TopTop

കബീര്‍ കലാ മഞ്ച്: ദളിത് ജീവിതത്തിലേക്കൊരു വെളിച്ചക്കീറ്

കബീര്‍ കലാ മഞ്ച്: ദളിത് ജീവിതത്തിലേക്കൊരു വെളിച്ചക്കീറ്

അജിന്‍ കെ തോമസ്


കോവണിപ്പടി ഇല്ലാത്ത ഗോപുരം എന്നായിരുന്നു ഡോ. ബി.ആര്‍ അംബേദ്കര്‍ ഹിന്ദു മതത്തെ വിശേഷിപ്പിച്ചത്. അതായതു ജനിച്ചുവീണ നിലയില്‍ത്തന്നെ എല്ലാവരും മരിച്ചടങ്ങും. ഒരിക്കലും ഒരു ഹിന്ദു ആയി മരിക്കില്ല എന്ന് തീരുമാനിച്ച അദ്ദേഹം 1956-ല്‍ ബുദ്ധമതം സ്വീകരിച്ചു. ഹിന്ദുത്വയുടെ ഉയര്‍ച്ചയും ഗാന്ധി- അംബേദ്കര്‍ സംവാദവും ഒക്കെ ഇന്ന് കേരളത്തിലും പുറത്തും മുഴങ്ങിക്കേള്‍ക്കുമ്പോള്‍ ദളിതര്‍ക്കു വേണ്ടി സംസരിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. 2006-ലെ ഖൈലാര്‍ഞ്ഞി കൂട്ടകൊല ഉള്‍പ്പെടെ ജാതീയതയുടെ സാന്നിധ്യം പച്ചക്ക് നമ്മുക്ക് കാണിച്ചുതരുന്ന നിരവധി ദളിത് കൂട്ടക്കൊലകള്‍ നമുക്ക് ചുറ്റും നടന്നിട്ടുണ്ട്. ആര്‍ക്ക് അംബേദ്നെക്കറിനെപ്പറ്റി എഴുതാം എന്നുള്ള തര്‍ക്കങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ അംബേദ്ക്കറുടെ പ്രസക്തി ഇന്നും നിലനിര്‍ത്താന്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ധീരതയോടെ ശ്രമിച്ചുവരുന്നു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം രൂപപെട്ട സംഘമാണ് കബീര്‍ കല മഞ്ച്. പുനെയിലും മറ്റു മഹാരാഷ്ട്ര നഗരങ്ങളിലും ഗ്രാമങ്ങളിലും ജാതിവിരുദ്ധ, സമാധാന, ജനാധിപത്യ സന്ദേശങ്ങള്‍ KKM പാട്ടുകളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും പടര്‍ത്തുന്നു. ശക്തമായ ഒരു ജനാധിപത്യ ഗവണ്മെന്റ് ഇന്ന് ഇന്ത്യ ഭരിക്കുമ്പോള്‍ ഇന്നും താഴേക്കിടയിലുള്ള ദളിതന്റെ കുറച്ചു പ്രത്യാശകളില്‍ ഒന്നായി ഇന്ന് KKM മാറിക്കഴിഞ്ഞു.ഹിന്ദുത്വയേയും വലതുപക്ഷപ്രസ്ഥാനങ്ങളെയും ചോദ്യം ചെയ്ത മറ്റെല്ലാവരെയും പോലെ തന്നെ ഇന്ന് കബീര്‍ കല മഞ്ചിനെയും ഒരു ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ഗവണ്മെന്റ് കഠിനമായി ശ്രമിക്കുന്നുണ്ട്. Unlawful activities prevention act ഉള്‍പ്പെടെയുള്ള തീവ്രവാദവിരുദ്ധ നിയമങ്ങളും ഒക്കെ ചുമത്തി ഈ ചെറുപ്പക്കാരെ വേട്ടയാടാന്‍ അമിത ഉത്സാഹം തന്നെയാണ് മഹാരാഷ്ട്ര ഗവണ്മെന്റ് കാണിച്ചുവരുന്നത്. 2011-ല്‍ ഭീകര വിരുദ്ധ സേന KMM ഇനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പാട്ടുകാരി ഷീതല്‍ സാതെയും മറ്റു അംഗങ്ങളും ഒളിവില്‍ പോവുകയുണ്ടായി. രണ്ടു വര്‍ഷത്തിനുശേഷം ശീതളും ഭര്‍ത്താവ് സച്ചിന്‍ മലെയും സഹാംഗങ്ങളെ കോടതി വെറുതെ വിട്ടത് അനുസരുച്ചു കീഴടങ്ങി. ശീതള്‍ ഗര്‍ഭിണിയായിട്ടുപോലും സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ശേഷം ഹൈക്കോടതി ദയാവകുപ്പുകള്‍ പ്രകാരം ജാമ്യം അനുവദിക്കുകയായിരുന്നു.

നിയമം KMM-നെ തല്കാലം വെറുതെ വിട്ടെങ്കിലും ഹിന്ദുത്വവാദികള്‍ അതിനൊരിക്കലും തയ്യാറായിരുന്നില്ല. മാവോയിസ്റ്റ് ആരോപണങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 2013-ല്‍ KMM- ന്റെ ആദ്യ സ്‌റ്റേജ് നാടകം ഒരുക്കിയ Film and television institute of India (FTII) സംഘാടകര്‍ക്ക് എതിരെ ABVP സംഘട്ടനം നടത്തുകയുണ്ടായി. നക്‌സലൈറ്റ് അല്ലെങ്കില്‍ 'ജയ് ജയ് നരേന്ദ്ര മോദി' എന്ന് മുദ്രാവാക്യം പറയാന്‍ ആയിരുന്നു ABVP-യുടെ നിര്‍ദേശം. ഒരു വര്‍ഷത്തിനു ശേഷം ഓഗസ്റ്റ് 2014-ല്‍ മുംബൈയിലെ സെന്റ്‌റ് സേവ്യേഴ്സ്സ് കോളേജില്‍ ശീതള്‍ സാതെയെ ഒരു ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ തുടര്‍ന്നുണ്ടായ ABVP ഭീഷണി മൂലം ശീതളിന് ക്ഷണം നിരസിക്കേണ്ടതായി വന്നു. അന്ന് ശീതളിനെ പ്രതിനിധീകരിച്ചു സംസാരിച്ചത് ഡോക്യുമെന്ററി സിനിമാ സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍ ആയിരുന്നു.1997-ല്‍ മുംബൈയിലെ ദളിത് രംബൈ കോളനിയില്‍ അംബേദ്ക്കറുടെ ഒരു പ്രതിമയില്‍ ചെരിപ്പുമാല അണിയക്കപെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 10 ദളിതര്‍ മരിക്കുകയുണ്ടായി. ഈ സംഭവത്തിന് പ്രതിഷേധ സൂചകമായി കവിയും പാട്ടുകാരനുമായ വിലാസ് ടോന്‍ഘ്രെ ആത്മഹത്യ ചെയ്തു. ഇതിനു ശേഷം ആനന്ദ് പട്വര്‍ധന്‍ 14 വര്‍ഷം എടുത്തു പകര്‍ത്തിയ Jai Bheem Comrade-ല്‍ മുംബൈയിലെ ദളിതന്റെ രോദനം കൃത്യമായി കാണാം. ഈ ഡോക്യുമെന്ററി ശീതളും കബീര്‍ കലാ മഞ്ചും അംബേദ്ക്കറുടെ പൈതൃകം നിലനിര്‍ത്താന്‍ അത്യധികം ആവേശത്തോടെ പാട്ടുകള്‍ പാടുന്നത് പകര്‍ത്തുന്നുണ്ട്.

പീഡനത്തോടുള്ള ചെറുത്തുനില്‍പ്പിനെ ലഹളകളും സായുധവിപ്ലവങ്ങളുമായി മുദ്രകുത്തി ഈ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഭരണകൂടം പലപ്പോഴും ശ്രമിക്കുന്നത്. ഹിന്ദുത്വ-മുതലാളിത്ത കൂട്ടുകെട്ടില്‍ രാജ്യം 'മുന്നേറുമ്പോള്‍' ദളിതന്റെ സമാധാന സമത്വ ഓഹരി മുകളില്‍ ഉള്ളവര്‍ കക്കുകയാണ്; നിരന്തരം. സാമൂഹികനവീകരണം പാട്ടുകളിലൂടെ ദളിതരില്‍ എത്തിക്കുന്ന ശീതളിനും കബീര്‍ കലാ മഞ്ചിനും എല്ലാ ദിവസവും ഒരു പുതിയ ദൌത്യമാണ്; ബ്രാഹ്മണ മേല്‍ക്കോയ്മ ഉടച്ചുവാര്‍ക്കുക എന്നത് തന്നെ. അംബേദ്ക്കറുടെ, ജീവിക്കുന്ന പ്രതീകങ്ങളാണ് ഇന്ന് പല ദളിതര്‍ക്കും കബീര്‍ കല മഞ്ച്. ഇരുട്ട് നിറഞ്ഞ ദളിതന്റെ ജീവിതത്തിലെ അപൂര്‍വം വെളിച്ചങ്ങളിലൊന്ന്.


(മലപ്പുറം സ്വദേശി. ഇപ്പോൾ മുംബൈ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാർഥി. സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളിൽ താല്പര്യം)


*Views are personal


Next Story

Related Stories