TopTop
Begin typing your search above and press return to search.

നൈനാന്‍ കോശിയെ കേരള സമൂഹം ഉപയോഗപ്പെടുത്തിയില്ല- ഡോ. ബി ഇക്ബാല്‍

നൈനാന്‍ കോശിയെ കേരള സമൂഹം ഉപയോഗപ്പെടുത്തിയില്ല- ഡോ. ബി ഇക്ബാല്‍

ഡോ.ബി. ഇക്ബാല്‍

മൂന്നു മേഖലകളിലാണ് നൈനാന്‍ കോശി സാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്. അതിലൊന്ന് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളായിരുന്നു. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച ഒരു സാര്‍വ്വദേശീയ ചിന്തകനായിരുന്നു പ്രൊഫ. നൈനാന്‍ കോശി. ലോകമെമ്പാടും യാത്ര ചെയ്യുകയും സാമ്രാജ്യത്വശക്തികള്‍ സാമ്പത്തിക മേഖലയിലും സാംസ്‌കാരിക മേഖലയിലും നടത്തുന്ന സൂക്ഷ്മമായ ഇടപെടലുകള്‍ കൃത്യമായി വീക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ തന്നെ പരമ്പരാഗത സാമ്രാജ്യത്വ വിരോധികളില്‍ നിന്ന് വ്യത്യസ്തനായി വേറിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വത്തിന്റെ നവകാലഘട്ടത്തിലെ ഇടപെടലുകള്‍ സസൂക്ഷ്മം വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. സാമ്രാജ്യത്വ പ്രേമികളെപ്പോലും പ്രതിരോധത്തിലാക്കിക്കൊണ്ടാണ് ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തുകൊണ്ട് ആഗോള ഇടപെടലുകളെ അദ്ദേഹം വിശദീകരിച്ചത്. ഇതൊക്കെയാണ് പ്രൊഫ. നൈനാന്‍ കോശിയെ ഇന്ത്യയിലെ പ്രശസ്തനായ ഒരു സാമൂഹിക വിമര്‍ശകനാക്കി മാറ്റിയത്.

രണ്ടാമതായി അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടന്നത് ക്രിസ്തീയ-മാര്‍ക്‌സിസ്റ്റ് ബന്ധത്തിലായിരുന്നു. കടുത്ത മതവിശ്വാസിയായിരിക്കെ തന്നെ തികഞ്ഞ മതേതര നിലപാടുകള്‍ സ്വീകരിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങളും ക്രിസ്തീയ ദര്‍ശനങ്ങളും തമ്മില്‍ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നു. ആ അര്‍ത്ഥത്തില്‍, പൗലോസ് മാര്‍ പൗലോസും പൗലോസ് മാര്‍ ഗ്രിഗോറിയോസും കേരള സമൂഹത്തില്‍ വഹിച്ച പങ്കിനെക്കാള്‍ കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ ക്രിസ്തീയ-മാര്‍ക്സിസ്റ്റ് സംവാദത്തെ ഉയര്‍ത്തിക്കൊണ്ടുപോകുന്നതില്‍ അദ്ദേഹം വിജയിച്ചു. തന്റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ മതവിശ്വാസികള്‍ക്കിടയിലും അതുപോലെ തന്നെ കമ്യൂണിസ്റ്റ് ചിന്തകരുടെ ഇടയിലും വ്യാപിപ്പിക്കാനും അതില്‍ വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കും കമ്യൂണിസത്തിനും ഇടയില്‍ ഒരു പാലമായി നിലനില്‍ക്കുകയായിരുന്നു പ്രൊഫ. നൈനാന്‍ കോശി. ആ പാലം തകര്‍ന്നു എന്നുവേണമെങ്കില്‍ പറയാം. പൗലോസ് മാര്‍ പൗലോസിന്റെ മരണശേഷം ക്രിസ്തീയ-മാര്‍ക്‌സിസ്റ്റ് സംവാദം മുന്നോട്ടുകൊണ്ടുപോയിരുന്നത് നൈനാന്‍ കോശി സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ സരണി അവസാനിച്ചിരിക്കുന്നു. മറ്റാരെങ്കിലും ആ ശൂന്യത നികത്തുമെന്ന് പ്രതീക്ഷിക്കാം.ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയിലും നൈനാന്‍ കോശി സാറിന്റെ ഇടപെടലുകള്‍ മഹത്തരമാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വാണിജ്യവത്കരണവും കച്ചവടവത്കരണവും ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്ത് അദ്ദേഹം അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച കച്ചവടവത്ക്കരണത്തെ നോക്കിക്കണ്ട് അതിനെതിരെ പ്രതിരോധമുയര്‍ത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഈ കച്ചവട പ്രവണത ആരംഭിച്ച കാലത്തു തന്നെ ഇതിന്റെ അപകടസാധ്യത നൈനാന്‍ കോശി സാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും കേരളസമൂഹം അത് ഗൗരവത്തോടെ എടുക്കാത്തതിന്റെ ഫലം കൂടിയാണ് ഇന്നിപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ വ്യവസായവത്കരണത്തിലേക്ക് പോയിരിക്കുന്നത്.

ഇത്തരത്തില്‍ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കേരളത്തിലെ ധൈഷണിക മേഖലയില്‍ ഒരു മഹാമേരുവാക്കി അദ്ദേഹത്തെ വളര്‍ത്തി. നിര്‍ഭാഗ്യവശാല്‍ നൈനാന്‍ കോശി സാറിന്റെ കഴിവുകളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കേരളസമൂഹത്തിന് കഴിഞ്ഞില്ല എന്നൊരു വസ്തുതയും അവശേഷിക്കുന്നു. ആ കുറ്റബോധം നമ്മളില്‍ ഉണ്ടാകും. അതേസമയം തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യുവതലമുറയിലെ ധൈഷണിക മേഖലയില്‍പ്പെട്ടവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.


Next Story

Related Stories