന ശ്രീരാമസേനക്കാര്‍ പെണ്‍കുട്ടികളെ പ്രകൃതമായ രീതിയില്‍ കൈയ്യേറ്റം ചെയ്തത്. നമ്മുടെ അമ്മമാരേയും പെണ്‍മക്കളേയും രക്ഷിക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു അന്ന് മുത്തലികിന്റെ വിശദീകരണം. അത്തരമൊരു കാടത്തത്തിനെതിരെ രാഷ്ട്രീയം മറന്ന് കേരള ജനത ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. സംഭവം നടന്നത് കേരളത്തിന്റെ അതിര്‍ത്തിയിലായിട്ടുപോലും നമ്മുടെ സംസ്ഥാനം സുരക്ഷിതമാണെന്ന് അന്ന് നമ്മള്‍ ഉറച്ചു വിശ്വസിച്ചു. പക്ഷെ അതൊക്കെ വെറുതെയായിരിക്കുന്നു. ശ്രീരാമ സേനയുടെ മുഖമുള്ള നിരവധി സദാചാര പൊലീസുകാര്‍ പലതവണ സാംസ്‌കാരിക കേരളത്തിന്റെ ഹൃദയത്തിലൂടെ മാര്‍ച്ച് ഫാസ്റ്റ് നടത്തുന്നത് നമ്മള്‍ കണ്ടു.

കോഴിക്കോട് മുക്കത്ത് ഷഹീദ്ബാവയെന്ന ചെറുപ്പക്കാരനെ തല്ലിയും ചവിട്ടിയും കല്ലുകൊണ്ടിടിച്ചും കമ്പിപ്പാരകൊണ്ട് കുത്തിയും കൊലപ്പെടുത്തുന്നിടത്ത് വരെ കാര്യങ്ങളെത്തിച്ചു. ഷഹീദ്ബാവയെ കൊലപ്പെടുത്തിയവരില്‍ ഒമ്പതുപേര്‍ക്ക് കഴിഞ്ഞാഴ്ച കോടതി ജീവപര്യന്തം തടവ് വിധിക്കുമ്പോഴും തൊട്ടുത്ത കണ്ണൂരില്‍ ഒരു ചെറുപ്പക്കാരന്‍ മാരകമായി അക്രമിക്കപ്പെടുന്ന ദൃശ്യത്തിനും നാം സാക്ഷിയായി. ഇപ്പോളിതാ ശ്രീരാമ സേനയുടെ ബീജം പേറുന്ന സംഘപരിവാര കുട്ടികള്‍ കോഴിക്കോട്ട് ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്തിരിക്കുന്നു. സമ്പൂര്‍ണ സാക്ഷരതയും സാംസ്കാരിക ഔന്നത്യവും അവകാശപ്പെടുന്ന അലക്കിത്തേച്ച മലയാളിയുടെ മുഖം ഇങ്ങനെ വികൃതമായിത്തീരുന്നതിന് ആരാണ് ഉത്തരവാദികള്‍..?

അനാശാസ്യം ആരോപിച്ചാണ് സംഘപരിവാര സംഘടനകള്‍ ഒന്നുചേര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ ഹോട്ടല്‍ അടിച്ചുതകര്‍ത്തത്. ഹോട്ടല്‍ പരിസരത്ത് ഒരാണും പെണ്ണും ചുംബിക്കുന്ന രംഗം ജയ് ഹിന്ദ് ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഘികള്‍ പ്രകോപിതരായത്. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന തങ്ങളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫിങ്ങാണെന്ന് പറഞ്ഞ് സരിതയും ശാലുമേനോനും റായി ലക്ഷ്മിയും കേസിനിറങ്ങിയിരിക്കുന്ന സാക്ഷരകേരളത്തിലാണ് ഒരു ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ആര്‍ഷഭാരത സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് പറഞ്ഞ് സംഘപരിവാരങ്ങള്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തത്. ഇനി ദൃശ്യങ്ങള്‍ ഒറിജിനലായാലും അല്ലെങ്കിലും രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് കരുതി നാട്ടിലെല്ലാം ആര്‍ഷഭാരത സദാചാരം നടപ്പിലാക്കാന്‍ ഈ സംഘങ്ങള്‍ക്ക് ആരാണ് ലൈസന്‍സ് നല്‍കിയത്? പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാനും ഇടപെടാനും ഇവിടെ നീതിന്യായ സംവിധാനം ഉള്ളപ്പോള്‍ സംഘപരിവാരം എന്തിന് ആ പണി ഏറ്റെടുക്കണം? പൊതുസ്ഥലങ്ങളില്‍ മുണ്ടുപൊക്കി മൂത്രമൊഴിക്കുന്നവനെ തടയാന്‍ മിനക്കെടാതെ പാര്‍ക്കിലോ ബീച്ചിലോ അതുപോലുള്ള പൊതു ഇടങ്ങളിലോ ഇരുന്ന് ചുംബിക്കുന്നവരെ തേടിപ്പിടിച്ചു തല്ലാനും നേരെയാക്കാനുമുള്ള അധികാരം ആരാണ് ഇവര്‍ക്ക് വകവെച്ചുകൊടുത്തിരിക്കുന്നത്. കര്‍ണാടകയിലും വിശേഷിച്ച് മാംഗ്‌ളൂരിലെ പബ്ബിലും പരീക്ഷിച്ച സദാചാര പരിപാലനം കേരളത്തിലും നടപ്പിലാക്കാനാണ് സംഘപരിവാര സംഘടനകളുടെ ശ്രമമെങ്കില്‍ അത് വകവെച്ചുകൊടുക്കാന്‍ എന്തിന് സാക്ഷരകേരളം ഉത്സാഹിക്കണം?

കോഴിക്കോട് നാലാം ഗേറ്റിന് സമീപം പി.ടി. ഉഷ റോഡിലെ Down Town ഹോട്ടലാണ് യുവമോര്‍ച്ച-എബിവിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലുകളും മേശകളും കസേരകളും സംഘം തകര്‍ത്തു. ഹോട്ടലിലെ എല്‍ഇഡി ടിവിയും തകര്‍ത്തു. പിന്‍വശത്തെ പാര്‍ക്കിംഗിങ്ങിനോട് ചേര്‍ന്നുളള ഇരിപ്പിടങ്ങളും നശിപ്പിച്ചു. പിന്നെ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. ഒരുതരം വേട്ട. ഹോട്ടലിന്റെ പിന്‍ഭാഗത്ത് വൈകുന്നേരങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു അക്രമം. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഹോട്ടലിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായി സദാചാരപരിപാലനം നടത്തിയത്. ഒരു സ്വകാര്യചാനലില്‍ വന്ന വാര്‍ത്തയാണ് കോഴിക്കോട്ട് സദാചാര പരിപാലനം നടത്താന്‍ യുവമോര്‍ച്ച- എബിവിപി സംഘത്തെ പ്രചോദിപ്പിച്ചത്. ചാനലുകാരന്‍ അവന്റെ രഹസ്യകാമറയില്‍ ചിത്രീകരിച്ച് പുറത്തെത്തിച്ചത് ഒരു ചുംബന സീനും കെട്ടിപ്പിടുത്തവുമാണ്. അതു സത്യമാണെങ്കില്‍ തന്നെ ഹോട്ടലിനുള്ളിലെ ഏതെങ്കിലും രഹസ്യ അറയില്‍ വെച്ചുള്ള ദൃശ്യമല്ല. മറിച്ച് ഹോട്ടലിനുപുറത്ത് പരസ്യമായി ആളുകള്‍ക്ക് ഇരിക്കാനായി തയ്യാറാക്കിയ സ്ഥലത്തുള്ളത്. അതു തന്നെ മാധ്യമ പ്രവര്‍ത്തനത്തിന്റെ സദാചാര വരമ്പില്‍ നിന്നുകൊണ്ടുള്ള അവ്യക്തമായ ചിത്രങ്ങള്‍. റോഡരികിലൂടെ നടന്നുപോകുന്നവര്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നിയമം മൂലം നിരോധിക്കാത്തൊരു നാട്ടില്‍ ഒരു ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ അവന്റെ ചാനലിന്റേയോ സ്വകാര്യതാല്‍പര്യത്തിന്റേയോ പുറത്ത് നടത്തിയ മാധ്യമസദാചാര പ്രവര്‍ത്തനത്തിന്റെ പേരിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.

ഇത്രയും പറഞ്ഞുവരുന്നത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എന്തെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനും വെള്ളപൂശാനുമല്ല. പക്ഷെ ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാനുള്ള രീതി എല്ലാം തച്ചുടക്കലും തല്ലിക്കര്‍ക്കലുമാണോ. ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യവും അതുപോലെ പെണ്‍വാണിഭ സംഘങ്ങളിലേക്കുള്ള ചതിക്കുഴികളും പതിയിരിക്കുന്നുണ്ടെങ്കില്‍ പരാതികളേതുമില്ലാതെ ഇവിടുത്തെ നിയമ വ്യവസ്ഥ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതിന് എല്ലാവിധ പിന്തുണയും കോഴിക്കോട്ടെ പൗരസമൂഹത്തില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പൊലീസിനുണ്ടാവും. അതേ സമയം സദാചാരത്തിന്റെ അതിര്‍വമ്പുകാണിക്കുന്ന മാപ്പും കൈയ്യില്‍പിടിച്ച് നിയമം കൈയ്യിലെടുക്കാന്‍ ആരെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അവര്‍ അനുഭവിച്ചേ മതിയാവൂ.

റസ്റ്റോറന്റ് അടിച്ചുതകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. അത് ഒരു വ്യാപാരസ്ഥാപനത്തിനുനേരെ നടന്ന അക്രമത്തിലുള്ള സ്വാഭാവിക പ്രതിഷേധം മാത്രമായി കണ്ടാല്‍മതി. അതിനപ്പുറത്ത് ഷഹീദ് ബാവയുടെ കൊലപാതകം കൊണ്ടും അതിലെ പ്രതികള്‍ക്ക് കിട്ടിയ ജീവപര്യന്തം ശിക്ഷകൊണ്ടും കലി അടങ്ങാത്ത ഇത്തരം സദാചാര സംഘടനകള്‍ക്കെതിരെ കേരളസമൂഹം ഒന്നടങ്കം പ്രതിഷേധിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ തല്ലിത്തകര്‍ത്തവരെ രാഷ്ട്രീയം മറന്ന് കുറ്റവാളികളായിക്കണ്ട് മാതൃകാപരമായി ശിക്ഷിക്കാന്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥയും പൊലീസും സര്‍ക്കാരും തയ്യാറാവുന്നില്ലെങ്കില്‍ ഭാവിയില്‍ ഇതിനെല്ലാം കേരള സമൂഹം വലിയ വിലനല്‍കേണ്ടിവരുമെന്നതില്‍ ആരും സംശയിക്കേണ്ടതില്ല.

*Views are personal


Next Story

Related Stories